വെള്ളവും വെള്ളക്കച്ചയും

വെള്ളവും വെള്ളക്കച്ചയും


ഫാ. തോമസ് പാട്ടത്തില്‍ചിറ CMF

അരത്താലം വെള്ളത്തിന്‍റെയും, അരയില്‍ ചുറ്റിയ ഒരു മുറി വെള്ളക്കച്ചയുടെയും ഓര്‍മ്മകളുണര്‍ത്തി ഒരു പെസഹാപ്പെരുനാള്‍ കൂടി! 'ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല' (മത്തായി 10:24) എന്ന് വിളിച്ചുപറഞ്ഞവന്‍ തന്നെ ശിഷ്യരെക്കാള്‍ ചെറിയവനും വിനീതനുമായി അവരുടെ പൊടിപുരണ്ട പാദങ്ങള്‍ കഴുകിത്തുടച്ച പരിശുദ്ധരാത്രിയുടെ അനുസ്മരണം! വിണ്ണ് മണ്ണിനെയും, അമര്‍ത്യത മര്‍ത്യതയെയും, പാവനന്‍ പാപിയെയുമൊക്കെ ആലിംഗനം ചെയ്ത അനുഗൃഹീത നിമിഷം! ഗുരുചരണങ്ങളെ കഴുകിപ്പൂജിക്കേണ്ട ശിഷ്യരുടെ പാദങ്ങള്‍ ഗുരുവരന്‍ ക്ഷാളനം ചെയ്ത അവിസ്മരണീയരംഗം! സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും സഹനത്തിന്‍റെയുമൊക്കെ പുതിയപാഠങ്ങള്‍ തങ്ങളെ ചൊല്ലിപ്പഠിപ്പിച്ചവന്‍ തങ്ങളുടെ കാല്പാദങ്ങള്‍ കഴുകിത്തുടക്കുന്നതു കണ്ട് അവര്‍ സ്തബ്ദരായി! അന്ന് അന്ത്യഭോജനവേളയില്‍ സ്വന്തം ശരീരരക്തങ്ങള്‍ അത്താ ഴവിരുന്നായി വിളമ്പിക്കൊടുത്ത വന് മിച്ചമുണ്ടായിരുന്നത് ഒന്നുമി ല്ലാത്ത, ആശ്രിതനായ വെറുമൊരു വേലക്കാരന്‍റെ അവസ്ഥ മാത്രം! പുല്ക്കൂട്ടില്‍ തുടങ്ങിയതാണ് ഇല്ലായ്മയോടുള്ള അവന്‍റെ ഈ വല്ലാത്ത ഇഷ്ടം. ദാസനാകുവാനുള്ള ദാഹം, അതേ, ഇഹലോകജീവിതത്തിന്‍റെ അന്തിമ നാഴികകളിലും അവന് തുടങ്ങുവാനുള്ളത് പാദങ്ങളില്‍ നിന്നു തന്നെ!

