വിജാതീയരുടെ മണ്ഡപങ്ങളെ എന്തു ചെയ്തു?

വിജാതീയരുടെ മണ്ഡപങ്ങളെ എന്തു ചെയ്തു?


ഡോ. ടോം ഓലിക്കരോട്ട്

സുവിശേഷകന്മാര്‍ നാലുപേരും വിവരിക്കുന്ന ശ്രദ്ധേയമായ രംഗങ്ങളിലൊന്നാണ് യേശു ജറുസലേം ദേവാലയം ശുദ്ധീകരിക്കുന്ന സംഭവം (മത്താ. 21:12-13; മര്‍ക്കോ. 11:15-17; ലൂക്കാ 19:45-46; യോഹ. 2:13-22). ഒരേ ചരിത്ര സംഭവത്തെയാണ് ആഖ്യാനം ചെയ്യുന്നതെങ്കിലും സമാന്തര സുവിശേഷകന്മാരുടെ വിവരണത്തില്‍നിന്നും ശ്രദ്ധേയമായവിധം വ്യത്യസ്തമാണ് യോഹന്നാന്‍റെ സുവിശേഷത്തിലെ ദേവാലയ ശുദ്ധീകരണ വിവരണം. വിവരണത്തിന്‍റെ സൂക്ഷ്മത, ദൈര്‍ഘ്യം, പഴയ നിയമ ഉദ്ധരണി എന്നിവകൊണ്ട് യോഹന്നാന്‍റെ സുവിശേഷഭാഗം വ്യത്യസ്തമാണെങ്കിലും ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം ശുദ്ധീകരണ കര്‍മ്മത്തിന്‍റെ സമയക്രമത്തില്‍ (Chronological order) നാലാം സുവിശേഷകന്‍ വരുത്തിയ മാറ്റമാണ്. ബൈബിള്‍ വ്യാഖ്യാതാക്കള്‍ ഈ പ്രകടമായ വ്യത്യസ്തതകളെ നാലാം സുവിശേഷകന്‍റെ തികച്ചും വ്യത്യസ്തമായ ദൈവശാസ്ത്രദര്‍ശനത്തിന്‍റെ അടയാളങ്ങളായാണ് നിരീക്ഷിക്കുന്നത്. അതായത്, ജറുസലേം ദേവാലയം ശുദ്ധീകരിച്ച ചരിത്ര സംഭവത്തെ പുനരവതരിപ്പിക്കുന്നതില്‍ സമാന്തര സുവിശേഷകന്മാരില്‍ നിന്നും വ്യത്യസ്തമായ ഒരു ക്രിസ്തുവിജ്ഞാനീയം തന്‍റെ വായനക്കാരുമായി പങ്കുവയ്ക്കാന്‍ യോഹന്നാന്‍ ഉദ്ദേശിക്കുന്നു എന്നര്‍ത്ഥം. ബൈബിള്‍ വ്യാഖ്യാതാക്കളില്‍ ബഹുഭൂരിപക്ഷവും ദേവാലയം ശുദ്ധീകരിക്കുന്നതു പോലുള്ള പ്രവാചക തുല്യമായ പ്രവൃത്തി നടന്നിരിക്കാനുള്ള സാധ്യത കല്പിക്കുന്നത് പരസ്യജീവിതത്തിന്‍റെ ഒടുവില്‍ രാജകീയ ജറുസലേം പ്രവേശനത്തോട് അനുബന്ധിച്ചാണ്. അതായത്, യേശുവിന്‍റെ പുരസ്യജീവിതത്തിലെ ഏറ്റവും ഒടുവിലത്തേതും ശക്തവുമായ പ്രവൃത്തിയായിരുന്നു ദേവാലയ ശുദ്ധീകരണം. എന്നാല്‍ യോഹന്നാന്‍റെ സുവിശേഷ വിവരണമനുസരിച്ച് ലാസറിനെ ഉയിര്‍പ്പിക്കുന്നതാണ് യേശു പ്രവര്‍ത്തിക്കുന്ന ഒടുവിലത്തെ പരസ്യപ്രവൃത്തി. സുവിശേഷകന്മാരിലെ ദൈവശാ സ്ത്രജ്ഞന്‍ എന്നറിയപ്പെടുന്ന യോഹന്നാന്‍, തന്‍റെ തനതായ ക്രിസ്തു – വിജ്ഞാനീയം അവതരിപ്പിക്കുന്നതിനായി നടത്തിയ Theological transpostion-ന്‍റെ ഫലമായാണ് ദേവാലയ ശുദ്ധീകരണ രംഗം സുവിശേഷത്തിന്‍റെ ആരംഭത്തില്‍ കാണുന്നത് എന്നത് അംഗീകരിക്കപ്പെട്ട പണ്ഡിത മതമാണ്.

