Latest News
|^| Home -> Cover story -> വെറുപ്പിന്‍റെ ഭാഷ സഭയ്ക്കു യോജിച്ചതോ?

വെറുപ്പിന്‍റെ ഭാഷ സഭയ്ക്കു യോജിച്ചതോ?

Sathyadeepam

ജോസ് വള്ളിക്കാട്ട് എം.എസ്.ടി.

അനിതര സാധാരണമായ വിധത്തില്‍ കത്തോലിക്കാ സഭ പ്രതിരോധത്തിലായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. ക്രിസ്തുവും സഭയും അഭൂതപൂര്‍വമാം വണ്ണം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. സഭയ്ക്കുള്ളിലുണ്ടായിട്ടുള്ള അപചയങ്ങളെ മാധ്യമങ്ങള്‍ വിമര്‍ശനാത്മകമായി റിപ്പോര്‍ട്ട് ചെയ്തതിനൊപ്പം പൊതുക്കാര്യങ്ങളിലേക്കു സഭയെ വലിച്ചിഴയ് ക്കുന്ന പ്രവണതയും രൂപപ്പെട്ടു വരുന്നു. എന്തിനും ഏതിനും സഭ ഉത്തരവാദിയാണ് എന്ന മട്ടിലുള്ള മാധ്യമ ചര്‍ച്ചകളും സാമൂഹ്യമാധ്യമങ്ങളിലുള്ള സംവാദങ്ങളും പൊടിപൊടിക്കുകയാണ്. ഏറ്റവും ഒടുവിലായി, വ്യക്തികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ പോലും സഭയുടെ പോരായ്മകളില്‍നിന്ന് ഉയിര്‍കൊള്ളുന്നതാണ് എന്ന തരത്തിലുള്ള പ്രചാരണം തീവ്രമായിക്കൊണ്ടിരിക്കുകയാണ്.

പൊതുമണ്ഡലത്തില്‍ നടക്കുന്ന ഇത്തരം ചര്‍ച്ചകള്‍ സഭയുടെ സല്‍പ്പേരിനു കൂടുതല്‍ കളങ്കം വരുത്തിവയ്ക്കും എന്നതിന് സംശയമില്ല. ഇതര മതസ്ഥരും മതേതരുമായ ലക്ഷക്കണക്കിന് ആളുകള്‍ ഉള്‍ക്കൊള്ളുന്ന വലിയൊരു സമൂഹത്തിനു മുന്നില്‍ സഭയെ സംശയത്തിന്‍റെ നിഴലിലാക്കാന്‍ ഇത് കാരണമാക്കും. ഇത്തരം സാഹചര്യങ്ങളില്‍ സഭയുടെ ഔദ്യോഗിക നിലപാടുകള്‍ എന്താണ് എന്ന് സഭാംഗങ്ങളും അല്ലാത്തവരും ഉറ്റു നോക്കിക്കൊണ്ടിരിക്കയാണ്.

പീഡനങ്ങളെ ചെറുത്ത സഭ
ആരംഭം മുതല്‍ തന്നെ സഭയെ ആശയപരമായും അതിലെ വിശ്വാസികളെ ശാരീരികമായും പല ശക്തികളും പീഡിപ്പിച്ചിരുന്നു. അപ്പസ്തോലന്മാരുടെ കാലഘട്ടത്തിലും, സഭാവളര്‍ച്ചയുടെ ആദ്യ നൂറ്റാണ്ടുകളിലും, ഇസ്ലാമിക അധിനിവേശ കാലത്തും, ആധുനിക യുഗത്തിലും സഭ പീഡിപ്പിക്കപ്പെടുകയും ചവിട്ടിയരയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ ഫാസിസ്റ്റുകളുടെയും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെയും ഭീകരമായ പീഡനങ്ങള്‍ക്ക് സഭ വിധേയപ്പെടേണ്ടി വന്നിട്ടുണ്ട്. ജര്‍മനിയിലും പോളണ്ടിലും നാസികള്‍ സഭയെ തകര്‍ക്കുവാന്‍ ശ്രമിച്ചെങ്കില്‍ പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളില്‍ കമ്യൂണിസ്റ്റുകള്‍ ആണ് ക്രിസ്തുമതത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തിയത്.

