Latest News
|^| Home -> Cover story -> വീരോചിതപുണ്യം ജീവിച്ച താപസികന്‍: ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി

വീരോചിതപുണ്യം ജീവിച്ച താപസികന്‍: ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി

Sathyadeepam

സി. റോസ്ലിന്‍ എസ്ഡി
വൈസ് പോസ്റ്റുലേറ്റര്‍

കഠിനാദ്ധ്വാനത്തിന്‍റെ, എളിമയുടെ, ദൈവാശ്രയത്വത്തിന്‍റെ പാഠങ്ങളാണു സ്ഥാപകപിതാവായ വര്‍ഗീസച്ചന്‍ അര്‍ത്ഥിനികളെ ആദ്യംതന്നെ പഠിപ്പിക്കുവാന്‍ ആഗ്രഹിച്ചത്. നെല്ലുകുത്തി പരിചയമില്ലാത്ത മേരി എന്ന അര്‍ത്ഥിനിയുടെ കൈ നെല്ലുകുത്തി പൊട്ടിയിരിക്കുന്നതു കണ്ടപ്പോള്‍, “മേരി വീട്ടില്‍ നിന്നു വന്നതല്ലേയുള്ളൂ; അധികം പണിയൊന്നും ചെയ്യിക്കല്ലേ” എന്നു പറയുവാന്‍ തക്കവിധം സഹാനുഭൂതിയും പിതൃവാത്സല്യവും ആ മനസ്സില്‍ തെളിഞ്ഞുനിന്നിരുന്നു.

“എന്‍റെ ഏറ്റവും എളിയ ഈ സഹോദരരില്‍ ഒരുവനു നിങ്ങള്‍ ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണു ചെയ്തുതന്നത് (മത്താ. 25:40) എന്ന തിരുവചനധ്യാനത്തിലൂടെ ലഭിച്ച ദൈവിക വെളിപ്പെടുത്തലാണു ‘കുറുക്കന്‍കുന്ന്’ എന്നു വിളിക്കപ്പെട്ടിരുന്ന ചുണങ്ങംവേലിയിലെ സെന്‍റ് ജോസഫ്സ് മൗണ്ടില്‍ ഇന്നു കാണുന്ന സാധു വൃദ്ധജനമന്ദിരം. സന്യാസിനികള്‍ പുരുഷന്മാരെ ശുശ്രൂഷിക്കുന്നതു കേട്ടുകേള്‍വി പോലുമില്ലാത്ത കേരളമണ്ണില്‍, അഗതിശുശ്രൂഷയുടെ പാഠങ്ങള്‍ സ്വന്തം ളോഹ മടക്കിവച്ച്, താണിറങ്ങി ചെയ്തു കാണിച്ചുകൊടുത്ത പുണ്യശ്ലോകന്‍ – ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി. ഒരു സാധു വൃദ്ധമന്ദിരം സ്ഥാപിക്കുമെന്ന തന്‍റെ ഉള്‍പ്രചോദനം രൂപതാദ്ധ്യക്ഷനായിരുന്ന കണ്ടത്തില്‍ ആഗസ്തീനോസ് പിതാവുമായി പങ്കുവച്ച്, അഭിവന്ദ്യ പിതാവിന്‍റെ സമ്മതവും ദൈവികസമയവും അറിയുവാന്‍ വേണ്ടി കാത്തിരുന്ന താപസന്‍. കാലത്തിന്‍റെ സമ്പൂര്‍ണതയില്‍ ദൈവികപദ്ധതി ചുരുളു നിവര്‍ത്തുകയും എസ്എസ് സന്ന്യാസസമൂഹവും സാധു വൃദ്ധജനമന്ദിരവും യാഥാര്‍ത്ഥ്യമാവുകയും ചെയ്തു.

