വിമോചനവും മഹത്ത്വവും

വിമോചനവും മഹത്ത്വവും

മ്യൂസ് മേരി ജോര്‍ജ്

എന്‍റെ പ്രൈമറി സ്കൂളിന്‍റെ പേര് അസംപ്ഷന്‍ എല്‍.പി. സ്കൂള്‍ എന്നായിരുന്നു. അന്ന് ഒന്നാം ക്ലാസ്സ് മുതല്‍ അഞ്ചാം ക്ലാസ്സ് വരെയുള്ള പ്രൈമറി സ്കൂളായിരുന്നു അത്. ഞങ്ങളുടെ സ്കൂളിലും കൊവേന്തപ്പള്ളിയിലും വലിയ ഉത്സാഹത്തോടുകൂടി മാതാവിന്‍റെ സ്വര്‍ഗാരോപണത്തിരുനാള്‍ ആഘോഷിച്ചിരുന്നു. പള്ളിയുടെ പേര് ഗെദ്സെമന്‍ ചര്‍ച്ച് എന്നായിരുന്നുവെങ്കിലും മാതാവിനും സൊഡാലിറ്റിക്കുമൊക്കെ അന്നു വലിയ പ്രാധാന്യമുണ്ടായിരുന്നു. മാതാവിന്‍റെ മറ്റു തിരുനാളുകളേക്കാള്‍ എന്‍റെ ബാല്യത്തില്‍ സ്വര്‍ഗാരോപണത്തിരുനാളും പിറവിത്തിരുനാളും (കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിയിലെ പെരുന്നാള്‍) ആയിരുന്നു പ്രധാനപ്പെട്ടവ.

പുത്രനായ ഈശോ, മാതാവിനെ സ്വര്‍ഗത്തിലേക്കു കരേറ്റിക്കൊണ്ടു പോയതായി നാം വിശ്വസിക്കുന്നു. മകന്‍റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും പിന്‍ചെന്ന അമ്മയെ മകന്‍ മരണാനന്തരം കൂടെ കൊണ്ടുപോയതായി വിശ്വസിക്കാനാണ് ഇന്നെനിക്ക് ഇഷ്ടം. തന്‍റെ ഇഷ്ടത്തിനും വരുതിക്കും മക്കളെ വളര്‍ത്തുകയും നിര്‍ത്തുകയും ചെയ്യുന്ന സാമാന്യഗൃഹപാഠത്തിന്‍റെ വേറിട്ട വായനയാണു ഞാന്‍ മാതാവില്‍ കാണുന്നത്. ഗൃഹത്തിലെ പാഠത്തില്‍ മാത്രമല്ല സാമൂഹ്യപാഠത്തിലും വേറിട്ട പാഠം നിര്‍മ്മിച്ച ജീവിതമായിട്ടാണു സുവിശേഷങ്ങള്‍ മാതാവിനെ ചിത്രീകരിക്കുന്നത്. കന്യാമറിയത്തിന്‍റെ ഗീതം ചേര്‍ത്തിരിക്കുന്നതു ലൂക്കാ സുവിശേഷകനാണ്. ലോകം വന്ധ്യയെന്നു വിളിച്ച ഒരുവള്‍ ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭിണിയായ കന്യക അവരെ സന്ദര്‍ശിക്കുകയും ദൈവത്തെ മഹത്ത്വപ്പെടുത്തുകയും അതു ഗീതമായി ആലപിക്കുകയും ചെയ്തു. ഞാന്‍ വായിച്ച / കേട്ട ആദ്യവിപ്ലവഗാനം അതായിരുന്നു. ഭൂമിയിലെ സമ്പത്തും ശക്തിയും അധികാരവും വേറിട്ട രീതിയില്‍ നോക്കിക്കാണുകയും പ്രഘോഷിക്കുകയും ചെയ്ത പാട്ട്. പഴയനിയമത്തിലെ പ്രവാചകവചനങ്ങളുടെ കാവ്യാത്മകമായ പെണ്‍ഭാഷ്യമായിരുന്നു അത്. ഇങ്ങനെ ഞാനെഴുതുമ്പോള്‍ പരി. കന്യാമറിയത്തെ സ്ത്രീവിമോചകയും വിപ്ലവകാരിയുമൊക്കെയായി അധിക്ഷേപിക്കുകയാണ് എന്നു പുരികം ചുളിക്കുന്നവര്‍ ഉണ്ടാകാം. പക്ഷേ, ദരിദ്രര്‍ക്കും ബലഹീനര്‍ക്കും അടിമജനതയ്ക്കുമുള്ള പ്രതീക്ഷയും വാഗ്ദാനവുമായിരുന്നു ആ കന്യകയുടെ ഗീതം. സങ്കീര്‍ത്തനം 113-ന്‍റെയും സങ്കീര്‍ത്തനം 82-ന്‍റെയും സാരം തുളുമ്പിനില്ക്കുന്നുണ്ട് കന്യാമറിയത്തിന്‍റെ ഗീതത്തില്‍. വന്ധ്യയെയും കന്യകയെയും ഗര്‍ഭാവസ്ഥയിലൂടെ കടന്നുപോകാന്‍ തിരഞ്ഞെടുത്ത ദൈവപദ്ധതിയില്‍ നിലവിലുള്ള സാമാന്യ സാമൂഹ്യനിയമങ്ങളുടെ പൊളിച്ചെഴുത്തുണ്ട്. ദൈവികപദ്ധതിയും മനുഷ്യസൃഷ്ടമായ സാമൂഹ്യനിയമങ്ങളും തമ്മിലുള്ള വിഘടിച്ചു നില്ക്കല്‍ പ്രകടമാണിവിടെ. ഇത്തരമൊരു തുടക്കത്തില്‍ നിന്നാണു സ്വര്‍ഗാരോപണം വരെയുള്ള മാതാവിന്‍റെ ജീവിതം ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. അധികാരത്തെയും നീതിയെയും പുനര്‍വായിക്കുന്ന ദൈവികപദ്ധതിയെ ആ അമ്മ തീര്‍ച്ചയായും മകനു പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ടാകും. മലയിലെ പ്രസംഗം ഇതിന്‍റെ വിപുലപാഠമായി കാണാനാണ് എനിക്കിഷ്ടം. എന്‍റെ ഇഷ്ടം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാന്‍ അതു പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഭക്തിയും ധ്യാനവും പ്രാര്‍ത്ഥനയും അലിവും ജ്ഞാനവും നീതിബോധവും ദൈവികപദ്ധതിയെ തിരിച്ചറിയുന്ന വിവേകവുമൊക്കെയുള്ള ആളാണ് എനിക്കു മാതാവ്.