സമാന്തര സുവിശേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി യോഹന്നാന്‍ വിവക്ഷിക്കുന്ന ക്രിസ്തു വിജ്ഞാനീയ രഹസ്യത്തെക്കുറിച്ചുള്ള വിശകലനവും ആ വ്യാഖ്യാനത്തിന്‍റെ വര്‍ത്തമാനകാല സാധുതയുമാണ് ഈ ലേഖനത്തിന്‍റെ വിഷയം.

ദേവാലയ ശുദ്ധീകരണം: വിശകലനവും വ്യാഖ്യാനവും
ജറുസലേം ദേവാലയത്തില്‍ പെസഹാ തിരുനാളിനോടനുബന്ധിച്ചു യേശു നടത്തിയ പ്രവാചക തുല്യമായ പ്രവൃത്തി പൊതുവില്‍ 'ദേവാലയ ശുദ്ധീകരണം' എന്നാണ് അറിയപ്പെടുന്നത്. പ്രയോഗത്തിന്‍റെ സാധുതയെ ചോദ്യം ചെയ്യുന്ന വ്യാഖ്യാതാക്കളും ധാരാളമുണ്ട്. എന്നാല്‍ സുവിശേഷ ഭാഗങ്ങളില്‍ തന്നെയുള്ള യേശുവിന്‍റെ വാക്കുകളില്‍ 'ശുദ്ധീകരണം' എന്ന വാക്കിന്‍റെ സാധുതയ്ക്കുള്ള തെളിവുണ്ടെന്നുള്ളതാണ് വാസ്തവം. ദേവാലയത്തിലെ വില്പനക്കാരോടും നാണയം മാറ്റക്കാരോടുമായി യേശു പറയുന്നു, "എന്‍റെ പിതാവിന്‍റെ ഭവനം നിങ്ങള്‍ കച്ചവട സ്ഥലമാക്കരുത്" (യോഹ. 2:16). പിതാവിന്‍റെ ഭവനം മലിനമായത് കച്ചവട സ്ഥലമാക്കപ്പെട്ടതു വഴിയാണെങ്കില്‍, വ്യാപാരികളെ പുറത്താക്കുന്നത് നിശ്ചയമായും ശുദ്ധീകരണം തന്നെയാണെന്ന് ന്യായമായും അനുമാനിക്കാം.