വര്‍ഗീസച്ചനെ അറിയാവുന്ന എല്ലാവരുടെയും മനസ്സില്‍ അതിവേഗം ഓടിയെത്തുക കൊല്ലവര്‍ഷം 99-ലെ (1924-ലെ) വെള്ളപ്പൊക്കത്തില്‍ ധന്യനായ വര്‍ഗീസച്ചന്‍ ചെയ്ത സേവനങ്ങളാണ്. കുലംകുത്തിയൊഴുകുന്ന പെരിയാറിന്‍റെ മുകളിലൂടെ ജീവന്‍ പണയംവച്ചുകൊണ്ട് ഒരു കൊതുമ്പുവള്ളത്തില്‍ സഞ്ചരിച്ചതും ആളപായം സംഭവിക്കാതിരിക്കുവാന്‍വേണ്ടി സത്വര ശ്രദ്ധ ചെലുത്തിയതും വിശക്കുന്നവര്‍ക്ക് ആഹാരം നല്കിയതും വീരോചിതംതന്നെ. എന്നാല്‍ അതിലും കൂടുതല്‍ ധന്യന്‍ അഭ്യസിച്ച ഒരു പുണ്യമുണ്ട് – അഗതിത്വം. സഹപ്രവര്‍ത്തകര്‍, ശിഷ്യഗണങ്ങള്‍, ഇടവകജനങ്ങള്‍, ഗവണ്‍മെന്‍റ് അധികാരികള്‍, സഹവൈദികര്‍ എന്നിവരുടെ ഇടയില്‍ നിന്നു മനസ്സിലാക്കപ്പെടാത്ത, തെറ്റിദ്ധരിക്കപ്പെട്ട, ഏകനായിത്തീര്‍ന്ന അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവിടെയെല്ലാം വിവേകത്തോടെ, ആത്മധൈര്യം കൈവിടാതെ വേണ്ടതു ചെയ്യുവാനും തന്‍റെ തൂലിക ചലിപ്പിക്കുവാനും കാണിച്ച ധീരത ഒന്നു വേറെതന്നെ.

പരി. കുര്‍ബാനയുടെ ഉപാസകനായിരുന്നു ധന്യന്‍ വര്‍ഗീസച്ചന്‍. പരിശുദ്ധ കുര്‍ബാനയില്‍ നിന്നു ശക്തി സ്വീകരിച്ച് അനുദിന കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ചിരുന്ന അദ്ദേഹത്തിനു ദിവ്യകാരുണ്യ സാന്നിദ്ധ്യം സ്നേഹത്തിന്‍റെ അനുഭവവും കരുണയുടെ നിറവും ആയിരുന്നു. അനുദിനം നാലു മണിക്ക് എഴുന്നേറ്റ് ‘കുരിശിന്‍റെ വഴി’ നടത്തിയ ശേഷമാണ് എന്നും ഈ സ്നേഹത്തിന്‍റെ കൂദാശയ്ക്ക് അണഞ്ഞിരുന്നത്. ദുര്‍ഘടമായി ദീര്‍ഘദൂരം സഞ്ചരിച്ച് ആലുവായില്‍ നിന്നു ഷൊര്‍ണ്ണൂര്‍വരെ പോയി റെയില്‍വേ അധികൃതര്‍ക്കുവേണ്ടി ഞായറാഴ്ച വി. കുര്‍ബാനയര്‍പ്പിക്കുന്നതിനും ചുണങ്ങംവേലിയില്‍ എത്തി സഹോദരിമാര്‍ക്കായി അനുദിനം വിശുദ്ധ രഹസ്യങ്ങള്‍ പരികര്‍മം ചെയ്യുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. താന്‍ ആയിരുന്ന ഇടവകയിലെ ദൈവജനത്തിനും വി. കുര്‍ബാനയുടെ സ്നേഹാനുഭവം നല്കുവാന്‍ ധന്യന്‍ വര്‍ഗീസച്ചനു കഴിഞ്ഞു.

ചുണങ്ങംവേലിയിലെ ‘കുറുക്കന്‍കുന്ന്’ സെന്‍റ് ജോസഫ്സ് മൗണ്ട് ആക്കിയതും താന്‍ സ്ഥാപിച്ച സന്ന്യാസസമൂഹത്തിലെ ആദ്യ അംഗത്തിനു ജോസഫീന എന്നു പേരു നല്കിയതും വൃദ്ധമന്ദിരം ‘സെന്‍റ് ജോസഫ്സ് ഓള്‍ഡ് ഏജ് ഹോം’ ആക്കിയതും ചില ഉദാഹരണങ്ങളാണ്. എന്തിനധികം, മൂവാറ്റുപുഴയ്ക്കടുത്ത് മീന്‍കുന്നം എന്ന സ്ഥലത്ത് അദ്ദേഹം സ്ഥാപിച്ച പള്ളി ‘സെന്‍റ് ജോസഫ്സ് ചര്‍ച്ച്, മീന്‍കുന്നം’ എന്നറിയപ്പെടുന്നു. അദ്ദേഹം രണ്ടു പ്രാവശ്യം മാനേജരായിരുന്നു (1913- 1918), (1922-1929) സെന്‍റ് മേരീസ് ഹൈസ്കൂളിലെ കുട്ടികളെ വി. യൗസേപ്പിതാവിനോടുള്ള പ്രത്യേക ഭക്തി പരിശീലിപ്പിക്കുകയും എല്ലാ ദിവസവും വിശുദ്ധ യൗസേപ്പിതാവിന്‍റെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിപ്പിക്കുകയും ചെയ്തിരുന്നു.

