വീരോചിതമീ വൈദികപാത

വീരോചിതമീ വൈദികപാത

111-ാം പൗരോഹിത്യനിറവില്‍ ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി

സി. റോസ്ലിന്‍
ഇലവനാല്‍

പുരോഹിതന്‍ മുമ്പില്‍ വയ്ക്കപ്പെട്ടവനാണ് – ദൈവത്തിനും ദൈവജനത്തിനുംവേണ്ടി. മുമ്പില്‍ വച്ചവനെ എല്ലാവരും കാണും, നോക്കും. എന്താണ് അനുകരണീയമായി അവനിലുള്ളത്? എന്തെങ്കിലുമൊക്കെ ഉണ്ടെന്നു കണ്ടാല്‍ ദൈവജനം ചുറ്റും കൂടും. അവനോടു ചേര്‍ന്നുനില്ക്കും. പുരോഹിതന്‍റെ ജീവിതം എല്ലാവരും വായിച്ചറിയുന്ന ഒരു പുസ്തകമാണ്.

ഒരുകാലത്ത് ആര്‍ക്കും കുറ്റം ആരോപിക്കാന്‍ സാധിക്കാത്ത വിധത്തില്‍ പുരോഹിതര്‍ നിര്‍ദ്ദോഷികളായിരുന്നു. അല്ലെങ്കില്‍ അതിനായി അവര്‍ നിരന്തരം പരിശ്രമിച്ചിരുന്നു. താന്‍ ജീവിക്കുന്ന സമൂഹത്തിന്‍റെ മുമ്പില്‍ ഒരു തുറന്ന പുസ്തകമാകുവാന്‍ അവര്‍ അത്യദ്ധ്വാനം ചെയ്തിരുന്നു. 1907 ഡിസംബര്‍ 21-ാം തീയതി ശ്രീലങ്കയിലെ കാണ്ടി രൂപതാ മെത്രാന്‍ ക്ലമന്‍സ് പഗനാണിയുടെ കൈവയ്പു ശുശ്രൂഷവഴി പൗരോഹിത്യത്തിലേക്ക് ഉയര്‍ത്തപ്പെട്ട 17 പേരില്‍ ഒരാള്‍ എറണാകുളം അതിരൂപതയിലെ കോന്തുരുത്തി ഇടവകാംഗമായ വര്‍ഗീസ് പയ്യപ്പിള്ളിയായിരുന്നു. താന്‍ പ്രതിനിധാനം ചെയ്യാന്‍ പോകുന്ന ദൈവജനത്തിനു മുമ്പില്‍ കുറ്റമറ്റ വൈദികനാകുവാന്‍, മാതൃകാപരമായി ജീവിക്കുവാന്‍ അദ്ദേഹം അക്ഷീണം പരിശ്രമിച്ചിരുന്നു എന്ന് അദ്ദേഹംതന്നെ എഴുതിയ കത്തുകള്‍ വ്യക്തമാക്കുന്നു.

1919-ല്‍ വര്‍ഗീസച്ചന്‍ ആലങ്ങാട് സെന്‍റ് മേരീസ് ഇടവക വികാരിയായിരിക്കുമ്പോള്‍ എറണാകുളം മിസ്സത്തിന്‍റെ വികാരി അപ്പസ്തോലിക്ക ആയ പഴേപറമ്പില്‍ മാര്‍ ളൂയീസ് മെത്രാന്‍റെ മുമ്പാകെ ബോധിപ്പിച്ച ഒരു കത്തിലെ പ്രസക്ത ഭാഗം അദ്ദേഹത്തിന്‍റെ ശുദ്ധ മനഃസാക്ഷി വ്യക്തമാക്കുന്നതാണ്. പള്ളിയുടെ വക വസ്തു, കുടിക്കാരില്‍ നിന്നും ഒഴുപ്പിച്ചെടുക്കുന്നതിനെ സംബന്ധിച്ച് അദ്ദേഹം എഴുതിയ ഒരു നീണ്ട കത്തിന്‍റെ ഏതാനും ഭാഗം കാണാം:

