ഒരു വയനാടന്‍ ഉണര്‍ത്തുപാട്ട്

ഒരു വയനാടന്‍ ഉണര്‍ത്തുപാട്ട്

സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, മാനന്തവാടി

സഹ്യന്‍റെ നെറുകയില്‍ പ്രകൃതിരമണീയമായി സ്ഥിതി ചെയ്യുന്ന കാര്‍ഷികജില്ലയാണു വയനാട്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമടങ്ങിയ ജനവിഭാഗങ്ങളില്‍ ഭൂരിപക്ഷവും താഴ്ന്നതോ ഇടത്തരമോ ആയ വരുമാനമുള്ളവരാണ്. 70 ശതാനത്തിലധികം വരുന്ന ആളുകള്‍ കൃഷിയും കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നുമാണു വരുമാനം കണ്ടെത്തുന്നത.് 1928 വരെ ആദിവാസി വിഭാഗങ്ങളും പുരാതന നായര്‍ തറവാടുകളും മാത്രമുണ്ടായിരുന്ന ഈ പ്രദേശത്തേയ്ക്കു കച്ചവടത്തിനും മറ്റുമായി മുസ്ലീം, ജൈന വിഭാഗങ്ങള്‍ വന്നെത്തി. 1920-നോടനുബന്ധിച്ചു തിരുവിതാംകൂര്‍ ഭാഗത്തുനിന്നും ക്രിസ്ത്യന്‍ കുടുംബങ്ങളുടെ കുടിയേറ്റം നടന്നതോടെ വയനാടിന്‍റെ മുഖഛായയ്ക്കും കാര്‍ഷികമേഖലയ്ക്കും സാംസ്കാരിക, വിദ്യാഭ്യാസമേഖലയ്ക്കും മാറ്റങ്ങള്‍ വന്നുതുടങ്ങി.

മരച്ചീനി, ചേന, ചേമ്പ് മുതലായ ഭക്ഷ്യവിളകളും പുല്‍ത്തൈലം, റബര്‍, കശുവണ്ടി, തെങ്ങ് തുടങ്ങിയ നാണ്യവിളകളും കൃഷിയുടെ ഭാഗമായിത്തീര്‍ന്നതു കുടിയേറ്റത്തോടെയാണ്. കാപ്പി, കുരുമുളക്, തേയില, കമുക് എന്നിവയും വയനാടിന്‍റെ പ്രധാന കൃഷി ഇനങ്ങളായി മാറി. എന്നാലിന്ന് വയനാട്ടിലെ കര്‍ഷകര്‍ നിലനില്പിനുള്ള പോരാട്ടത്തിലാണ്. കാലാവസ്ഥയും വന്യമൃഗശല്യവും വിപണയിലെ സ്ഥിരതയില്ലായ്മയും കര്‍ഷകരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു.

വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയെ തീറ്റിപ്പോറ്റാനായി ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുക വളരെ അത്യാവശ്യമായ കാര്യമാണ്. എന്നാല്‍ ഏതു തരത്തിലും ഉത്പാദനം കൂട്ടുക എന്നതല്ല മറിച്ച് നിലവിലുള്ള കൃഷി ഭൂമിയില്‍ പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും മേല്‍ കടന്നുകയറ്റമില്ലാതെ, ഉത്പാദന വര്‍ദ്ധനവാണ് നമുക്കാവശ്യം. ഭൂവിഭാഗങ്ങളുടെ അപര്യാപ്തത, വരുന്ന പതിറ്റാണ്ടുകളില്‍ വളരെ അധികം വര്‍ദ്ധിക്കുകയും കാലക്രേമേണ കൃഷി ചെയ്യാന്‍ സ്ഥലമില്ലാത്ത അവസ്ഥ സംജാതമാകുകയും ചെയ്യും. പുറമേ നിന്നുള്ള ഉത്പാദനോപാധികളുടെ വര്‍ദ്ധിച്ച ഉപയോഗവും സാങ്കേതിക ഉത്പാദന രീതികളും കൃഷി സമ്പ്രദായങ്ങളും വയനാട്ടിലെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ആക്കം കൂട്ടുകയും കാര്‍ഷിക നാശത്തിന് കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ട് ഉത്പാദന വ്യൂഹത്തിന്‍റെ വമ്പിച്ച തോതിലുള്ള വൈവിധ്യവത്ക്കരണം, ലഭ്യമായ പ്രാദേശിക വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, നഷ്ട സാധ്യതകള്‍ ഒഴിവാക്കികൊണ്ടുള്ള പാരിസ്ഥിതിക ഭദ്രത, സാമ്പത്തിക ഭദ്രത എന്നിവയുടെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ദീര്‍ഘകാല ഫലങ്ങള്‍ ഉളവാക്കുന്നതിന്, അടിസ്ഥാനപരമായി സാമൂഹികമാറ്റം യാഥാര്‍ത്ഥ്യമാക്കുന്നതിനും പുതിയ ശ്രമങ്ങള്‍ ആവശ്യമാണെന്ന് സകല ജനവിഭാഗങ്ങളും ഒരേപോലെ ആഗ്രഹിക്കുന്ന സാഹചര്യത്തിലാണ് നാം ഉള്ളത്. നമ്മുടെ ജില്ലയില്‍ കാര്‍ഷിക മേഖലയില്‍ ഉത്പാദനവും, ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കേണ്ടതായുണ്ട്. സ്വന്തമായി ഭൂമിയില്ലാത്തവര്‍, ആദിവാസികള്‍ എന്നിവര്‍ക്ക് സ്വൈര്യജീവിതവും തൊഴിലെടുത്ത് ജീവിക്കാനുള്ള സാഹചര്യവും, വെള്ളവും വെളിച്ചവും, ഉറപ്പുള്ള അന്തസുള്ള പാര്‍പ്പിടവും ഉണ്ടാകേണ്ടതുണ്ട്. ശുചിത്വത്തിനും, മാലിന്യസംസ്കരണത്തിനും, നാടും, ജനങ്ങളും ഉണര്‍ന്ന് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണം. പ്രകൃതി നമുക്ക് നല്‍കിയ വിഭവങ്ങളെ വരുംതലമുറയ്ക്കായി കരുതിവെയ്ക്കാനുള്ള കര്‍മ്മപരിപാടികള്‍ രൂപപ്പെട്ടുവരണം. നമ്മുടെ ജില്ലയിലെ ജനവിഭാഗങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗ്ഗം കൃഷിയും ക്ഷീരമേഖലയുമാണ്. കാലാവസ്ഥയിലെ മാറ്റം, കാര്‍ഷിക രോഗങ്ങള്‍, യന്ത്രവത്കരണത്തിന്‍റെ കുറവ്, അശാസ്ത്രീയ കൃഷി രീതികള്‍, ജലസേചന സൗകര്യകുറവ്, രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം, ശേഖരണ-സംസ്കരണ-വിപണന സൗകര്യങ്ങളുടെ അഭാവം, കാര്‍ഷിക ഭൂമിയുടെ അപര്യാപ്തത തുടങ്ങിയവ ജില്ലയിലെ കാര്‍ഷിക മേഖലയിലെ മുഖ്യ പ്രശ്നങ്ങളാണ്.

