വീല്‍ച്ചെയറിലെ വിശ്വാസപ്രഘോഷണം…

വീല്‍ച്ചെയറിലെ വിശ്വാസപ്രഘോഷണം…

ഫ്രാങ്ക്ളിന്‍ എം.

ദേവസ്യ സ്കറിയ എന്ന കുഞ്ഞുമോന്‍ പുന്നപ്ര 21 വര്‍ഷമായി വീല്‍ചെയറിലാണ്. രണ്ടു കാലില്‍ നടക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല എന്ന തിരിച്ചറിവാണ് 21 വര്‍ഷം മുമ്പുണ്ടായ അപകടം ഈ 64 കാരന് നല്‍കിയത്. "നടക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല. അതിലും വലിയ കാര്യമാണ് ഇരിക്കുന്നത്. നിത്യരക്ഷിലേക്കു നടന്നെത്തുമെന്ന് യാതൊരു ഉറപ്പുമില്ല. പക്ഷെ, ഇരുന്നാല്‍ നിത്യരക്ഷ നഷ്ടപ്പെടില്ലെന്ന് നൂറുശതമാനം ഉറപ്പുണ്ട്" — സ്വാനുഭവം വിവരിച്ചുകൊണ്ട് കുഞ്ഞുമോന്‍ പറയുന്നു.

ഓടിയും ചാടിയും നടന്നും ചെയ്തതിനേക്കാള്‍ കൂടുതല്‍ വീല്‍ചെയറിലിരുന്ന് കുഞ്ഞുമോന്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്. കുട്ടനാട്ടിലെ എടത്വയാണ് കുഞ്ഞുമോന്‍റെ ജന്മദേശം എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ എറണാകുളത്തു വന്നു താമസമാക്കി. ഭൂമി കുഴിച്ചു ഫയലടിക്കുന്ന കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് ഈ തൊഴില്‍ സ്വയം ചെയ്തു. നാട്ടിലെ ബന്ധുക്കളും സഹോദരങ്ങളും ചേര്‍ന്നുള്ള സംരംഭമായിരുന്നു. ഒരിക്കല്‍ ഇരുമ്പു ദണ്ഡ് ഉയര്‍ത്താന്‍ പണിക്കാരെ സഹായിക്കവേ, അതു നിലംപതിച്ചു. കുഞ്ഞുമോന്‍റെ തോളില്‍ ചേര്‍ന്ന് നിലംപൊത്തിയ ആ ദണ്ഡ് ഇദ്ദേഹത്തെ നെഞ്ചിനു താഴെ ചലനരഹിതനാക്കി. 1998 ലായിരുന്നു അത്. ഒന്നര മാസത്തോളം ആശുപത്രിയില്‍ കിടന്നു. ശരീരത്തിന്‍റെ മൂന്നില്‍ രണ്ടും നിശ്ചലമായ അവസ്ഥയില്‍ ഡോക്ടര്‍മാരും മറ്റും കൈവിട്ടു. നിരന്തരമുള്ള കിടപ്പില്‍ ദേഹം പൊട്ടിനുറുങ്ങി. അവ പഴുത്തു വലിയ വ്രണങ്ങളായി…

