വിദ്യാഭ്യാസത്തിലെ വിദ്യയും, അറിവിലെ നെറിവും

വിദ്യാഭ്യാസത്തിലെ വിദ്യയും, അറിവിലെ നെറിവും

ഫാ. ബെന്നി പാലാട്ടി

പഠനകളരിയുടെ നേര്‍ചിത്രം
പുതിയൊരു അധ്യയനവര്‍ഷം ആരംഭിക്കുകയായി. പുതിയ പുസ്തകങ്ങളും ബാഗും പുത്തന്‍കൂട്ടുകാരുമായി കുട്ടികളുടെ ഒരു പുതിയ ലോകവും ഇതോടൊപ്പം തുടങ്ങുന്നു. അവധിക്കാലത്തെ കുസൃതിയും ഓട്ടവും ചാട്ടവും, കൂട്ടുകൂടലും ബന്ധു വീട് സന്ദര്‍ശനവുമെല്ലാം അവസാനിച്ചു. ഇനി പഠനതിരക്കിലേക്കുള്ള ഓട്ടമാണ്.

മാതാപിതാക്കള്‍ക്കും, തിരക്കിന്‍റെ കാലഘട്ടം ആരംഭിക്കുകയായി. ജീവന്‍റെ മൂല്യവും നന്മകളും സന്തോഷവും അനുഭവിക്കുന്ന കാലങ്ങള്‍ കടന്ന്, കുട്ടികള്‍ ഗൗരവമേറിയ 'വിലയിടുന്ന, മാര്‍ക്ക് കണക്ക് കൂട്ടുന്ന' വ്യവസ്ഥയിലേക്ക് പ്രവേശിക്കുന്നു. സന്തോഷത്തിന്‍റെയും നന്മ അനുഭവങ്ങളുടെയും മേഖലകളില്‍നിന്ന്, വ്യവസ്ഥാപിത ക്രമീകരണങ്ങളിലേക്ക് ഓരോ കുട്ടിയും പറിച്ചു നടപ്പെടുന്ന കാലഘട്ടം. കുഞ്ഞുങ്ങള്‍ സ്കൂളില്‍ പോയി മറയുന്നു (Children are mostly lost at school).

കുട്ടികളുടെ കുസൃതിയും സംശയങ്ങളും പിന്തുടര്‍ച്ചയും പ്രോത്സാഹനവുമില്ലാതെ, വ്യക്തിപരമായി ശ്രദ്ധ കിട്ടാതെ തകര്‍ന്നടിയുന്നു. സ്കൂള്‍ ടൈംടേബിള്‍, പരിപാടികള്‍, കോച്ചിങ്, ട്യൂഷന്‍ തിരക്കില്‍ കുട്ടി ഇല്ലാതാകുന്നു. ബാല്യകാലം ഒളിച്ചുവയ്ക്കപ്പെടുന്ന കാലമായി മാറുന്നു. കുട്ടികളുടെ കൊച്ചു കൊച്ചു കൗതുകങ്ങളും, ചോദ്യങ്ങളും അനാഥമായി മാറുന്നു. ഹോം വര്‍ക്കും, സ്കൂള്‍ തിരക്കുകളുമായി കുട്ടികള്‍ താദാത്മ്യപ്പെടുന്നു. കുട്ടികള്‍ തിരക്കിലാകുകയും കുഞ്ഞു കുഞ്ഞു കുസൃതികള്‍ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. കുട്ടികളെ സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ തിരക്കില്‍ കുടിയിരുത്തുന്നു; കുട്ടികളവിടെ പ്രതിഷ്ഠിക്കപ്പെടുന്നു. സുരക്ഷാ കാരണങ്ങളും, വലിയ ഭാവിക്കായുള്ള കണക്ക് കൂട്ടലും, ഫുള്‍ എ പ്ലസ് എന്ന ഇമ്മിണി വല്യ സ്വപ്നവും ഒത്തിരി വലിയ ഗൗരവങ്ങളിലേക്ക് ഈ ചെറുപ്പത്തിലേ കുട്ടികളെ തള്ളിവിടുന്നു. പുസ്തകങ്ങളുടെയും പ്രതീക്ഷകളുടെയും ഭാരവും പേറി തളര്‍ന്ന് കുട്ടികള്‍ വീട്ടിലേക്ക് എത്തുന്നത് ഗൗരവത്തോടെ ശ്രദ്ധിക്കാന്‍ പോലും ആളില്ല.

കുട്ടിക്കാലം മനസ്സിലാക്കുന്നതിലും അതിനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിലും ആഗോളതലത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. മരിയ മോണ്ടെസോറി പറയുന്നു, 'കുട്ടികളുടെ സന്തോഷമാണ് വിദ്യാഭ്യാസത്തിന്‍റെ ശരിയെ നിജപ്പെടുത്തേണ്ട അളവ് കോല്‍' എന്ന്. കുഞ്ഞിനെ അവന്‍റെ കണ്ണിലൂടെ നോക്കേണ്ടതാണ്. കുഞ്ഞിന്‍റെ പ്രപഞ്ചം, കഴിവുകള്‍, വ്യക്തിത്വം ഇവയെല്ലാം മനസ്സിലാക്കി അവരെ വളരാന്‍ അനുവദിക്കണം. ഇതൊന്നും പരിഗണിക്കാതെ, ഏറ്റവും അച്ചടക്കവും ഉന്നത വിജയവുമുള്ള സ്കൂളിലേക്ക് വിടുന്നതിലാണ് എല്ലാവരും താല്പര്യമെടുക്കുന്നത്.

