വിധവകള്‍ വിധിയെ പഴിച്ചു കഴിയേണ്ടവരോ?

വിധവകള്‍ വിധിയെ പഴിച്ചു കഴിയേണ്ടവരോ?

ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ഏജന്‍റായിരുന്ന സീനയുടെ ഭര്‍ത്താവ് സണ്ണി ബൈക്ക് അപകടത്തില്‍പെട്ട് ആകസ്മികമായി മരണമടഞ്ഞത് 10 വര്‍ഷം മുമ്പാണ്. പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു മൂത്തമകള്‍ രമ്യ. ഇളയ മകന്‍ അഖില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. സണ്ണിയുടെ വേര്‍പാട് കുടുംബത്തെ തളര്‍ത്തി. വിദ്യാര്‍ത്ഥികളായ മക്കളെ പഠിപ്പിക്കാനും കുടുംബകാര്യങ്ങള്‍ നിര്‍വഹിക്കാനും സീന ഏറെ ക്ലേശിച്ചു. ആദ്യമൊക്കെ ഭര്‍തൃവീട്ടുകാരുടെ സഹായങ്ങളും പിന്തുണയും ഉണ്ടായെങ്കിലും പിന്നീടു മട്ടുമാറി. ബി ടെക് കഴിഞ്ഞ രമ്യയ്ക്ക് ഇപ്പോള്‍ ഒരു ഐടി കമ്പനിയില്‍ ജോലി കിട്ടി. വളരെ നല്ല ആലോചന വന്നപ്പോള്‍ അവളുടെ വിവാഹം ഉറപ്പിച്ചു. സ്ത്രീധനമൊന്നും ആവശ്യപ്പെടാതെ നല്ല കുടുംബത്തില്‍ നിന്നാണ് ആലോചന വന്നത്. ബന്ധുക്കളോടൊക്കെ വിവരം പറഞ്ഞു. കല്യാണത്തിന്‍റെ ഒരുക്കങ്ങളെല്ലാം തകൃതിയായി നടക്കുന്നതിനിടയിലാണ് സണ്ണിയുടെ സഹോദരിമാര്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചത്. കല്യാണത്തിനു സീന പട്ടുസാരിയൊന്നും ധരിക്കരുത്. വിധവയായ അവള്‍ അധികം അണിഞ്ഞൊരുങ്ങേണ്ട കാര്യമില്ല. മാത്രമല്ല, മണവാളനെയും മണവാട്ടിയെയും വീട്ടിലേക്കു സീന കുരിശുവരച്ചു കയറ്റാനും പാടില്ല. വിധവകള്‍ അങ്ങനെ ചെയ്യാന്‍ പാടില്ലത്രെ. സീന തകര്‍ന്നുപോയി. സ്വന്തം മകളുടെ വിവാഹത്തിനു കാഴ്ചക്കാരിയായി നില്‍ക്കുക. എന്തു ചെയ്യാന്‍! തന്‍റെ വൈധവ്യത്തെ പഴിച്ച് അവള്‍ ആരും കാണാതെ തേങ്ങി.
ഒരു വിദേശ കപ്പലില്‍ ഉദ്യോഗസ്ഥനായിരുന്നു ജോഷി. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച് അയാള്‍ അധ്യാപികയായ ഷൈനിയെ വിവാഹം ചെയ്തു. സന്തുഷ്ടമായ ദാമ്പത്യം. രണ്ടുവര്‍ഷത്തിനു ശേഷം അവര്‍ക്കൊരു ആണ്‍കുഞ്ഞു പിറന്നു. നാട്ടിലെത്തി കുഞ്ഞിന്‍റെ മാമ്മോദീസ കഴിഞ്ഞു തിരിച്ചു പോയ ജോഷി കപ്പലില്‍വച്ചുണ്ടായ അപകടത്തില്‍ മരണമടഞ്ഞു. ഭര്‍തൃവീട്ടില്‍ കുറച്ചുകാലം തങ്ങിയ ഷൈനി കുഞ്ഞിനെയും കൂട്ടി സ്വന്തം വീട്ടിലേക്കു പോയി. അവിടെ ആങ്ങളമാരുടെ ഭാര്യമാര്‍ മുറുമുറുക്കലായി. ഇതിനിടയില്‍ ഷിപ്പിംഗ് കമ്പനിയില്‍നിന്ന് നല്ലൊരു തുക ഷൈനിക്കും കുഞ്ഞിനും കിട്ടുമെന്നായി. എന്നാല്‍ ജോഷിയുടെ അമ്മയും സഹോദരങ്ങളും അതില്‍ അവകാശവാദമുന്നയിച്ചു. അതോടെ കേസായി, വഴക്കായി. ഒടുവില്‍ പണം പലവിധത്തില്‍ പങ്കിട്ടെടുത്തു. ഷൈനിക്കും കുഞ്ഞിനും വിഹിതം കിട്ടി. അവകാശങ്ങള്‍ ചോദിക്കാനോ അധികാരം സ്ഥാപിക്കാനോ പറ്റാത്തവിധം നിസ്സഹായാവസ്ഥയിലായ ഷൈനി ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകനുമൊത്ത് വാടകവീട്ടിലാണ് ഇപ്പോള്‍ താമസം.
