വിദ്യ അഭ്യാസമാകുമ്പോള്‍

വിദ്യ അഭ്യാസമാകുമ്പോള്‍


സെര്‍ജി ആന്‍റണി

വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പരിഷ്കാരത്തിനുള്ള നീക്കത്തിലാണു കേന്ദ്ര, കേരള സര്‍ക്കാരുകള്‍. വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വളര്‍ച്ചയാണ് ലക്ഷ്യം. പക്ഷേ, അതാണോ യഥാര്‍ഥത്തില്‍ സാധ്യമാവുന്നത്?

കേന്ദ്ര മാനവശേഷി മന്ത്രാലയമാണ് ദേശീയ തലത്തില്‍ വിദ്യാഭ്യാസ സംബന്ധിയായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മുന്‍പ് ഇത് വിദ്യാഭ്യാസ വകുപ്പ് എന്നാണറിയപ്പെട്ടിരുന്നത്. 1985-ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പേര് മാനവശേഷി മന്ത്രാലയമെന്നു മാറ്റിയത്. വിദ്യാഭ്യാസത്തെ സമഗ്രമായി കാണുന്ന പുതിയൊരു ദര്‍ശനമായിരുന്നു രാജീവിനുണ്ടായിരുന്നത്. നൈപുണ്യവികസനം, തൊഴില്‍ സാധ്യത, സംരംഭകത്വം തുടങ്ങി ആധുനിക കാലത്തിനനുസൃതമായ കാര്യങ്ങളും ഈ മന്ത്രാലയത്തിന്‍റെ ഭാഗമാകണമെന്ന ചിന്തയായിരുന്നു ഇതിനു പിന്നില്‍. പേരുമാറ്റത്തെ ഒരു വിഭാഗം വിമര്‍ശിച്ചിരുന്നു. വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുന്നതിന്‍റെ ഭാഗമാണീ പേരുമാറ്റമെന്നു വരെ ആരോപണമുയര്‍ന്നു.

നാഗ്പൂരിലെ റിസര്‍ച്ച് ആന്‍ഡ് റീസര്‍ജന്‍സ് ഫൗണ്ടേഷന്‍ കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടത്തിയ സമ്മേളനത്തിന്‍റെ പ്രധാന ആവശ്യങ്ങളിലൊന്ന് മാനവശേഷി മന്ത്രാലയത്തിന്‍റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്നു മാറ്റണമെന്നതായിരുന്നു. ആര്‍എസ്എസ് അനുകൂല പ്രസ്ഥാനമാണീ ഫൗണ്ടേഷന്‍. ഏതായാലും കസ്തൂരിരംഗന്‍ കമ്മീഷനും ഇത്തരമൊരു നിര്‍ദേശമാണു ശിപാര്‍ശ ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ കാര്യത്തില്‍ മാത്രം ശ്രദ്ധയൂന്നുന്ന മന്ത്രാലയത്തിന് ആ പേരാവും ഉചിതമെന്നു കമ്മീഷന്‍ കരുതുന്നു.

പേരുമാറ്റം കൊണ്ടു മാത്രം വിദ്യാഭ്യാസ രംഗത്ത് യാതൊരു മാറ്റവും വരുത്താനാവില്ല. അതിന് ആധുനിക കാലഘട്ടത്തിനാവശ്യമായ സമഗ്രവും ശാസ്ത്രീയവുമായ മാറ്റങ്ങളുണ്ടാകണം. പാഠഭാഗങ്ങളെ പുരാതന കാലത്തേക്കു കൊണ്ടുപോകുന്നതും അവയില്‍ മതമില്ലാത്ത ജീവന്‍ കുത്തിത്തിരുകുന്നതും ആധുനികകാലത്തിനനുസൃതമായി ഉന്നതവിദ്യാഭ്യാസത്തെ രൂപപ്പെടുത്തുന്നതിനു പകരം അതിനെ പരീക്ഷണശാലയാക്കുന്നതും വിദ്യാഭ്യാസത്തെ മെച്ചപ്പെടുത്താനുള്ള മാര്‍ഗമല്ല.