കുട്ടികളെ വളര്‍ത്തുമ്പോള്‍ പാലിക്കേണ്ട മര്യാദകളും, ശീലിക്കേണ്ട മൂല്യങ്ങളും തത്ത്വങ്ങളും ഓര്‍ക്കാന്‍ വരെ മാതാപിതാക്കള്‍ക്ക് സമയമില്ല. മുതിര്‍ന്നവരെല്ലാം തിരക്കിലാണ്. കുട്ടികളുടെ സമഗ്ര വളര്‍ച്ചയ്ക്ക് താങ്ങാകാന്‍ മുതിര്‍ന്നവര്‍ക്ക് സാധിക്കുന്നില്ല. 'ശരിയായി വിദ്യാഭ്യാസം നേടി, വിദ്യാഭ്യാസം നല്‍കുന്ന മനസ്സ് ഏറ്റവുമധികം ഇടപെടേണ്ടത് ഉത്തരങ്ങളേക്കാള്‍ ചോദ്യങ്ങളോടാണ്' എന്ന് സാഹിത്യം, സാമൂഹ്യപ്രവര്‍ത്തനം, അധ്യാപനം എന്നീ രംഗങ്ങളില്‍ കഴിവു തെളിയിച്ച ഹെലന്‍ കെല്ലര്‍ പറയുന്നു.

മുതിര്‍ന്നവര്‍ നല്‍കേണ്ട കരുതല്‍
കുഞ്ഞുങ്ങളെ ഭാരമായി ചിലരെങ്കിലും കാണുന്നുണ്ടോ എന്ന സംശയവും പലപ്പോഴും കടന്നുവരുന്നു. കുഞ്ഞിനോടൊപ്പമുള്ള അനുഭവങ്ങള്‍ മുതിര്‍ന്നവര്‍ക്ക് അപരിചിതമായി മാറുന്നു. കുട്ടികളുടെ ചിന്താഗതികള്‍, അവര്‍ ഇടപെടുന്ന രീതികള്‍, കുട്ടികളുടെ താല്പര്യങ്ങള്‍, അവര്‍ ഇഷ്ടപ്പെടുന്ന മേഖലകള്‍ തുടങ്ങിയവ മുതിര്‍ന്നവര്‍ക്ക് അനുഭവവേദ്യമാവാതെ പോകുന്നു. 'അപരനു വേണ്ടി ജീവന്‍ ബലി കഴിക്കേണ്ട സാഹചര്യങ്ങളിലൊന്നായി' മാതാപിതാക്കള്‍ ഇതിനെ പരിഗണിക്കുന്നുണ്ടോ എന്ന് സംശയമാണ്. കുഞ്ഞുങ്ങളില്‍ നടക്കുന്ന പ്രക്രിയകള്‍, ചിന്തകള്‍, അവരുടെ രീതികള്‍ എല്ലാം അത്ഭുതാവഹമാണെങ്കിലും ഈ അത്ഭുതത്തെ വേണ്ട രീതിയില്‍ മനസ്സിലാക്കാനും പ്രോത്സാഹിപ്പിക്കാനും മുതിര്‍ന്നവര്‍ക്ക് പറ്റുന്നില്ല. നിധി പോലെ ഇതിനെ പിന്തുടരാന്‍ പറ്റുന്നില്ല. കുഞ്ഞുങ്ങളുടെ ആകാംക്ഷകളും, സംശയങ്ങളും, താല്പര്യങ്ങളും അപ്രത്യക്ഷമാകുമ്പോള്‍, 'കുഞ്ഞേ നീ എവിടെ' എന്ന ചോദ്യവുമായി മുതിര്‍ന്നവര്‍ അന്വേഷിച്ചിറങ്ങേണ്ടതാണ്. പഠനത്തെക്കുറിച്ചും, മാര്‍ക്കിനെക്കുറിച്ചും മാതാപിതാക്കള്‍ ആകുലപ്പെടുമ്പോള്‍ കുഞ്ഞ് എന്ന അത്ഭുതത്തെ മറക്കുന്നു. ഏറ്റവും വലിയ പ്രശ്നമായി കാണേണ്ടത് പഠനത്തെയല്ല. മറിച്ച്, അനാവശ്യമായി പഠിച്ചു കൂട്ടുന്നതില്‍ നിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ചാണ്. ഇതിലൂടെ കുഞ്ഞിന്‍റെ ആകാംക്ഷയും താല്പര്യങ്ങളും നന്മയും സംരക്ഷിക്കപ്പെടണം. 'കട്ടിയായ പുകമഞ്ഞില്‍ അകപ്പെട്ടാലുണ്ടാകുന്ന അവ്യക്തത, ഭയം, നിസ്സാരത, അന്ധത, ഇരുട്ട് ഇവ നല്‍കുന്ന അസഹിഷ്ണുത എന്നിവയില്‍നിന്ന് വിദ്യയുടെ പ്രകാശം എന്നെ മോചിപ്പിച്ചു. എന്‍റെ ആത്മാവ് പ്രകാശത്തിനായി കേണു' – ഹെലന്‍ കെല്ലറുടെ വാക്കുകളാണിത്. ഈ അനുഭവം നമ്മുടെ കുട്ടികള്‍ക്ക് പ്രാപ്യമാകുമോ?