ഇന്നും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ നോര്‍ത്ത് കൊറിയ, ചൈന എന്നിവിടങ്ങളിലും ഇസ്ലാമിക രാജ്യങ്ങളായ സുഡാന്‍, സിറിയ, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലും സഭ പീഡിപ്പിക്കപ്പെടുന്നുണ്ട്. നമ്മുടെ രാജ്യമായ ഇന്ത്യ പോലും ക്രൈസ്തവര്‍ക്ക് സൗഹാര്‍ദ്ദപരമായ അന്തരീക്ഷം ചിലപ്പോഴെങ്കിലും നല്‍കാതെ ഇരുന്നിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികള്‍ ഭീകരമായ പീഡനങ്ങള്‍ അനുഭവിക്കുന്ന കഥകള്‍ സുവിദിതമാണല്ലോ.

എന്നാല്‍ ക്രിസ്ത്യാനികളെ ഇതര മതസംവിധാനങ്ങളില്‍ നിന്ന് വ്യതിരിക്തമാക്കുന്നത് അക്രമത്തിന്‍റെ മാര്‍ഗത്തില്‍ തിരിച്ചടിക്കാതെ, ദൈവത്തിന്‍റെ പരിപാലനയിലും സംരക്ഷണയിലും ഉറച്ചു വി ശ്വസിച്ചുകൊണ്ട് രണ്ടു സഹസ്രാബ്ദങ്ങള്‍ അവര്‍ പീഡനങ്ങളെ അതിജീവിച്ചു എന്നതാണ്. ഇന്നും നൂറുകണക്കിനാളുകള്‍ ഓരോ രാജ്യങ്ങളിലും കൊല ചെയ്യപ്പെടുന്നുണ്ടെങ്കിലും അവര്‍ ക്രിസ്തു മാര്‍ഗത്തിലെ അടിസ്ഥാന പ്രമാണങ്ങളില്‍നിന്ന് പിന്നാക്കം പോയിട്ടില്ല. ചരിത്രത്തിന്‍റെ ചില ദശാസന്ധികളില്‍, സഭ പീഡകന്‍റെ കുപ്പായം അണിഞ്ഞിട്ടുണ്ട്. എന്നാല്‍ അത്തരം തെറ്റുകളെക്കുറിച്ച് സഭ ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുകയും പരസ്യമായി മാപ്പു ചോദിക്കുകയും ചെയ്തിട്ടുണ്ട്. തദ്രൂപത്തിലുള്ള പ്രവണതകള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് സഭയുടെ ലക്ഷ്യം.

പീഡനങ്ങളുടെ കാലഘട്ടങ്ങളില്‍ അജപാലകരുടെ പങ്കുവളരെയധികം ശ്രദ്ധേയമാണ്. കൊടിയ പീഡനങ്ങള്‍ ഉണ്ടാകുമ്പോഴും തങ്ങള്‍ തിരഞ്ഞെടുത്ത പാതയോ ക്രിസ്തുവിലുള്ള വിശ്വാസമോ ഉപേക്ഷിക്കുവാന്‍ ക്രൈസ്തവര്‍ തയ്യാറാവാത്തതു, അജപാലകര്‍ വിശ്വാസികളെ സ്നേഹത്തില്‍ ഒരുമിച്ചു ചേര്‍ത്തുപിടിക്കുകയും വിശ്വാസത്തിലും പ്രത്യാശയിലും ഉറപ്പിക്കുകയും ചെയ്യുന്നതിനാലാണ്. സഭാ അംഗങ്ങള്‍ വിശ്വാസ പൂര്‍ണമായ സാക്ഷ്യം കൊണ്ട് സ്നേഹത്തിലും, കരുണയിലും ക്ഷമയോടെ ക്രിസ്തുവിന് അതുല്യമായ സാക്ഷ്യം നല്‍കി പീഡനങ്ങളെ ചെറുക്കുമ്പോള്‍, വിശ്വാസ സംരക്ഷകരായ പിതാക്കന്മാര്‍ ക്രൈസ്തവ മാര്‍ഗത്തിന്‍റെ അടിസ്ഥാനങ്ങളെ വേദപുസ്തകത്തിന്‍റെയും, ദൈവശാസ്ത്രത്തിന്‍റെയും, ധാര്‍മികമൂല്യങ്ങളുടെയും പിന്‍ബലത്തോടെ മികവുറ്റ രീതിയില്‍ മൗലികമായി പ്രതിരോധിച്ചു കൊണ്ടാണ് അത് നിര്‍വഹിച്ചിരുന്നത്.