പലതരത്തിലുള്ള ഭൂവിനിയോഗ പ്രക്രിയയും, പ്രകൃതി വിഭങ്ങളുടെ മേല്‍ അനിയന്ത്രിതമായ കടന്നു കയറ്റവും ചൂഷണങ്ങളും, മനുഷ്യനും അവന്‍റെ ചുറ്റുപാടുമുള്ള ബന്ധത്തില്‍ ഗൗരവതരമായ വിള്ളലുണ്ടാക്കി. ഇത് സുസ്ഥിര കൃഷി, സുസ്ഥിര ഭൂവികസനം എന്നീ ആശയങ്ങളിലേക്ക് നയിച്ചു. ഹരിത വിപ്ലവത്തില്‍ നിന്നും നിത്യ ഹരിത വിപ്ലവമെന്ന സങ്കല്‍പ്പത്തിലേക്ക് കാര്‍ഷിക മേഖല വഴി മാറി. ഇന്നത്തെ ആവശ്യങ്ങള്‍ നിറവേറാനുതകുന്നതും അതേസമയം ഭൂസ്വത്തുക്കള്‍ വരും തലമുറയ്ക്കു കൂടി ഉപയോഗിക്കാനായി സംരക്ഷിച്ചുകൊണ്ടുള്ള ഭൂവിനിയോഗമാണ് സുസ്ഥിര ഭൂവിനിയോഗം, സുസ്ഥിര കൃഷി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.ഈ ആശയത്തിലേക്ക് വയനാട്ടിലെ കാര്‍ഷിക മേഖലയെ എത്തിക്കുന്നതിന് ഫലവത്തായ ഏതാനും നിര്‍ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. കൃഷിക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കണം (കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലനില്ക്കുന്നു).

2. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തെ വയനാട്ടിലെ കാര്‍ഷിക പുരോഗതിക്കുള്ള ഗവേഷണ സ്ഥാപനമായി ഉയര്‍ത്തുക.

3. വയനാട്ടിലെ കൃഷിയിടങ്ങള്‍ ഉത്തരവാദിത്വ ടൂറിസവുമായി ബന്ധപ്പെടുത്തണം

4. കര്‍ഷകര്‍ക്ക് സബ്സിഡി നിരക്കില്‍ വൈദ്യുതി വിതരണം നടത്തണം.

5. പ്രാഥമിക തലം മുതല്‍ കു ട്ടികളുടെ പാഠ്യപദ്ധതിയില്‍ കൃഷി ഒരു വിഷയമാക്കുക.

6. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുക.

7. പഞ്ചായത്ത് തലത്തില്‍ കൃഷിക്കാവശയമായ സാങ്കേതിക തൊഴില്‍ സഹായം നല്കുന്നതിന് 'ഹരിത സേനകള്‍ക്ക്' രൂപം നല്‍കുക

8. കൃഷി ഭവനുകള്‍ തോറും കൃഷി ക്ലിനിക്കുകള്‍ ആരംഭിക്കണം.

9. ത്രിതല ഗ്രാമ പഞ്ചായത്തുകളുടെ ഉത്പാദന മേഖലയിലെ ഫണ്ടിന്‍റെ 50% എങ്കിലും ജൈവകൃഷിക്കായി നീക്കിവയ്ക്കണം.

10. കൃഷിയോടൊപ്പം വളര്‍ത്തു മൃഗങ്ങള്‍ക്കും, മത്സ്യകൃഷിക്കും തേനീച്ച വളര്‍ത്തലിനും മുഖ്യ പ്രാധാന്യം നല്കണം.

11. ഓരോ ഗ്രാമപഞ്ചായത്തിലെയും ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കണം.

12. കൃഷിയിടങ്ങളില്‍ വിള പരിക്രമണം അനുവര്‍ത്തിക്കുകയും ആവരണ വിളകള്‍, പയറുവര്‍ഗ്ഗങ്ങള്‍, പച്ചില വിളകള്‍ എന്നിവ വ്യാപിപ്പിക്കുകയും വേണം.

13. എല്ലാ കൃഷിയിടങ്ങളിലും കമ്പോസ്റ്റ് നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുക.

14. മണ്ണിര കമ്പോസ്റ്റ്, വാരണാസി കമ്പോസ്റ്റ് എന്നിവ ഗ്രാമങ്ങള്‍ തോറും വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുക.

15. ബയോ ഗ്യാസ് പ്ലാന്‍റുകള്‍ വ്യാപിപ്പിക്കുക. ഇതിലൂടെ ജൈവവളം ലഭ്യത ഉറപ്പുവരുത്തുവാന്‍ സാധിക്കും.

