Latest News
|^| Home -> Cover story -> വയോജന പരിപാലനം -ഇന്നിന്‍റെ ആവശ്യം

വയോജന പരിപാലനം -ഇന്നിന്‍റെ ആവശ്യം

Sathyadeepam

അഡ്വ. തോമസ് താളനാനി, ചേര്‍ത്തല

വാര്‍ദ്ധക്യം ഒഴിവാക്കാനാവാത്ത അവസ്ഥ. വൃദ്ധജനങ്ങളുടെ പരിപാലനം ആധുനിക കാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. 21-ാം നൂറ്റാണ്ടിലെ വൃദ്ധജനങ്ങളുടെ സംരക്ഷണം എന്ന വെല്ലുവിളി ഏറ്റെടുക്കുന്നതിനുള്ള വിഭവസമൃദ്ധി നമുക്കുണ്ട്. വേണ്ടതു പരിഹരിക്കുന്നതിനുള്ള ഇച്ഛാശക്തിയും വിവേകവുമാണ്. 1948-ല്‍ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ അര്‍ജന്‍റീനയാണു വയോജന പരിപാലനത്തിന്‍റെ ആവശ്യകത ആദ്യമായി യു.എന്‍. അസംബ്ലിയില്‍ ഉന്നയിച്ചത്. തുടര്‍ന്നു ദീര്‍ഘകാലത്തെ ചര്‍ച്ചകള്‍ക്കും വിചിന്തനങ്ങള്‍ക്കും ഒടുവില്‍ World Assembly on the elderly എന്ന പേരില്‍ 1982-ല്‍ ഒരു പ്രത്യേക സമ്മേളനം ചേരുകയുണ്ടായി. ഒരു കര്‍മ്മപദ്ധതി രൂപീകരിക്കുന്നതിനും ഓരോ നാലു വര്‍ഷം കൂടുമ്പോള്‍ വിലയിരുത്തലുകള്‍ നടത്തുന്നതിനുള്ള തീരുമാനം 1993-ല്‍ ജനറല്‍ അസംബ്ലി സ്വീകരിച്ചു.

വാര്‍ദ്ധക്യം ഇന്നും ഒരു ശാപമായി കരുതുന്ന ഒരു നല്ല വിഭാഗം ജനങ്ങളുണ്ട്. പ്രത്യേകിച്ചു വൃദ്ധരായ സ്ത്രീകളുടെ കാര്യം കൂടുതല്‍ സങ്കീര്‍ണമാണ്. വിധവയാണെങ്കില്‍ പ്രശ്നം കൂടുതല്‍ ഗുരുതരമാകുന്നു. ദശകങ്ങള്‍ക്കുള്ളില്‍ ലോക ജനസംഖ്യയുടെ 30 ശതമാനം വയോജനങ്ങള്‍ ആയിരിക്കുമെന്നു ജനസംഖ്യാ ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. കേരളം വൃദ്ധജനങ്ങളെക്കൊണ്ട് അതിവേഗം നിറയുകയാണ്. സമീപഭാവിയില്‍ കേരളം അഭിമുഖീകരിക്കേണ്ടി വരുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നമായി വൃദ്ധജനങ്ങളുടെ സംഖ്യയിലുള്ള വര്‍ദ്ധന മാറാന്‍ പോവുകയാണ്.

65 വയസ്സ് കഴിഞ്ഞവരെയാണു പൊതുവേ വയോജനം എന്നു വിളിക്കുന്നതെങ്കിലും 56 വയസ്സ് ആകുമ്പോഴേക്കും പെന്‍ഷനാകുന്നതിനുള്ള ലക്ഷ്മണരേഖ വരച്ചു വാര്‍ദ്ധക്യത്തിലേക്കുള്ള കടമ്പയായി ആഘോഷിക്കുകയായി. അതുവരെ ആസ്വദിച്ചിരുന്ന പല സൗകര്യങ്ങളും ആനുകൂല്യങ്ങളും അവസാനിക്കുന്നു. വീടിനോടു ചേര്‍ന്നുള്ള ചെറിയ കൃഷിത്തോട്ടത്തില്‍, പേരക്കുട്ടികളുടെ സംരക്ഷണം, ബില്ലുകള്‍ അടയ്ക്കല്‍, മാര്‍ക്കറ്റില്‍ പോകല്‍ എന്നിങ്ങനെയായി പരിണമിക്കുന്നു. വാര്‍ദ്ധക്യത്തിന്‍റെ കടമ്പ കടക്കുന്നതിനു മുമ്പായി പെണ്‍മക്കളുടെ വിവാഹവും ആദ്യപ്രസവം മുതലായവയും നിര്‍വഹിക്കാന്‍ സാധിച്ചാല്‍ ഭാഗ്യം.