സമകാലീന സാഹചര്യങ്ങള്‍
സഭയുടെ ലക്ഷ്യവും അസ്ഥിത്വവും അനുദിനം ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ആഗോളവല്‍ക്കരിക്കപ്പെട്ടതും ബഹുസ്വരവുമായ ലോകത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. കേരളത്തിലെ സഭ എന്തുകൊണ്ട് ഇത്രമാത്രം വിമര്‍ശന വിധേയമാകുന്നു. എന്ന ചോദ്യം സമചിത്തതയോടെ സഭ സ്വയം ചോദിക്കേണ്ടതുണ്ട്.

ലക്ഷോപലക്ഷം ആളുകള്‍ ക്രിസ്തുവിനെയും സഭയെയും ആശ്വാസത്തിന്‍റെയും പ്രതീക്ഷയുടെയും ഒരിടം ആയിട്ടാണ് കരുതിപ്പോരുന്നത്. തങ്ങളുടെ നിരാശകളിലും, ദുരന്തങ്ങളിലും സഭ അവര്‍ക്കു പ്രതീക്ഷയുടെ തുറമുഖമായി മാറിയിട്ടുണ്ട്, ദുരിതം അനുഭവിക്കുന്നവരുടെ അഭയസ്ഥാനം ആയിട്ടുണ്ട്, തങ്ങളുടെ ദൈനംദിന ജീവിതത്തിന്‍റെ ആകുലതകളും ആശങ്കകളും ഇറക്കിവെക്കാനുള്ള മനോഹര സ്ഥാനമായിരുന്നിട്ടുണ്ട്. ക്രൈസ്തവരും ഇതര മതസ്ഥരുമായ അനേകം പേര്‍ തങ്ങളുടെ ആത്മീയ-അസ്ഥിത്വ സമസ്യകളുടെ അവസാന ഉത്തരമായി കരുതിയിട്ടു കരുതി പോന്നിട്ടുള്ള സഭയുടെ ഉള്ളില്‍നിന്ന് ഉയരുന്ന ജീര്‍ണ്ണതയുടെ ദുര്‍ഗന്ധം അസഹനീയമാവുമ്പോഴാണ് പ്രസ്തുത ചോദ്യങ്ങള്‍ ഉയരുന്നത്. അവ പലപ്പോഴും ശത്രുതയില്‍ നിന്ന് ഉല്‍ഭൂതമാവുന്നതല്ല, സ്നേഹത്തില്‍ നിന്നോ നിരാശയില്‍ നിന്നോ ഉയിര്‍കൊള്ളുന്നതാണ്.

എന്നാല്‍ അപചയങ്ങളെ സഭ അഭിസംബോധന ചെയ്തു കൊണ്ടിരിക്കുന്ന രീതികളും, അവയെ പരിഹരിക്കാന്‍ തക്കവണ്ണമുള്ള നിശ്ചയ ദാര്‍ഢ്യത്തിന്‍റെ അഭാവവും, വിശ്വാസികളെയും അവിശ്വാസികളെയും നിരാശപ്പെടുത്തുന്നതും, അവ പൊതുചര്‍ച്ചയ്ക്ക് വിധേയമാവുന്നതും സ്വാഭാവികമാണ്. ക്രിസ്തുവില്‍നിന്നും സുവിശേഷത്തില്‍ നിന്നും ദൂരെയാകുന്ന ഏതു സമീപനങ്ങളും സഭയെ കുറിച്ചുള്ള പ്രതിച്ഛായ നഷ്ടപ്പെടുത്താന്‍ കാരണമാവും.