പള്ളിയില്‍ പാട്ടുപാടിയിരുന്ന കുഞ്ഞുമോന്‍ മതാധ്യാപകനുമായിരുന്നു. നവീകരണധ്യാനങ്ങളില്‍ പങ്കെടുക്കുകയും അനേകരെ അതിലേക്കു പറഞ്ഞു വിടുകയും ചെയ്തിട്ടുണ്ട്. ആത്മീയമായ ഈ ഉള്‍ക്കരുത്തിന്‍റെ ബലത്തില്‍ സഹനങ്ങള്‍ നേരിടാന്‍ പരിശ്രമിച്ചെങ്കിലും പലപ്പോഴും പതറിവീണു. ഭാര്യയും മൂന്നു പെണ്‍കുട്ടികളുമുള്ള കുടുംബത്തെ അടുക്കിപ്പിടിച്ച് കര്‍ത്താവിനെ കൂട്ടുപിടിച്ചു കാല്‍വരി കയറുകയായിരുന്നു ഇദ്ദേഹം "അപകടത്തിനു രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം രോഗ സൗഖ്യത്തിനായി ഞാന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനിക്കാന്‍ പോയി. പക്ഷെ സൗഖ്യപ്പെട്ടില്ല. എഴുന്നേറ്റു നടക്കാനാവുമെന്നു കരുതിയാണു ചെന്നത്. എന്‍റെ കൂടെയുണ്ടായിരുന്ന പലരും സുഖപ്പെട്ടു. എനിക്ക് എഴുന്നേല്‍ക്കാനായില്ല. വലിയ സങ്കടമായി. കര്‍ത്താവിനോടു പരിഭവം പറഞ്ഞു കരഞ്ഞു. അങ്ങനെ കരഞ്ഞു തളര്‍ന്നിരിക്കുമ്പോള്‍ പനയ്ക്കലച്ചന്‍ ദിവ്യബലി മധ്യേ ഒരു സന്ദേശം നല്‍കി. ആ പ്രസംഗത്തില്‍ എനിക്കുള്ള മറുപടി ഉണ്ടായിരുന്നു. അച്ചന്‍ പറഞ്ഞതിങ്ങനെയായിരുന്നു: പതിനേഴായിരത്തോളം രോഗികളും അവരുടെ പ്രിയപ്പെട്ടവരും ഇവിടെ ധ്യാനിച്ചു. അതില്‍ നല്ലൊരു ഭാഗം രോഗികളെയും കര്‍ത്താവ് സുഖപ്പെടുത്തി. കുറേപ്പേരെ സുഖപ്പെടുത്തിയില്ല. സുഖപ്പെട്ടവരേക്കാള്‍ ഭാഗ്യപ്പെട്ടവരാണ് സുഖപ്പെടാത്തവര്‍. അതെനിക്കു മനസ്സിലായില്ല. എന്നാല്‍ അച്ചന്‍ ഇത് ആവര്‍ത്തിച്ചു കൊണ്ടിരുന്നു — സുഖപ്പെട്ടവരേക്കാള്‍ ഭാഗ്യം ചെയ്തവരാണ് സുഖപ്പെടാത്തവര്‍. അച്ചന്‍ തുടര്‍ന്നു: "പതിനാലു വര്‍ഷം ഒരു സെമിനാരിയില്‍ പഠിച്ച ശേഷമാണ് കര്‍ത്താവിന്‍റെ അഭിഷേകം എനിക്കു കിട്ടിയതും കര്‍ത്താവിന്‍റെ ബലി നിങ്ങള്‍ക്കു മുന്നില്‍ അര്‍പ്പിക്കാനായതും. എന്നാല്‍ നാലുകാലുള്ള കട്ടിലുകളില്‍ സൗഖ്യപ്പെടാതെ കിടക്കുന്ന നിങ്ങള്‍ക്ക് കര്‍ത്താവിന്‍റെ സഹനത്തില്‍ പങ്കുപറ്റാനുള്ള വലിയ ഭാഗ്യമാണ് കിട്ടിയിരിക്കുന്നത്. അവന്‍റെ സഹനത്തോട് താതാത്മ്യം പ്രാപിച്ച് അവനോടു ചേര്‍ന്നു നില്‍ക്കാന്‍ വിശുദ്ധ ജീവിതത്തിനായി ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നു." സത്യത്തില്‍ അന്ന് എന്‍റെ കണ്ണീരിനു ഫുള്‍സ്റ്റോപ്പ് വന്നു." – കുഞ്ഞുമോന്‍ പറയുന്നു.