സുഹൃത്തേ, പെസഹാവ്യാഴത്തിലെ വെള്ളവും വെള്ളക്കച്ചയും വലിയ ചില വെളിപാടുകള്‍ നിനക്ക് വച്ചുനീട്ടുന്നുണ്ട്. വെള്ളം സുതാര്യമാണ്. അതിന് ഒന്നും ഒളിക്കുവാനില്ല. തെളിനീരിന്‍റെ അടിത്തട്ടിലുള്ളവയെപ്പോലും നമുക്ക് വ്യക്തമായി കാണുവാന്‍ കഴിയും. നിന്‍റെ കര്‍മ്മരംഗങ്ങളും ബന്ധങ്ങളുമൊക്കെ തരികൂടി സുതാര്യമാവട്ടെ. ഒരു തുറന്ന പുസ്തകം പോലെ ജീവിക്കുവാന്‍ സാധിച്ചാല്‍ അതിലും വലിയ സുകൃതം വേറൊന്നുണ്ടാവില്ല. വെള്ളം പോലെയാകുക. ആര്‍ക്കും അംഗീകരിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള ജീവിതശൈലിയും മനോഭാവങ്ങളും സ്വന്തമാക്കുക. കുറെയൊക്കെ വിട്ടുകൊടുക്കുവാന്‍ ശീലിക്കുക. കടുംപിടിത്തവും മര്‍ക്കടമുഷ്ടിയും മാറ്റിവയ്ക്കുക. വെള്ളത്തിന് ഏതുരൂപവും നിറവും ആര്‍ജ്ജിക്കുവാന്‍ സാധിക്കും. കടലിനും കുടത്തിനും കുപ്പിക്കും അതിനെ അനായാസം ഉള്‍ക്കൊള്ളുവാനാവും. ഏതു ജീ വിതസാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകുവാനുള്ള കഴിവ് നിനക്കുമുണ്ടാവണം. അപ്പോള്‍ നിന്‍റെ പരാതികളും പിറുപിറുപ്പുകളും നീയറിയാതെ തന്നെ കുറയും. കൂടുതല്‍ മെച്ചപ്പെട്ടവയെ അംഗീകരിക്കുവാനുള്ള ഹൃദയ വിശാലത നിനക്കുണ്ടാവും. ശരീരത്തില്‍ എപ്പോഴും ഏറ്റവും കൂടുതല്‍ അഴുക്കും പൊടിയും പിടിക്കുന്ന ഭാഗമാണ് പാദം. പലപ്പോഴും നീ അധികം ശ്രദ്ധിക്കാതെ പോകുന്നതും നിന്‍റെ കാല്പാദങ്ങളുടെ കളങ്കമാണ്. അതേസമയം, നിന്നെ താങ്ങിനിര്‍ത്തുന്നതും നിന്‍റെ ഭാരം ചുമക്കുന്നതും സംതുലിതാവസ്ഥ നിയന്ത്രിക്കുന്നതും നിന്‍റെ പാദങ്ങളാണ്. പാദങ്ങളൂന്നിയാണ് നീ സഞ്ചരിക്കുന്നത്. നിന്നെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത് അവയാണ്. നന്മയുടെ നടവഴിയിലൂടെയും തിന്മയുടെ താഴ്വരയിലൂടെയും അവയുടെ സഹായത്താല്‍ നിനക്ക് സഞ്ചരിക്കുവാന്‍ സാധിക്കും. പാദങ്ങള്‍ തളര്‍ന്ന് ശേഷിയറ്റുപോയാല്‍ നിന്‍റെ ശേഷിക്കുന്ന ജീവിതം ദുരിതപൂര്‍ണ്ണമാകും. അതു കൊണ്ടുതന്നെ അവ വിശുദ്ധമായിരിക്കേണ്ടതിന്‍റെ ആവശ്യകത ഗുരു നിന്നെ അനുസ്മരിപ്പിക്കുകയാണ്.