രാജ്യത്തെ വിദ്യാഭ്യാസത്തില്‍ അടിമുടി മാറ്റം നിര്‍ദേശിച്ചുകൊണ്ടുള്ളതാണു പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ കരടുരേഖ. ഡോ. കെ. കസ്തൂരിരംഗന്‍ അധ്യക്ഷനായ ദേശീയ വിദ്യാഭ്യാസ നയ രൂപവത്കരണ സമിതി പുതിയ കേന്ദ്ര മാനവവിഭവശേഷി മന്ത്രിക്കു രേഖ സമര്‍പ്പിച്ചു. ഐഎസ് ആര്‍ഒ ചെയര്‍മാന്‍, രാജ്യസഭാംഗം തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കസ്തൂരിരംഗന്‍ എറണാകുളം സ്വദേശിയാണ്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, രാജസ്ഥാനിലെ കേന്ദ്ര സര്‍വകലാശാല എന്നിവിടങ്ങളിലെ ചാന്‍സലര്‍, കര്‍ണാടക നോളജ് കമ്മീഷന്‍ ചെയര്‍മാന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ വിദ്യാഭ്യാസരംഗത്തും മികവു തെളിയിച്ച വ്യക്തിയാണു ഡോ. കൃഷ്ണ സ്വാമി കസ്തൂരി രംഗന്‍.

നിലവിലെ 10+2 എന്ന വിദ്യാഭ്യാസ സമ്പ്രദായത്തെ 5+3+3+4 എന്ന ഘടനയിലേക്കു മാറ്റുക എന്നതാണ് ഒരു പ്രധാന ശിപാര്‍ശ. ദേശീയതയ്ക്ക് ഊന്നല്‍ നല്‍കിയുള്ള വിദ്യാഭ്യാസ നയമാണു സമിതി നിര്‍ദേശിച്ചിരിക്കുന്നത്. സംസ്കൃതപഠനത്തിനു കൂടുതല്‍ പ്രാമുഖ്യം നല്‍കും. ഹിന്ദി എല്ലായിടത്തും നിര്‍ബന്ധിത വിഷയമാക്കുമെന്നൊരു നിര്‍ദേശമുണ്ടായിരുന്നു. ഇതു കേട്ടപാടേ തമിഴ്നാട്ടില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. അതിനു ഫലമുണ്ടായി.

നിലവില്‍ ആറു വയസുമുതല്‍ 14 വയസുവരെയുള്ളവര്‍ക്കാണു സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിന് അവകാശമുള്ളത്. പുതിയ സമ്പ്രദായത്തില്‍, വിദ്യാഭ്യാസാവകാശത്തിന്‍റെ പരിധിയില്‍ മൂന്നു വയസുമുതലുള്ള കുട്ടികളെ ഉള്‍പ്പെടുത്തിയിരിക്കയാണ്. 3 വയസു മുതല്‍ 6 വയസു വരെയാണു പ്രീസ്കൂള്‍ കാലം. ഇതിന്‍റെ തുടര്‍ച്ചയായി ഒന്നും രണ്ടും ക്ലാസുകള്‍. മൂന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസ് വരെയാണു രണ്ടാം ഘട്ടം. ആറു മുതല്‍ എട്ടു വരെ മൂന്നാം ഘട്ടവും ഒമ്പതു മുതല്‍ 12-ാം ക്ലാസ് വരെ നാലാം ഘട്ടവും.

മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് സ്മൃതി ഇറാനി മാനവവിഭവശേഷി മന്ത്രിയായിരുന്നപ്പോഴാണു മുന്‍കാബിനറ്റ് സെക്രട്ടറി ടി.എസ്. ആര്‍. സുബ്രഹ്മണ്യം അധ്യക്ഷനായി ദേശീയ വിദ്യാഭ്യാസ നയരൂപവത്കരണ സമിതി രൂപവത്കരിച്ചത്. ആ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നില്ല. പിന്നീടു സ്മൃതി ഇറാനിക്ക് മാനവവിഭവശേഷി വകുപ്പു നഷ്ടപ്പെട്ടു. തുടര്‍ന്നു വകുപ്പ് ഏറ്റെടുത്ത പ്രകാശ് ജാവദേക്കറാണു കസ്തൂരിരംഗന്‍ സമിതിയെ നിയോഗിച്ചത്. സ്വകാര്യ സ്കൂളുകള്‍ തുടരണമെന്നു പറയുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, പക്ഷേ അവയുടെ മേല്‍ ചില കര്‍ശന നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ഏകപക്ഷീയമായി ഫീസ് കൂട്ടാനനുവദിക്കരുത് എന്നതാണൊരു നിര്‍ദേശം. സ്വകാര്യ സ്കൂളുകള്‍ക്കു സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി നിര്‍ബന്ധിതമാണ്. ഓഡിറ്റ് ചെയ്ത് വാര്‍ഷിക ധനകാര്യ റിപ്പോര്‍ട്ട് ഈ കമ്മിറ്റിയെ കാണിക്കണം. സ്വകാര്യ സ്കൂളുകള്‍ പേരിനൊപ്പം പബ്ലിക് എന്ന വാക്ക് ഉപയോഗിക്കുന്നതു വിലക്കിയിട്ടുണ്ട്. സ്കൂളുകളെ സംബന്ധിച്ച എല്ലാ വിവരങ്ങളും കുട്ടികളുടെ രക്ഷിതാക്കളെ അറിയിക്കണം.

