Latest News
|^| Home -> Cover story -> വിന്‍സെന്‍ഷ്യന്‍ കാരുണ്യസംരംഭങ്ങളുടെ 400-ാം വാര്‍ഷികാഘോഷം

വിന്‍സെന്‍ഷ്യന്‍ കാരുണ്യസംരംഭങ്ങളുടെ 400-ാം വാര്‍ഷികാഘോഷം

Sathyadeepam

ഫാ. സേവ്യര്‍ കുടിയാംശ്ശേരി

ജലകണികകളാല്‍ സമുദ്രവും മണല്‍ത്തരികളാല്‍ മലകളും രൂപപ്പെട്ടിരിക്കുന്നതുപോലെ നന്മയുറ്റ ഒട്ടനേകം ചെറുപ്രവര്‍ത്തനങ്ങളുടെ സമഗ്രതയാണു വിശുദ്ധരുടെ ജീവിതം. സാധുക്കളില്‍ ദൈവത്തെ തിരിച്ചറിയുകയും കരുണാര്‍ദ്രമായ ദൈവദൃഷ്ടിയിലൂടെ ലോകത്തെ നോക്കിക്കാണുകയും ചെയ്ത വിശുദ്ധനായിരുന്നു വിന്‍ സെന്‍റ് ഡി പോള്‍. തന്‍റെ നിയോഗം തിരിച്ചറിഞ്ഞ കാലം മുതല്‍ ദൈവശുശ്രൂഷയ്ക്കു സമ്പൂര്‍ണ സമര്‍പ്പിതനാവാനും ദുര്‍ബലരില്‍ ദൈവസാന്നിദ്ധ്യം തിരിച്ചറിയാനും അദ്ദേഹത്തിനു കഴിഞ്ഞു. ദരിദ്രജനസമൂഹത്തിന് ആശ്വാസം പകര്‍ന്ന നല്ല സമരിയാക്കാരനായിരുന്ന അദ്ദേഹം അഗതികളുടെ പിതാവെന്നും ധര്‍മ്മിഷ്ഠരുടെ അപ്പസ്തോലനെന്നുമാണ് അറിയപ്പെട്ടിരുന്നത്.

വിശുദ്ധനായ വിന്‍സെന്‍റ് ഡി പോളും വിശുദ്ധ ലൂയിസ് ഡി. മരില്ലാക്കവുമാണു വിന്‍സെന്‍ഷ്യന്‍ കാരുണ്യസംരംഭങ്ങള്‍ക്കു തുടക്കം കുറിച്ചത്. ദരിദ്രജനവിഭാഗങ്ങളുടെ ശാരീരികവും ആത്മീയവുമായ സമഗ്ര വളര്‍ച്ചയാണു വിന്‍സെന്‍ഷ്യന്‍ സൊസൈറ്റിയുടെ അടിസ്ഥാനലക്ഷ്യം. തന്മൂലം വിന്‍സെന്‍ഷ്യന്‍ കാരുണ്യപ്രവര്‍ത്തനം ഏകരൂപാത്മകമോ നിശ്ചലാവസ്ഥയിലുള്ളതോ അല്ല. ആത്മാവിന്‍റെ പ്രേരണകള്‍ക്കനുസരിച്ചും കാലത്തിന്‍റെ സൂചനകള്‍ക്കനുസൃതമായും സഭയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുമാണ് അതിന്‍റെ പ്രവര്‍ത്തനസ്വഭാവം ഉരുത്തിരിയുന്നത്. അതു കേവലം ഒരു സന്ന്യാസ സമൂഹത്തിന്‍റെയോ ഒരു പ്രത്യേക നാട്ടിലോ ഒതുങ്ങിനില്ക്കുന്നില്ല. എല്ലാത്തരത്തിലുമുള്ള സ്നേഹ-സേവന സന്നദ്ധരായവര്‍ക്കു സമൂഹനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാനുതകുംവിധം രൂപപ്പെടുത്തിയിരിക്കുന്നതാണു വിന്‍സെന്‍ഷ്യന്‍ കാരുണ്യസംരംഭങ്ങള്‍.