രോഗികളെയും അനാഥരെയും വിധവകളെയും വേശ്യകളെയും പാപിനിയെയും ജ്ഞാനാകാംക്ഷ ഉള്ളവരെയും പുറജാതിക്കാരിയെയുമൊക്കെ കരുതുകയും അഭിസംബോധന ചെയ്യുകയും ചെയ്യുന്ന മകനെ രൂപപ്പെടുത്തിയ മാതാവ് എത്രമാത്രം ശക്തയും അറിവുള്ളവളും ആത്മീയോര്‍ജ്ജം ഉള്ളവളുമായിരിക്കും! സുവിശേഷങ്ങളിലുടനീളം നമ്മുടെ ദൈവപുത്രന്‍ സ്ത്രീകളോടു സ്നേഹവും കരുതലും അംഗീകാരവും ഉള്ളയാളാണ്. പെണ്ണുങ്ങളെ ഭര്‍ത്സിക്കുകയോ അധികാരംകൊണ്ടു ശ്വാസം മുട്ടിക്കുകയോ അനീതിയോടെ നോക്കുകയോ ചെയ്യാത്ത യേശുവില്‍ മാതാവിന്‍റെ പൂര്‍ത്തീകരണം കാണാന്‍ സാധിക്കും. അമ്മ മാത്രമല്ല അമ്മയും കൂട്ടുകാരികളും ആ മകനെ പിന്‍ചെല്ലുന്നതായി നാം കാണുന്നു. പരസ്യജീവിതത്തിലും അതിനുമുമ്പുള്ള കാലത്തും ക്രൂശാരോഹണത്തിലും ഉറപ്പോടെ മകന്‍റെ കൂടെ നടന്ന ഒരമ്മയെ മകന്‍ സ്വര്‍ഗത്തിലേക്കു കൂട്ടിക്കൊണ്ടു പോയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. ജീവിക്കുന്ന സാമൂഹ്യസന്ദര്‍ഭങ്ങളിലും ജീവിത ഇടങ്ങളിലും ഇടപെടുമ്പോഴാണു ചരിത്രം നിര്‍മ്മിക്കപ്പെടുന്നത്. ചരിത്രത്തെ നിര്‍മ്മിച്ച പുത്രനു ചരിത്രം പുനര്‍ വായിച്ച അമ്മയുടെ രൂപം മുന്നിലുണ്ടായിരുന്നിരിക്കണം. ഗര്‍ഭിണിയായ കന്യക എന്ന മുദ്ര മറിയത്തിന്‍റെ ജീവിതാന്ത്യം വരെ പിന്തുടര്‍ന്നിരിക്കാം. ഒറ്റപ്പെടലും നിന്ദയും അവമതിയും ഒരു സ്ത്രീയെന്ന നിലയില്‍ നേരിട്ടുകൊണ്ടു ജീവിച്ച ആ ജീവിതത്തെ ഞാന്‍ ധ്യാനിക്കുന്നു. ഭൂമിയില്‍ നീതിയും നീതിയില്‍ പ്രത്യാശയും പുലര്‍ത്താനും ആവിഷ്കരിക്കാനും ശ്രമിച്ച അമ്മയ്ക്കു മകന്‍ സ്വര്‍ഗവാതിലുകള്‍ തുറന്നുകൊടുത്തു എന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