ചില കാലങ്ങളില്‍ സാമൂഹ്യമായും ധാര്‍മികമായും കേരളത്തിലെ സഭയെ ആക്രമിക്കുവാന്‍ ചില ശക്തികള്‍ ശ്രമിച്ചിട്ടുണ്ട് എങ്കിലും, നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സഭയ്ക്കെതിരെ സംഘടിതവും ഭീകരവുമായ ആക്രമണങ്ങള്‍ ഉണ്ട് എന്ന് ഭയക്കുന്നതിനു യാതൊരു അടിസ്ഥാനവുമില്ല. സഭയുടെ വളര്‍ച്ചയിലും ദൈവ വിശ്വാസത്തില്‍ നിരവധി പേര്‍ ആഴപ്പെടുന്നതിലും അസൂയപൂണ്ട ചില ഭൗതികവാദികള്‍ ക്രൈസ്തവ സ്ഥാപനങ്ങളെ നിയമ കുരുക്കുകളും രാഷ്ട്രീയ തീരുമാനങ്ങളും വഴി സമ്മര്‍ദത്തില്‍ ആക്കി സഭയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്താനും ഉന്മൂലനം ചെയ്യാനും ശ്രമിച്ചിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളില്‍, തികച്ചും ക്രിസ്തീയമായ മാര്‍ഗങ്ങളില്‍ ഊന്നി, ഐക്യത്തോടും, ജനാധിപത്യ പ്രക്രിയയിലുള്ള വിശ്വാസം അംഗീകരിച്ചു കൊണ്ടും സമചിത്തതയോടെയാണ് സഭ പ്രതികരിച്ചിട്ടുള്ളത്. സഭ ഒരിക്കലും രോഷം കൊള്ളുകയോ, ശാന്തിയും മനഃസാന്നിധ്യവും കൈവിടുകയോ ചെയ്തിട്ടില്ല.

എന്നാല്‍ ഇക്കാലത്തു അതിലും ഖേദകരവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായ ചില പ്രവണതകള്‍ ഉണ്ടാകുന്നുണ്ട്.

പ്രണയം നടിച്ചുള്ള മതപരിവര്‍ത്തനം, സന്യാസ സമൂഹങ്ങളുടെ നവീകരണത്തെ സംബന്ധിച്ചുള്ള പ്രക്ഷോഭങ്ങള്‍, ഞെട്ടിപ്പിക്കുന്ന ചില കുറ്റകൃത്യങ്ങള്‍ എന്നിങ്ങനെ പൊതു സമൂഹത്തില്‍ നടക്കുന്ന പല കാര്യങ്ങളും, സഭയ്ക്കു വേണ്ടി സംസാരിക്കുന്നു എന്ന് സ്വയം കരുതുന്ന ചിലര്‍ വിവേചന ബുദ്ധിയില്ലാതെ ഏറ്റെടുക്കുകയും വാദപ്രതിവാദം നടത്തുകയും ചെയ്യുന്നു. സഭയെ സംരക്ഷിക്കുക എന്ന (കപട) ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇക്കൂട്ടര്‍ തങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങളെ സഭയുടെ ഔദ്യോഗിക പഠനങ്ങള്‍ എന്ന നിലയില്‍ അവതരിപ്പിക്കുകയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. പൊതുമണ്ഡലത്തില്‍ നടക്കുന്ന അത്തരം സംഭവങ്ങളെ ഏറ്റുപിടിച്ചു വൈദികരും അല്മായരും അടങ്ങുന്ന ഒരുപറ്റം ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വെറുപ്പ് നിറക്കുന്നത് വളരെ ആശങ്കാജനകമാണ്.