ഏതൊരു വിശ്വാസിയുടെയും സഹനം ഈശോയുടെ സഹനത്തില്‍ പങ്കു പറ്റലാണെന്നു കുഞ്ഞുമോന്‍ സമര്‍ത്ഥിക്കുന്നു. അതു മനസ്സിലാക്കാനായാല്‍ അവര്‍ക്കു പ്രത്യാശയില്‍ ജീവിക്കാനാകും. സത്യം പറഞ്ഞാല്‍ സഭയുടെ സമ്പത്തെന്നു പറയുന്നത്, ഭൗതികമായ ഒരു മുതലുമല്ല, മറിച്ച് സഹിക്കുന്ന മനുഷ്യരാണ്. പക്ഷെ പലരും അതു തിരിച്ചറിയുന്നില്ല. സഹനം വന്നാല്‍ സഹിച്ചേ പറ്റൂ, കുടുംബപ്രശ്നങ്ങളുണ്ടായാല്‍ നേരിട്ടേ പറ്റൂ, അതില്‍നിന്നു പിന്തിരിഞ്ഞിട്ടൊന്നും കാര്യമില്ല.

ഇപ്പോള്‍ ഒന്നിനെപ്പറ്റിയും ഭാരമില്ലെന്ന് കുഞ്ഞുമോന്‍ വ്യക്തമാക്കുന്നു. തമ്പുരാന്‍റെ കൈകളില്‍ സുരക്ഷിതനാണ്. മൂന്നു പെണ്‍മക്കളില്‍ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു. ഭാര്യ ത്രേസ്യാമ്മ എറണാകുളം സെന്‍റ് തെരേസാസ് കോളജിലെ ഉദ്യോഗത്തില്‍ നിന്നു വിരമിച്ച് അന്നും ഇന്നും കൂട്ടിനുണ്ട്. നവീകരണ ശുശ്രൂഷകളില്‍ പങ്കാളിയായും സെമിനാറും ക്ലാസ്സുകളും കണ്‍വെന്‍ഷനുകളും നയിച്ചും കേരളത്തിലങ്ങോളമിങ്ങോളം വീല്‍ചെയറിലിരുന്നു കുഞ്ഞുമോന്‍ സുവിശേഷം പ്രഘോഷിക്കുന്നു. സ്വന്തം കാറില്‍ സ്വയം ഡ്രൈവ് ചെയ്ത് മൂന്നുലക്ഷത്തിലധികം കിലോമീറ്റുകള്‍ സഞ്ചരിച്ചു കഴിഞ്ഞു.

സുവിശേഷം പ്രസംഗിക്കാന്‍ എളുപ്പമാണ്. എന്നാല്‍ അതു ജീവിക്കുക അല്‍പം പ്രയാസമുള്ള കാര്യമാണ്. വേദനിക്കുന്നവരെയും സഹിക്കുന്നവരെയും ചേര്‍ത്തണച്ച് കര്‍ത്താവിന്‍റെ സുവിശേഷം ജീവിക്കുമ്പോഴാണ് അത് രക്ഷാകരമാകുന്നത്. സുവിശേഷം ജീവിക്കുന്നവരുടെ വിശുദ്ധസാക്ഷ്യം കര്‍ത്താവിന്‍റെ സദ്വാര്‍ത്തയെ ബലപ്പെടുത്തുകയും ലോകത്തിനുമുന്നില്‍ പ്രകാശമാകുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ കേരളത്തിന്‍റെ കിഴക്കന്‍ മേഖലയില്‍ കര്‍ത്താവിന്‍റെ സുവിശേഷം ജീവിക്കുന്ന ഒരു യാക്കോബായ മെത്രാനെക്കുറിച്ച് കുഞ്ഞുമോന്‍ വിവരിച്ചു. കിടപ്പു രോഗികളും ചലനമറ്റവരുമായ നൂറോളം പേരുടെ സംഗമം അദ്ദേഹം സംഘടിപ്പിച്ചു. സഹനത്തീയില്‍ വെന്തുരുകുന്നവര്‍ കണ്ടുമുട്ടിയപ്പോള്‍ ആശ്വാസനിശ്വാസങ്ങളുടെ കുളിര്‍മഴ പെയ്തു. പ്രസംഗങ്ങള്‍ക്കും പരിചയപ്പെടലുകള്‍ക്കും ശേഷമുള്ള ഇടവേളയില്‍ കുഞ്ഞുമോന്‍റെ നിറഞ്ഞുകവിഞ്ഞ യൂറിന്‍ ബാഗ് മെത്രാനച്ചന്‍ വൃത്തിയാക്കിക്കൊടുത്തു. "സത്യത്തില്‍ ഞാനവിടെയിരുന്ന് ഞെരുങ്ങിപ്പോയി. വേണ്ട എന്നു നിര്‍ബന്ധിച്ചിട്ടും അദ്ദേഹമതു ചെയ്തു. ഇത്തരത്തില്‍ സുവിശേഷ വെളിച്ചം പകരുന്നവരാണ് നമ്മുടെ ശക്തിയും സമ്പത്തും" – കുഞ്ഞുമോന്‍ പറയുന്നു.