രണ്ടാമതായി വ്യക്തത വരുത്തേണ്ട വിഷയമാണ് 'ദേവാലയം ശുദ്ധീകരിച്ചു' എന്നു പറയുന്നതിലെ 'ദേവാലയം' എന്ന വാക്കിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥവ്യാപ്തി. ജറുസലേം ദേവാലയം മുഴുവന്‍ വ്യാപാര സ്ഥലമാക്കിയിരുന്നു എന്നൊക്കെ സാധാരണ വായനക്കാര്‍ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. ഇസ്രായേല്‍ ചരിത്രത്തില്‍ മൂന്ന് ദേവാലയ നിര്‍മ്മാണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ആദ്യത്തേത് സോളമന്‍റെ ഭരണകാലത്തും (ബിസി 960 cf 1 രാജാ. 8:1 ff), രണ്ടാമത്തേത് ബിസി 520-515 കാലഘട്ടത്തില്‍ പേര്‍ഷ്യന്‍ ഗവര്‍ണ്ണറായിരുന്ന സെറുബാഴ്സലിന്‍റെ നേതൃത്വത്തിലും (എസ്രാ. 3:1-8, 4:1-14) ആണ് നടന്നത്. എന്നാല്‍ ബിസി 19-20 കാലഘട്ടം മുതല്‍ എഡി 63 വരെ ഹേറോദേസിന്‍റെ കാലത്ത് പുനരുദ്ധീകരണം നടത്തിയ ദേവാലയമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. യഹൂദ ചരിത്രകാരനായ ഫ്ളാവിയൂസ് ജോസഫൂസിന്‍റെ 'യഹൂദ പൗരാണികത' 'യഹൂദയുദ്ധം' എന്നീ ഗ്രന്ഥങ്ങളില്‍ ഹേറോദേസിന്‍റെ ദേവാലയ പുനര്‍ നിര്‍മ്മാണത്തെക്കുറിച്ചും ദേവാലയത്തിന്‍റെ ഘടനയെക്കുറിച്ചുമുള്ള വിവരണങ്ങളുണ്ട്. ഇതനുസരിച്ച് യേശുവിന്‍റെ കാലത്ത് ജറുസലേം ദേവാലയത്തിന് വിജാതീയരുടെ മണ്ഡപം, യഹൂദ പുരുഷന്മാരുടെ മണ്ഡപം, സ്ത്രീകളുടെ മണ്ഡപം, പുരോഹിതരുടെ മണ്ഡപം എന്നിങ്ങനെ നാല് ഭാഗങ്ങളും ഇവയില്‍നിന്ന് മാറി ശ്രീകോവില്‍ അഥവാ അതിവിശുദ്ധ സ്ഥലവും (കൊദേഷ് ഹ കൊ ദാഷിം എന്ന് ഹെബ്രായ ഭാഷയിലും 'നാവോസ്' എന്ന് ഗ്രീക്കിലും) സ്ഥിതി ചെയ്തിരുന്നു. ദേവാലയത്തിന്‍റെ നിര്‍മ്മിതിയെ, പൊതുവായി വിളിച്ചിരുന്ന ഗ്രീക്ക് പദമായിരുന്നു ഹിയറോണ്‍. ഇനി ശ്രദ്ധേയമായ കാര്യം, കച്ചവടവും നാണയമാറ്റവും നടന്നിരുന്നതും യേശു പ്രവേശിച്ചിരുന്നതുമായ ഭാഗത്തെ നാല് സുവിശേഷകന്മാരും വിളിക്കുന്നത് 'ഹയറോണ്‍' എന്ന പേരാണ്. ജോസഫ് ഫ്ളാവിയൂസ് ഉള്‍പ്പെടെയുള്ള യഹൂദ ചരിത്രകാരന്മാരും റുഡോള്‍ഫ് ബുള്‍ട്ട്മാന്‍, ഷ്നാക്കല്‍ബര്‍ഗ്, ബ്രൗണ്‍ തുടങ്ങിയ ബൈബിള്‍ വ്യാഖ്യാതാക്കളും 'ഹിയറോണ്‍' എന്ന പദം ദേവാലയ ശുദ്ധീകരണ ഭാഗത്ത് അര്‍ത്ഥമാക്കുന്നത് 'വിജാതീയരുടെ മണ്ഡപ'ത്തെയാണ് എന്ന് സമര്‍ത്ഥിക്കുന്നുണ്ട്. ചുരുക്കത്തില്‍, ദേവാലയ ശുദ്ധീകരണം എന്നു വിളിക്കുന്നുണ്ടെങ്കിലും, ജറുസലേം ദേവാലയത്തിന്‍റെ നാല് ഭാഗങ്ങളില്‍ ഏറ്റവും പുറമെയുള്ളതും വിശാലവുമായ വിജാതീയരുടെ മണ്ഡപത്തിലാണ് ബലിമൃഗങ്ങളുടെ വിപണനവും, നാണയ മാറ്റവും നടന്നിരുന്നത്. അങ്ങനെയെങ്കില്‍ വിജാതീയരുടെ മണ്ഡപമാണ് യേശു ശുദ്ധീകരിച്ചതും.