കാല്പനിക ഭയവും ഭ്രമാത്മക ശത്രുവും
സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ ഉയര്‍ന്നുവരുന്ന ചില വികാസങ്ങള്‍, സഭാ നേതൃത്വത്തിലെ ചിലരും, ഒരു വിഭാഗം വൈദികരും, ചില അല്മായരും വല്ലാതെ ഭയക്കുന്നതു പോലെ തോന്നുന്നു. യുക്തിവാദികളും നിരീശ്വരവാദികളും സഭയെ ഉന്നം വെക്കുന്നു എന്നും, ഇതര മതങ്ങളിലെ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നും അവര്‍ ഭയപ്പെടുന്നു. ഇതിനിടയില്‍, പത്രമാധ്യമങ്ങളെയും ശത്രുപക്ഷത്തു നിറുത്തി അപരവത്കരിച്ചിരിക്കുന്നു. ഈ വിഭാഗങ്ങളെ ക്രിസ്തുവിരുദ്ധമെന്നുവരെ വിശേഷിപ്പിക്കുവാന്‍ സഭാ നേതൃത്വം ശ്രമിക്കുന്നു.

സഭയുടെ ഔദ്യോഗിക കാര്യാലയങ്ങളില്‍നിന്ന് പുറപ്പെടുവിക്കപ്പെടുന്ന ചില സന്ദേശങ്ങള്‍ സഭ നിരന്തരമായ ആസൂത്രിത ആക്രമണത്തിന് വിധേയമാവുകയാണ് എന്ന തോന്നല്‍ ജനിപ്പിക്കുകയും, അത് ജനങ്ങളില്‍ സംശയത്തിന്‍റെയും, ഭയത്തിന്‍റെയും, ഭീഷണിയുടെയും കാലാവസ്ഥ സംജാതമാക്കുകയും ചെയ്തിരിക്കുന്നു. സഭയെ പ്രതിരോധിക്കുന്ന പ്രക്രിയയില്‍, സഭാ നേതൃത്വത്തിലെ ചിലരും, വിവിധ രൂപതകളിലെ മുഖ്യ സ്ഥാനങ്ങള്‍ വഹിക്കുന്ന ചില അല്മായരും അത്യന്തം ഭയചകിതരായിരിക്കുന്നുവെന്നതും, അനിതരസാധാരണമായ വിധത്തില്‍ രോഷം പ്രകടിപ്പിക്കുന്നതും നമ്മെ അത്ഭുതപ്പെടുത്തുന്നു. തികച്ചും അക്രൈസ്തവമായ വെറുപ്പിന്‍റെയും, ഭീതിയുടെയും, അപരവല്‍ക്കരണത്തിന്‍റെയും ഭാഷയാണ് അവര്‍ ഉപയോഗിക്കുന്നത് എന്നത് നമ്മെ അതിശയിപ്പിക്കുന്നു.

സഭയെ കേവലം രാഷ്ട്രീയ സാമുദായിക സംഘടന എന്ന രീതിയിലേക്ക് പരിമിതപ്പെടുത്താന്‍ മാത്രമേ ഈ ഇടപടലുകള്‍ക്കു സാധിക്കുന്നുള്ളൂ. സഭയെ തികച്ചും വര്‍ഗീയമായി ആക്രമിക്കാനും നിര്‍ദ്ധാരണം ചെയ്യാനും പൊതുസമൂഹത്തിന് സാഹചര്യമൊരുക്കി എന്നത് മാത്രമാണ് സാമൂഹ്യ കെട്ടുറപ്പിനെയും രമ്യതയെയും ബാധിക്കുന്ന തരത്തില്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നതിന്‍റെ ഫലം. കേരളത്തില്‍ സഭയ്ക്ക് ദൈവശാസ്ത്ര/ദാര്‍ശനിക അടിത്തറ നഷ്ടമാകുന്നു എന്നതിന്‍റെ സൂചനയാണ് അത്. സഭാ-സഭേതരമാധ്യമങ്ങളില്‍ കൃത്യമായ ദൈവശാസ്ത്ര വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന ക്രൈസ്തവപണ്ഡിതര്‍ കുറവാണ് എന്നതും ആശ്ചര്യകരമാണ്.