കാലം ശരീരത്തിലേല്പിക്കുന്ന പൊറുക്കാത്ത ആഘാതങ്ങള്‍ നിമിത്തം ഉണ്ടാകാവുന്ന വ്യത്യസ്തവും സങ്കീര്‍ണവുമായ രോഗങ്ങള്‍, പ്രത്യേകിച്ചു യാതൊരുവിധ രോഗലക്ഷണങ്ങളും പ്രകടമാക്കാതെ കലശലായി തീരുന്ന അസ്പഷ്ടതകളും വൈരുദ്ധ്യങ്ങളും നിറഞ്ഞ സങ്കീര്‍ണങ്ങളായ രോഗങ്ങള്‍ വയോജനങ്ങളുടെ ആരോഗ്യപരിപാലനത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം. മരുന്നുകളുടെ ഉപയോഗം ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കും എന്നതില്‍നിന്നും വയോജനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയോടെ ചെയ്യേണ്ടി വരുന്നു. വാര്‍ദ്ധക്യചികിത്സാ ശാസ്ത്രത്തിനു കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചികിത്സാകേന്ദ്രങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, കൊഴുപ്പ് മുതലായവ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നാല്‍ ഉണ്ടാകാവുന്ന ബ്ലോക്ക്, ഹാര്‍ട്ട് അറ്റാക്ക്, തലച്ചോറിലും ആന്തരികാവയവങ്ങളിലും ഉണ്ടാകാവുന്ന രക്തസ്രാവം മുതലായവയെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തമായ അവബോധം വയോജനങ്ങളിലും അവരുടെ ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെടുന്നവരിലും ഉണ്ടാകണം. പരമ്പരാഗത ലക്ഷണങ്ങള്‍ കൂടാതെ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള രോഗങ്ങള്‍ (നെഞ്ചുവേദന അനുഭവപ്പെടാത്ത ഹാര്‍ട്ട് അറ്റാക്ക്, പനിയുടെ ലക്ഷണങ്ങള്‍ ഇല്ലാതെതന്നെയുള്ള ശ്വാസകോശരോഗങ്ങള്‍, മദ്യപാനത്തില്‍ നിന്നല്ലാതെ ഉണ്ടാകാവുന്ന കരള്‍ രോഗങ്ങള്‍ മുതലായവ)ക്കെതിരെ കൂടുതല്‍ കരുതലുകള്‍ ആവശ്യമാണ്.

വാര്‍ദ്ധക്യാവസ്ഥയില്‍ വസ്തു വഹകള്‍ എഴുതി വാങ്ങിയതിനുശേഷം മാതാപിതാക്കളെ അവഗണിക്കുകയും വൃദ്ധസദനങ്ങളിലാക്കി ഉത്തരവാദത്വങ്ങളില്‍ നിന്നു സൗകര്യപൂര്‍വം ഓടിയൊളിക്കുന്ന മക്കളുടെ കഥകള്‍ ഇന്നു സര്‍വസാധാരണമായിരിക്കുന്നു. സാക്ഷരതയിലും ജീവിതനിലവാരത്തിലും മുന്തിയവരെന്നു കേരളീയര്‍ അവകാശപ്പെടുമ്പോഴും ആരോഗ്യസംരക്ഷണത്തിനുള്ള മരുന്നു മാത്രമല്ല വിശപ്പിനുള്ള ആഹാരംപോലും കൃത്യമായി ലഭിക്കാത്ത വയോജനങ്ങള്‍ എത്രയോ അധികം നമ്മുടെ ഇടയിലുണ്ട്.