ജറുസലേം ദേവാലയത്തിലെ വിജാതീയരുടെ മണ്ഡപം ശുദ്ധീകരിച്ച് കച്ചവടപ്രവണതകള്‍ക്കെതിരെ ചാട്ടവാറെടുത്ത യേശുവിന്‍റെ പ്രവാചകതുല്യമായ പ്രവൃത്തിയെ സമാന്തര സുവിശേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സുവിശേഷത്തിന്‍റെ ആദ്യഭാഗത്ത് ഉള്‍പ്പെടുത്തുന്നതിലൂടെ നാലാം സുവിശേഷകന്‍ തന്‍റെ വായനക്കാര്‍ക്ക് വെളിപ്പെടുത്തുന്ന ക്രിസ്തുരഹസ്യം എന്തായിരിക്കും? വിജാതീയരുടെ മണ്ഡപത്തിന്‍റെ ഉദ്ദേശശുദ്ധിയെ അടിസ്ഥാനമാക്കി യേശുവിന്‍റെ പ്രവൃത്തിയുടെ ലക്ഷ്യം സകല മനുഷ്യരുടെയും രക്ഷകനാണ് താനെന്നും തന്‍റെ പിതാവ് എല്ലാവരെയും തന്നിലൂടെ ഒരുമിപ്പിക്കാന്‍ യഹൂദ-വിജാതീയരെന്നുള്ള വേര്‍തിരിവുകളില്ലാതെ ആഗ്രഹിക്കുന്നു എന്നുമുള്ള പ്രഘോഷണമാണെന്നാണ് യോഹന്നാന്‍ തന്‍റെ വായനക്കാരോട് പറയാനാഗ്രഹിക്കുന്നത്. അതായത് സാര്‍വ്വത്രിക രക്ഷ എന്ന ദൈവികപദ്ധതിയുടെ വെളിപ്പെടുത്തലാണ് വിജാതീയരുടെ മണ്ഡപം ശുദ്ധീകരിച്ച പ്രതീകാത്മക പ്രവര്‍ത്തി. സമാന്തര സുവിശേഷകന്മാര്‍ പ്രത്യേകിച്ച് വി. മര്‍ക്കോസ് രേഖപ്പെടുത്തിയ യേശുവിന്‍റെ വാക്കുകള്‍ ഈ വ്യാഖ്യാനത്തെ കുറേക്കൂടി സാധൂകരിക്കുന്നുണ്ട്. "എന്‍റെ ഭവനം സകല ജനതകള്‍ക്കുമുള്ള പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും, നിങ്ങളോ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയാക്കിയിരിക്കുന്നു." ഇവിടെ യേശു യഥാക്രമം ഏശയ്യ 56:7, ജറമിയ 7:11 വാക്യങ്ങള്‍ ഉദ്ധരിക്കുകയാണ് ചെയ്യുന്നത്. ഏശയ്യ 56-ാം അദ്ധ്യായത്തിന്‍റെ തലക്കെട്ട് തന്നെ "എല്ലാവര്‍ക്കും രക്ഷ" എന്നതാണെന്നത് ഓര്‍മ്മിക്കണം.

യോഹന്നാന്‍റെ വിവരണത്തിലേക്ക് മാത്രം ശ്രദ്ധിക്കുകയാണെങ്കില്‍, "എന്‍റെ പിതാവിന്‍റെ ഭവനം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്' എന്ന വാക്കുകളിലും മുകളില്‍ സ്ഥാപിച്ച ആശയത്തിന് സാധുതയുണ്ട്. ഈ വാക്യത്തിന് (യോഹ. 2:16) ബൈബിള്‍ വ്യാഖ്യാതാക്കള്‍ സഖറിയാ 14:21 ഭാഗവുമായി സാധര്‍മ്മ്യം കല്പിച്ച് വ്യാഖ്യാനിച്ചിട്ടുണ്ട്. സഖറിയ 14:21-ല്‍ നാം വായിക്കുന്നത് "ഇനിമേല്‍ സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ ഭവനത്തില്‍ ഒരു വ്യാപാരിയും ഉണ്ടാവുകയില്ല" എന്നാണ്. അതായത് ശുദ്ധാശുദ്ധിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിക്കപ്പെടാത്ത ഒരു കാലം പ്രവാചകന്‍ സ്വപ്നം കാണുന്നു; ആ യുഗാന്ത്യോന്മുഖ കാലത്ത് ദേവാലയത്തില്‍ വ്യാപാരികള്‍ ഉണ്ടാവുകയില്ലതാനും. സഖറിയ പ്രവചനം 9-14 അദ്ധ്യായങ്ങള്‍ യഹോവ ലോകം മുഴുവന്‍റെയും നാഥനും സകല ജനപദങ്ങളുടെയും പിതാവുമാകുന്ന കാലത്തെക്കുറിച്ചാണ് പറയുന്നത്. ആ യുഗാന്ത്യോന്മുഖ കാലത്തിന്‍റെ വിളമ്പരമാണ്, യഹൂദരും വിജാതീയരും ഒരുപോലെ ദൈവകൃപയുടെ അവകാശികളാകുന്ന സമയം ആരംഭിച്ചതിന്‍റെ സൂചനയാണ് നസ്രത്തിലെ യേശു വിജാതീയരുടെ മണ്ഡപം ശുദ്ധീകരിച്ചു കൊണ്ടു നടത്തുന്നത്. യേശുവിന്‍റെ ദൗത്യത്തിന്‍റെ മുഴുവനുമുള്ള സാര്‍വ്വത്രികവും സര്‍വ്വാശ്ലേഷിയുമായ ഭാവം ഉയര്‍ത്തി കാട്ടാനാണ് യോഹന്നാന്‍ ഈ രംഗം സുവിശേഷത്തിന്‍റെ ആരംഭഭാഗത്ത് തന്നെ ഉള്‍ച്ചേര്‍ത്തത്.