നമ്മുടെ വിശ്വാസജീവിതത്തിന്‍റെ വഴുക്കല്‍ പടവുകളില്‍ തെന്നിവീഴാന്‍ തുടങ്ങുമ്പോള്‍ ഇങ്ങനെയുളള മാതാവിന്‍റെ കൈകള്‍ പിടിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഭൂമിയെത്ര നിരപ്പുള്ള നിര്‍മ്മിതി/ സ്വര്‍ഗമായി മാറുമായിരുന്നു! രൂപക്കൂട്ടില്‍ അനുഗ്രഹദായിനിയായി മാത്രം സ്ഥിതി ചെയ്യുന്ന മാതാവിനെ കാണുന്നതിനൊപ്പം ഇടയ്ക്കെങ്കിലും നീതിബോധവും കരുണയും സ്ത്രീപക്ഷപരിഗണനകളും ഉള്ള മകനെ രൂപപ്പെടുത്തിയെടുത്ത അമ്മ ആ രൂപക്കൂടിനുള്ളിലുണ്ടെന്നു നമുക്കു ചിന്തിക്കാനാവുമോ? അപ്പോഴാണു കന്യാമറിയവും കന്യാസ്ത്രീയും പുരുഷാധിപത്യ നീതിവ്യവഹാരത്തില്‍ പ്രസക്തിയുള്ളവരായി മാറുന്നത്. കന്യകയുടെ വായടപ്പിക്കാനല്ല ദൈവം ശ്രമിച്ചത്, അവളെക്കൊണ്ടു മഹത്തായ സ്തോത്രഗീതം/ വിടുതിയുടെ ഗീതം പാടാനാണ് അനുവദിച്ചത്. കന്യാസ്ത്രീയുടെ മേലും അവരുടെ മേലുള്ള ശരീരചൂഷണത്തിന്മേലും പുലര്‍ത്തുന്ന അവിഹിതമായ മൗനം പുനര്‍വായിക്കാന്‍ ഈ സ്വര്‍ഗാരോപണത്തിരുനാള്‍ ആവശ്യപ്പെടുന്നുണ്ട്. "അവന്‍ എളിയവനെ പൊടിയില്‍ നിന്ന് എഴുന്നേല്പിക്കുകയും കുപ്പയില്‍ നിന്ന് ഉയര്‍ത്തുകയും ചെയ്തു. പ്രഭുക്കന്മാരോടുകൂടെ, തന്‍റെ ജനത്തിന്‍റെ പ്രഭുക്കന്മാരോടുകൂടെ ഇരുത്തുന്നു. അവന്‍ വന്ധ്യയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ ഭവനത്തില്‍ പാര്‍പ്പിക്കുന്നു" (സങ്കീ. 113). ഇത്തരം ബോദ്ധ്യത്താല്‍ നയിക്കപ്പെട്ടിരുന്ന ഒരമ്മയെ "നീതി അരപ്പട്ടയായി ധരിച്ച" (ഏശയ്യാപ്രവാചകന്‍റെ വാക്കുകള്‍) ദൈവത്തിന്‍റെ പുത്രന്‍ കൂടെ ചേര്‍ത്തതിന്‍റെ ഓര്‍മ്മയല്ലേ ഈ തിരുനാള്‍ പങ്കുവയ്ക്കുന്നത്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org