ഇത്തരത്തില്‍ വിധവകളുടെ വ്യഥകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ഇതൊന്നും വലിയ ചര്‍ച്ചയാകുന്നില്ല. വിഭാര്യരെ അപേക്ഷിച്ച് ഇന്നു വിധവകളുടെ എണ്ണം കൂടുതലാണ്. പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം സ്ത്രീകളെ അപേക്ഷിച്ചു കുറവായതുകൊണ്ടും അവരുടെ ജോലി, ദുശ്ശീലങ്ങള്‍, അസുഖം, അപകട സാഹചര്യം… തുടങ്ങിയ പ്രത്യേകതകള്‍ കൊണ്ടും വിധവകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. വിധവകളെപ്പോലെ വിഭാര്യരും ഏകാന്തത അനുഭവിക്കുന്നവരാണെങ്കിലും സാമൂഹിക – സാമ്പത്തിക പ്രശ്നങ്ങള്‍ കൂടുതലും നേരിടേണ്ടി വരുന്നത് വിധവകളാണെന്നു കാണാം. ഇവയ്ക്കു പുറമെ, മാനസികമായും ശാരീരികമായും വേദനകള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെടുന്നവരും അനവധിയുണ്ട്.
വിയോഗദുഃഖം നല്‍കുന്ന മാനസീകാഘാതം വളരെ വലുതാണ്. പങ്കാളിയുടെ ആകസ്മികമായ വേര്‍പാട് വല്ലാതെ ഉലച്ചുകളയും. ഓരോ വ്യക്തിയുടെയും മനോഭാവവും മാനസിക നിലയും അനുസരിച്ച് ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. വിധവകള്‍ സ്വയം പര്യാപ്തതയില്‍ എത്തിയാല്‍ സാമ്പത്തിക പ്രശ്നങ്ങളെ ഒരു പരിധിവരെ പിടിച്ചു നിറുത്താന്‍ കഴിയുമെങ്കിലും സാമൂഹികവും മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ ബാക്കി നില്‍ക്കുന്നു. ഭര്‍തൃവിയോഗത്തില്‍ തകരുന്ന സ്ത്രീകള്‍ക്ക് യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോകുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നുണ്ട്. ശാരീരികവും മാനസികവുമായി തളരുമ്പോള്‍ ജീവിതത്തെ നേരിടാനുള്ള കരുത്തു ചോര്‍ന്നു പോകുന്നു. ഭര്‍ത്താവിന്‍റെ പെട്ടെന്നുള്ള മരണശേഷം പ്രഷറിനും ഷുഗറിനുമുള്ള മരുന്നു കഴിക്കാന്‍ വിസമ്മതിച്ച ഒരു സ്ത്രീ ആറുമാസത്തിനുള്ളില്‍ കിഡ്നി തകരാര്‍ മൂലം മരണമടയുകയുണ്ടായി. അതോടെ അവരുടെ ഏക മകള്‍ ഒറ്റയ്ക്കായി. ഭര്‍ത്താവിന്‍റെ മരണം ഉള്‍ക്കൊള്ളാനാകാതെ അയാളുടെ മുറിയില്‍ കഴിച്ചു കൂട്ടുന്നവരും പരേതന്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും മറ്റും അണച്ചുപിടിച്ച് കണ്ണീര്‍ വാര്‍ത്തുകൊണ്ടിരിക്കുന്നവരും ഉണ്ട്. വൈകാരികമായ ഇത്തരം സമീപനങ്ങള്‍ അതിരുവിട്ടുപോകുന്നത് അപകടകരമാണ്. അത്തരക്കാരെ ജീവിത യാഥാര്‍ത്ഥ്യത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ കഴിയണം. ഇന്നു മിക്ക രാജ്യങ്ങളിലും കുടുംബാംഗങ്ങളുടെ മരണം മൂലം വേദനിക്കുന്നവര്‍ക്ക് കൗണ്‍സലിംഗ് അടക്കമുള്ള സഹായങ്ങള്‍ നല്‍കിവരുന്നുണ്ട്. ഗവണ്‍മെന്‍റിന്‍റെ കൗണ്‍സലിംഗ് ഏജന്‍സി വഴിയാണിതു സാധ്യമാക്കുന്നത്. യാഥാര്‍ ത്ഥ്യത്തെ ഉള്‍ക്കൊണ്ട് മുന്നോട്ടുള്ള ജീവിതം ക്രിയാത്മകമാക്കാന്‍ ഇതിലൂടെ കഴിയും. നമ്മുടെ നാട്ടില്‍ ഇത്തരം ചില കൗണ്‍സലിംഗ് സെന്‍ററുകള്‍ ഉണ്ടെങ്കിലും ആ സാധ്യത പലരും പ്രയോജനപ്പെടുത്തുന്നില്ല.
ഭര്‍ത്താവു മരിച്ചാല്‍ ഭാര്യ ഭര്‍ത്താവിന്‍റെ ചിതയില്‍ ചാടി മരിക്കണമെന്ന ദുരാചാരം – സതി, നിലനിന്നിരുന്ന ഭാരതത്തില്‍ രാജാറാം മോഹന്‍ റോയിയെപ്പോലുള്ള സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ സ്ത്രീ സ്വാതന്ത്ര്യത്തിനും വിമോചനത്തിനും ശക്തീകരണത്തിനും പരിശ്രമിച്ച പാരമ്പര്യമുണ്ട്. പക്ഷെ സതി സമ്പ്രദായത്തിന്‍റെ കെട്ടടങ്ങാത്ത കനലുകള്‍ ദുരാചാരങ്ങളും കപടബോധ്യങ്ങളുമായി ഇന്നും പരിഷ്കൃത സമൂഹത്തില്‍ നിലനില്‍ക്കുന്നു. സ്റ്റാഫ് റൂമില്‍ ഒന്നിച്ചിരിക്കുന്ന ടീച്ചര്‍മാര്‍ക്ക് മകളുടെ വിവാഹ ക്ഷണക്കത്ത് കൈമാറിക്കൊണ്ട് ഒരു പ്രധാനാധ്യാപിക എല്ലാവരെയും ക്ഷണിക്കുകയാണ്. അക്കൂട്ടത്തില്‍ വിധവയായ ടീച്ചറിന്‍റെ അടുക്കലെത്തിയപ്പോള്‍ അവര്‍ പറഞ്ഞതിങ്ങനെ: "ടീച്ചര്‍ എന്തായാലും വരില്ലല്ലോ." വിധവയാകുന്നതോടെ സമൂഹത്തില്‍ നിന്നകന്ന് കുടുംബത്തില്‍ ഒറ്റപ്പെട്ട് ഏകാന്തവാസം അനുഷ്ഠിക്കണമെന്ന അബദ്ധധാരണ പുലര്‍ത്തുന്നവരാണ് കൂടുതലും.
വിധവകള്‍ നേരിടുന്ന സാമ്പത്തികവും സാമൂഹികവും ശാരീരികവും മാനസികവും ആത്മീയവുമായ പ്രതിസന്ധികളുടെ ചില മേഖലകള്‍ പരിശോധിക്കാം.

സാമ്പത്തികം
⇒ ഭര്‍ത്താവിന്‍റെ വരുമാനം ഇല്ലാതാകുന്നതുമൂലമുള്ള സാമ്പത്തിക തകര്‍ച്ച. ഇതു ജീവിത നിലവാരത്തെ ബാധിക്കുന്നു.