കുട്ടികള്‍ക്ക് വെറുതെയിരിക്കാനാവില്ല. അവര്‍ക്ക് പറ്റിയ സാഹചര്യങ്ങളും വേദികളും കിട്ടാതെ വരുമ്പോള്‍, എത്തിപ്പെടുന്ന മേഖലകളില്‍ അവര്‍ ഇടപെടുകയും സാഹസികത കാണിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യും. മിക്കവാറും ഇവയെല്ലാം മാതാപിതാക്കള്‍ക്ക് അപരിചിതമായ മേഖലകളായിരിക്കും. കുട്ടികളുടെ മൊബൈല്‍ സൗഹൃദങ്ങളും സോഷ്യല്‍ നെറ്റ്വര്‍ക്ക് ഉപയോഗങ്ങളും, ഈ തലത്തില്‍ നിന്ന് വേണം മനസ്സിലാക്കാന്‍. പഠനവും, പുസ്തകങ്ങളും സ്കൂള്‍ പെരുമാറ്റ ചട്ടങ്ങളും മാത്രമാണോ കുട്ടികളുടെ ജീവിതത്തിന്‍റെ വ്യാധികളും ആകുലതകളും എന്ന് ചിന്തിക്കേണ്ടതുണ്ട്. കുട്ടിയുടെ സാധാരണ സ്വഭാവങ്ങള്‍ (ആകാംക്ഷയും സ്വാഭാവിക പ്രതികരണങ്ങളും) പ്രകടിപ്പിക്കാനും, ആ മേഖലകളില്‍ അവര്‍ അനുഭവിക്കുന്ന വെല്ലുവിളികളെ നേരിടാനും മുന്നേറാനും അവരെ പ്രാപ്തരാക്കേണ്ടതുണ്ട്.

കുട്ടികളെ സംരക്ഷിക്കുന്ന യേശുവിന്‍റെ ഇടപെടലുകള്‍ ഇവിടെ ശ്രദ്ധേയമാണ്. കുട്ടികളുടെ ശൈലികള്‍, ചോദ്യങ്ങള്‍, ആകാംക്ഷകള്‍ എന്നിവ സംരക്ഷിക്കപ്പെടേണ്ടതും വളര്‍ത്തിയെടുക്കേണ്ടതുമായ ഗുണങ്ങളാണ്. മത്തായിയുടെ സുവിശേഷം, 19:14-ല്‍ യേശു കരുതലോടെ, കുട്ടികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നു. 'അവര്‍ എന്‍റെ അരികില്‍ വരട്ടെ, അവരെ തടയരുത്' എന്നാവശ്യപ്പെടുമ്പോള്‍ കുട്ടികളെ അവരുടെ സ്വാതന്ത്ര്യത്തില്‍ അംഗീകരിക്കാനുള്ള ആഹ്വാനമുണ്ട്. എഫേ. 6:4-ല്‍ കുട്ടികളെ അലോസരപ്പെടുത്തുന്ന ഇടപെടലുകളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ പഠിപ്പിക്കുമ്പോള്‍ കുട്ടികളുടെ സ്വാഭാവിക നന്മകളോടൊപ്പം യാത്ര ചെയ്യാനുള്ള പ്രേരണയാണ് നല്‍കപ്പെടുന്നത്. പുസ്തകവും, സ്കൂളിലെ പരിപാടികള്‍ക്കും അപ്പുറം ദൈവോന്മുഖ കാഴ്ചപ്പാടും, ധാര്‍മ്മിക മൂല്യങ്ങളും ശാരീരിക ക്ഷമതയും, സാമൂഹിക അവബോധവും വ്യക്തിത്വ വികസനം, പെരുമാറ്റം, കഴിവ് എന്നിവയുടെ പരിശീലനവും കുട്ടികള്‍ക്ക് അത്യാവശ്യം ലഭിക്കേണ്ടവയാണ്. 'സ്കൂളില്‍ മാത്രം വിദ്യ അഭ്യസിച്ചവന്‍ അജയ്യനാണ്' (A child educated only at school is an uneducated child) എന്നുള്ള ജോര്‍ജ് സാന്‍ഡിയെനയുടെ പ്രസിദ്ധമായ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്.