"… തക്ക കാരണം കൂടാതെ വസ്തു ഒഴിപ്പിക്കുന്നതിനു ഞാന്‍ ഉത്സാഹിക്കുകയില്ലെന്ന് കഴിഞ്ഞ 12 വര്‍ഷത്തോളം വിശ്വസ്തതയോടും അനുസരണയോടും മനഃസാക്ഷിക്കടുത്ത വിധത്തിലും പെ. ബ. പിതാവിന്‍റെ ആജ്ഞയില്‍ നിര്‍വഹിച്ചിട്ടുള്ള ജോലികളില്‍നിന്ന് പെ.ബ. പിതാവിനു ബോദ്ധ്യം വന്നിട്ടുണ്ടെന്നാണ് എന്‍റെ വിശ്വാസം. കാര്യസാദ്ധ്യത്തിനായി പെ.ബ. പിതാവിനെ ഏതെങ്കിലും കാര്യത്തില്‍ തെറ്റിദ്ധരിപ്പിക്കുകയോ ഏഷണി പറയുകയോ ചെയ്തിട്ടില്ലെന്നു ധൈര്യസമേതം എനിക്കു പറയാം. ഇപ്രകാരം ആയിരിക്കെ ടി. വസ്തു ഒഴിപ്പിക്കണമെന്നുള്ളത് എന്‍റെ ശാഠ്യം അല്ല, ഒഴിപ്പിക്കേണ്ടതായ ആവശ്യവും കാരണങ്ങളും ഉണ്ടായിട്ടാണ്. വികാരിമാര്‍ ഓരോ ഇടവകകളില്‍ ഇരിക്കുന്നത് അവിടത്തെ പ്രതിനിധികളായിട്ടാണ്. അവരുടെ വിലയും ബലവും അവിടുന്നാണ്…"

തുടര്‍ന്നു വസ്തു ഒഴിപ്പിക്കേണ്ടതിന്‍റെ കാരണങ്ങള്‍ അക്കമിട്ട് എഴുതിയശേഷം "പെ. ബ. പിതാവ് എതുവിധം കല്പിക്കുന്നുവോ അപ്രകാരം ചെയ്യാന്‍ എന്നേരവും ഞാന്‍ ഒരുക്കമുള്ളവനാണ് എന്ന് അങ്ങേ ചൊല്ലുവിളിക്ക് ആസ്തമാമിനകൊണ്ടും വാഴ്വ് അപേക്ഷിച്ചുകൊണ്ടും എളിയ മകന്‍ പയ്യപ്പിള്ളി വര്‍ഗീസ് പട്ടക്കാരന്‍" എന്ന് എഴുതി കത്ത് സമാപിപ്പിക്കുന്നു.

ഈ കത്ത് പൂര്‍ണമായും വായിക്കുമ്പോള്‍ ഒരു വൈദികന്‍റെ അഭിവന്ദ്യപിതാവിനോടുള്ള വിധേയത്വവും ആശ്രയത്വവും എത്രമാത്രമെന്നു വ്യക്തമാകും. തന്‍റെ വിലയും നിലയും അഭിവന്ദ്യ പിതാവാണെന്നു തിരുപ്പട്ടത്തിനുശേഷം ഏതാണ്ട് 12 വര്‍ഷങ്ങള്‍ മാത്രം കഴിഞ്ഞ യുവവൈദികന്‍ അദ്ദേഹത്തെതന്നെ എഴുതി അറിയിക്കുന്ന ആ ഹൃദയനൈര്‍മല്യവും പൗരോഹിത്യത്തിനു കൊടുത്തിരിക്കുന്ന മാഹാത്മ്യവും ഈ കത്തു ധ്യാനിക്കുന്നവര്‍ക്ക് സുവ്യക്തമാകും.

എന്തിനെയും ഏതിനെയും ചോദ്യം ചെയ്യുന്ന ആധുനിക യുഗത്തില്‍ കാര്യങ്ങള്‍ വ്യക്തമായും കൃത്യമായും രേഖാമൂലം ബന്ധപ്പെട്ട അധികാരികളെ അറിയിച്ച്, തുടര്‍ന്നുവരുന്ന തീരുമാനം എന്തു തന്നെയായിരുന്നാലും സ്വീകരിക്കുവാന്‍ പൂര്‍ണമനസ്സോടെ കാത്തിരിക്കുന്ന ഈ അഭിഷിക്തന്‍ തീര്‍ച്ചയായും ആധുനികയുഗത്തിന് ഒരു മാതൃകയാണ്. തന്‍റെ 22 വര്‍ഷത്തെ വീരോചിതമായ പൗരോഹിത്യ ജീവിതം പൂര്‍ത്തിയാക്കുമ്പോള്‍ ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി അച്ചന്‍ കാണിച്ചുതന്ന മാതൃക വൈദികലോകത്തിന് ഒരു മാര്‍ഗദീപമായി മുമ്പില്‍ നില്ക്കുന്നു! കര്‍ത്താവിന്‍റെ പുരോഹിതനായി 111 വര്‍ഷങ്ങള്‍ പിന്നിടുന്ന ആ ധന്യാത്മാവിന്‍റെ ദീപ്തസ്മരണയ്ക്കു മുമ്പില്‍ കൂപ്പുകരങ്ങളോടെ…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org