⇒ ഭര്‍ത്താവിന്‍റെ വരുമാന സ്രോതസ്സുകളിലൂടെ സ്വീകരിച്ച വായ്പകള്‍ തിരിച്ചടക്കാനാവാതെ വരുമ്പോള്‍ ജപ്തിഭീഷണിയടക്കമുള്ള പ്രശ്നങ്ങള്‍.
⇒ വാടകയ്ക്കു താമസിച്ചിരുന്നവര്‍ വീടൊഴിയേണ്ടിവരുന്ന സാഹചര്യം.
⇒ ഭര്‍തൃവീട്ടുകാരുമായുള്ള സ്വത്തു തര്‍ക്കം.
⇒ മക്കളുടെ പഠനം, വിവാഹം എന്നീ കാര്യങ്ങളടക്കം എല്ലാം അനിശ്ചിതത്ത്വത്തിലാകുന്ന സ്ഥിതി.
⇒ ഭര്‍ത്താവിന്‍റെ മാതാപിതാക്കളെക്കൂടി സംരക്ഷിക്കേണ്ട സാഹചര്യം.
⇒ വിദ്യാഭ്യാസമില്ലായ്മ, പ്രായക്കൂടുതല്‍ തുടങ്ങിയവമൂലം തൊഴില്‍ കണ്ടെത്താനുള്ള കഷ്ടപ്പാട്.
⇒ ഭര്‍ത്താവിനു മരണാനന്തരം ആനുകൂല്യങ്ങള്‍ കിട്ടാനുണ്ടെങ്കില്‍ അതു നേടിയെടുക്കാന്‍ വേണ്ടി അറിവില്ലായ്മ.
⇒ ഭര്‍ത്താവിന്‍റെ ബിസിനസ്സോ മറ്റു സംരംഭങ്ങളോ ഏറ്റെടുക്കേണ്ടി വരേണ്ട സാഹചര്യത്തില്‍ അറിവില്ലായ്മ മൂലമുള്ള ചൂഷണങ്ങള്‍.
⇒ ഭര്‍ത്താവിന്‍റെ ആനുകൂല്യങ്ങള്‍ ശരിയായി നിക്ഷേപിക്കാന്‍ സാധിക്കാത്ത അറിവില്ലായ്മ.
⇒ കടമായി നല്‍കിയിരുന്ന തുകകള്‍ തിരിച്ചു കിട്ടാത്ത അവസ്ഥ.
സാമൂഹികം
⇒ സമൂഹത്തിനു ശാപമാണെന്ന തോന്നലില്‍ സത്കര്‍മ്മങ്ങളില്‍ നിന്ന് ഒഴിവാക്കുന്നു.
⇒ ഭര്‍ത്താവിന്‍റെ മരണം ഭാര്യയുടെ പാപഫലമാണെന്ന് ആരോപിക്കുന്നു.
⇒ പൊട്ടുതൊടാനും നല്ല വസ്ത്രം ധരിക്കാനും വിലക്ക്. വെള്ള വസ്ത്രം ധരിക്കണമെന്നും മറ്റുമുള്ള അലിഖിത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു.
⇒ മംഗള കര്‍മ്മങ്ങളില്‍ നിന്ന് ഒഴിവാക്കുന്നു, കുടുംബസദസ്സുകളില്‍ നിന്ന് അകറ്റി നിറുത്തുന്നു.
ശാരീരികം
⇒ ഭര്‍ത്താവിന്‍റെ മരണത്തില്‍ നിന്നു മുക്തിനേടാതെ രോഗിയായി മാറുന്നു.
⇒ ശരിയായ ഭക്ഷണമില്ലായ്മ, കഠിനാദ്ധ്വാനം എന്നിവമൂലം ആരോഗ്യം തകരാറിലാകുന്നു.
⇒ പോഷകാഹാരക്കുറവും ദാരിദ്ര്യവും കുടുംബത്തെ അസ്വസ്ഥപ്പെടുത്തുന്നു.
⇒ അറിവില്ലായ്മയും സാമ്പത്തികപ്രശ്നവും മൂലം ശരിയായ ചികിത്സ അന്യമാകുന്നു.
മാനസികം
⇒ ഏകാന്തത, വിരഹദുഃഖം.
⇒ അരക്ഷിതത്വ ചിന്ത.