ജറുസലേം ദേവാലയത്തിന്‍റെ ആരംഭം മുതല്‍ ബലിമൃഗങ്ങളുടെ വ്യാപാരവും ദൂരദേശത്തു നിന്ന് വരുന്ന ബലിയര്‍പ്പകരെ സഹായിക്കാന്‍ എന്ന ലക്ഷ്യത്തോടെ യവന ആധിപത്യം മുതല്‍ നാണയമാറ്റവും (വിജാതീയ രാജാക്കന്മാരുടെ മുദ്രയും രൂപവുമില്ലാത്ത ശുദ്ധനാണയം മാത്രമേ യഹോവയുടെ ഭണ്ഡാരത്തില്‍ ഇടാവു എന്ന നിഷ്കര്‍ഷ ഉള്ളതിനാല്‍) നിലനിന്നിരുന്നു. എന്നാല്‍ എഡി 15 മുതല്‍ എഡി 36 വരെ പ്രധാന പുരോഹിതനായ കയ്യാഫാസിന്‍റെ ഭരണപരിഷ്കരണമാണ് അതുവരെ തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ത്ഥിക്കുന്നതില്‍ തടസ്സമില്ലാത്തവിധം ഒലിവ് മലയുടെ ചെരുവില്‍ നടന്നിരുന്ന ഈ വ്യാപാരങ്ങളെല്ലാം ദേവാലയ പരിസരത്തേക്ക് വിശിഷ്യാ വിജാതീയരുടെ മണ്ഡപത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്. ഈ കച്ചവട കോലാഹലങ്ങള്‍ സത്യത്തില്‍ യഹൂദ ആരാധകര്‍ക്ക് വലിയ തടസ്സമൊന്നും സൃഷ്ടിച്ചിരുന്നില്ല; കാരണം ബലിപീഠവും അതിവിശുദ്ധ സ്ഥലവും, യഹൂദ സ്ത്രീ പുരുഷന്മാരുടെ പ്രാര്‍ത്ഥനാ മുറികളും വിജാതീയരുടെ മണ്ഡപവുമായി 30 അടി ഉയരമുള്ള മതിലുവഴി വേര്‍തിരിക്കപ്പെട്ടിരുന്നു. അതിനാല്‍ വിജാതീയരുടെ മണ്ഡപത്തില്‍ അരങ്ങേറിയ ശബ്ദകോലാഹലങ്ങള്‍ യഹൂദരുടെ പ്രാര്‍ത്ഥനയ്ക്ക് വലിയ തടസ്സമൊന്നും സൃഷ്ടിച്ചിരുന്നില്ല.