വര്‍ഷാരംഭത്തില്‍ തന്നെ കുട്ടികളെ മനസ്സിലാക്കാനും, അവരോടൊപ്പം യാത്ര ചെയ്യാനുമുള്ള തീരുമാനങ്ങള്‍ മാതാപിതാക്കള്‍ എടുക്കണം. കുട്ടികളെ മുഖ്യസ്ഥാനത്ത് പരിഗണിക്കുന്ന വിദ്യാഭ്യാസ രീതിയാണ് ഭാരതത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. പുസ്തകവും അതിലെ അറിവും അടിച്ചേല്‍പ്പിക്കുന്നതിനേക്കാള്‍ കുട്ടികളുടെ മനസ്സിലാക്കലുകളും അവരുടെ വ്യാഖ്യാനവും, കുട്ടികള്‍ വളരുന്ന സാഹചര്യങ്ങളുമായി ബന്ധിപ്പിച്ച് പഠിപ്പിക്കാനാകണം. പണം ചെലവഴിച്ച് നല്ല സ്കൂളും ട്യൂഷനും നല്‍കുന്നതില്‍ മാതാപിതാക്കളുടെ ഉത്തരവാദിത്വം തീരുന്നില്ല. കുട്ടികള്‍ ഇടപെടുന്ന മേഖലകളില്‍, അവരോടൊപ്പം സമയം ചെലവഴിക്കാനും, അവര്‍ക്ക് അവസരങ്ങള്‍ ഒരുക്കി കൊടുത്ത് വെല്ലുവിളികള്‍ നേരിടാന്‍ അവരെ സഹായിക്കാനും മാതാപിതാക്കള്‍ക്ക് കഴിയണം. ഇവയൊന്നും, കുട്ടികളെ വലിച്ചിഴച്ച് മുതിര്‍ന്നവരുടെ ചിന്താഗതിയിലേക്കും മൂല്യങ്ങളിലേക്കും ഉറപ്പിക്കാനാകരുത്. ഈ പ്രയാണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യം, 'ശ്രദ്ധയോടെ അനുസരിക്കാന്‍ കുട്ടികള്‍ വലിയ താല്പര്യം കാണിക്കാറില്ലെങ്കിലും മുതിര്‍ന്നവരെ അനുകരിക്കുന്നതില്‍ കുട്ടികള്‍ പരാജയപ്പെടാറില്ല' എന്നതാണ്. അതിനാല്‍ കുട്ടികളോടൊപ്പമായിരിക്കുമ്പോള്‍ അവരോട് പക്വതയോടെ ഇടപെടുവാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. കഴിവുകള്‍, മാര്‍ക്ക്, മത്സരങ്ങള്‍, എന്നിവയ്ക്കൊപ്പം കുട്ടിയെ മനസ്സിലാക്കുക എന്നത് വിദ്യാഭ്യാസത്തിന്‍റെ ഒഴിച്ചുകൂടാത്ത ലക്ഷ്യത്തില്‍പ്പെട്ടതാണ്. കുട്ടികളുടെ പ്രവര്‍ത്തനമേഖലകള്‍, പെരുമാറ്റം, ചിന്താഗതികള്‍, ആശയങ്ങള്‍ എന്നിവ മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം. ഇതിലൂടെ കുട്ടിയെ മനസ്സിലാക്കാനും വിലയിരുത്താനും സാധിക്കണം. വലിപ്പ-ചെറുപ്പം കണക്കുകൂട്ടുന്നതിനേക്കാള്‍ കുട്ടിയെ മനസ്സിലാക്കാനുള്ള ഇടപെടലാകണം ഇത്. കുട്ടികളുടെ കഴിവ്, മൂല്യങ്ങള്‍, പ്രതികരണ രീതികള്‍, ശ്രദ്ധകള്‍, പ്രാവീണ്യം, താല്പര്യങ്ങള്‍, സാധ്യതകള്‍ എന്നിങ്ങനെ വളരെ അധികം കാര്യങ്ങള്‍ കണ്ടെത്തുവാന്‍ ഇതിലൂടെ മാതാപിതാക്കള്‍ക്ക് കഴിയും.