സ്വാര്‍ത്ഥ താല്പര്യങ്ങളുള്ള അല്മായരുടെയും വൈദികരുടെയും ഒരു സംഘം സഭയെ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്ന് ഇപ്പോള്‍ വിശ്വാസി സമൂഹം ഭയപ്പെടുന്നു. ആഭ്യന്തര പ്രശ്നങ്ങളില്‍ പ്പെട്ട് ഉഴറി രക്ഷപ്പെടാന്‍ വീര്‍പ്പുമുട്ടിയിരുന്ന സഭ അവരുടെ കെണിയില്‍ എളുപ്പത്തില്‍ വീണിരിക്കുന്നു. സത്യത്തില്‍, ഇല്ലാത്ത ശത്രുവിനെതിരെ പൊരുതി നേതൃത്വം സഭയെ ഇല്ലാതാക്കുകയാണ്. ‘ഭയപ്പെടേണ്ട’ (ഏശ. 43:1; യോഹ. 14:27) ‘ഞാന്‍ നിങ്ങളോടു കൂടെയുണ്ട്’ (ഏശ. 41:10; മത്താ. 28:20; യോഹ. 6:20) എന്ന് അരുളിച്ചെയ്ത ദൈവത്തില്‍ സഭാ നേതൃത്വത്തിന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നത് അവിശ്വസനീയമാണ്!

പീഡകരോടുള്ള ദൗത്യം: ക്രിസ്തീയ മാര്‍ഗം
താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ വ്യവസ്ഥിതിയിലെ മൂന്നു കാര്യങ്ങളോട് യേശുവിന് തീര്‍ച്ചയായും മടുപ്പ് തോന്നിയിട്ടുണ്ടാവണം: 1) പലസ്തീന്‍ ഗോത്രങ്ങളും വര്‍ഗ്ഗങ്ങളും മറ്റു വിഭാഗങ്ങളും തമ്മിലുള്ള സാമൂഹ്യമായ ചേരിതിരിവുകളും പരസ്പര വെറുപ്പ്; 2) മതത്തെ വെറും നൈയ്യാമികമായ വ്യാഖ്യാനങ്ങളിലേക്ക് മാത്രം ചുരുക്കിയിരുന്ന യഹൂദ റബ്ബിമാരുടെയും നിയമജ്ഞരുടെയും കാപട്യം; 3) റോമാക്കാരുടെ സാമ്പത്തികവും രാഷ്ട്രീയവുമായ അധീശത്വം. എന്നിരുന്നാലും ബറാബാസിനെ പോലെ ഒരു സായുധ വിപ്ലവത്തിലൂന്നിയ സ്വാതന്ത്ര്യം യേശു ആഗ്രഹിച്ചില്ല. നിക്കോദേമോസിനെപ്പോലെ തോറയുടെ വാച്യാര്‍ത്ഥത്തിലുള്ള വ്യാഖ്യാനങ്ങളിലൂടെ നിയമത്തിന്‍റെ നൂലാമാലകളില്‍ മതത്തെ കുരുക്കി ഇടാനും അവന്‍ വ്യഗ്രതപ്പെട്ടില്ല. മറിച്ചു, ആത്മാവിലും സത്യത്തിലും ഉള്ള നവീകരണമാണ് മതത്തിന്‍റെ യഥാര്‍ത്ഥ അന്തസത്ത എന്ന് അവന്‍ പഠിപ്പിച്ചു.