മറ്റുള്ളവരെ വിശുദ്ധീകരിക്കുവാനുള്ള വിളിയാണ് വിശ്വാസിയായ നിനക്കുള്ളത്. അതിന്‍റെ ആദ്യതലം അവരുടെ പാദങ്ങള്‍ കഴുകുക എന്നതു തന്നെ. അന്യരുടെ പാദങ്ങള്‍ കഴുകുക എന്നാല്‍ അവരെ വിശുദ്ധീകരിക്കുക എന്നര്‍ത്ഥം. അവര്‍ക്ക് നീയായിട്ട് അശുദ്ധിക്ക് കാരണമാകാതിരിക്കുക. നിന്‍റെ ചിന്തകളും മൊഴികളും കര്‍മ്മങ്ങളും അവര്‍ക്ക് പാപഹേതുക്കളാകാതിരിക്കുക. അവരുടെ ആത്മീയജീവിതത്തിന് കളങ്കമേല്പിക്കാതിരിക്കുക. ഒപ്പം, മറ്റുള്ളവരുടെ പാദങ്ങള്‍ നീ കഴുകുമ്പോള്‍ അവരെ നിന്നെക്കാള്‍ കൂടുതല്‍ ശ്രേഷ്ഠരായി നീ കണക്കാക്കുന്നു എന്ന മാനം കൂടിയുണ്ട്. വലിയൊരു വെല്ലുവിളിയാണത്. കാരണം, പലപ്പോഴും മറ്റുള്ളവരെക്കാള്‍ എല്ലാംകൊണ്ടും മിടുക്കും മാന്യതയും നിനക്കുണ്ട് എന്ന് നീ കരുതാറില്ലേ? അതിനാല്‍തന്നെ ആരുടെയും മുമ്പില്‍ മുട്ടുമടക്കുവാനോ, തല കുനിക്കുവാനോ നീ തയ്യാറല്ല. എന്നാല്‍, മറ്റൊരാളുടെ കാലുകള്‍ കഴുകണമെങ്കില്‍ നീ നന്നായി കുനിഞ്ഞേ മതിയാവൂ. അതിന് വിനയമെന്ന വലിയ പുണ്യം തരിയെങ്കിലും നിന്നിലുണ്ടാവണം. വിനയത്തെ ബലഹീനതയും, ഭീരുത്വത്തിന്‍റെ പര്യായവുമായി എണ്ണുന്ന ലോകമാണ് നിന്‍റേത്. കുനിഞ്ഞുനില്ക്കുന്നവന്‍റെ മുതുകില്‍ ചവിട്ടിക്കയറുവാന്‍ കൂടപ്പിറപ്പുകള്‍ പോലും തക്കം നോക്കി നില്ക്കുന്ന സമൂഹത്തിന്‍റെ ഭാഗമാണ് നീയും. കുമ്പിടുന്നതിനെ കുറവായി കാണുന്ന ലോകത്തില്‍ ചെറുതാകുവാന്‍ മനുഷ്യന്‍ മടിക്കുന്നു. ഗുരുമുഖത്തു നിന്നും വിനയത്തിന്‍റെ വിശിഷ്ടമായ പാഠങ്ങള്‍ വായിച്ചുപഠിക്കുക. ദൈവമായിരുന്നവന്‍ കേവലം കൃമിതുല്യരായ ശിഷ്യരുടെ മുമ്പില്‍ ദാസനെപ്പോലെ ശിരസ്സു കുനിച്ചു!

തുടയ്ക്കുക എന്നത് രണ്ടാമത്തെ തലമാണ്. ശിഷ്യരുടെ കാലുകള്‍ കഴുകിയതുകൊണ്ടു മാത്രം കര്‍ത്താവ് തൃപ്തനാകുന്നില്ല. തുടയ്ക്കുക കൂടി ചെയ്യുന്നുണ്ട്. അതിന് കുറേക്കൂടി കരുതലും വാത്സല്യവും വേണം. അവരുടെ പാദങ്ങളില്‍ നിന്ന് അവിടുന്ന് ഒപ്പിയെടുത്തത് വെറും വെള്ളമായിരുന്നില്ല. പിന്നെയോ, തന്‍റെ അസാന്നിധ്യത്തില്‍ അവരോരുത്തരും