⇒ മക്കളെ പരിപാലിക്കുന്നതില്‍ താത്പര്യക്കുറവ്. ഇതു മക്കളെ ദുശ്ശീലങ്ങളിലേക്കു നയിക്കുന്നു.
⇒ ഉല്ലാസവേളകള്‍ ഒഴിവാക്കുന്നതുമൂലമുള്ള വിരസത.
⇒ പുതിയ തൊഴില്‍ സാഹചര്യങ്ങളുമായി ഒത്തുപോകാത്ത അവസ്ഥ.
⇒ പരാശ്രയത്വത്തിലെ മാനസിക പ്രയാസം.
⇒ മക്കളെക്കുറിച്ചുള്ള ആകുലത.
⇒ വൈകാരിക പ്രശ്നങ്ങള്‍.
⇒ അധിക ഉത്തരവാദിത്വവും ജോലിഭാരവും മൂലം ഉണ്ടാകുന്ന പിരിമുറുക്കം.
ആത്മീയം
⇒ ദൈവം ശിക്ഷിച്ചുവെന്ന ചിന്ത. വിശ്വാസത്തില്‍നിന്നുള്ള അകല്‍ച്ച.
⇒ ആത്മീയതയില്‍ മാത്രം രക്ഷയെന്ന ചിന്തയില്‍ അമിത പ്രാര്‍ത്ഥന.
ഇത്തരം പ്രതിസന്ധികളില്‍ ഉഴലുന്ന വിധവകളെ പുനരുദ്ധരിക്കാനും ശക്തിപ്പെടുത്താനും സാധ്യമായ പിന്തുണ നല്‍കാനും നമുക്കു ബാധ്യതയുണ്ട്. വിവിധ സന്നദ്ധ സംഘടനകളും ഭക്തസംഘടനകളും ഈ രംഗത്ത് ചില കാല്‍ വയ്പ്പുകള്‍ നടത്തുന്നുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയില്‍ വിധവകള്‍ക്കായി ആരംഭിച്ച കൂട്ടായ്മയാണ് "യൂദിത്ത് ഫോറം." "സമര്‍പ്പിത വൈധവ്യം" എന്ന കാഴ്ചപ്പാടില്‍ ക്രിസ്തുവില്‍ നവീകരിക്കപ്പെടാനും ശക്തീകരിക്കപ്പെട്ടു മുന്നേറാനും വിധവകളെ ഇതിലൂടെ പ്രാപ്തരാക്കുകയാണ്. ജീവിത യാത്രയില്‍ ഭര്‍ത്താവു നഷ്ടപ്പെട്ട് ഒറ്റയ്ക്ക് കുടുംബജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ടി വരുന്നവര്‍ക്ക് വൈധവ്യം ഒരു സമര്‍പ്പണമാണെന്ന ബോധ്യം നല്‍കുന്നു. മൂന്നു പേരായി ആരംഭിച്ച വിവാഹയാത്രയില്‍ ഭര്‍ത്താവ് ശാരീരികമായി വേര്‍പെട്ടു പോയെങ്കിലും ക്രിസ്തുവിനോടൊത്ത് വിവാഹത്തിന്‍റെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന ജീവിതാന്തസ്സാണു വൈധവ്യം എന്ന ബോധ്യം ഉത്ഭൂതമാകുമ്പോള്‍ സവിശേഷമായ ഒരു ദൈവവിളിയായി അതു പരിണമിക്കും. യൂദിത്ത് ഫോറം പോലെ വിധവകളുടെ ആത്മീയവും ഭൗതികവുമായ സമുദ്ധാരണത്തിന് പല സംഘടനകളും പരിശ്രമിക്കുന്നുണ്ടെങ്കിലും സഭാതലത്തിലും സര്‍ക്കാര്‍ സംവിധാനത്തിലും ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ഇവര്‍ക്കായി സജ്ജമാക്കേണ്ടതുണ്ട്.