പഠനം, വായന, മാര്‍ക്ക് എന്നിവയില്‍ വളരാനും ഫുള്‍ എ പ്ലസില്‍ എത്തിപ്പിടിക്കാനും, കൂടുതല്‍ സമയം പുസ്തകത്തോടൊപ്പം ചെലവഴിക്കുന്ന നിയമ വ്യവസ്ഥ വീടുകളില്‍ രൂപപ്പെടുത്താനും മാതാപിതാക്കള്‍ ശ്രദ്ധിക്കാറുണ്ട്. സുഭാഷിതങ്ങള്‍ 1:7, 9:10 ല്‍ പറയുന്നു, ദൈവഭയം ജ്ഞാനത്തിന്‍റെ ഉറവിടവും ആരംഭവും ആണെന്ന്. ഈ വചനത്തില്‍ ഉറച്ച് നിന്നുള്ള ജീവിതത്തില്‍ ജ്ഞാനസമ്പാദനവും അറിവിന്‍റെ ഉപയോഗവും, അവയ്ക്കായുള്ള ദര്‍ശനങ്ങളും ദിശയും വ്യക്തമാകും. ഇതോടൊപ്പം പഠനത്തിനുള്ള താല്പര്യം വര്‍ദ്ധിപ്പിക്കാന്‍ കുട്ടികള്‍ക്ക് നല്‍കേണ്ട അവസരങ്ങളും, അനുഭവങ്ങളും ചിന്തിക്കേണ്ടതാണ്. കുട്ടികള്‍ക്ക് പ്രചോദനം കൊടുക്കുന്നത് സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് മാത്രമാവരുത്. 'പറയുക ഞാന്‍ മറന്നു പോകും, കാണിക്കുക ഞാന്‍ ഓര്‍ക്കുമായിരിക്കും, പക്ഷേ എന്നെ ഉള്‍ക്കൊള്ളിക്കുക, ഞാന്‍ ശരിയായി മനസ്സിലാക്കും എന്ന ചൈനീസ്' പഴഞ്ചൊല്ല് നമ്മുടെ മുമ്പില്‍വയ്ക്കുന്ന വെല്ലുവിളിയെ കാര്യമായെടുക്കണം. പുസ്തകത്തിനും, സ്കൂള്‍ പരിപാടികള്‍ക്കുമപ്പുറം കുട്ടികള്‍ താല്പര്യത്തോടെ ഇടപെടുന്ന മേഖലകളില്‍ അവര്‍ക്കായി നല്ല അനുഭവങ്ങള്‍ ഒരുക്കാന്‍ മുതിര്‍ന്നവര്‍ ബദ്ധശ്രദ്ധ പുലര്‍ത്തണം. സാമൂഹിക പശ്ചാത്തലവും, ചുറ്റുപാടുകളും, കുടുംബവും ഇതിനുള്ള വളക്കൂറുള്ള ഇടങ്ങളാണ്.

കുട്ടികളെ എവിടേയ്ക്ക് നയിക്കണം?
വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യത്തെക്കുറിച്ചുള്ള വിചിന്തനങ്ങളും, ഓരോ വര്‍ഷവും ഓരോ വിദ്യാര്‍ത്ഥിക്കുമായി കൊടുക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങളും ഗൗരവത്തോടെ പരിശോധിക്കേണ്ടതാണ്. വ്യക്തിത്വ വികസനം, കഴിവുകള്‍ ആര്‍ജ്ജിക്കല്‍, നല്ല മാര്‍ക്ക് വാങ്ങുന്നത്, സാമൂഹിക അവബോധം വര്‍ദ്ധിപ്പിക്കാനായുള്ള പരിശീലനം, തുടങ്ങി പല കാര്യങ്ങളും ഇക്കൂട്ടത്തില്‍ പരിഗണിക്കേണ്ടതായുണ്ട്. ദീര്‍ഘകാലത്തേയ്ക്കുള്ള പ്രധാന ലക്ഷ്യത്തോടൊപ്പം സാധാരണ ജീവിതത്തില്‍ പ്രകടിപ്പിക്കേണ്ട സാമാന്യ മര്യാദകളും പെരുമാറ്റവും കുട്ടികളെ അഭ്യസിപ്പിക്കേണ്ടതാണ്. വിദ്യ അഭ്യസിക്കുന്നത് അറിവ്, മാര്‍ക്ക്, ജോലി, പണം എന്നിവയ്ക്ക് വേണ്ടി മാത്രമാണെന്ന ഒരു ധാരണ നമ്മുടെയിടയില്‍ ആരൂഢമായിരിക്കുന്നു. വ്യക്തിത്വ വികസനവും സംതൃപ്തിയും സമൂഹ നിര്‍മ്മിതിക്കായി നിര്‍വഹിക്കേണ്ട ഉത്തരവാദിത്വങ്ങളും വിസ്മരിക്കപ്പെടുന്നു. മഹാത്മാഗാന്ധി പറയുന്നു, 'നിന്നെത്തന്നെ കണ്ടെത്താനുള്ള ഏറ്റവും നല്ല വഴി, അപരനെ ശുശ്രൂഷിച്ച് നിന്നെത്തന്നെ പരാജയപ്പെടുത്തുന്നതാണ്.'

