വിദ്യാര്‍ത്ഥികളിലെ വൈകാരിക പക്വതയുടെ അനിവാര്യത

വിദ്യാര്‍ത്ഥികളിലെ വൈകാരിക പക്വതയുടെ അനിവാര്യത


ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍

വിദ്യാഭ്യാസ ഗവേഷകന്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി.

പ്രവേശനോത്സവങ്ങളുടെ അകമ്പടിയില്ലാതെ പുതിയൊരു അക്കാദമിക വര്‍ഷം ആരംഭിക്കുകയാണ്. ഇക്കാലമത്രയും നാം കണ്ടു ശീലിച്ച, മഴ നനഞ്ഞെത്തുന്ന വിദ്യാര്‍ത്ഥി കൂട്ടത്തിന്‍റെ കാഴ്ച, പത്രത്താളുകളില്‍ കാണില്ല. ക്ലാസ്സ് മുറികളിലെ ആര്‍ത്തലച്ചു കരയുന്ന കുരുന്നുകള്‍ക്കും ജനലരികുകളില്‍ നിന്ന് വിങ്ങിപ്പൊട്ടുന്ന മാതൃത്വത്തിനും ആശ്വാസ വാക്കുകളുമായെത്തുന്ന അധ്യാപകവൃന്ദത്തിനും പകരം, ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ തിരക്കുപിടിച്ച ആസൂത്രണത്തിന് നമ്മുടെ വിദ്യാലയങ്ങള്‍ സാക്ഷ്യം വഹിക്കും. സൂം ആപ്പും വെബിനാറും ഗൂഗിള്‍ മീറ്റും മൂഡിലുമൊക്കെ അരങ്ങു തകര്‍ക്കാനിടയുള്ള വലിയ മാറ്റങ്ങളുടെ അധ്യയന വര്‍ഷത്തിന് തുടക്കം കുറിക്കുകയാണ്. കോവിഡെന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ബന്ധങ്ങളും ചിട്ടവട്ടങ്ങളുമൊക്കെ പുനര്‍ നിര്‍വചിക്കപ്പെടുകയാണ്. നേരത്തെ പഠനയിടങ്ങള്‍ മാത്രമായിരുന്ന കുടുംബങ്ങള്‍ ഈ അധ്യയനവര്‍ഷത്തില്‍ സ്വാഭാവികമായും പഠനകേന്ദ്രങ്ങള്‍ കൂടിയാകുമെന്ന് തീര്‍ച്ച.

ലോക്ക് ഡൗണിനെ തുടര്‍ന്ന്, ഒന്‍പതാം ക്ലാസ്സ് ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക പരീക്ഷകളുടെ അമിത ഭാരമില്ലാതെ തന്നെ സ്ഥാനക്കയറ്റം ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ലോക്ക് ഡൗണിനോട് ചേര്‍ന്ന് വേനലവധിയും പരിസമാപ്തിയിലെത്തിയതോടെ, വീടുവിട്ടു വെളിയിലിറങ്ങാത്തതിന്‍റെ ഒരു വീര്‍പ്പുമുട്ടല്‍ വിദ്യാര്‍ത്ഥിസമൂഹത്തിന്‍റെ ക്രിയാ ശേഷിയെ ബാധിക്കാനിടയുണ്ട്. ഈ സാഹചര്യത്തെ (നിഷ്ക്രിയാവസ്ഥ) തരണം ചെയ്യാനും, വിദ്യാര്‍ത്ഥി സമൂഹത്തെ സജീവമാക്കി നിലനിര്‍ത്തുന്നതിനും ഭൂരിഭാഗം സ്കുളുകളും, ക്രിയാത്മകവും ആരോഗ്യകരവുമായ വിവിധ ടാസ്കുകള്‍ അവര്‍ക്ക് കൊടുത്തിരുന്നുവെന്നത് പരമാര്‍ത്ഥമാണ്. വലിയൊരു വിഭാഗം സ്കൂളുകളും രണ്ടു വരയും നാലു വരയും എഴുതിപ്പിച്ചും പൊതുവിജ്ഞാനം വാ ട്ട്സ്ആപ്പിലൂടെ കൈമാറിയും അരങ്ങു തകര്‍ക്കുമ്പോള്‍, മറ്റൊരു വിഭാഗം സ്കൂളുകള്‍, ഓണ്‍ലൈന്‍ ക്ലാസ്സുകളും പരീക്ഷകളുമൊരുക്കി പൊതുരംഗത്തുണ്ട്. പൊതുപരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, എല്ലാ ദിവസവും നടക്കാനിരിക്കുന്ന പരീക്ഷകളുടെ ഒരു മണിക്കൂര്‍ ചോദ്യപേപ്പര്‍ വാട്ട്സ്ആപ്പിലൂടെ നല്‍കി, വിദ്യാര്‍ത്ഥികള്‍ വീട്ടിലിരുന്നു തന്നെ പരീക്ഷയെഴുതി, അവര്‍ തന്നെ മൂല്യനിര്‍ണ്ണയം നടത്തി, നിശ്ചിത സമയത്തിനകം തങ്ങളുടെ മാര്‍ക്ക് അധ്യാപകര്‍ക്ക് വാട്ട്സ് ആപ്പിലൂടെ തന്നെ അയച്ചുകൊടുക്കുന്ന രീതി ഭൂരിഭാഗം വിദ്യാലയങ്ങളും പരീക്ഷിച്ചിരുന്നു.