ഇതിനിടെ കേരള സര്‍ക്കാരും വിദ്യാഭ്യാസ രംഗത്തു വലിയ പരിഷ്കാരങ്ങള്‍ നടപ്പാക്കാനുള്ള നീക്കത്തിലാണ്. തീരെ ആലോചനയില്ലാത്തതെന്നു നിശിത വിമര്‍ശനമുയര്‍ന്നിട്ടും ഹയര്‍ സെക്കന്‍ഡറി ഏകീകരണം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞു. പാഠപുസ്തകം തയ്യാറാകുന്നതിനു മുമ്പു ക്ലാസ് തുടങ്ങുന്നതുപോലെയാണിത്.

ഘടനാപരമായ ചില മാറ്റങ്ങള്‍ വരുത്തി നടപ്പാക്കുന്ന ഈ സംയോജനത്തിന്‍റെ വിശദാംശങ്ങള്‍ പലതും തീരുമാനിക്കാനിരിക്കുന്നതേയുള്ളൂ. ഏകീകരണവുമായി ബന്ധപ്പെട്ട സ്പെഷല്‍ റൂളോ ശമ്പള വിതരണത്തിനുള്ള ഏകീകൃത സംവിധാനമോ ആയിട്ടില്ല.

ഉന്നത വിദ്യാഭ്യാസരംഗത്തു പുതിയൊരു മുന്നേറ്റത്തിനു വഴിയൊരുക്കുമെന്നു കരുതിയിരുന്ന സ്വയംഭരണ (ഓട്ടണമസ്) കോളജുകള്‍ക്കു കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി നിയമഭേദഗതി കൊണ്ടുവരാനും സ്വയംഭരണ ആക്ടിനു രൂപംകൊടുക്കാനും സ്വയംഭരണ കോളജ് അപ്രൂവല്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

സ്വയംഭരണ കോളജുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതി ഭേദഗതികളോടെ അംഗീകരിച്ചു. കോളജ് യൂണിയന്‍ ചെയര്‍മാനെ ഓട്ടണമസ് കോളജ് ഗവേണിംഗ് കൗണ്‍സിലിലും സെക്രട്ടറിയെ അക്കഡേമിക് കൗണ്‍സിലിലും ഉള്‍പ്പെടുത്തുമെന്നതാണ് ഒരു പ്രധാന തീരുമാനം. അധ്യാപനം, മൂല്യനിര്‍ണയം, പരീക്ഷാ നടത്തിപ്പ് എന്നിവയെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ പരാതി പരിശോധനാ സമിതി രൂപവത്കരിക്കും. ഈ സമിതിയില്‍ പ്രിന്‍സിപ്പലും അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവരുടെ പ്രതിനിധികളുമുണ്ടാവും. സിലബസ് പരിഷ്കരണത്തിനുള്ള അപേക്ഷകളില്‍ സര്‍വകലാശാലകള്‍ക്കു തീരുമാനമെടുക്കാനുള്ള സമയപരിധി ഒരു മാസത്തില്‍നിന്ന് ആറു മാസമാക്കി ഉയര്‍ത്തി. സ്വയംഭരണ കോളജുകളില്‍ ജനാധിപത്യ അന്തരീക്ഷം ഉറപ്പാക്കാനാണീ ഭേദഗതികളെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നത്. സാമൂഹ്യ നീതിയും അക്കാഡമിക് മികവും ലക്ഷ്യമിടുന്നു. എന്നാല്‍, പുതിയ നിബന്ധനകളൊക്കെ ലക്ഷ്യപ്രാപ്തിക്ക് എത്രകണ്ടു പ്രയോജനപ്പെടുമെന്ന സംശയം ഉയരുന്നു.