ഒരാള്‍ക്ക് തോല്‍ക്കാന്‍ മനസ്സില്ലെങ്കില്‍ ജയിക്കാന്‍ നൂറു വഴികളുണ്ടെന്ന് കുഞ്ഞുമോന്‍ സൂചിപ്പിക്കുന്നു. നടക്കുന്നതില്‍ വലിയ കാര്യമില്ലെന്നു പറയുന്ന കുഞ്ഞുമോന്‍ നിത്യവും രാവിലെ മോട്ടോര്‍ വീല്‍ചെയറില്‍ ഇടവകപ്പള്ളിയായ പാലാരിവട്ടം സെന്‍റ് മാര്‍ട്ടിന്‍ ഡി പോറസ് ദേവാലയത്തില്‍ കുര്‍ബാനയ്ക്കു പോകും. ഗായകസംഘത്തില്‍ അംഗമാണ്. കുര്‍ബാന കഴിഞ്ഞ് കലൂര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലൂടെ വീട്ടിലേക്കു മടങ്ങും. ദിവസവും വഴിയില്‍ കണ്ടുമുട്ടുന്നവര്‍ ആദ്യമൊക്കെ ഇദ്ദേഹത്തിന്‍റെ അവസ്ഥയില്‍ സഹതപിക്കുമായിരുന്നു. പക്ഷെ കുഞ്ഞുമോന്‍ എല്ലാവരെയും നോക്കി ചിരിച്ചു. എല്ലാവരോടും ഗുഡ്മോണിംഗ് പറഞ്ഞു കുശലാന്വേഷണങ്ങള്‍ നടത്തി. ഇന്നിപ്പോള്‍ കുഞ്ഞുമോന്‍ അവരിലൊരാളാണ്, അവരെപ്പോലൊരാളാണ്… ഒറ്റയ്ക്ക് വീല്‍ ചെയറില്‍ മെട്രോ ട്രെയിനില്‍ കയറി എറണാകുളത്ത് ലിസി ആശുപത്രിയില്‍ പോകും. പതിവു ചെക്കപ്പുകള്‍ നടത്തി മടങ്ങും. വഴിവക്കിലുള്ള കുഷ്ഠരോഗികളെയും ഭിക്ഷക്കാരെയും സന്ദര്‍ശിക്കും. അവര്‍ക്കു പൈസ കൊടുക്കില്ല. അവരെ നോക്കി പുഞ്ചിരിക്കും. വിശേഷങ്ങള്‍ തിരക്കി കുശലം ചോദിക്കും: "അപ്പോള്‍ അവര്‍ വലിയ സന്തോഷത്തില്‍ ചിരിക്കുന്നതു കാണാം. ആ ചിരി മറ്റാരിലും ഞാന്‍ കണ്ടിട്ടില്ല" – കുഞ്ഞുമോന്‍ പറയുന്നു.