അപ്പോള്‍, വിജാതീയരുടെ മണ്ഡപം കച്ചവട സ്ഥലമാക്കിയതു വഴി ഉണ്ടായ പ്രതിസന്ധി എന്താണ്? വിജാതീയര്‍ക്ക് ഇസ്രായേലിന്‍റെ ദൈവത്തെ സ്വസ്ഥമായി ആരാധിക്കാനുള്ള അവസരമാണ് അവിടെ നിഷേധിക്കപ്പെട്ടത്. ആത്മീയാന്വേഷണങ്ങളുടെ ഭൂമിക ഒരു വിപണന കേന്ദ്രമായി മാറിയ ദുരന്തമാണവിടെ സംഭവിച്ചത്. ആട്ടിന്‍കുഞ്ഞുങ്ങളുടെ നിലവിളികള്‍ക്കും കാളകിടാവുകളുടെ മുക്രയിടലിനും വണിക്കുകളുടെ വിലപേശലുകള്‍ക്കും നടുവില്‍ പരദേശിയ്ക്കും വിജാതീയനും ദൈവത്തെ തേടാന്‍ വിധിക്കപ്പെട്ടു. ലളിതമായി പറഞ്ഞാല്‍, കച്ചവടം ദൈവാന്വേഷണങ്ങളെ വഴിമുട്ടിച്ചു എന്നതു തന്നെ. ആത്മീയാന്വേഷണങ്ങളെ വഴിമുട്ടിച്ചുകൊണ്ട് വിശുദ്ധയിടങ്ങളില്‍ നടന്ന കച്ചവടങ്ങള്‍ക്കും വണിക്കുകളുടെ ഭാഷയും ശൈലിയുമുള്ള ആത്മീയനേതാക്കന്മാര്‍ക്കും എതിരായാണ് നസ്രായന്‍റെ ചാട്ടവാറുയര്‍ന്നത് എന്നു സാരം.

വിജാതീയരുടെ മണ്ഡപങ്ങളെ നാം എന്തുചെയ്തു?
രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറത്ത്, ജറുസലേം ദേവാലയത്തിലെ വിജാതീയരുടെ മണ്ഡപത്തില്‍ യേശു ചെയ്ത ഈ പ്രവൃത്തിക്ക്, ജറുസേലം ദേവാലയമോ ബലിയര്‍പ്പണമോ, നാണയമാറ്റമോ അപ്രസക്തമായ ഈ കാലഘട്ടത്തില്‍ എന്ത് പ്രസക്തിയാണുള്ളത്? സാക്ഷ്യത്തിന്‍റെയും വിശ്വാസകൈമാറ്റത്തിന്‍റെയും ഈ വേദിയുടെ ആധുനിക രൂപങ്ങള്‍ സഭയില്‍ ഇന്നും നിലനില്‍ക്കുന്നു എന്നതാണ് ഈ സംഭവം വിശകലനം ചെയ്യുന്നതിനും വ്യാഖ്യാനിക്കുന്നതിനുമുള്ള പ്രസക്തിയുടെ ആധാരം. ജറുസലേം ദേവാലയത്തിലെ വിജാതീയരുടെ മണ്ഡപം യഥാര്‍ത്ഥത്തില്‍ വിശ്വാസസാക്ഷ്യത്തിന്‍റെ വേദിയായിരുന്നു. വ്യര്‍ത്ഥ വിഗ്രഹങ്ങളെയോ പ്രപഞ്ചശക്തികളെയോ ആരാധിച്ചിരുന്നവര്‍ക്ക് സത്യ ദൈവമായ യഹോവയുടെ കനിവും കരുണയും അനുഭവിക്കാനും മനസ്സു തിരിയാനുമുള്ള ഇടമായിരുന്നത്. വിജാതീയരുടെ മണ്ഡപത്തെ കച്ചവട വത്ക്കരിച്ചവര്‍ അതിനാല്‍ വഴിമുടക്കികളാണ് – ദൈവാനുഭവത്തിന്‍റെയും മാനസാന്തരത്തിന്‍റെയും!