സംസ്ഥാനനയത്തില്‍നിന്നു തികച്ചും വ്യത്യസ്തമാണു സ്വയം ഭരണ കോളജുകളെ സംബന്ധിച്ച ദേശീയ വിദ്യാഭ്യാസ നയം. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അഫീലിയേറ്റഡ് കോളജ് സമ്പ്രദായം അവസാനിപ്പിക്കണമെന്നാണു ഡോ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍റെ കരടില്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിലവിലുള്ള അഫീലിയേറ്റിംഗ് സര്‍വകലാശാലകളെ പൂര്‍ണമായും ഗവേഷണ, അധ്യാപന മേഖലയിലേക്കു മാറ്റാനും നിര്‍ദേശമുണ്ട്. സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത മുഴുവന്‍ കോളജുകളെയും 2032 നകം സ്വയംഭരണ കോളജുകളാക്കി മാറ്റണം. ഇങ്ങനെ മാറ്റാന്‍ സൗകര്യമില്ലാത്ത കോളജുകളെ പൊതു സേവന കേന്ദ്രങ്ങളാക്കണം. വയോജന വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, പൊതുവായനശാലകള്‍, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനകേന്ദ്രങ്ങള്‍ എന്നിങ്ങനെ അവയെ മാറ്റാം. കസ്തൂരിരംഗന്‍ കരടു റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ കേരളം എപ്രകാരമാണു സ്വീകരിക്കുക എന്നു കൗതുകപൂര്‍വം കാത്തിരിക്കാം. കസ്തൂരിരംഗന്‍ കരടു നിര്‍ദേശങ്ങളെക്കുറിച്ചു ജൂണ്‍ 30 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ അവസരമുണ്ട്.

നിലവില്‍ 19 സ്വയംഭരണ കോളജുകളാണു കേരളത്തിലുള്ളത്. അതില്‍ എറണാകുളം മഹാരാജാസ് കോളജ് ഒഴിച്ചുള്ളതെല്ലാം സ്വകാര്യമേഖലയിലാണ്. ഇതര സംസ്ഥാനങ്ങള്‍ കൂടുതല്‍ സ്വയംഭരണ കോളജുകള്‍ക്ക് അംഗീകാരം നല്‍കുമ്പോള്‍ കേരളത്തില്‍ ഇവയ്ക്കു മൂക്കുകയറിടാനുള്ള സര്‍ക്കാരിന്‍റെ പിടിവാശി തുടരുകയാണ്. വിദ്യാഭ്യാസ മേഖലയില്‍ ഗുണമേന്മ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ പിടിവാശിയും പ്രത്യയശാസ്ത്ര നിര്‍ബന്ധബുദ്ധിയും മാറ്റിവച്ചു കുട്ടികളുടെ അക്കാഡമിക് മികവിനും സമഗ്ര വളര്‍ച്ചയ്ക്കുമുതകുന്ന വിദ്യാഭ്യാസ സംസ്കാരം വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണു നടത്തേണ്ടത്.

പൊതുവിദ്യാഭ്യാസരംഗത്തു കേരളം എന്നുമൊരു പരീക്ഷണ ശാലയാണ്. ഭരണതലത്തിലും അക്കാഡമിക് തലത്തിലും വരുത്തുന്ന പരിഷ്കാരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും പ്രയോജനകരമാകണമെന്ന അടിസ്ഥാന തത്ത്വം അവഗണിച്ചുകൊണ്ടാണു പലപ്പോഴും അധികാരികള്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. മതിയായ ആലോചനയോ തയ്യാറെടുപ്പോ കൂടാതെ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നതു പൊതുവിദ്യാഭ്യാസത്തെ എത്ര മാത്രം മെച്ചപ്പെടുത്തും?

ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഏകീകരണത്തിലൂടെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പൊതുവിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം ഉയര്‍ത്തുക എന്നതാണു ലക്ഷ്യം. വിദ്യാഭ്യാസാവകാശ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനു പ്രൊഫ. എ.എ. ഖാദര്‍ അധ്യക്ഷനായി രൂപംകൊടുത്ത മൂന്നംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഏകീകരണം നടപ്പാക്കുന്നത്. സമിതിയുടെ ശിപാര്‍ശകള്‍ ഘട്ടം ഘട്ടമായി നടപ്പാക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടം 2019-20 അധ്യയനവര്‍ഷത്തില്‍ത്തന്നെ നടപ്പാക്കും. രണ്ടാം ഘട്ടം ഉടനുണ്ടാകും.