ഇപ്രകാരം അനേകം വീരസുകൃതങ്ങള്‍ അഭ്യസിച്ചിരുന്ന ധന്യന്‍ വര്‍ഗീസച്ചന്‍ ജനിച്ചത് 1876 ആഗസ്റ്റ് 8-ന് ലോനന്‍-കുഞ്ഞുമറിയം ദമ്പതികളുടെ നാലാമത്തെ മകനായി പയ്യപ്പിള്ളി – പാലയ്ക്കാപ്പിള്ളി കുടുംബത്തിലാണ്. പ്രാഥമിക വിദ്യാഭ്യാസം പെരുമാന്നൂ രില്‍ നടത്തിയ വര്‍ഗീസ് ആലങ്ങാട് പുത്തന്‍പള്ളിയില്‍ ചേരുകയും കാണ്ടി പേപ്പല്‍ സെമിനാരിയില്‍ അതു പൂര്‍ത്തിയാക്കുകയും ചെയ്തു. 1907 ഡിസംബര്‍ 21-ന് കാണ്ടി മെത്രാനില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ച അദ്ദേഹം കടമക്കുടി, ആലങ്ങാട്, ആരക്കുഴ എന്നീ പള്ളികളില്‍ വികാരിയായും ആലുവാ സെന്‍റ് മേരീസ് ഹൈസ്കൂളിന്‍റെ മാനേജരായി പന്ത്രണ്ടു വര്‍ഷവും ശുശ്രൂഷ ചെയ്തു. 1927 മാര്‍ച്ച് 19-ന് ‘പാവപ്പെട്ടവരുടെ കൊച്ചു സഹോദരികള്‍’ (ഇന്നറിയപ്പെടുന്ന എസ്ഡി) എന്ന പേരില്‍ ഒരു സന്ന്യാസസമൂഹവും സാധുമക്കള്‍ക്കായി ഒരു അഗതിമന്ദിരവും സ്ഥാപിച്ചു. 1929 ഒക്ടോബര്‍ 5-ന് തന്‍റെ 53-ാമത്തെ വയസ്സില്‍ ഈ ലോകത്തോടു യാത്ര പറഞ്ഞു.

2009 ആഗസ്റ്റ് 25-ന് ആരംഭിച്ച നാമകരണ നടപടികളുടെ അതിരൂപതാതല പ്രവര്‍ത്തനങ്ങള്‍ 2012 നവംബര്‍ 12-ന് സമാപിപ്പിച്ച് ന്യൂണ്‍ഷ്യോ വഴി റോമിലേക്കയച്ചു. റോമിലെ നാമകരണ നടപടികളുടെ കാര്യാലയത്തില്‍ നിന്നും നിയോഗിച്ചിരുന്ന ചരിത്രകമ്മിറ്റി യും ദൈവശാസ്ത്ര കമ്മിറ്റിയും കര്‍ദിനാള്‍ സംഘവും പോസ്റ്റുലേറ്റര്‍ സി. ഗ്രേയ്സ് കൂവയില്‍ എസ് ഡി, റിലേറ്റര്‍ മോണ്‍. പോള്‍ പള്ളത്തച്ചന്‍റെ നര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ ‘പൊസിസ്സിയോ’ പഠിക്കുകയും വോട്ട് ചെയ്ത് അംഗീകാരം നല്കുകയും ചെയ്തു.

2018 ഏപ്രില്‍ 14-ന് പരി. പിതാവ് ഫ്രാന്‍സിസ് പാപ്പ ഇവരുടെ പഠനങ്ങള്‍ ശരിവയ്ക്കുകയും രേഖയില്‍ ഒപ്പുവയ്ക്കുകയും ചെയ്തുകൊണ്ട് മറ്റ് ഏഴു ദൈവദാസന്മാര്‍ക്കൊപ്പം വര്‍ഗീസ് പയ്യപ്പിള്ളി ദൈവദാസനെ ധന്യനായി പ്രഖ്യാപിച്ചു.

Leave a Comment

*
*