വിജാതീയരുടെ മണ്ഡപത്തിന്‍റെ ആധുനിക രൂപങ്ങളെക്കുറിച്ച് ചിന്തിക്കാം. സഭ രണ്ട് രീതിയില്‍ ക്രിസ്തുവിനെ പങ്കുവയ്ക്കുന്നുണ്ട്. നേരിട്ടുള്ള പ്രഘോഷണം വഴിയും അത് സാധ്യമല്ലാത്ത ഇടങ്ങളിലും സാഹചര്യങ്ങളിലും ജീവിതസാക്ഷ്യം വഴിയും. നമ്മുടെ വിദ്യാലയങ്ങള്‍, അഗതി അനാഥ മന്ദിരങ്ങള്‍, ആതുരാലയങ്ങള്‍ ഇവയെല്ലാം യഥാര്‍ത്ഥത്തില്‍ ജീവിതംകൊണ്ടുള്ള പ്രഘോഷണത്തിന്‍റെ വേദികളാണ്; അഥവാ വിജാതീയരുടെ മണ്ഡപത്തിന്‍റെ ആധുനിക പതിപ്പുകളാണവ. നസ്രത്തിലെ യേശുവിനെ ഇനിയും അറിയാത്ത മനുഷ്യര്‍ക്ക് അവരുടെ ആത്മദാഹങ്ങള്‍ക്കുള്ള യഥാര്‍ത്ഥ പ്രതിവിധിയും ആത്മീയാന്വേഷണങ്ങളുടെ ഉത്തരവുമായി അവനെ പരിചയപ്പെടുത്താനും സുവിശേഷമൂല്യങ്ങളുടെ നക്ഷത്ര ശോഭയിലേക്ക് അവരുടെ മിഴികളെ തുറക്കാനും പ്രേരിപ്പിക്കേണ്ട ഇടങ്ങള്‍. അതുകൊണ്ട്തന്നെ നിശബ്ദമായ സുവിശേഷ പ്രഘോഷണത്തിന്‍റെയും വിശ്വാസ സ്വീകരണത്തിന്‍റെയും മഹത്തായ മാനസാന്തരങ്ങളുടെയും വേദിയാണ് നമ്മുടെ സഭാ സ്ഥാപനങ്ങള്‍. കാലം കഴിയുംതോറും സ്ഥാപനങ്ങള്‍ സഭയ്ക്ക് ബാധ്യതയല്ല, മറിച്ചു സുവിശേഷ പ്രഘോഷണത്തിന്‍റെ അനന്ത സാധ്യതയിലേക്ക് തുറന്നിട്ട വാതായനങ്ങളാണവ.

എങ്കിലും ഈ വിജാതീയരുടെ മണ്ഡപങ്ങളെ നാമിന്ന് എന്തു ചെയ്തു? ത്യാഗസുരഭിലമായ സേവന ഗാഥകളെ തമസ്കരിക്കാതെ പറയട്ടേ, വര്‍ത്തമാനകാല പൊതുസമൂഹം ചിന്തിക്കുന്നത് സാക്ഷ്യത്തിന്‍റെ ഈ മഹത്തായ വേദികളിലേറെയും നാം കച്ചവടവത്കരിച്ചു എന്നായിരിക്കില്ലേ? വിദ്യാലയങ്ങളിലെ തലവരിയും, ലക്ഷങ്ങളുടെ സംഭാവനയും മറിയുന്ന വിപണന കേന്ദ്രങ്ങളാക്കുകയും വരേണ്യ വര്‍ഗ്ഗത്തിന്‍റെ പൊങ്ങച്ചത്തിന് കുടപിടിക്കുന്ന പഞ്ചനക്ഷത്ര വിദ്യാലയങ്ങള്‍ എന്ന വിപത്തിന്‍റെ വിത്തുപാകി സമൂഹത്തിന്‍റെ സന്തുലിതാവസ്ഥയെ തകിടം മറിച്ചു എന്നായിരിക്കില്ലേ? നമ്മുടെ ചില ആതുരാലയങ്ങളിലും സ്ഥാപനങ്ങളിലുമെങ്കിലും അലിവും ആര്‍ദ്രതയും വിപണി മൂല്യങ്ങളുടെ തടവിലായിപ്പോയി എന്നുമായിരിക്കില്ലേ? ഒന്നുറപ്പാണ് നാം, വര്‍ത്തമാനകാലത്തെ വിശ്വാസസമൂഹം, ധ്യാനപൂര്‍വ്വം ഒന്നു കാതോര്‍ത്താല്‍ നമുക്ക് ചുറ്റും കാതിനെ പൊളിച്ച് കരളിനെ മുറിപ്പെടുത്തി കാറ്റിലുലയുന്ന ഒരു ചാട്ടവാറിന്‍റെ നേര്‍ത്ത ശീല്‍ക്കാരം കേള്‍ക്കാം. രണ്ടായിരത്തില്‍പ്പരം വര്‍ഷങ്ങള്‍ക്കപ്പുറത്ത് ജറുസലേം ദേവാലയത്തിലെ വിജാതീയരുടെ മണ്ഡപത്തിലുയര്‍ന്ന നസ്രായന്‍റെ ചാട്ടവാറിന്‍റെ ശീല്‍ക്കാരം. വണിക്കുകളുടെ വക്രബുദ്ധിയേക്കാള്‍ ആത്മീയമനുഷ്യരുടെ ഋജുവായ ജ്ഞാനത്തിന് നാം ചെവി ചായ്ച്ചിരുന്നെങ്കില്‍ സാക്ഷ്യത്തിന്‍റെ ഭൂമികകള്‍ മലിനമാകാതെ അവശേഷിച്ചേനേ.