വിധവകള്‍ക്കായി ഒരു ഗ്രീവന്‍സ് സെല്‍ രൂപവത്കരിക്കുകയും നിയമപരിരക്ഷ ഉറപ്പാക്കുകയും ചെയ്യുക വളരെ അത്യാവശ്യമാണ്. വിധവകളുടെ തൊഴില്‍ നിയമനത്തില്‍ സംവരണവും വയസ്സിളവും മറ്റാനുകൂല്യങ്ങളും നല്‍കണം. സ്വയം തൊഴില്‍ കണ്ടെത്താനുള്ള പരിശീലനങ്ങള്‍ കൊടുക്കുന്നതിനൊപ്പം അതിനുള്ള സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. സഭാ സ്ഥാപനങ്ങളില്‍ വിധവകള്‍ക്കു തൊഴില്‍ സംവരണം നല്‍കേണ്ടതാണ്. അതുപോലെ സഭയുടെ ആശുപത്രികളില്‍ അവര്‍ക്കു ചികിത്സാ സഹായവും നല്‍കാവുന്നതാണ്. വിധവകളുടെ മക്കള്‍ക്കായി വിദ്യാഭ്യാസ സഹായനിധി, വിവാഹ സഹായനിധി തുടങ്ങിയവ രൂപീകരിക്കാം. ഭവനരഹിതര്‍ക്കു ഭവനനിര്‍മ്മാണത്തിനു സഹായങ്ങള്‍ ചെയ്യണം. കൗണ്‍സലിംഗിനുള്ള സൗകര്യം ലഭ്യമാക്കണം. വിധവകള്‍ക്കു പരസ്പരം അറിയാനും പങ്കുവയ്ക്കാനും സഹായങ്ങള്‍ ചെയ്യാനും ഉതകുന്ന വിധത്തില്‍ ഒരു നെറ്റ്വര്‍ക്ക് സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. വിധവകളോടുള്ള സമൂഹത്തിന്‍റെ മനോഭാവത്തില്‍ മാറ്റം വരുത്താനുപയുക്തമായ വി ധത്തില്‍ ചര്‍ച്ചകള്‍, ബോധവത്കരണ ക്ലാസ്സുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചാല്‍ അതു പ്രയോജനകരമായിത്തീരുമെന്നതില്‍ സംശയമില്ല.
ഇങ്ങനെ വിധവകളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കു കൈ പിടിച്ചു നടത്താനും സ്വയം പര്യാപ്തരാക്കി മാറ്റാനുമുള്ള ഉത്തരവാദിത്വം നമുക്കോരോരുത്തര്‍ക്കുമുണ്ട്. വിവാഹമെന്ന കൂദാശയിലൂടെ ദൈവത്തിനു പ്രതിഷ്ഠിക്കപ്പെട്ട സ്ത്രീ പങ്കാളിയുടെ വിയോഗത്തിലും തന്‍റെ സമര്‍പ്പണം തുടരേണ്ടവളാണ്. ആ വിധത്തില്‍ അവള്‍ ഒരു സമര്‍പ്പിത വിധവയാണ്. ക്രിസ്തുവിനോടു ചേര്‍ന്ന് ജീവിതത്തിലെ തന്‍റെ ഉത്തരവാദിത്വങ്ങള്‍ തുടര്‍ന്നും ഭംഗിയായി നിറവേറ്റേണ്ടവളാണവള്‍. തന്‍റെ ജീവിതാവസ്ഥയെ ഇത്തരത്തില്‍ വീക്ഷിക്കാനും തദനുസൃതം പ്രവര്‍ത്തിക്കാനും വിധവകളെ ഉത്തേജിപ്പിക്കുകയും പ്രാപ്തരാക്കുകയും വേണം. അങ്ങനെവരുമ്പോള്‍ സമര്‍പ്പിത വൈധവ്യത്തിലൂടെ കുടുംബത്തിനും സമൂഹത്തിനും ധാരാളം നന്മകള്‍ ചെയ്തു സന്തോഷപൂര്‍വം ജീവിക്കാന്‍ അവര്‍ക്കാകും.

(എറണാകുളം-അങ്കമാലി അതിരൂപതയിലെ യൂദിത്ത് ഫോറം ആനിമേറ്റര്‍ സിസ്റ്റര്‍ അനീഷ എസ്.ഡി (ഫോണ്‍: 8281063290), കോര്‍ഡിനേറ്റര്‍ ബീന ജോ സഫ് (9400929111), സോണല്‍ കോര്‍ഡിനേറ്റര്‍ ഷൈനി തോമസ് (8907656762) എന്നിവരുമായി നടത്തിയ അഭിമുഖ സംഭാഷണത്തെ ആസ്പദമാക്കി തയ്യാറാക്കിയത്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org