സഹിക്കുന്ന മനുഷ്യരെ ആശ്വസിപ്പിക്കുക എന്ന നിയോഗം കുഞ്ഞുമോന്‍ ഏറ്റെടുത്തിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരുടെയും അത്യാഹിതം നേരിട്ടവരുടെയും വിവരങ്ങള്‍ കിട്ടിയാല്‍ അങ്ങോട്ടു തിരിക്കും. തന്‍റെ ജീവിതാനുഭവങ്ങള്‍ കൊണ്ട് അവരെ ആശ്വസിപ്പിക്കും പ്രത്യാശയിലേക്കു നയിക്കും. കര്‍ത്താവിനൊപ്പം കാല്‍വരി കയറാന്‍ പ്രേരിപ്പിക്കും. "ഏതൊരുവന്‍റെയും സഹനം അവന്‍റെ കുടുംബത്തിന്‍റെ വിടുതലാണ്. കഷ്ടപ്പെടുന്ന അപ്പന്‍ കുടുംബത്തിന്‍റെ അനുഗ്രഹമാകുന്നതുപോലെ ഒരുവന്‍റെ സഹനം ആ കുടംബത്തിനു അനുഗ്രഹമായിത്തീരുന്നു. സഹിക്കുന്നിടത്ത് ദൈവാനുഗ്രഹം കൂടുതലായിരിക്കും" – കുഞ്ഞുമോന്‍ വിശദീകരിക്കുന്നു. സഹനം ദൈവാനുഗ്രഹമാണ് പക്ഷെ ശാപമായിട്ടാണ് ചിലരെങ്കിലും അതിനെ കാണുന്നത്. നിരന്തരമായ സഹനം ഒരു കുടുംബത്തില്‍ ഉണ്ടാകുന്നുവെങ്കില്‍ ആ കുടംബത്തെ സ്വര്‍ഗ്ഗം പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ടെന്നാണു മനസ്സിലാക്കേണ്ടത്. സഹനമുണ്ടായപ്പോഴാണ് താന്‍ കൂടുതല്‍ പ്രാര്‍ത്ഥിച്ചതെന്ന് കുഞ്ഞുമോന്‍ പറയുന്നു, ദൈവത്തിനു പൂര്‍ണമായി സമര്‍പ്പിച്ചതും സഹനത്തിന്‍റെ നാളുകളിലാണ്. പാപം കുറഞ്ഞിരുന്ന കാലവും സഹനത്തിന്‍റെ നാളുകളാണ്. അപ്പോള്‍ സഹനം വാസ്തവത്തില്‍ ദൈവാനുഗ്രഹമായിത്തീരുകയല്ലേ? കുഞ്ഞുമോന്‍ ചോദിക്കുന്നു.

പതിനൊന്നു വയസ്സുള്ള ഒരു പയ്യന്‍ അപകടത്തില്‍ പെട്ട് ശരീരം തളര്‍ന്നു കിടക്കുന്നു. കുഞ്ഞുമോന്‍ അവനെ കാണാന്‍ പോയി. അവന്‍റെ അമ്മയുടെ നിലവിളിയില്‍ ആരും തകര്‍ന്നു പോകും. രണ്ടുപെണ്‍മക്കള്‍ക്കു ശേഷമുള്ള ഏക ആണ്‍തരി. വാഹനാപകടത്തില്‍ ബോധം നഷ്ടപ്പെട്ട് തളര്‍ന്നു കിടക്കുകയാണവന്‍. സാമ്പത്തികമായും ഏറെ പരാധീനതകളുള്ള കുടുംബം. "എന്‍റെ മകന് ഈയവസ്ഥ വന്നത് ആരു ചെയ്ത പാപത്തിന്‍റെ ഫലമാണ്" – ആ അമ്മ ഹൃദയം തകര്‍ന്നു വിലപിക്കുകയാണ്. കുഞ്ഞുമോന്‍ കരഞ്ഞുകൊണ്ടു തന്നെ കര്‍ത്താവിന്‍റെ ഉത്തരംതേടി: "ആ കിടക്കുന്നത് ഒരു വിശുദ്ധനാണെന്നു പറയുക" എന്ന മറുപടിയാണു കിട്ടിയത്. മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും പ്രയാസമുള്ള ഉത്തരം. പക്ഷെ വചനത്തിലൂടെ അതു വ്യക്തമാക്കപ്പെട്ടു: "നിഷ്ക്കളങ്കന്‍റെ ഞരക്കവും കണ്ണുനീരും ദേശത്തിന്‍റെയും പാപിയുടെയും വീണ്ടെടുപ്പിനായി ഞാന്‍ ഉപയോഗിക്കും" ആരോരുമറിയാത്ത അനേകരുടെ സഹനങ്ങളാണ് നമ്മുടെ ദേശത്തെയും സഭയെയുമൊക്കെ നില നിറുത്തുന്നതെന്നു കുഞ്ഞുമോന്‍ പറയുന്നു.