നിലവിലുള്ള മൂന്നു ഡയറക്ടറേറ്റുകള്‍ സംയോജിപ്പിച്ചാണു പുതിയ ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എഡ്യുക്കേഷന്‍ രൂപവത്കരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി (ഡിഎച്ച്എസ്ഇ), വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (ഡിവിഎച്ച് എസ്ഇ), പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡിപിഐ) എന്നിവയാണു സംയോജിപ്പിക്കപ്പെടുന്നത്.

ഡിപിഇപി നടപ്പാക്കിയപ്പോഴുണ്ടായ കോലാഹലം മറക്കാന്‍ സമയമായിട്ടില്ല. പൊതുവിദ്യാഭ്യാസത്തിലെ വിപ്ലവകരമായ മാറ്റമെന്നൊക്കെ പറഞ്ഞു നടപ്പാക്കിയ ഡിപിഇപി ഇപ്പോള്‍ എവിടെയാണ്? പല പദ്ധതികളും ആശയപരമായി നല്ലതായിരിക്കും. പക്ഷേ അവ പ്രാവര്‍ത്തികമാക്കുമ്പോഴുള്ള ഗുണഫലത്തിനാണു കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്.

ഹയര്‍ സെക്കന്‍ഡറി ഏകീകരണ തീരുമാനം പുനഃപരിശോധിക്കണമെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വെറും ഘടനാപരമായ മാറ്റം മാത്രമാണിപ്പോള്‍ നടത്തുന്നതെന്നും അശാസ്ത്രീയവും വൈരുധ്യാത്മകവുമായ നിഗമനങ്ങളും നിര്‍ദേശങ്ങളുമാണു റിപ്പോര്‍ട്ടിലുള്ളതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ മാത്രമേ ഇപ്പോഴത്തെ മാറ്റങ്ങള്‍ ഉപകരിക്കൂ എന്നാണു കമ്മീഷന്‍റെ വിലയിരുത്തല്‍.

രാജ്യത്തെ വിദ്യാഭ്യാസരംഗത്തു വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ആധാരമായതു കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ടായിരുന്നു. വളരെ ആഴത്തില്‍ പഠനവും ചര്‍ച്ചകളും നടത്തിയ ശേഷമാണു കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിഷ്കാരങ്ങള്‍ കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അട്ടിമറിക്കുമെന്നു ഭീതിയുണ്ട്. അധ്യാപകരുടെ സേവന-വേതന വ്യവസ്ഥകളുള്‍പ്പെടെ പല കാര്യങ്ങളിലും അവ്യക്തത നിലനില്‍ക്കുന്നു.

സംയോജനത്തിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസം തകര്‍ക്കുന്നതാണീ പരിഷ്കാരങ്ങള്‍ എന്നാണ് അവരുടെ ആരോപണം. ചില അധ്യാപക സംഘടനകളും സംയോജനത്തെ എതിര്‍ത്തു രംഗത്തെത്തി. അവരുടെ ആശങ്കകളും പരിഗണിക്കേണ്ടതാണ്.

സെക്കന്‍ഡറി – ഹയര്‍ സെക്കന്‍ഡറി ഏകോപനം ലക്ഷ്യമാക്കിക്കൊണ്ടു ഖാദര്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കിയാല്‍ ഇപ്പോള്‍ നല്ല രീതിയില്‍ നടന്നുവരുന്ന പൊതുവിദ്യാഭ്യാസ മേഖല തകരുമെന്നു നായര്‍ സര്‍വീസ് സൊസൈറ്റി മുന്നറിയിപ്പു നല്‍കിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തിന്‍റെ മറപിടിച്ച് കേരള സര്‍ക്കാര്‍ ഏകപക്ഷീയമായാണീ പരിഷ്കരണം നടപ്പാക്കുന്നതെന്നും എന്‍എസ്എസ് ചൂണ്ടി ക്കാട്ടി.

10+2+3 വിദ്യാഭ്യാസഘടന പൊളിച്ചെഴുതുമ്പോള്‍ അതു തികച്ചും അവധാനതയോടെയാകണം. ദീര്‍ഘകാലമായി വിജയകരമായി നിലവിലിരിക്കുന്ന ഒരു സമ്പ്രദായത്തില്‍ മാറ്റം വരുത്തുന്നത് അതീവ ശ്രദ്ധയോടെ വേണമല്ലോ. ആ ശ്രദ്ധയുടെ കുറവ് ഇവിടെ വളരെയുള്ളതായി പല മേഖലകളിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതു മനസിലാക്കി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിനു കഴിയണം. പരിഷ്കാരത്തിനു സര്‍ക്കാരിനെ ഉപദേശിക്കുന്നവരുടെ ലക്ഷ്യം തിരിച്ചറിയണം. എല്ലാവര്‍ക്കും തൃപ്തികരമായ തീരുമാനമെടുക്കാന്‍ സാധിക്കില്ലായിരിക്കാം. പക്ഷേ, എല്ലാവര്‍ക്കും യുക്തിസഹമായി മനസിലാക്കാന്‍ കഴിയുന്ന വിധത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ചുമതല സര്‍ക്കാരിനുണ്ട്.