ഉന്നത സ്വപ്നങ്ങളും യാഥാര്‍ഥ്യത്തിലൂന്നിയ പെരുമാറ്റച്ചട്ടങ്ങളും ബോധ്യങ്ങളുള്ള മാതൃകയും കുട്ടികള്‍ക്ക് മുമ്പില്‍ ഉണ്ടായിരിക്കുന്നത് വലിയ പ്രയോജനം ചെയ്യും. ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പണിയുമ്പോള്‍ കമ്പോള നിയന്ത്രിതവും കാലിക വ്യവഹാരത്തില്‍ മാത്രം അത്യാവശ്യം തോന്നുന്നതുമായ ഏതാനും മേഖലകളിലേക്ക് തിരഞ്ഞെടുപ്പിനെ ചുരുക്കാതെ, കുട്ടികളുടെ സ്വതസിദ്ധമായ കഴിവുകളെ പരിപോഷിപ്പിക്കുന്ന മേഖലകള്‍ കൂടി കണ്ടെത്തേണ്ടതാണ്. ഇതിനായി, കുട്ടികള്‍ അവരവരുടെ സ്വതസിദ്ധമായ താല്‍പര്യങ്ങളില്‍ ക്രിയാത്മകമായി ജീവിക്കാനും പഠിക്കാനും ചിന്തിക്കാനും ഇടപെടാനും തുടങ്ങണം. ഇതിലൂടെ ആര്‍ജ്ജിക്കുന്ന അറിവും അനുഭവങ്ങളും ദിശാ ബോധവും ജീവിതലക്ഷ്യം കൈവരിക്കുന്നതിന് അവരെ ഏറെ സഹായിക്കും.

കുട്ടികളുടെ വളര്‍ച്ചയില്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട തത്ത്വം ഗാന്ധിജി എടുത്ത് പറയുന്നു. 'പണിയെടുക്കാതെ സമ്പത്ത് നേടരുത്, മനഃസാക്ഷിയില്ലാതെ സന്തോഷമനുഭവിക്കരുത്. മനുഷ്യത്വം മറന്ന സയന്‍സ്, സ്വഭാവവുമായി ബന്ധമില്ലാത്ത അറിവ്, മൂല്യങ്ങളില്ലാത്ത രാഷ്ട്രീയം, ധാര്‍മ്മികത നശിച്ച കച്ചവടം, ബലിയില്ലാത്ത ആരാധന' എന്നിവയെ മാറ്റി നിര്‍ത്തേണ്ടതുണ്ട്. ഡോക്ടര്‍, എഞ്ചിനീയര്‍ മുതലായ പദവികള്‍ ലക്ഷ്യം വച്ച് കൊണ്ടുള്ള മാതാപിതാക്കളുടെ നിര്‍ബന്ധങ്ങള്‍ മക്കളിലെ ദൈവ നിശ്ചയ ദിശ മാറ്റുന്നതിനും അവരുടെ പരിശ്രമങ്ങളില്‍ പരാജയങ്ങള്‍ കടന്നുവരുന്നതിനും ഇട വരുത്തുന്നുണ്ട്. കുട്ടികളുടെ ഭാവി 'തിരഞ്ഞെടുക്കാന്‍' ചില കോഴ്സുകളിലേക്ക് നിര്‍ബന്ധപൂര്‍വ്വം പറഞ്ഞു വിടുന്ന രീതി മാറണം. കുട്ടികളുടെ ചിന്താഗതിയും ക്രിയാത്മക ഇടപെടലുകളും വിലയിരുത്തി അവരുടെ സ്വഭാവത്തോടും താല്പര്യത്തോടും നീതി പുലര്‍ത്തുന്ന മേഖല ഉറപ്പിക്കണം. ഓരോ വ്യക്തിയുടെയും സംതൃപ്തിയും വ്യക്തി വികാസവും ഗൗരവശ്രദ്ധ പതിക്കേണ്ടതാണ്. ഇതിലൂടെ വ്യക്തികളെ സമൂഹം ബഹുമാനിക്കുന്ന രീതി കടന്നുവരും. ഓരോരുത്തരുടെയും സംതൃപ്തിയും നിയോഗവും സമൂഹത്തിനായി അവര്‍ ചെയ്യുന്ന സംഭാവനകളും ബഹുമാനിക്കപ്പെടുകയും ചെയ്യട്ടെ.