ഇന്‍റര്‍നെറ്റിന്‍റെയും സാമൂഹ്യ മാധ്യമങ്ങളുടേയും അനന്ത സാധ്യതകളുപയോഗിച്ച് പഠനം കൂടുതല്‍ എളുപ്പമാക്കാനും അതുവഴി വലിയ ബൗദ്ധിക നേട്ടങ്ങള്‍, കുതിരവേഗത്തില്‍ തന്നെ കൈവരിക്കാനുമുള്ള ഇരുകൂട്ടരുടേയും (അധ്യാപകരും രക്ഷിതാക്കളും) ശ്രമങ്ങളെ പ്രശംസിക്കാതെ വയ്യ. ഹൈടെക് അധ്യാപകരും മാതൃകാ വിദ്യാലയങ്ങളും സാങ്കേതിക വിദ്യകള്‍ അനായാസം കൈകാര്യം ചെയ്യുന്ന വിദ്യാര്‍ത്ഥി തലമുറയും ഈ പതിറ്റാണ്ടിന്‍റെ അനിവാര്യത കൂടിയാണെന്ന കാര്യത്തില്‍ തര്‍ക്ക-വിതര്‍ക്കങ്ങളുമില്ല. എന്നാല്‍ അതിന്‍റെ പ്രായോഗികതയും സംവേദനക്ഷമതയും ഉറപ്പുവരുത്താനുള്ള ബാധ്യതയും ഇരുകൂട്ടര്‍ക്കുമുണ്ട്. ഈ സാധ്യതകള്‍ക്കൊപ്പം തന്നെ നമ്മുടെ ചിന്തയ്ക്കു വിധേയമാകേണ്ടതാണ് വിദ്യാര്‍ത്ഥികളുടെ മാനസിക നിലവാരവും വൈകാരിക പക്വതയും. അവയ്ക്കു സാമാന്യ പ്രാധാന്യം നല്‍കാതെ അക്കാദമിക കാര്യങ്ങള്‍ക്കു മാത്രം ഈ കോവിഡു കാലത്ത് നാം പ്രാമുഖ്യം കൊടുത്താല്‍ അതിന്‍റെ അനുരണനങ്ങള്‍, കോവിഡ് ഭീതിയൊഴിഞ്ഞാലും പൊതു സമൂഹത്തില്‍ നിലനില്‍ക്കും.