സംയോജനം വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം തകര്‍ക്കുമെന്നു കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് മുന്നറിയിപ്പു നല്‍കുന്നു. കേന്ദ്രീകരണമല്ല, വികേന്ദ്രീകരണമാണു ഗുണമേന്മയ്ക്ക് ആവശ്യകം എന്ന തിരിച്ചറിവിന്‍റെ കാലഘട്ടത്തില്‍ വ്യത്യസ്ത പ്രായപരിധിയിലുള്ള വിദ്യാര്‍ഥികളെ ഒരു യൂണിറ്റായി കണക്കാക്കുന്നതിലെ അനൗചിത്യവും ഗില്‍ഡ് ചൂണ്ടിക്കാട്ടുന്നു.

കുട്ടികളുടെ സമഗ്രവളര്‍ച്ചയ്ക്കുള്ള ഒരുക്കമാണു പ്രാഥമിക, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി മേഖലകളിലെ വിദ്യാഭ്യാസം. അവരെ ആധുനികലോകത്തിന്‍റെ ആവശ്യങ്ങള്‍ക്കനുസൃതമായി ഒരുക്കാനും ഈ വിദ്യാഭ്യാസത്തിലൂടെ കഴിയണം. വൊക്കേഷണല്‍ പഠനമേഖലയില്‍ പ്രത്യേകമായ മാനദണ്ഡങ്ങള്‍ ആവശ്യമായി വരും. വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസൃതമായ വിഷയങ്ങള്‍ പഠിക്കുന്നതിന് അവസരമൊരുക്കുന്ന ഹയര്‍ സെക്കന്‍ഡറി മേഖല സവിശേഷ ശ്രദ്ധ വേണ്ട മേഖലയാണ്. ഏകീകരണത്തെത്തുടര്‍ന്നു വരാന്‍ സാധ്യതയുള്ള പാഠ്യപദ്ധതി ലഘൂകരണം ദേശീയ മത്സരപ്പരീക്ഷകളില്‍ നമ്മുടെ കുട്ടികള്‍ പിന്നോക്കം പോകാന്‍ കാരണമാകുമെന്ന ആശങ്ക വിദ്യാഭ്യാസ വിദഗ്ധര്‍ക്കുണ്ട്. സാങ്കേതിക വിദ്യാഭ്യാസരംഗത്തും ചില പരിഷ്കാരങ്ങള്‍ നടപ്പാക്കുകയാണ്. കേരള സാങ്കേതിക സര്‍വകലാശാലയുടെ എന്‍ജിനിയറിംഗ് പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിനുംവേണ്ട കുറഞ്ഞ മാര്‍ക്ക് 45-ല്‍ നിന്ന് 40 ആക്കി കുറച്ചു. ഇന്‍റേണലിനു മിനിമം മാര്‍ക്ക് എന്ന നിബന്ധനയും ഒഴിവാക്കി. ഐഐസിടിഇയുടെ മാനദണ്ഡപ്രകാരമാണീ മാറ്റമെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നത്. കേരളത്തില്‍ നിരവധി എന്‍ജിനീയറിംഗ് കോളജുകളില്‍ സീറ്റ് ഒഴിഞ്ഞുകിടക്കുന്നത് ഒഴിവാക്കാന്‍ ഇതു സഹായകമായേക്കും. പക്ഷേ, പഠന നിലവാരത്തിന്‍റെ കാര്യം? വിദ്യാഭ്യാസം വിജ്ഞാനസമ്പാദനത്തിനും തൊഴില്‍ ലഭ്യതയ്ക്കും വ്യക്തിത്വ വികസനത്തിനും ഉതകുന്നില്ലെങ്കില്‍ എന്തു പ്രയോജനം?

(ദീപിക അസോസിയേറ്റ് എഡിറ്ററും കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാനുമാണ് ലേഖകന്‍)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org