വ്യക്തിയുടെ വളര്‍ച്ചയെക്കുറിച്ച്ചിന്തിക്കുമ്പോള്‍ ഓരോ വ്യക്തിയും അവരവരുടെ കഴിവിലും അറിവിലും സാമൂഹിക സാഹചര്യത്തിലും ബോധ്യങ്ങളിലും വളര്‍ന്ന് പക്വതയില്‍ എത്തിച്ചേരേണ്ടതും, ജീവിത ലക്ഷ്യങ്ങളെക്കുറിച്ച് കരുതലുള്ള ആളുമായിരിക്കണം. ഒരാളും, മറ്റൊരാളാവില്ല. കുട്ടികള്‍ മാതാപിതാക്കളുടെ തനിപ്പകര്‍പ്പാകാനല്ല വളരേണ്ടത്. ഈശ്വരന്‍ ഓരോരുത്തര്‍ക്കും നല്‍കിയിട്ടുള്ളതും, നിശ്ചയിച്ചിട്ടുള്ളതുമായ മേഖലകളിലൂടെ വളര്‍ന്ന് ദൈവഹിതം പുറത്ത് കൊണ്ടു വരണം (റോമാ 12:2). ഈ ലക്ഷ്യങ്ങളില്‍ സാമൂഹ്യ വ്യവസ്ഥയും ബന്ധങ്ങളും ഗൗരവമായി പരിഗണിക്കപ്പെടണം. വിദ്യാഭ്യാസ പ്രിക്രിയയില്‍ ഇവയെ ഗൗരവമായി കണ്ടില്ലെങ്കില്‍ സമൂഹത്തിനു വലിയ വിപത്ത് സംഭവിക്കും. ഭാരതം വ്യത്യസത്കളുടെ നാടാണ്. ഈ വ്യത്യസ്തകളെ ആദരിക്കുന്ന രീതികള്‍ ഓരോ ക്ലാസ് മുറികളിലും പ്രതിഫലിക്കണം. പഠനരീതികളിലും വ്യാഖ്യാനങ്ങളിലും ഇത് അനുഭവവേദ്യമാക്കണം. മാതാപിതാക്കള്‍ ശ്രദ്ധയോടെ പറഞ്ഞു നല്‍കേണ്ടതും പരിചയപ്പെടുത്തേണ്ടതുമായ യാഥാര്‍ഥ്യമാണിത്. ഇതിനിടയില്‍ പരസ്പര ബഹുമാനവും, കൂട്ടുത്തരവാദിത്വവും വളര്‍ത്തേണ്ട ശീലങ്ങളും പഠിപ്പിക്കണം. യേശു പഠിപ്പിക്കുന്ന വചനം ഇവിടെ പ്രസക്തമാണ്. മത്തായി 7:12-ല്‍ പറയുന്നു, 'മറ്റുള്ളവര്‍ നിങ്ങള്‍ക്ക് ചെയ്തു തരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു വേണ്ടി ചെയ്യുവിന്‍. ഇതാണ് നിയമവും, പ്രവാചകന്മാരും.'

കുട്ടികള്‍ക്ക് പലവിധ വിദ്യാഭ്യാസ പരിശീലനങ്ങളും നല്‍കുന്നതില്‍ മാതാപിതാക്കള്‍ ബദ്ധശ്രദ്ധരാണ്. പക്ഷേ, സമൂഹത്തിലെയും, സമുദായത്തിലെയും സാംസ്കാരിക ചിന്തകളിലും പെരുമാറ്റത്തിലും കുട്ടികളെ കൂടി ഉള്‍ക്കൊള്ളിക്കാനുതകുന്ന പരിപാടികളില്‍ ശ്രദ്ധ കുറയുന്നു. കുട്ടികളുടെ ചിന്താഗതികള്‍, അവര്‍ക്ക് സ്വതന്ത്രമായി പെരുമാറാനുതകുന്ന വേദികള്‍, അവരോടൊപ്പം വ്യക്തിപരമായി സമയം ചെലവഴിക്കല്‍ എന്നിവ കൊടുക്കാതെ, കുറെ ശീലങ്ങള്‍ അടിച്ചേല്‍പ്പിച്ച് പിന്തുടര്‍ച്ചക്കാരെ ഉണ്ടാക്കാനായി വ്യഗ്രതപ്പെടുന്നു. ഈ ഓട്ടത്തില്‍ കുട്ടികളുടെ ചിന്തയും പഠനവും, അതിലൂടെ നടക്കേണ്ട വ്യക്തിത്വ വികസനവും അവഗണിക്കപ്പെടുന്നു. ഈ രീതിയില്‍ നോക്കുമ്പോള്‍, സാംസ്കാരിക-സാമുദായിക ശീലങ്ങള്‍ കുട്ടികള്‍ക്ക് മറഞ്ഞിരിക്കാനുള്ള പുകമറ മാത്രമാകുന്നു. ഈ അപകടം വലിയ ചതിയായി തലമുറകള്‍ക്കിടയിലുണ്ട്.

അറിവിലെ മുന്‍കരുതല്‍
അറിവ് നിഷ്പക്ഷമല്ല എന്നത് അറിവിനെ സമീപിക്കുമ്പോള്‍ മനസ്സിലുണ്ടാകേണ്ട മുന്‍കരുതലാണ്. പരിചയിച്ചിരിക്കേണ്ട അപകട ചുഴികളും, കെണികളും നിറഞ്ഞ വിദ്യാഭ്യാസ മേഖലയെ അത്ര നിസ്സാരമായി കാണരുത്. ജ്ഞാനസമ്പാദനത്തിനു കുട്ടികളെ അയയ്ക്കുമ്പോള്‍ അറിവിന്‍റെ നെറിവടങ്ങിയ പ്രമാണങ്ങള്‍ മനസ്സിലുണ്ടാവണം.