പ്രശസ്ത ചിന്തകനും മനഃശാസ്ത്രഞ്ജനുമായ ബെഞ്ചമിന്‍ ബ്ലൂം പറഞ്ഞു വച്ച ബൗദ്ധിക മേഖലയില്‍ മാത്രമായി, നാം ബദ്ധശ്രദ്ധരാകുന്നത്, വലിയ കുഴപ്പത്തിലേയ്ക്കാണ് നമ്മുടെ പുതുതലമുറയെ കൊണ്ടുചെന്നെത്തിക്കുന്നത്. അതായത് മക്കളുടെ ബൗദ്ധിക നിലവാരത്തിന്, വലിയ പ്രാമുഖ്യം നല്‍കുന്ന മാതാപിതാക്കളും അധ്യാപക സമൂഹവും, അത്ര തന്നെ ശ്രദ്ധ കൊടുക്കാത്ത വൈകാരിക വികാസത്തിന്‍റെ പരിമിതി, വിദ്യാര്‍ത്ഥികളില്‍ തീര്‍ക്കുന്ന പ്രക്ഷുബ്ധമായ അന്തരീക്ഷം ഈയിടെ, സാക്ഷര കേരളത്തിലും ആപല്‍ക്കരമായ ഒരു സാഹചര്യം ഉണ്ടാക്കുന്നുണ്ടെന്നത് പറയാതെ വയ്യ. ഈ ലോക്ക്ഡൗണ്‍ കാലത്ത്, സ്വന്തം സഹപാഠിയെ സാമൂഹ്യ മാധ്യമത്തിലെ കേവലമൊരു കളിയാക്കലിന്‍റെ പേരില്‍ മാത്രം, കൂടെയുള്ള അയാളുടെ രണ്ടു സുഹൃത്തുക്കള്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി, കല്ലെറിഞ്ഞും മഴുകൊണ്ട് വെട്ടിയും കൊലപ്പെടുത്തിയിരിക്കുന്നുവെന്നത് ഉള്‍ക്കൊള്ളാന്‍ പോലും നമുക്കായിട്ടില്ല. ഇതോടൊപ്പം തന്നെ ചേര്‍ത്തു വായിക്കേണ്ടതാണ്, ലോക്ക് ഡൗണില്‍ ബൈക്കുമായി പുറത്തിറങ്ങിയ 22 കാരന്‍, പോലീസ്, ബൈക്ക് പിടിച്ചു വെച്ചതിനെ തുടര്‍ന്ന്, റോഡില്‍ വെച്ചു തന്നെ സ്വയം പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തി, മരണത്തെ പുല്‍കിയത്. അപ്പോള്‍ എന്താണ് നമ്മുടെ കുട്ടികള്‍ക്കും പുതുതലമുറയ്ക്കും സംഭവിക്കുന്നത്? മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ അവരെ മാനസികമായും വൈകാരികമായും വളര്‍ച്ചയിലേയ്ക്കും പക്വതയിലേയ്ക്കും എത്തിക്കാന്‍ എന്തുകൊണ്ട് നമുക്ക് സാധിക്കുന്നില്ല? അല്ലെങ്കില്‍ ക്ഷമിക്കാനും പരസ്പരം വിട്ടുവീഴ്ച ചെയ്യാനും സഹകരണ മനോഭാവത്തോടെയും ത്യാഗ മനോഭാവത്തോടെയും പരസ്പ്പരം മനസ്സിലാക്കാനും ഒപ്പം സ്നേഹിക്കുവാനും നൈമിഷികമായ വികാര വിക്ഷോഭങ്ങളെ നിയന്ത്രിക്കുവാനും നമ്മുടെ കുട്ടികളെ നാം എന്തുകൊണ്ട് പരിശീലിപ്പിക്കുന്നില്ല?

ചുരുക്കിപ്പറഞ്ഞാല്‍, രാഷ്ട്ര പിതാവായ ഗാന്ധിജി, വിദ്യാഭ്യാസ പ്രക്രിയ സംബന്ധിച്ച് പൊതു സമൂഹത്തിനു മുന്‍പില്‍ വെച്ച, വിദ്യാര്‍ത്ഥിയുടെ സമഗ്ര വികസനമെന്ന ആശയത്തിലേക്ക് നമ്മള്‍, ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നു വ്യക്തം. അതായത് കുട്ടിയുടെ വൈകാരിക മണ്ഡലത്തിനും പ്രാമുഖ്യം നല്‍കി, അവരില്‍ അടിസ്ഥാനപരമായി തന്നെ സമഗ്രവികസനം ഉറപ്പ് വരുത്തേണ്ടതുണ്ട്. അവരില്‍ നാം കുത്തി നിറക്കുന്ന ബൗദ്ധികപരമായ വളര്‍ച്ചക്കൊപ്പം തന്നെ, അവരുടെ വൈകാരിക വികാസം നാം ലക്ഷ്യം വെയ്ക്കണം. അങ്ങനെയുള്ള ഒരു തലമുറയിലൂടെ മാത്രമേ, നാടിന്‍റെ സാമൂഹ്യപരമായ ഒരു വികസനം, നമുക്ക് അവകാശപ്പെടാനാകൂ.