വി. വിന്‍സെന്‍റ് ഡി പോള്‍: വിന്‍സെന്‍ഷ്യന്‍ ശൈലിയുടെ സ്ഥാപകപിതാവായ വിന്‍സെന്‍റ് ഡി പോള്‍ 1581 ഏപ്രില്‍ 24-ന് ഫ്രാന്‍സിലെ പോയ് യേ എന്ന ഗ്രാമത്തില്‍ ഒരു ദരിദ്ര കര്‍ഷകകുടുംബത്തിലാണു ജനിച്ചത്. 1600 സെപ്തംബര്‍ 23-ന് അദ്ദേഹം പട്ടത്വപദവിയില്‍ അവരോധിക്കപ്പെട്ടു. 1605-ല്‍ മാഴ്സില്ലസില്‍ (Marseillas) നിന്നു നാര്‍ബോണിലേക്കുള്ള (Narbone) കപ്പല്‍യാത്രയ്ക്കിടെ തടവിലാക്കപ്പെടുകയും ട്യൂണിസി (Tunis)ലെത്തിയപ്പോള്‍ അടിമായാക്കപ്പെടുകയും ചെയ്തു. എന്നാല്‍ രണ്ടു വര്‍ഷത്തിനുശേഷം മോചിതനായ അദ്ദേഹം 1608-ല്‍ പാരിസിലെത്തി തന്‍റെ ആത്മീയഗുരുവായ ഫാ. ഡി. ബെറുല്ലെയുടെ ശിക്ഷണം സ്വീകരിക്കുകയും ചെയ്തു. മൂന്നു ദശാബ്ദക്കാലത്തെ അവിടത്തെ വാസത്തിനിടയില്‍ ഫാ. ആന്ദ്രേ ഡുവാലെന്ന പണ്ഡിതശ്രേഷ്ഠന്‍റെ സ്വാധീനവും അദ്ദേഹത്തിനുണ്ടായി. 1612-ല്‍ ക്ലിച്ചി പട്ടണത്തിലെ ചെറിയൊരു ഇടവകയില്‍ പുരോഹിതവൃത്തിയനുഷ്ഠിച്ചു. ഗ്രാമീണകുടുംബങ്ങളുടെ ആത്മീയോപദേശകനായി മാറിയത് ഇക്കാലയളവിലാണ്. ഈ കാലയളവ് അദ്ദേഹത്തിന്‍റെ ജീവിതത്തെ മാറ്റിമറിച്ചു. ദരിദ്ര ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി സ്വന്തം ജീവിതം ഉഴിഞ്ഞുവയ്ക്കാന്‍ 1617-ല്‍ അദ്ദേഹം തീരുമാനിച്ചു. ശിഷ്ടായുസ്സ് മുഴുവന്‍ ഈ ദൃഢനിശ്ചയത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 1660 സെപ്തംബര്‍ 27-ന് 80-ാം വയസ്സില്‍ പാരീസില്‍ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അതിനോടകം ഫ്രഞ്ച് സഭയുടെ നവീകരണത്തിന്‍റെ വിജയപ്രതീകമായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു.

ആദര്‍ശഭദ്രമായ ആ ജീവിതത്തിന്‍റെ അടയാളപ്പെടുത്തലുകളായി നിരവധി സ്മൃതിമന്ദിരങ്ങളിന്നു പാരീസിലുണ്ട്. അദ്ദേഹം നടത്തിയ നിരവധി അത്ഭുതപ്രവൃത്തികളും രോഗശാന്തിവൃത്തിയുമൊക്കെ ജനമനസ്സുകളില്‍ പതിഞ്ഞുകിടക്കുന്നു. പോപ്പ് ക്ലമന്‍റ് പന്ത്രണ്ടാമന്‍ 1737 ജൂണ്‍ 16-ന് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