അവസാനമായി, നസ്രത്തിലെ യേശു ആരംഭിച്ചതും വിഭാവനം ചെയ്തതും സാര്‍വ്വത്രികവും സാര്‍വ്വാശ്ലേഷിയുമായ ഒരു സമൂഹത്തെയായിരുന്നു. അവരില്‍ നി ന്നൊഴുകിയ പ്രകാശത്തെ അവന്‍റെ ഹൃദയത്തുടിപ്പുകള്‍ അനുഭവിച്ച ശിഷ്യന്‍ യോഹന്നാന്‍ വി ശേഷിപ്പിച്ചതു തന്നെ "എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന പ്രകാശം" എന്നാണ് (യോഹ. 1:9).

എന്നാല്‍ ഇത്തിരി ആശങ്കപ്പെടേണ്ട ഒരു കാലിക പ്രതിസന്ധി, ഈ സാര്‍വ്വത്രിക ഭാവം നമുക്ക് നഷ്ടമാകുന്നുണ്ടോ എന്നാണ്. സകല മനുഷ്യര്‍ക്കും അഭയസ്ഥാനമായിരുന്ന നമ്മുടെ ദേവാലയ പരിസരങ്ങളും മറ്റും ഒരു സമുദായ സംഘടനയുടെ സങ്കുചിതമായ ഓഫീസ് പരിസരമായിപ്പോയോ? ഇതര മതസ്ഥരോടും സംസ്കാരങ്ങളോടും നമ്മുടെ പൂര്‍വ്വികര്‍ പുലര്‍ത്തിയ ആദരവിന്‍റെയും തുറവിയുടെയും ഫലമല്ലേ നമുക്ക് നാളിതുവരെ ലഭിച്ച സാമൂഹിക പദവിയും അംഗീകാരവും? അമിത സമുദായ ചിന്തയും ധ്രൂവീകരണവും ഇതര മതസ്ഥരോടുള്ള പെരുകുന്ന ഭയവും സാമൂഹിക ഇടത്തില്‍ നമ്മെ പാപ്പരാക്കില്ലേ? ദേവാലയത്തെ യേശു വിളിച്ചത് "എന്‍റെ പിതാവിന്‍റെ ഭവനം" എന്നായിരുന്നു. അതേ നമ്മുടെ ദേവാലയങ്ങള്‍ ഭവനങ്ങളായിത്തന്നെ തുടരണം, അഭയമില്ലാത്തവന്‍റെയും ആശ്രയമില്ലാത്തവന്‍റെയും ഈ സാര്‍വ്വത്രിക ഭാവത്തെ അമിത സമുദായ ബോധം വിഴുങ്ങാതിരിക്കാന്‍ ഒരു ജാഗ്രത ആവശ്യമാണ്.

ഡോ. ടോം ഓലിക്കരോട്ട് തലശ്ശേരി അതിരൂപതാംഗമാണ്. റോമിലെ ആഞ്ജലിക്കും യൂണിവേഴ്സിറ്റിയില്‍ നിന്നും വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ ഡോക്ടറല്‍ ഗവേഷണം പൂര്‍ത്തിയാക്കി (Across the Horizon: an exegetical and theological study of John 2:13-22). ബിലവഡ് ഡിസൈപ്പിള്‍, ഇതര മത ദൈവശാസ്ത്രം- ഒരാമുഖം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org