16. പരമാവധി ഇടനിലക്കാരെ ഒഴിവാക്കി കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുക.

17. കൃഷിയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ഉണ്ടാകുക, കൂടുതല്‍ പ്രോത്സാഹനം നല്‍കുക.

18. കാര്‍ഷിക ജൈവ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് 'ഫെയര്‍ ട്രേഡ്' പോലുള്ള നവീകരണ വിപണന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക.

19. കര്‍ഷകര്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കുക.

20. വയനാട്ടില്‍ കൃഷി അധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കുക.

21. പ്രകൃതിദത്ത ജലസംഭരണത്തിന് നെല്‍വയലുകള്‍ സംരക്ഷിക്കുക. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുക.

22. കാര്‍ഷിക വനവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുക.

23. കാര്‍ഷികഗ്രാമ ചന്തകള്‍ ആരംഭിക്കുക.

24. ഓരോ പ്രദേശത്തിനു അനുയോജ്യമായതും പരമ്പരാഗതമായി ഉപയോഗിക്കുന്നതുമായ വിത്തുകള്‍ സംഭരിച്ച്, സൂക്ഷിച്ച് വച്ച്, വിതരണം നടത്തുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ ശക്തിപ്പെടുത്തുക. ഇവരുടെ നേതൃത്വത്തില്‍ വിത്ത് ബാങ്കുകള്‍ ആരംഭിക്കുക.

25. മാതൃകാ കൃഷിത്തോട്ടങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ രൂപപ്പെടുത്തണം.

26. അന്താരാഷ്ട്ര വിപണികളില്‍ കൂടുതല്‍ വില്പന നടത്തേണ്ട കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ഇടുക്കി, വയനാട് ജില്ലകളില്‍ സമ്പൂര്‍ണ്ണ ജൈവകൃഷി സര്‍ട്ടിഫിക്കേഷന്‍ നടപ്പിലാക്കണം.

27. ജൈവകൃഷിയിലേക്ക് മാറുന്ന കര്‍ഷകര്‍ക്ക് ആദ്യത്തെ 3-4 വര്‍ഷം ഉല്‍പ്പാദന നഷ്ടം സംഭവിക്കാറുണ്ട്. ഇത് ലഘൂകരിക്കുന്നതിനായി ആദ്യത്തെ 3-4 വര്‍ഷം കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്യണം.

28. കര്‍ഷകര്‍ക്കായി പഠന യാത്രകള്‍, പ്രായോഗിക പരിശീലനങ്ങള്‍ എന്നിവ സംഘടിപ്പിക്കുക.

29. സംസ്ഥാനത്തിന്‍റേതായ ജൈവകൃഷി മാനദണ്ഡങ്ങള്‍ (Local Standards) രൂപപ്പെടുത്തുക.

30. ജൈവ ഉത്പ്പന്ന പരിശോധന പരീക്ഷണശാലകള്‍ ജില്ലാതലങ്ങളില്‍ ആരംഭിക്കുക.

സമാപനം
കടക്കെണിയില്‍നിന്നും കരകയറാന്‍ വയനാടന്‍ ജനതയ്ക്കു പ്രത്യേകമായ കൈത്താങ്ങ് അത്യാവശ്യമാണ്. സാമൂഹ്യ-രാഷ്ട്രീയ-മത നേതൃത്വത്തിലുള്ളവരുടെ വിഭജിതമാകാത്ത മനസ്സോടെയുള്ള പ്രവര്‍ത്തനത്തിലൂടെയും സര്‍ക്കാരിന്‍റെ പ്രത്യേകമായ സഹായത്തിലൂടെയും മാത്രമേ വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്‍ഷിക പ്രശ്നങ്ങള്‍ക്കു പരിഹാരമാകൂ. 'സമാധാനമാണു വികസന'മെന്ന പോള്‍ ആറാമന്‍ പാപ്പയുടെ വാക്കുകള്‍ അന്വര്‍ത്ഥമാകാന്‍ പരസ്പരം കൈകോര്‍ത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കളമൊരുക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org