വിജനമൂകം നിത്യനഗരം

വിജനമൂകം നിത്യനഗരം


ഫാ. വര്‍ഗ്ഗീസ് അമ്പലത്തിങ്കല്‍

റോം

അനിതര സാധാരണമായ ഒരു പെസഹാക്കാലമാണ് കടന്നുപോയത്. ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ യേശുവിന്‍റെ പീഡാസഹനങ്ങളെക്കുറിച്ച് ധ്യാനിച്ച് അവിടുത്തെ ഉത്ഥാനത്തിന്‍റെ ആനന്ദത്തില്‍ പങ്കുചേരുന്ന ഈ പുണ്യകാലത്തിലാണ് കോവിഡ് 19 എന്ന മഹാമാരി ലോകത്തെ മുഴുവന്‍ ഗ്രസിച്ചത്. നിരവധി ഭക്തകൃത്യങ്ങളിലൂടെ ആത്മനവീകരണത്തിനായി യത്നിക്കുന്ന വിശ്വാസികള്‍ക്ക് പെസഹാക്കാലത്ത് പോലും പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലയെന്നത് വളരെ സങ്കടകരമായ ഒരു കാര്യമായിരുന്നു. ആളൊഴിഞ്ഞ ദൈവാലയങ്ങളും, ദൈവജനത്തിന്‍റെ അസാന്നിദ്ധ്യത്തില്‍ ഇടവക ദൈവാലയങ്ങളില്‍ നടന്ന തിരുക്കര്‍മ്മങ്ങളും വേറിട്ട കാഴ്ചകളായിരുന്നു.

മുന്‍വര്‍ഷങ്ങളിലെ പെസഹക്കാലത്ത് ആയിരക്കണക്കിനു തീര്‍ത്ഥാടകരായ വിശ്വാസികളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു കത്തോലിക്കാ സഭയുടെ സിരാകേന്ദ്രമായ റോം. വിശുദ്ധ വാരത്തില്‍ പരിശുദ്ധ പിതാവ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന തിരുകര്‍മ്മങ്ങളില്‍ പങ്കുചേരുന്ന വിശ്വാസികളുടെ ബാഹുല്യംകൊണ്ട് ശ്രദ്ധിക്കപ്പെട്ട വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയും, ചത്വരവും മഹാമാരിയുടെ പശ്ചാത്തലതതില്‍ ശൂന്യമായി കിടന്നത് സഭാചരിത്രത്തിലെ തന്നെ അസാധാരണമായ ഒരു സംഭവമായിരുന്നു. വളരെ ആഘോഷപൂര്‍വ്വം നടത്തിയിരുന്ന വിശുദ്ധ വാരത്തിലെ തിരുക്കര്‍മ്മങ്ങള്‍ മഹാമാരി വിതച്ച ഭീതിയുടെ പ്രത്യേക സാഹചര്യത്തില്‍ വിശ്വാസികളെ അനുയാത്ര ചെയ്യാന്‍ വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദ്ദേശപ്രകാരം പുനഃക്രമീകരിച്ചപ്പോള്‍ അത് ലാളിത്യം കൊണ്ടും നിര്‍മ്മതത്വം കൊണ്ടും ശ്രദ്ധേയമായി. ആരാധനാക്രമത്തിലെ അടിസ്ഥാനപരമായ കാര്യങ്ങള്‍ക്ക് മാത്രം പ്രാമുഖ്യം നല്കിയ ഹ്രസ്വമായ തിരുക്കര്‍മ്മങ്ങളായിരുന്നു ഈ വര്‍ഷത്തേത്.

തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തിലെ താല്ക്കാലികമായ അള്‍ത്താരയിലും, ബസിലിക്കയ്ക്കകത്തുള്ള പേപ്പല്‍ അള്‍ത്താരയിലുമായി (The Papal Altar) നടത്തപ്പെട്ടിരുന്ന വിശുദ്ധ വാരത്തിലെ തിരുക്കര്‍മ്മങ്ങള്‍ ഇപ്രാവശ്യം ബസിലിക്കയിലെ അപ്പസ്തോലിക ഭദ്രാസനത്തിന്‍റെ അള്‍ത്താരയിലാണ് (Altar of Apostolic Cathedra) നടത്തപ്പെട്ടത്. പെസഹ വ്യാഴാഴ്ച നൂറുകണക്കിനു മെത്രാന്മാരുടെയും വൈദികരുടെയും സാന്നിദ്ധ്യത്തില്‍ നടത്തിയിരുന്ന വിശുദ്ധ തൈലാശീര്‍വ്വാദ കുര്‍ബാന (Chrism Mass) പന്തക്കുസ്താ തിരുനാളിനു മുമ്പോ അല്ലാത്തക്ഷം അടുത്ത വര്‍ഷത്തേയ്ക്കോ മാറ്റി വയ്ക്കേണ്ടി വന്നിരിക്കുകയാണ്. ദുഃഖവെള്ളിയാഴ്ച പരമ്പരാഗതമായി റോമിലെ പ്രസിദ്ധമായ കൊളോസിയത്തില്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ടിരുന്ന കുരിശിന്‍റെ വഴി വത്തിക്കാന്‍ ചത്വരത്തിലെ ബെലിസ്ക്കിനു ചുറ്റുമായി ഏതാനും പേരുടെ സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ടു. പതിവില്‍ നിന്നു വ്യത്യസ്തമായി റോമിലെ വിശുദ്ധ മര്‍സെല്ലൂസിന്‍റെ ദേവാലയത്തില്‍ നിന്നും കൊണ്ടുവന്ന പുരാതന അത്ഭുത ക്രൂശിതരൂപവും, വിശുദ്ധ മേരി മേജര്‍ ബസിലിക്കയില്‍ നിന്നു കൊണ്ടുവന്ന "റോമന്‍ ജനതയുടെ രക്ഷ" (Salus Populi Romani) എന്ന അഭിധാനത്തില്‍ വണങ്ങപ്പെടുന്ന പരിശുദ്ധ ദൈവമാതാവിന്‍റെ തിരുച്ചിത്രവും വിശുദ്ധവാരത്തിലെ തിരുക്കര്‍മ്മങ്ങളില്‍ അള്‍ത്താരവേദിയില്‍ പ്രത്യേകം പ്രതിഷ്ഠിച്ചിരുന്നു.

ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ ഈ പ്രത്യേക സാഹചര്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിദ്ധ്യവും വാക്കുകളും വിശ്വാസികള്‍ക്ക് വലിയ കരുത്ത് പകരുന്നതായിരുന്നു. അനുഷ്ഠാന പ്രധാനമായ മതാത്മകതയ്ക്കപ്പുറം യഥാര്‍ത്ഥ ആത്മീയതയിലേക്ക് വളരാന്‍ പ്രചോദിപ്പിക്കുന്നവയാണ് കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പാപ്പ നടത്തിയ വിചിന്തനങ്ങള്‍.