വയോജനങ്ങളുടെ പരിപാലനവും സംരക്ഷണവും മുന്നില്‍ കണ്ടു കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകള്‍ പല പദ്ധതികളും നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്നതു ശരിതന്നെ. മാതാപിതാക്കളുടെയും വൃദ്ധജനങ്ങളുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായി 2007-ല്‍ പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമം (The maintenance and welfare of parents and senior citizens Act 2007) മാതാപിതാക്കളോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കാത്ത മക്കളുടെ പേരിലേക്കു കൈമാറ്റം ചെയ്ത, സ്വത്തുക്കള്‍ തിരികെ എടുക്കുന്നതിനുള്ള വ്യവസ്ഥയും സംവിധാനവും വിഭാവനം ചെയ്തിട്ടുണ്ട് എന്നതും ശരിതന്നെ. വയോജനങ്ങള്‍ക്കു സംരക്ഷണം നല്കാതിരിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതു തടവുശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യമാക്കി മക്കളുടെ പേരില്‍ ദാനമോ ധനനിശ്ചയമോ ആയി നല്കിയ വസ്തു പ്രതിഫലത്തിന് അന്യര്‍ വാങ്ങുകയാണെങ്കില്‍ വസ്തു തിരിച്ചുപിടിക്കുന്നതിനുള്ള വ്യവസ്ഥ ഇല്ലെന്നതുള്‍പ്പെടെ ഒരു പുതിയ നിയമം എന്ന നിലയിലുള്ള പല പോരായ്മകള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും ക്രിയാത്മകമായ ഒരു നിയമനിര്‍മാണമായി 2007-ലെ നിയമത്തെ കണക്കാക്കാം.

2007-ലെ നിയമം വിഭാവനം ചെയ്യുന്ന സ്ഥാപനങ്ങളോടും മെയിന്‍റനന്‍സ് ട്രിബ്യൂണലുകളോടും ചേര്‍ന്നു സൗജന്യ നിയമസേവന കേന്ദ്രങ്ങളും ആരോഗ്യ ക്ലിനിക്കുകളും ഉണ്ടാകേണ്ടത് ആവശ്യമാണ്. മതിയായ പകല്‍വീടുകള്‍ ഉണ്ടാകേണ്ടതു മറ്റൊരു കാര്യമാണ്. എന്നാല്‍ ഈ നിയമം ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നു എന്നതു ഖേദകരമായ വസ്തുതയാണ്. പകല്‍ വീടുകളുടെ വ്യാപനം വൃദ്ധകേന്ദ്രങ്ങളിലേക്കുള്ള വയോജനങ്ങളുടെ ഉപേക്ഷിക്കല്‍ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കുന്നതിനു സഹായിക്കും. സ്വകാര്യമേഖലയില്‍ വൃദ്ധസദനങ്ങള്‍ സ്ഥാപിക്കുന്നതിനും അതിന്‍റെ ഫലപ്രദമായ നിയന്ത്രണത്തിനും ആവശ്യമായ വ്യവസ്ഥകള്‍ ഈ നിയമത്തില്‍ അടിയന്തിരമായി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. സ്വകാര്യമേഖലയിലുള്ള പകല്‍വീടുകളും വൃദ്ധസദനങ്ങളും തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സേവനമേഖലയില്‍ നിന്നു സര്‍ക്കാരുകള്‍ സാവധാനം പിന്മാറുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ സന്നദ്ധസംഘടനകള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. ഇടവകതലങ്ങളില്‍ ഇതിനുള്ള ശ്രമങ്ങള്‍ അജപാലന ശുശ്രൂഷയുടെ ഭാഗമായി പരിഗണിക്കപ്പെടണം.

നിയമനിര്‍മാണത്തിനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ സാധാരണ ജനങ്ങളുടെ ചിന്താഗതിയെ ഒരു പരിധിക്കപ്പുറം സ്വാധീനിക്കുവാന്‍ സാധിക്കുകയില്ല. സാധാരണ ജനങ്ങളില്‍ ആവശ്യമായ അവബോധം സൃഷ്ടിക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. വയോജനങ്ങളുടെയും മാതാപിതാക്കളുടെയും സംരക്ഷണം അഭിമാനപ്രശ്നമായി കരുതിയിരുന്ന നമ്മുടെ രാജ്യത്തിന്‍റെ സംസ്കാരം ഓര്‍മയിലേക്കു വരട്ടെ. മോശയിലൂടെ നല്കപ്പെട്ട കല്പനകളില്‍ വ്യവസ്ഥകള്‍ക്കു വിധേയമായി നല്കപ്പെട്ടിട്ടുള്ള ഏകകല്പന നാലാം പ്രമാണമാണെന്നും മറക്കാതിരിക്കാം.

Leave a Comment

*
*