അപ്പോള്‍ നാം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇപ്പോള്‍ വേണ്ടത്, ഉയര്‍ന്ന ചിന്താശേഷിയും നന്മയിലേയ്ക്കുള്ള ഉറച്ച കാല്‍വെയ്പ്പുകളുമാണ്. മികച്ച ആശയവിനിമയ ശേഷിയിലൂടെയും സംവേദനക്ഷമതയിലൂടെയുമാണ് അത്തരമൊരു നേട്ടം നമുക്ക് കൈവരിക്കാനാവുക. അതിന് വിദ്യാര്‍ത്ഥി സമൂഹത്തെ പ്രാപ്തരാക്കുകയെന്നത് കൂടി, മാതാപിതാക്കളുടേയും അധ്യാപകരുടേയും ദൗത്യമാണ്.

1. ആശയ വിനിമയ ശേഷി വര്‍ദ്ധിപ്പിക്കുക
കാര്യങ്ങളെ മനസ്സിലാക്കാനുള്ള പക്വതയിലെത്തിച്ചേരുക പരന്ന വായനയിലൂടെയും ആളുകളുമായുള്ള സംസര്‍ഗത്തിലൂടെയുമാണ്. വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും അതിനാല്‍ തന്നെ വലിയ പ്രസക്തിയുമുണ്ട്. പുതിയ വാക്കുകളും പ്രയോഗങ്ങളും പഠിക്കാനും ആശയങ്ങളെ മികവുറ്റ രീതിയില്‍ കൈമാറ്റം ചെയ്യാനും ഈ കാലത്ത് അവരെ പ്രാപ്തരാക്കാനുള്ള ശ്രമങ്ങളുണ്ടാകണം. വീടുകളിലുള്ള സമയം കുടുംബാംഗങ്ങള്‍ തമ്മില്‍ സൃഷ്ടിപരമായ സംവാദങ്ങള്‍ നടത്തി നമ്മുടെ കുടുംബസദസ്സുകളെ സമ്പുഷ്ടമാക്കാം.

2. കുടുംബങ്ങള്‍ പരിശീലനക്കളരികള്‍
നല്ല തലമുറയെ വാര്‍ത്തെടുക്കുന്നതിലെ പ്രാഥമിക പരിശീലനക്കളരികള്‍ കുടുംബങ്ങള്‍ തന്നെയാണ്. കുട്ടിത്തത്തില്‍ രൂപപ്പെടുന്ന ചിന്തകളും പ്രവര്‍ത്തനങ്ങളും തന്നെയാണ് അവരുടെ അടിത്തറ. തുല്യതയുടെയും സമത്വത്തിന്‍റെയും പാഠങ്ങള്‍ അവര്‍ പഠിക്കേണ്ടത് കുടുംബങ്ങളില്‍ നിന്നു തന്നെയാണ്. പുരുഷനും സ്ത്രീയും പരമ്പരാഗതമായി കുടുംബങ്ങളില്‍ പിന്തുടരുന്ന ജോലികള്‍, പരസ്പരം പങ്കുവെച്ച്, തൊഴിലിന്‍റെ മാഹാത്മ്യം അവരെ പഠിപ്പിക്കുകയെന്നതും മുതിര്‍ന്നവരുടെ ഉത്തരവാദിത്വമാണ്. കൃഷിയും പരമ്പരാഗത ശൈലികളും മുതിര്‍ന്നവരുടേത് മാത്രമാകാതെ, ഇളംതലമുറയിലേയ്ക്കും അത് വ്യാപിപ്പിക്കാന്‍ നിതാന്ത ശ്രമങ്ങളുണ്ടാകണം. തൊടിയിലെ തോട്ടം പരിപാലിച്ചും, അടുക്കളത്തോട്ടമൊരുക്കിയും പ്രകൃതിയോട് ഉള്‍ച്ചേരാന്‍ നമുക്കവരെ പരിശീലിപ്പിക്കാം…