ചരിത്രത്തിലാദ്യമായി പത്രോസിന്‍റെ പിന്‍ഗാമി വിജനമായ വത്തിക്കാന്‍ ചത്വരത്തില്‍ പ്രാര്‍ത്ഥന നയിച്ചത് (മാര്‍ച്ച് 27-ാം തീയതി) ഹൃദയസ്പര്‍ശിയായിരുന്നു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മഴയില്‍ കുതിര്‍ന്ന അങ്കണത്തില്‍ സായാഹ്നപ്രാര്‍ത്ഥനയും, ദിവ്യകാരുണ്യാരാധനയും നയിച്ച് റോമാ നഗരത്തിനും ലോകത്തിനും ആശീര്‍വ്വാദം (Urbi et Orbi) നല്കിയ അവസരത്തില്‍ കൊറോണ വൈറസ് ഉളവാക്കിയിരിക്കുന്ന ഭീതിയിലകപ്പെട്ട നമ്മുടെ അവസ്ഥയെ പാപ്പാ കടല്‍ക്ഷോഭത്തില്‍ ആടിയുലഞ്ഞ വഞ്ചിയില്‍ ഭയവിഹ്വലരായ ശിഷ്യരുടേതിനോടാണ് (മര്‍ക്കോസ് 4:35-41) ഉപമിച്ചത്. നമ്മുടെ ചത്വരങ്ങളിലും വീഥികളിലും നഗരങ്ങളിലും കൂരിരുള്‍ വ്യാപിച്ചിരിക്കുകയും നമ്മുടെ ജീവിതം നിശബ്ദതയിലും ഒറ്റപ്പെടുത്തുന്ന ഒരു തരം ശൂന്യതയിലും ആണ്ടിരിക്കയും സകലവും സ്തംഭനാവസ്ഥയിലാകുകയും ചെയ്തിരിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും പറഞ്ഞ പാപ്പാ "നിങ്ങള്‍ ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്ക് വിശ്വാസമില്ലേ?" എന്ന് ഭീതിതരായിരുന്ന ശിഷ്യരോടു യേശു ചോദിച്ച ചോദ്യം ആവര്‍ത്തിച്ചു. ജീവിതത്തിലെ ഇത്തരം കൊടുങ്കാറ്റുകള്‍ നമ്മുടെ പദ്ധതികളും പരിപാടികളും പതിവുകളും മുന്‍ഗണനകളും കൊണ്ടു കെട്ടിപ്പൊക്കിയ കപടവും ഉപരിപ്ലവവുമായ സുരക്ഷിതത്വത്തെയും തുറന്നു കാട്ടുന്നുവെന്നും, നമ്മുടെ അഹംഭാവത്തെ മറച്ചിരുന്ന ആവരണം ഈ കൊടുങ്കാറ്റില്‍ തകരുകയാണെന്നും പാപ്പ പറഞ്ഞു. ഭയപ്പെടാതെ വിശ്വാസമുള്ളവരായിരിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞ പാപ്പാ കുരിശിനെ ആശ്ലേഷിക്കാന്‍ പ്രചോദനമേകി. കുരിശിനെ പുല്കുക എന്നതിന്‍റെ അര്‍ത്ഥം വര്‍ത്തമാനകാലത്തെ എല്ലാ ദുരിതങ്ങളെയും പുണരുവാനുള്ള ധൈര്യമുണ്ടാവുക എന്നതാണെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി. പ്രത്യാശയെ പുണരാന്‍ കര്‍ത്താവിനെ ആശ്ലേഷിക്കുക, ഇതാണ് നമ്മെ ഭയവിമുക്തരാക്കുകയും നമുക്ക് പ്രത്യാശ പ്രദാനം ചെയ്യുകയും ചെയ്യുന്ന വിശ്വാസത്തിന്‍റെ ശക്തിയെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ഏപ്രില്‍ മൂന്നാം തീയതി കോവിഡ് 19 ദുരന്ത പശ്ചാത്തലതതില്‍ പാപ്പായുടെ അസാധാരണ വിശുദ്ധ വാര വീഡിയോ സന്ദേശത്തില്‍ ഏറെ പ്രയാസങ്ങള്‍ നിറഞ്ഞതും ലോകത്തില്‍ നിരവധിയാളുകള്‍ പീഡകള്‍ അനുഭവിക്കുന്നതുമായ ഒരു വേളയിലാണ് നാമിപ്പോള്‍ എന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് നാം ഒറ്റപ്പെടുത്തപ്പെട്ടിരിക്കയാണെങ്കിലും സ്നേഹത്തിന്‍റെ സര്‍ഗ്ഗശക്തിയാല്‍ നമ്മുടെ ചിന്തയും മനസ്സുംകൊണ്ട് അകലങ്ങളിലേക്ക് സഞ്ചരിക്കാന്‍ സാധിക്കുമെന്ന് പാപ്പാ പറഞ്ഞു. നമ്മുടെ നഗരങ്ങളുടെ നിശബ്ദതയിലായിരിക്കും ഈ വര്‍ഷത്തെ പെസഹായുടെ സുവിശേഷം മുഴങ്ങുകയെന്നും, യേശുവില്‍ ജീവന്‍ മരണത്തെ ജയിച്ചു എന്ന പെസഹാ വിശ്വാസം നമ്മുടെ പ്രത്യാശയെ പോഷിപ്പിക്കുന്നുവെന്നും ഈ പ്രത്യാശ, നാം തിന്മയിലും ഈ മഹാമാരിയിലും നിന്നു മോചിതരായി നന്മയില്‍ വാഴുന്ന ശോഭനമായ ഒരു കാലത്തെക്കുറിച്ചുള്ളതാണെന്നും പാപ്പാ പറഞ്ഞു. വ്യാമോഹിപ്പിക്കാത്തതാണ് ഈ പ്രത്യാശ, ഇത് മിഥ്യയല്ല പ്രത്യാശയാണ്, പാപ്പ പ്രസ്താവിച്ചു. യാതനകളനുഭവിക്കുന്നവരോടും, കുഞ്ഞുങ്ങളോടും പ്രായാധിക്യത്തില്‍ എത്തിയവരോടും കരുതലും, വാത്സല്യവുമുള്ളവരായിരിക്കാന്‍ പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്യുകയും താന്‍ അവരുടെ ചാരെയുണ്ടെന്നും അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും ഉറപ്പു നല്കുകയും ചെയ്തു.

ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് മദ്ധ്യേ നടത്തിയ വചനസന്ദേശത്തില്‍ നാം ഇപ്പോള്‍ അനുഭവിക്കുന്ന ദുരന്തം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഗൗരവമുള്ളവയെ അപ്രകാരം കാണണമെന്നും അപ്രധാനമായവയില്‍ കുടുങ്ങിക്കിടക്കരുതെന്നുമാണെന്നും പരസേവനത്തിനായി വിനിയോഗിക്കാത്തപക്ഷം ജീവിതംകൊണ്ട് യാതൊരു ഉപകരാവുമില്ലെന്ന് വീണ്ടും കണ്ടെത്താമെന്നും പാപ്പ പറഞ്ഞു. കാരണം ജീവിതത്തിന്‍റെ അളവുകോല്‍ സ്നേഹമാണെന്നും, നമുക്കില്ലാത്തവയെക്കുറിച്ച് ആകുലപ്പെടാതെ എന്തു നന്മ അപരനു ചെയ്യാന്‍ സാധിക്കും എന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി. ഈ മഹാമാരിയുടെ ദുരന്തത്തില്‍ വേദനിക്കുന്ന സഹോദരങ്ങള്‍ക്ക് വേണ്ടി നിശബ്ദ സേവനം ചെയ്ത ഡോക്ടര്‍മാര്‍ നെഴ്സുമാര്‍ പരിചാരകര്‍ സന്നദ്ധ സേവകര്‍ എന്നിവരെ പാപ്പാ പ്രത്യേകമായി അനുസ്മരിച്ചു. സഹോദരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവന്‍ സമര്‍പ്പിച്ചവരാണവര്‍. അവരാണ് ഈ ദുരന്തത്തിലെ വിജയികളെന്ന് പാപ്പാ വിശേഷിപ്പിച്ചു. അതിനാല്‍ ദൈവസ്നേഹത്താല്‍ പ്രചോദിതരായി സഹോദരങ്ങള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കാന്‍ മടിക്കരുതെന്നും, ജീവന്‍ ദാനമാകുന്നത് അത് ജീവിതപരിസരങ്ങളില്‍ അപരനുവേണ്ടി സമര്‍പ്പിക്കുമ്പോഴാണെന്ന് പാപ്പാ അനുസ്മരിച്ചു.