അനുഭവിക്കുവാനിരുന്ന ആശങ്കകളും, അരക്ഷിതാവസ്ഥയും, ആന്തരികവ്യഥകളും പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ പാതയില്‍ നേരിടേണ്ടിയിരുന്ന പീഡനങ്ങളും പ്രഹരങ്ങളുമൊക്കെ ആയിരുന്നു! ഒപ്പിയെടുക്കുക എന്നത് പരിചരിക്കുന്നതിന് സമമാണ്. മുറിവുകള്‍ ഒപ്പിയെടുക്കുമ്പോള്‍ അതീവശ്രദ്ധയും കരുതലും കൂടിയേ തീരൂ. അല്ലാത്തപക്ഷം അത് വേദനയും അസ്വസ്ഥതയും ഉളവാക്കും. നിന്‍റെ സഹജരുടെ കദനങ്ങളും കണ്ണീരുമൊക്കെ ഒരു പരിധിവരെ ഒപ്പിയെടുക്കുവാന്‍ ക്രിസ്ത്യാനിയായ നിനക്ക് കടമയുണ്ട്. പലപ്പോഴും അവയൊക്കെ കണ്ടില്ല, കേട്ടില്ല എന്നു നടിച്ച് വഴിമാറി നടന്നുപോകുന്നവരാണ് നാമൊക്കെ. കേവലമൊരു കൈത്തൂവാലകൊണ്ടല്ല. പിന്നെയോ, നിന്‍റെ അവസരോചിതമായ സാന്നിധ്യവും, സാന്ത്വനവചസ്സുകളും, സല്‍ക്കര്‍മ്മങ്ങളും, മനുഷ്യത്വമുള്ള മനോഭാവങ്ങളുമൊക്കെയാകുന്ന അരക്കച്ചകൊണ്ടു തന്നെയാവണം. നിന്‍റെ വാക്കുകള്‍ വാള്‍മുനകളാകരുത്. മറിച്ച്, മാര്‍ദ്ദവമുള്ള വെണ്‍കച്ചയാകണം. നിന്‍റെ സാമീപ്യം അസ്വസ്ഥതയ്ക്കു പകരം സൗഖ്യത്തിന്‍റെ അനുഭവം സമ്മാനിക്കുന്നതായിരിക്കണം. വെള്ളം ദേഹശുദ്ധീകരണത്തിനു മാത്രമല്ല, ദാഹശമനത്തിനുമുള്ളതാണ്. സമൂഹത്തില്‍ നീതിക്കും നിലനില്പിനും വേണ്ടി നിലവിളിക്കുന്ന നിരാലംബരായ നിന്‍റെ സഹജീവികള്‍ക്കുവേണ്ടി നിന്നാലാവുന്നത് ചെയ്യുവാന്‍ നിനക്ക് സാധിക്കണം. അവരുടെ അന്തര്‍ദാഹങ്ങളെ അറിയുവാനും അവയെ ശമിപ്പിക്കുവാനും നിന്‍റെ ചെറുവിരലെങ്കിലും ചലിപ്പിക്കുവാന്‍ നീ ധൈര്യപ്പെടണം. നിന്‍റെ അരക്കച്ച എപ്പോഴും നനഞ്ഞുകുതിര്‍ന്ന് ഇരിക്കേണ്ടതു തന്നെയാണ്. കൂടെയുള്ളവരെക്കുറിച്ച് നീ ശ്രദ്ധാലുവും അവരുടെ വേദനകളില്‍ പങ്കുകാരനുമാണ് എന്നുള്ളതിനുള്ള തെളിവാണത്. കുതിരാത്ത കച്ച നിന്‍റെ അനാസ്ഥയുടെയും സ്വാര്‍ത്ഥതയുടെയും അടയാളമാണ്. അയല്ക്കാരുടെ ആകുലതകള്‍ ഉള്‍ക്കൊള്ളുവാനുള്ള നിന്‍റെ വിമുഖതയെയും സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുവാന്‍ നിനക്കുള്ള ഉത്സുകതയെയുമാണ് അത് സൂചിപ്പിക്കുന്നത്.