വിദ്യയോടുള്ള ബഹുമാനവും, അറിവിലുള്ള വളര്‍ച്ചയും ആണെന്നതിനു പുറമെ, വിവേകത്തോടെയുള്ള തിരഞ്ഞെടുപ്പും കൂടിയാണ് വിദ്യാഭ്യാസം. അധികാരമുപയോഗിച്ചും നിയന്ത്രിച്ചും പല രീതിയിലും സ്വാധീനങ്ങള്‍ ചെലുത്തിയും വിഭജിതവും, തെറ്റിദ്ധാരണാജനകവും, സാമൂഹിക സാഹോദര്യത്തെ വെല്ലുവിളിക്കുന്നതുമായ അറിവുകളെ പാഠപുസ്തകത്തില്‍ തിരുകിക്കയറ്റാന്‍ ഏറെ ശ്രമങ്ങള്‍ നടക്കുന്നു എന്നത് ആശങ്കാജനകമാണ്. ഇവയോടുള്ള പോരാട്ടം കൂടിയാണ് വിദ്യാഭ്യാസം. അവാസ്തവമായ കാര്യങ്ങളും ആരോ ഒക്കെ പറഞ്ഞുറപ്പിച്ചതും, കണക്ക് കൂട്ടി തയ്യാറാക്കിയതുമായ വിഷയങ്ങളും കെട്ടിച്ചമച്ച അറിവും കുട്ടികള്‍ക്ക് പഠിക്കേണ്ടി വരുന്നു. അറിവിനെ കൈകാര്യം ചെയ്യേണ്ട രീതിയോ വ്യക്തിത്വവികസനം ലക്ഷ്യം വച്ചു കൊണ്ടുള്ള അറിവോ, അപകടരഹിതമായ അറിവോ അല്ലയിത്. സ്കൂളിലൂടെ കടന്നുപോയി നല്ല മാര്‍ക്കും വാങ്ങി പുറത്തിറങ്ങുന്നതിനിടയില്‍ വ്യക്തിപരമായ ചിന്തകളും ഇടപെടലുകളും വിലയിരുത്തലുകളും നടന്നില്ല എങ്കില്‍ ഒരു കാര്യം ഉറപ്പിക്കാം – ഹൃദയവും, മനസ്സും, അറിവും ആരോ തട്ടിയെടുത്തിട്ടുണ്ട്. ക്ലാസ് മുറിയുടെ നാല് ചുവരുകള്‍ക്കിടയില്‍ അറിവ് ഒതുങ്ങിപ്പോയെന്ന് പറയാം. സ്കൂളില്‍ പോയി മാര്‍ക്കും വാങ്ങി പോരുന്നതിനിടയില്‍ 'ബുദ്ധിയും ബോധ്യവും' രീതികളും ചിന്താഗതിയും ഏതെങ്കിലും ആശയങ്ങള്‍ കവര്‍ന്നെടുക്കുന്ന രീതി വ്യാപകമാണ്. ഇവിടെ ജാഗ്രത അത്യന്താപേക്ഷിതമാണ്. വിദ്യയില്‍ സത്യവും നന്മയും, മനുഷ്യനും പ്രകൃതിയും ജയിക്കണം.

നികുതിപ്പണം കൈപ്പറ്റി പൗരന്മാരുടെ അവകാശങ്ങള്‍ നിറവേറ്റി നല്‍കേണ്ട ഭരണാധികാരികള്‍, രാഷ്ട്രീയ ലാഭങ്ങളും വ്യക്തികളുടെ ബിസിനസ്സ് വളര്‍ച്ചയും മുഖ്യ ലക്ഷ്യമായി കരുതുന്നു. പൗരന്മാരുടെ വിദ്യാഭ്യാസത്തിനും, വികസനത്തിനും നല്‍കേണ്ട ഗൗരവവും ശ്രദ്ധയും രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്നില്ല. രാജ്യത്തിന്‍റെ വളര്‍ച്ചയും പൗരന്മാരുടെ സാമൂഹ്യ സുരക്ഷയും മാനുഷിക വിഭവശേഷികളും ശ്രദ്ധിക്കാതെ, കക്ഷിരാഷ്ട്രീയത്തിലാണ് ഭരണകര്‍ത്താക്കള്‍ക്ക് താല്പര്യം.

രാഷ്ട്രീയം, സംസ്കാരം, പൊതുസമൂഹം എന്നിവയെക്കുറിച്ച് ശരിയായ കാഴ്ചപ്പാടുകള്‍ കുട്ടികളില്‍ രൂപീകരിക്കേണ്ടതുണ്ട്. രാഷ്ട്രീയ നടപടിക്രമങ്ങളും വ്യക്തി താല്പര്യങ്ങളും അധികാര മോഹവും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്കിടയില്‍ ചര്‍ച്ചയാവണം. വിദ്യാഭ്യാസ പ്രക്രിയയില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് രാഷ്ട്രീയക്കാരാണ്. ഈ ഇടപെടലിന്‍റെ സൂക്ഷ്മവശങ്ങളും അപ്രഖ്യാപിത ലക്ഷ്യങ്ങളും അപകടങ്ങളും, ദിശയും കുട്ടികളും പൊതുസമൂഹവും അറിഞ്ഞിരിക്കേണ്ടതാണ്.

(ഡല്‍ഹി ജാമിയ-മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസ വിഭാഗം ഗവേഷകനാണ് ലേഖകന്‍.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org