പെസഹാ വ്യാഴാഴ്ച തിരുവത്താഴ ദിവ്യബലി മദ്ധ്യേ നടത്തിയ ഹ്രസ്വമായ സുവിശേഷ പ്രഭാഷണത്തില്‍ നമ്മെ സേവിക്കാനും നമ്മെ കഴുകാനും നമ്മെ വളര്‍ത്താനും നമുക്ക് മാപ്പേകാനും നാം കര്‍ത്താവിനെ അനുവദിച്ചില്ലെങ്കില്‍ ദൈവരാജ്യം അവകാശമാക്കാന്‍ സാധിക്കില്ല എന്നു പാപ്പാ വിശദീകരിച്ചു. നാം ശുദ്ധീകരിക്കപ്പെടേണ്ടവരാണ് എന്ന ബോധ്യത്തോടുകൂടി മാപ്പു നല്കുന്നവരാകണമെന്നു പാപ്പാ വൈദികരെ ഓര്‍മ്മിപ്പിച്ചു. നാമെല്ലാവരും വൈദികരും മെത്രാന്മാരും പാപ്പായും, പാപികളാണെന്നും പാപപ്പൊറുതി അപേക്ഷിക്കണമെന്നും പാപ്പാ പറഞ്ഞു. കോവിഡ് 19 ദുരന്തം ജീവനപഹരിച്ച അനേകം വൈദികരെ പാപ്പാ അനുസ്മരിച്ചു.

ദുഃഖശനിയാഴ്ച രാത്രിയിലെ പെസഹാ ജാഗരണ സന്ദേശത്തില്‍ പ്രാര്‍ത്ഥനയും സ്നേഹവും കൊണ്ട് പ്രത്യാശ വിടരാന്‍ സഹായിച്ച പുനരുത്ഥാന വിവരണത്തിലെ സ്ത്രീകളെപ്പോലെ (മത്തായി 28:1-10) ഇന്നത്തെ മഹാവ്യാധിയുടെ ദുരന്തത്തില്‍ എത്രയെത്ര പേര്‍ സ്നേഹ പ്രവര്‍ത്തികളിലൂടെയും പ്രാര്‍ത്ഥനയിലൂടെയും പ്രത്യാശയുടെ വിത്തുകള്‍ വിതയ്ക്കുന്നു എന്ന് മാര്‍പാപ്പ നിരീക്ഷിച്ചു. ഈ ദിനങ്ങളില്‍ "എല്ലാ ശരിയാകും" (Tutto andra' bene / All will be well) എന്ന് ആവേശപൂര്‍വ്വം പറയുന്ന നമ്മള്‍ ദിവസങ്ങള്‍ കഴിയുന്തോറും പ്രതീക്ഷ ഉപേക്ഷിക്കുന്നവരാകാം. എന്നാല്‍ ക്രിസ്തു നല്കുന്ന പ്രത്യാശ ദൈവത്തിന് എല്ലാം നന്മയ്ക്കായി മാറ്റാന്‍ കഴിയുമെന്ന ഉറപ്പ് ഹൃദയത്തില്‍ നിറയ്ക്കുന്നതാണ്. കാരണം അത് കല്ലറയില്‍ നിന്ന് പോലും ജീവന്‍ പുറപ്പെടുവിക്കുന്നു. വിശ്വസ്തനായ ദൈവം നമ്മെ തനിച്ചാക്കിയിട്ടില്ലെന്നും നമ്മുടെ സാഹചര്യങ്ങളിലും വേദനയിലും ആകുലതയിലും മരണത്തിലും യേശു പങ്കുചേര്‍ന്നെന്നും നമ്മുടെ പ്രത്യാശയുടെ മേല്‍വച്ച കല്ലുകള്‍ നീക്കാന്‍ യേശുവിനു കഴിയുമെന്നും പാപ്പാ പറഞ്ഞു. ഇരുളും മരണവുമല്ല അവസാനവാക്കെന്നും അതിനാല്‍ ധൈര്യമായിരിക്കുക എന്നതാണ് ഉയിര്‍പ്പിന്‍റെ പ്രത്യാശയുടെ പ്രഘോഷണമെന്നും പാപ്പാ പ്രസ്താവിച്ചു.