3. ലൈംഗികവിദ്യാഭ്യാസത്തിന്‍റെ അനിവാര്യത
സ്ത്രീകള്‍ക്കും പ്രത്യേകിച്ചു കുട്ടികള്‍ക്കും നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ നിര്‍ബാധം തുടരുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയിലേയ്ക്ക് നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുന്നുവെന്നത് ഇന്നിന്‍റെ നടുക്കുന്ന യാഥാര്‍ത്ഥ്യമാണ്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോക്സോ കേസുകളുടെ എണ്ണത്തേക്കാള്‍ എത്രയോ മടങ്ങധികമാണ്, നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നവ. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടേയും ബാലാവകാശ കമ്മീഷന്‍റേയും കണക്കുകള്‍ പ്രകാരം, പരാതികളില്‍ വലിയ പക്ഷത്തിലും പ്രതികള്‍ കുടുംബാംഗങ്ങളാണെന്നത്, നമ്മുടെ സാംസ്കാരികാധഃപതനത്തിന്‍റെ നേര്‍ക്കാഴ്ച്ച കൂടിയാണ്.

വിദ്യാലയ കാലയളവ്, 'വ്യക്തികളെ പരസ്പരം അടുത്തറിയാനും മനസ്സിലാക്കാനുമുള്ള കാലയളവ്' കൂടിയാണെന്നും നമ്മുടെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിന്‍റെ ആ കാലയളവില്‍ ഒരു വ്യക്തിയുടെ സ്വാതന്ത്രത്തെക്കുറിച്ചും അയാളുടെ പ്രാഥമികവും മൗലികവുമായ അവകാശങ്ങളെ കുറിച്ചും അവരെ പഠിപ്പിക്കുകയും വേണം. ആര്‍ത്തവത്തെക്കുറിച്ചും ആ സമയങ്ങളില്‍ അവരനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെ കുറിച്ചും പഠിപ്പിക്കുമ്പോള്‍, ഒരു സംശയവും വേണ്ട; ആണ്‍കുട്ടികളില്‍ രൂപപ്പെടുക സഹാനുഭൂതിയും പരസ്പര ആശ്രയ ബോധവും തന്നെയാണ്. ഗര്‍ഭകാലത്തെക്കുറിച്ചും ഭാര്യാഭര്‍തൃബന്ധങ്ങളുടെ നന്മയെക്കുറിച്ചും കുടുംബമെന്ന സങ്കല്‍പ്പത്തെക്കുറിച്ചും അറിയാനുള്ള സാധ്യത കൂടി നമ്മുടെ കലാലയ ക്ലാസ്സ് മുറികളിലുണ്ടാകണം. ബീജവും അണ്ഡവും സംയോജിച്ച്, ഭ്രൂണമുണ്ടാകുന്നുവെന്ന ജൈവശാസ്ത്രപരമായ പഠനങ്ങള്‍ക്കൊപ്പം, സന്‍മാര്‍ഗ്ഗ ചിന്തയോടെയുള്ള ലൈംഗിക വിദ്യാഭ്യാസവും നമ്മുടെ ക്ലാസ്സ് മുറികളിലുണ്ടാകണം.

4. സാമൂഹ്യ ബോധത്തിന്‍റെ പ്രസക്തി
മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണെന്ന, ചിന്ത അവര്‍ പഠിക്കേണ്ടയിടങ്ങള്‍ കൂടിയാണ് കുടുംബങ്ങളും വിദ്യാലയങ്ങളും. അണുകുടുംബങ്ങളുടെ അതിപ്രസരം, അതിനു വിലങ്ങുതടിയാകുന്നുണ്ടെങ്കിലും പൊതുവില്‍ വിദ്യാലയങ്ങള്‍ മാതൃകാപരം തന്നെയാണ്. ആ സാമൂഹ്യ ചിന്ത അരക്കെട്ടുറപ്പിക്കാനുള്ള സാഹചര്യം, കുടുംബങ്ങളിലുറപ്പു വരുത്തേണ്ടതുണ്ട്. വിഭവങ്ങള്‍ പങ്കു വെയ്ക്കാന്‍ ഉള്ള പരിശീലനം, ലഭ്യമാകേണ്ടയിടങ്ങള്‍ അവരവരുടെ കുടുംബങ്ങള്‍ തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരു പരിധി വരെ, ഈ ലോക്ക്ഡൗണ്‍, മാതൃകാപരമായ ചില നല്ല ശീലങ്ങള്‍, നമ്മുടെ കുടുംബങ്ങളില്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതു തുടരാനും പ്രാവര്‍ത്തികമാക്കാനുമുള്ള ബോധ്യം നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കു പകരേണ്ടതും ഇന്നിന്‍റെ അനിവാര്യത തന്നെ.

5. വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം
കോവിഡാനന്തര കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം, വളരെ ഗൗരവതരമായി തന്നെ കണക്കിലെടുക്കേണ്ടതാണ്. പഠനാന്തരീക്ഷത്തില്‍ നിന്നും പഠന പ്രക്രിയയില്‍ നിന്നും, മൂന്നു നാലു മാസമെങ്കിലും പൂര്‍ണ്ണമായി മാറി നിന്ന വിദ്യാര്‍ത്ഥികളാണ്, സ്വാഭാവികമായി പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ വിദ്യാലയങ്ങളിലേയ്ക്കും കലാലയങ്ങളിലേയ്ക്കുമെത്തുന്നത്. മാത്രവുമല്ല; വിദ്യാലയങ്ങളില്‍ വാര്‍ഷിക പരീക്ഷകളുടെ പഠനഭാരം അല്പ്പംപോലും പേറാതെയാണ്, അവര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നതും. അതായത് പഠനവുമായും പരീക്ഷയുമായും ബന്ധപ്പെട്ട് യാതൊരുവിധ സമ്മര്‍ദ്ദവുമില്ലാതിരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് അവര്‍ കഴിഞ്ഞ കുറച്ചുകാലം സഞ്ചരിച്ചിരുന്നതെന്ന് വ്യക്തം.

പുതിയ അധ്യയന വര്‍ഷത്തിലേയ്ക്കു പ്രവേശിക്കുമ്പോള്‍, അതുവരെ ഭൂരിഭാഗം സമയവും വിനോദോപാധികളില്‍ മുഴുകിയിരുന്ന അവര്‍ കടന്നുവരുന്നത്, അധ്യയന വര്‍ഷത്തിന്‍റെ പഠനത്തിന്‍റേയും ഹോംവര്‍ക്കുകളുടേയും സെമസ്റ്റര്‍ പരീക്ഷകളുടെയും സമ്മര്‍ദ്ദങ്ങളിലേയ്ക്കാണ്. ഇതോടൊപ്പം തന്നെ പരിഗണിക്കപ്പെടേണ്ടതാണ്, പാടത്തും ഗ്രൗണ്ടിലും കളിക്കാനാകാതെ കഴിഞ്ഞ കുറെ ആഴ്ചകള്‍ ലോക്ക്ഡൗണ്‍ മൂലം വീട്ടുതടങ്കലിലാക്കപ്പെട്ടതിന്‍റെ അവരുടെ മാനസികസമ്മര്‍ദ്ദവും. മാതാപിതാക്കളുടെ തൊഴിലില്ലായ്മ, അവരുടെ വീടുകളില്‍ സൃഷ്ടിച്ച സാമ്പത്തിക അരക്ഷിതാവസ്ഥ കൂടി പരിഗണിച്ചാല്‍, ഗുരുതരമായ സ്ഥിതിവിശേഷവും നിലവിലുണ്ട്.

വേനലവധിയിലെ അധ്യാപക പരിശീലന പരിപാടി, നിര്‍ബന്ധമായും വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തിന് പ്രാമുഖ്യം കിട്ടത്തക്ക രീതിയില്‍ ക്രമീകരിക്കുകയും അധ്യാപകര്‍ക്ക് ഇക്കാര്യത്തില്‍ പരിശീലനം ലഭ്യമാക്കുകയും വേണം. അക്കാദമിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തിലെങ്കിലും, ബ്ലോക്ക് റിസോ ഴ്സ് സെന്‍ററുകള്‍ കേന്ദ്രീകരിച്ച്, പരിശീലനം ലഭിച്ച മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനം, ആഴ്ചയിലൊരിക്കല്‍ ഒരു സ്കൂളിനു കിട്ടത്തക്ക രീതിയില്‍ ക്രമീകരിക്കണം. കോളേജുകളിലെ കൗണ്‍സലിംഗ് സെന്‍ററുകള്‍ കേന്ദ്രീകരിച്ച്, വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിങ്ങിനുള്ള സൗകര്യമൊരുക്കുകയും എന്‍.എസ്. എസ്.-എന്‍.സി.സി. വാളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ അത്തരക്കാരെ കണ്ടെത്തി, കൗണ്‍സലിംഗിനു വിധേയരാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും വേണം.

6. ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ അപര്യാപ്തത:
ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ ബഹളത്തിനിടയില്‍ നാം കാണാതെ പോകുന്ന നിരവധി യാഥാര്‍ത്ഥ്യങ്ങളുണ്ട്. സ്വന്തമായി സ്മാര്‍ട് ഫോണും കംപ്യൂട്ടറും ഇന്‍റര്‍നെറ്റ് ലഭ്യതയും ഇല്ലാത്ത എത്രയോ വിദ്യാര്‍ത്ഥികള്‍ നമ്മുടെ ചുറ്റിലുമുണ്ട്. വിദ്യാലയങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പരിശോധിച്ചാല്‍, ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ ഓരോ വിദ്യാലയത്തിലുമുണ്ടെന്നു മനസ്സിലാക്കാം. സ്മാര്‍ട്ട്ഫോണ്‍ കുടുംബാംഗത്തിനുണ്ടെങ്കില്‍ തന്നെ, അതിലെ ഹൈസ്പീഡ് ഇന്‍റര്‍നെറ്റിന്‍റെ ലഭ്യത ഒരവശ്യ ഘടകമാണ്. ഒരധ്യാപകന്‍ എടുക്കുന്ന ഒരു മണിക്കൂര്‍ ക്ലാസ്, ലൈവ് വീഡിയോ വഴി കാണണമെങ്കില്‍, ഏറ്റവും ചുരുങ്ങിയ പക്ഷം 1 ഏആ യിലധികം ഡാറ്റ ഉപ യോഗിക്കേണ്ടതുണ്ട്. ജിയോഫി ക്കേഷന്‍ തീര്‍ത്ത നിലവിലെ സാ ഹചര്യത്തില്‍, മിക്കവരുടെയും മൊബൈല്‍ ഡാറ്റാ കണക്ഷനില്‍ സാധാരണയായി ഒരു ദിവസം ഉപയോഗിക്കാന്‍ കഴിയുന്നത് 1 GB മുതല്‍ 1.5 GB വരെയുള്ള ഡാറ്റയാണ്. അക്കാരണം കൊണ്ടു തന്നെ, ഒരു ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ ലൈവ് വീഡിയോ ക്ലാസുകളില്‍ അവര്‍ക്ക് പങ്കെടുക്കാനാകില്ലെന്നതാണ് പ്രായോഗികമായ യാഥാര്‍ത്ഥ്യം.

അപ്പോള്‍, ചെയ്യാവുന്ന സാധ്യത, സൗജന്യമായി ലഭിക്കുന്ന ഗൂഗിള്‍ ക്ലാസ് റൂം പോലുള്ള സോഫ്റ്റ്വെയറുകളും സൂം, ഗൂഗിള്‍ മീറ്റ് തുടങ്ങിയ ആപ്പുകളുപയോഗിച്ച് ഓണ്‍ലൈന്‍ പഠനാന്തരീക്ഷമൊരുക്കുകയെന്നതാണ്. ഇതോടൊപ്പം തന്നെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട സ്റ്റഡി മെറ്റീരിയലുകള്‍ വിതരണം ചെയ്യാനുള്ള സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്താവുന്നതാണ്. ആവശ്യമായ വീഡിയോ ക്ലാസുകള്‍ അവരവരുടെ മൊബൈലില്‍ തന്നെ റെക്കോഡ് ചെയ്ത്, അധ്യാപകര്‍ക്ക് യൂട്യൂബില്‍ അപ്ലോഡ് ചെയ്യാവുന്നതും. ഇവയുടെ ലിങ്ക്, അതാതു ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ വാട്സ്ആപ് ഗ്രൂപ്പ് വഴി അവര്‍ക്ക് നല്‍കാവുന്നതുമാണ്. ടെക്നോളജിയാണെങ്കില്‍ കൂടി, ഏവര്‍ക്കും അനായാസം ലഭ്യമാകുന്ന കാര്യങ്ങള്‍ ഉപയോഗിക്കുമ്പോഴാണ് അവയ്ക്ക് ജനകീയത അവകാശപ്പെടാനാകുക.

പുതിയതും വേറിട്ടതുമായ അധ്യയന വര്‍ഷാരംഭത്തിന്‍റെ ആശംസകള്‍…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org