സമൂഹത്തിലെ ദുഷ്പ്രവണതകള്‍ക്കൊക്കെ ഈശോ നിര്‍ദ്ദേശിച്ച മറുമരുന്ന് സ്നേഹം, കരുണ, എല്ലാവരെയും ഉള്‍ച്ചേര്‍ക്കല്‍ എന്നിവയായിരുന്നു. പഴയനിയമ കാലഘട്ടത്തിലെ നിയമത്തെ പുനര്‍ നിര്‍വഹിച്ചുകൊണ്ട് അപരനെ – ശത്രുവിനെ പോലും – ബഹുമാനിക്കുവാനും സ്നേഹിക്കുവാനും, ക്ഷമയുടെയും അനുരഞ്ജനത്തിന്‍റെയും പാത പിന്തുടരുവാനും അവന്‍ ജനങ്ങളെ ഉപദേശിച്ചു. ദൈവകൃപ ലഭിക്കുവാന്‍ ‘പീഡകര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍’ എന്ന് അവന്‍ അനുയായികളെ പ്രചോദിപ്പിച്ചു (മത്താ. 5:44). ക്രിസ്തുവിന് എതിരെ പ്രസംഗിച്ചിരുന്ന ഇതര മതസ്ഥരായ നിരവധി പ്രചാരകരും, സഭയ്ക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്ന മാധ്യമ പ്രവര്‍ത്തകരും പിന്നീട് മാനസാന്തരപ്പെട്ട് ക്രിസ്തുവിനെയും സഭയെയും പുണരുന്ന കാഴ്ച നാം കണ്ടിട്ടുണ്ട്.

പീഡനങ്ങള്‍ ആന്തരിക നവീകരണത്തിനും, വിശ്വാസ ദൃഢീകരണത്തിനും അതോടൊപ്പം തന്നെ പീഡകരോടുള്ള പ്രേഷിത ദൗത്യത്തിനുള്ള അവസരവുമാണ്. വിശ്വാസം വെല്ലുവിളിക്കപ്പെടുമ്പോള്‍ ആണ് അത് ദൃഢതരമാകുന്നത്; വിശ്വാസം ദൃഢപ്പെടുമ്പോഴാണ് സഭയുടെ ശത്രുക്കള്‍ പരാജിതരാകുന്നത്. അതിനേക്കാളെല്ലാം ഉപരി, പീഡകരെ വെറുക്കുന്നതിനുപകരം ക്രിസ്തുസ്നേഹത്തിലേക്ക് അവരെ ആകര്‍ഷിക്കുക എന്നതാണല്ലോ ശ്രേഷ്ഠമായ ക്രൈസ്തവസാക്ഷ്യം.

വിനീതമായ ഒരഭ്യര്‍ത്ഥന
യുദ്ധം, കലാപം, വെറുപ്പ്, പക എന്നിവയില്‍നിന്നു ലോകം ഒന്നും നേടിയിട്ടില്ല എന്ന് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അപരിഹാര്യമായ വിധം മനുഷ്യരെയും സമൂഹങ്ങളെയും വെറുപ്പ് വേര്‍പെടുത്തുന്നു എന്നുള്ളതാണ് നമ്മുടെ സമകാലീന ഇന്ത്യന്‍ ചരിത്രം. ഇത്തരുണത്തില്‍, സത്വര നടപടികള്‍ എടുക്കുവാനായി സഭാ നേതൃത്വത്തിലെ ഓരോ അഭിവന്ദ്യരോടും വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്. സഭയുടെ പേരില്‍ പ്രചരിക്കുന്ന കലുഷവും വിഷലിപ്തവുമായ എല്ലാ സന്ദേശങ്ങളും അപലപിക്കപ്പെടേണ്ടതാണ്; അവ ക്രിസ്തു വിരുദ്ധമാണ് എന്ന് നാം പൊതുസമൂഹത്തോട് പറയേണ്ടതുണ്ട്.