ഏതു സഹനത്തിന്‍റെ മുന്നിലും ആദ്യം നിശബ്ദത പാലിക്കുകയാണു വേണ്ടത്. പിന്നീട് അത് ദൈവത്തിന്‍റെ പദ്ധതിയാണെന്നും അനുഗ്രഹമാണെന്നും തിരിച്ചറിയാന്‍ തുടങ്ങും. അപ്പോള്‍ സമാധാനവും ശാന്തിയും കൈവരും. സഹനങ്ങളെ സങ്കീര്‍ത്തനങ്ങളാക്കാനും കഴിയും. ഇപ്പോള്‍ എറണാകുളത്ത് പൊന്നുരുന്നി ആശ്രമത്തിലെ ഫാ. ബിനോയിക്കും കോതമംഗലത്തെ ജോര്‍ദ്ദാന്‍ മിനിസ്ട്രിക്കുമൊപ്പം ശുശ്രൂഷ ചെയ്യുന്ന കുഞ്ഞുമോന്‍ ഭക്തിഗാനങ്ങള്‍ രചിച്ചു സംഗീതം പകര്‍ന്ന് കാസറ്റുകളിറക്കിയിട്ടുണ്ട്. സഹനത്തിന്‍റെ തേന്‍കൂട്, സഹിക്കുന്ന മര്‍ത്യന്‍ വിശുദ്ധനായിത്തീരും, സഹനത്തിന്‍റെ തേന്‍തുള്ളികള്‍ എന്നീ ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്.

വീല്‍ചെയറിലിരുന്നു സുവിശേഷ പ്രഘോഷണം നടത്തുമ്പോള്‍ സഹനത്തിലൂടെ ലഭിക്കുന്ന പ്രത്യാശയുടെയും പ്രകാശപൂര്‍ണമായ ദൈവരാജ്യാനുഭവത്തിന്‍റെയും കഥകള്‍ മാത്രമാണ് കുഞ്ഞുമോന്‍ പങ്കു വയ്ക്കുന്നത്. അതുകൊണ്ടു തന്നെ ചലനമറ്റ ശരീരത്തിലേക്കു നോക്കി ഇദ്ദേഹം നെടുവീര്‍പ്പിടുന്നില്ല. "പരിശുദ്ധ കുര്‍ബാനയില്‍ കര്‍ത്താവു ജീവിച്ചിരിക്കുന്നതു കൊണ്ട് ഞാന്‍ ജീവിക്കുന്നു" എന്നു സാക്ഷ്യം നല്‍കിക്കൊണ്ട് ദുഃഖദുരിതങ്ങളെയും സഹനസാഹചര്യങ്ങളെയും കുഞ്ഞുമോന്‍ മാറോടണയ്ക്കുന്നു, സന്തോഷത്തോടെ. അതിനു പിന്നിലെ രഹസ്യം ഇതത്രെ: "ആത്മാവിന്‍റെ കൃപയില്‍ ദൈവസ്നേഹം നമ്മില്‍ നിറയുമ്പോള്‍ ലോകത്തിലെ ഒരു സഹനവും സഹനമല്ല, ഒരു വേദനയും ദുഃഖമല്ല, അതൊരു സുഖമാണ്."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org