ഈസ്റ്റര്‍ ദിനത്തിലെ 'നഗരത്തിനും ലോകത്തിനും" (Urbi et Orbi) നല്കിയ സന്ദേശത്തില്‍ വേദനിക്കുന്ന മാനവികതയുടെ സൗഖ്യത്തിനായി ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിലേക്ക് ദൃഷ്ടികള്‍ പതിക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. പ്രത്യാശയായ ക്രിസ്തു ഉത്ഥാനം ചെയ്തു! ഇതു പ്രശ്ന പരിഹാരത്തിനുള്ള മന്ത്രോച്ചാരണമല്ല. മറിച്ച് ക്രിസ്തുവിന്‍റെ ഉയിര്‍പ്പ്, തിന്മയുടെ മേലുള്ള സ്നേഹത്തിന്‍റെ വിജയമാണ്. ഇത് വേദന ശമിപ്പിക്കുന്ന മാന്ത്രിക ശക്തിയുമല്ല. മറിച്ച് തിന്മയെ നന്മയാക്കി രൂപാന്തരപ്പെടുത്താനുള്ള ഉപാധിയാണ്. ദൈവികശക്തിയുടെ തനിമയാര്‍ന്ന അടയാളമാണ് ക്രിസ്തുവിന്‍റെ ഉത്ഥാനം. ഉത്ഥിതന്‍ മറ്റാരുമല്ല ക്രൂശിതനായ ക്രിസ്തുതന്നെയാണ്. മഹത്വമാര്‍ന്ന അവിടുത്തെ ശരീരത്തില്‍ മങ്ങാത്ത മുറിപ്പാടുകളുണ്ട്. അവ പ്രത്യാശയുടെ അടയാളങ്ങളാണ്. പാപ്പാ ഓര്‍മ്മപ്പെടുത്തി. നിസ്സംഗത, സ്വാര്‍ത്ഥത, വിഭാഗീയത, മറവി എന്നിവ ഇക്കാലയളവില്‍ ഒരിടത്തും കേള്‍ക്കേണ്ട വാക്കുകളല്ലയെന്നും, ഈ വാക്കുകള്‍ക്ക് മനുഷ്യന്‍ എന്നേയ്ക്കുമായി വിലക്കു കല്പിക്കേണ്ട കാലമായെന്നും പാപ്പാ പറഞ്ഞു. ദൈവത്തെ മറന്നു നാം മനസ്സിലും ഹൃദയത്തിലും യേശു ഇല്ലാതാകുമ്പോള്‍, ഭീതിയും മരണവും നമ്മെ കീഴ്പ്പെടുത്തുകയും, അവിടെ തിന്മ വാഴുകയും ചെയ്യുമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. മരണത്തെ ജയിച്ച്, നമുക്കായി നിത്യരക്ഷയുടെ വഴി തെളിച്ച ക്രിസ്തു വേദനിക്കുന്ന മാനവകുലത്തിന്‍റെ ആത്മീയാന്ധത അകറ്റി ദിവ്യപ്രകാശത്തിന്‍റെ മഹത്വപൂര്‍ണ്ണമായ ദിനത്തിലേയ്ക്ക്, അറുതിയില്ലാത്ത ദൈവിക നന്മയുടെ നാളുകളിലേയ്ക്ക് നമ്മെ നയിക്കുമാറാകട്ടെ എന്ന് പാപ്പാ ആശംസിച്ചു.

സഹോദരരെ വിശ്വാസത്തില്‍ ശക്തിപ്പെടുത്തുന്ന (ലൂക്കാ 22:32) പത്രോസിന്‍റെ പിന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രവാചകതുല്യമായ നേതൃത്വവും, വാക്കുകളും, പ്രവൃത്തികളും കേരള സഭയെ ഒരു പുനര്‍ വിചിന്തനത്തിലേയ്ക്ക് നയിക്കേണ്ടതാണ്. മതാത്മക ജീവിതത്തില്‍ കടന്നുകൂടിയിട്ടുള്ള പ്രദര്‍ശന പരതയും, ഉപരിപ്ലവതയും കാപട്യവും വെടിഞ്ഞ് യഥാര്‍ത്ഥ ആത്മീയ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ഒരു കൊറോണാനന്തര കേരള സഭയ്ക്കായി നമുക്ക് പരിശ്രമിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org