അജഗണങ്ങളെ സുരക്ഷിതരായി സംരക്ഷിക്കുന്നത് അജപാലകരുടെ ഉത്തരവാദിത്വമാണ് എന്നിരിക്കിലും സാമൂഹിക സമത്വവും സൗഹാര്‍ദ്ദവും അനുരഞ്ജനവും സംജാതമാക്കുന്നതും ക്രൈസ്തവശൈലിയിലൂന്നിയ അവരുടെ ഉത്തരവാദിത്വമാണ്. ക്രൈസ്തവ മാര്‍ഗം വെറുപ്പിന്‍റെയും, അക്രമങ്ങളുടെയും അല്ല മറിച്ച് സമാധാനത്തിന്‍റെയും, അനുരഞ്ജനത്തിന്‍റെയും, സ്നേഹത്തിന്‍റെയും ആണ് എന്ന് നാം ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. ഫ്രാന്‍സിസ് അസീസി, മദര്‍ തെരേസ പോലെയുള്ള വിശുദ്ധര്‍ വിഘടിത സമൂഹങ്ങളില്‍ സമാധാനം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള മാതൃകകള്‍ നമുക്ക് നല്‍കിയിട്ടുണ്ട്. എബ്രഹാം ലിങ്കണ്‍, മഹാത്മാഗാന്ധി പോലെയുള്ള നേതാക്കള്‍ തെളിയിച്ചിട്ടുള്ളത് ക്രിസ്തു മാര്‍ഗം ആണ് സമാധാനവും സൗഹാര്‍ദ്ദവും സ്ഥാപിക്കുന്നതിനുള്ള ഏറ്റവും മികച്ച വഴി എന്നാണ്. സമീപ കാലങ്ങളിലെ മാര്‍പാപ്പമാരെല്ലാം മതസൗഹാര്‍ദത്തിന് വേണ്ടി അക്ഷീണം യത്നിച്ചവരാണ്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അസീസിയില്‍ പ്രാര്‍ത്ഥിക്കുവാന്‍ കൂടിയിരുന്നവരോട് ‘സമാധാനത്തിന്‍റെ മേസ്തിരിമാര്‍’ ആകുവാന്‍ ആഹ്വാനം ചെയ്തു. 2016 ജൂ ലൈ 28-ാം തീയതി ഹോളണ്ടിലെ യുവാക്കളോട് സംസാരിച്ചുകൊണ്ട് പാപ്പ ഫ്രാന്‍സിസ് പറഞ്ഞതിങ്ങനെ: ‘നിങ്ങള്‍ തീരുമാനിക്കണം: ജീവിതത്തില്‍ ഞാന്‍ പാലങ്ങള്‍ പണിയുമോ അതോ മതിലുകള്‍ പണിയുമോ? മതിലുകള്‍ ആളുകളെ വിഭജിക്കുന്നു, അത് വെറുപ്പ് പടര്‍ത്തുന്നു; പാലങ്ങള്‍ ആകട്ടെ ആളുകളെ ഒരുമിപ്പിക്കുന്നു, വെറുപ്പ് ദൂരെ അകറ്റുന്നു.’

Comments

2 thoughts on “വെറുപ്പിന്‍റെ ഭാഷ സഭയ്ക്കു യോജിച്ചതോ?”

  1. Sebstian says:

    Excellent article! Love it!

  2. Siby says:

    സത്യത്തിനുനേരെ മുഖം തിരിക്കുകയും, മധ്യകാല പ്രഭുക്കന്മാരുടെ സഭാകാലത്തെ ഊർമ്മിപ്പിക്കുന്നവിധത്തിൽ, പുരോഹിതന്മാർക്കുപോലും സമരം നടത്തേണ്ടിവരുന്ന വിധത്തിൽ സഭയിൽ അഴിമതിയും, പീഡനങ്ങളും, നീതി നിഷേധവും നിറയുന്നതുകൊണ്ടു കൂടിയാണ് സഭ പരസ്യമായി ചോദ്യം ചെയ്യപ്പെടുന്നത് എന്നാണ് ഒരു സഭ വിശ്വാസി എന്ന നിലയിൽ എനിക്ക് തോന്നുന്നത്. പൗരോഹിത്യ ശിശ്രൂഷ ആണ് അല്ലാതെ അധികാരമല്ല എന്ന് സമൂഹം തിരിച്ചറിഞ്ഞു പക്ഷെ അറിയേണ്ടവർ കണ്ടിട്ടും കാണാത്തവരെപ്പോലെ അന്ധരായിക്കഴിയുന്നു. വെറുപ്പിന്റെ ഭാഷ മാറ്റിയാൽ തന്നെ വലിയ വ്യത്യാസങ്ങൾ വരും.

Leave a Comment

*
*