ചുംബിക്കുക എന്നത് മൂന്നാമത്തെ തലമാണ്. കാര്‍മ്മികന്‍ പന്ത്രണ്ടുപേരുടെ പാദങ്ങള്‍ കഴുകിത്തുടച്ചതിനു ശേഷം അവ ചുംബിക്കുന്ന ഒരു പാരമ്പര്യം നമ്മുടെ സഭയിലുണ്ടല്ലോ. ഏറ്റം ഹൃദയസ്പര്‍ശിയായ ഒരു ദൃശ്യമാണത്. കാലുകള്‍ കഴുകിയതുകൊണ്ടും, തുടച്ചതുകൊണ്ടും മാത്രം മതിവരാതെ കാല്പത്തിപ്പുറത്ത് മുത്തമിടുന്ന പുരോഹിതന്‍. ആ കാഴ്ച കാണുന്നവരുടെ കണ്ണുകള്‍ സ്വഭാവികമായും സജലങ്ങളാകും. ഒരാളുടെ ശരീരത്തിലെ ഏറ്റവും കൂടുതല്‍ അഴുക്കുള്ളവയും അതേസമയം അധികം ശ്രദ്ധിക്കാത്തവയുമായ പാദങ്ങളെയാണ് കാര്‍മ്മികന്‍ തന്‍റെ മുഖം താഴ്ത്തി ചുംബിക്കുന്നത്. ശരീരത്തില്‍ നീ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന ഇടമാണ് നിന്‍റെ മുഖം. നിന്‍റെ അസ്ഥിത്വത്തിന്‍റെയും വ്യക്തിത്വത്തിന്‍റെയും പൊതുദര്‍പ്പണം! നീ എന്നും കണ്ണാടിയില്‍ കാണുന്നതും ഏറ്റവും കൂടുതല്‍ മിനുക്കുപണികള്‍ ചെയ്യുന്നതുമായ ഭാഗം. അവിടെയുള്ള ഒരു കറുത്ത പാടോ, നേരിയ ചുളിവോ എത്രമാത്രം അസ്വസ്ഥതയാണ് നിന്നില്‍ ജനിപ്പിക്കുന്നത്. നീ ജീവിതത്തില്‍ അമൂല്യമായി കരുതുന്നതും, കനകം പോലെ കാത്തുസൂക്ഷിക്കുന്നതുമൊക്കെ മറ്റുള്ളവര്‍ക്കുകൂടി ഉപകാരപ്രദമായി മാറേണ്ടതുണ്ട്. നിന്‍റെ ശിരസ്സു കുനിച്ച് നിന്‍റെ മുഖം കൊണ്ട് നിന്‍റെ പാദങ്ങളെ മുത്തുവാന്‍ നീ ഏറെ പണിപ്പെടണം. എന്നാല്‍ അടുത്തുനില്ക്കുന്നവരുടെ പാദങ്ങള്‍ ചുംബിക്കുവാന്‍ നിനക്ക് എളുപ്പമാണ്. നിനക്ക് നല്കപ്പെട്ടിരിക്കുന്ന അധികാരവും ആസ്തിയും ആഢംബരങ്ങളുമൊക്കെ നിനക്കുമാത്രം പാദസേവ ചെയ്യുവാനുള്ളതല്ല എന്നര്‍ത്ഥം.

ചങ്ങാതീ, അരപ്പാത്രം വെള്ളവും അരയില്‍ കെട്ടുവാനുള്ള ഒരു കച്ചക്കഷണവും നിന്‍റെ വ്യ ക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും എന്നാളും നീ സൂക്ഷിച്ചുവയ്ക്കണം. അവയുടെ ഉപയോഗം അനുദിനം ഉണ്ടായിരിക്കണം. പാദക്ഷാളനം പറഞ്ഞുതരുന്ന പവിത്രമായ പാഠങ്ങള്‍ നീ എന്നും ഉള്‍നാവിനാല്‍ ഉരുവിട്ടു കൊണ്ടിരിക്കണം. അവ നിന്‍റെ കൂടെയുള്ളവരെ പ്രതിദിനം ചൊല്ലിപ്പഠിപ്പിക്കണം. പെസഹാവ്യാഴത്തിലെ പാദം കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ ഇക്കുറി നിന്‍റെ പേരില്ലെന്നോര്‍ത്ത് പരിഭവം പറയേണ്ട. നിന്‍റെ ഇരുവശങ്ങളിലും ഇരിക്കുന്നവരുടെ കാലുകള്‍ കഴുകിത്തുടയ്ക്കാന്‍ നിനക്കുള്ള കടമയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് പാദക്ഷാളനകര്‍മ്മം. കസേരയിലിരുന്ന് കാലുനീട്ടി കൊടുക്കുന്നതുപോലെ അത്ര എളുപ്പമല്ല മുട്ടുകുത്തി മറ്റുള്ളവരുടെ പാദങ്ങള്‍ കഴുകുന്നതും, തുടയ്ക്കുന്നതും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org