വി. ളൂയിസ് ഡി മരിലാക്: വിന്‍സെന്‍ഷ്യന്‍ കാരുണ്യസമൂഹത്തിന്‍റെ സ്ഥാപകരിലൊരാളായ വി. ലൂയിസ് ഡി. മരിലാക്ക് 1591 ആഗസ്റ്റ് 12-നാണു ഫ്രാന്‍സിലെ ലെ മെക്സിനു സമീപം വിക്കാര്‍ഡിയില്‍ ജനിച്ചു ലൂയിസിന് അമ്മയെ അടുത്തറിയാനുള്ള ഭാഗ്യമുണ്ടായില്ല. വാത്സല്യം കോരിച്ചൊരിഞ്ഞ പിതാവിനെയും അവള്‍ക്കു ചെറുപ്രായത്തില്‍ തന്നെ നഷ്ടമായി. എങ്കിലും പാരീസിനു സമീപമുള്ള റോയല്‍ മൊണാസ്ട്രിയില്‍ മികച്ച പരിചരണവും വിദ്യാഭ്യാസവും അവള്‍ക്കു ലഭിച്ചു. 15 വയസ്സുള്ളപ്പോള്‍ കപ്പുച്ചിന്‍ സന്ന്യാസിനീ സമൂഹത്തില്‍ അംഗമാകാന്‍ ആഗ്രഹിച്ചെങ്കിലും അവള്‍ക്കവിടെ പ്രവേശനം നിഷേധിക്കപ്പെട്ടു. 22-ാം വയസ്സില്‍ മേരി രാജ്ഞിയുടെ സെക്രട്ടറിയായ അന്‍റോണി ലെ ഗ്രാസുമായുള്ള വിവാഹം ഉറപ്പിക്കപ്പെട്ടു. ആ ബന്ധത്തില്‍ മൈക്കിള്‍ എന്ന കുഞ്ഞും പിറന്നു.

പിന്നീട് 1623 ജൂണ്‍ 4-ന് പെന്തക്കോസ്ത് വിരുന്നുദിവസം അവള്‍ക്കു ദൈവികനിയോഗത്തിന്‍റെ ഉള്‍വിളിയുണ്ടാവുകയും അതവളുടെ ജീവിതം പാടെ രൂപാന്തരപ്പെടുത്തുകയും ചെയ്തു. 1628-ല്‍ തന്‍റെ ജീവിതം അശരണസമൂഹത്തിന്‍റെ സേവനശുശ്രൂഷയ്ക്കുവേണ്ടി പൂര്‍ണമായി മാറ്റിവച്ചു. 1660 മാര്‍ച്ച് 15-ന് നിത്യതയില്‍ വിലയം ചെയ്യുംവരെ ദുര്‍ബലരുടെ കണ്ണീരൊപ്പാന്‍വേണ്ടി തന്‍റെ ജീവിതം വി. ലൂയിസ് ഉഴിഞ്ഞുവച്ചു. 1920 മേയ് 9-ന് പോപ്പ് ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പ ആ മഹതിയെ വിശുദ്ധപദവിയിലേക്കുയര്‍ത്തി. 1934 മാര്‍ച്ച് 11-ന് പോപ്പ് പയസ് പതിനൊന്നാമന്‍ വി. ലൂയിസിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 1960-ല്‍ പോപ്പ് ജോണ്‍ 22-ാമന്‍ വി. ലൂയിസ് ഡി. മരിലിക്കയെ ക്രൈസ്തവ സന്നദ്ധപ്രവര്‍ത്തകരുടെ രക്ഷാധികാരിയെന്ന ബഹുമതി നല്കി ആദരിച്ചു.

വിന്‍സെന്‍ഷ്യന്‍ സേവന ച രിത്രത്തിന്‍റെ ആരംഭം: ദരിദ്രജന വിഭാഗങ്ങള്‍ക്കിടയില്‍ സുവിശേഷദൗത്യത്തില്‍ ഏര്‍പ്പെട്ടുകൊണ്ടാണു വിന്‍സെന്‍റ് ഡി പോളും ലൂയിസ് ഡി. മരിലാക്കും ഈ സന്നദ്ധപ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. 1617-ല്‍ ഫൊളിവില്ലെയില്‍ നടത്തിയ മികച്ച വചനപ്രഘോഷണമാണതിനു തുടക്കം കുറിച്ചത്. ലളിതവും ശക്തവുമായ വചനസന്ദേശം ജനഹൃദയങ്ങളില്‍ പതിഞ്ഞു. ഇതേത്തുടര്‍ന്ന്, സേവനസന്നദ്ധരായി ഒട്ടേറെ പേര്‍ മുന്നോട്ടു വന്നു. ഇതദ്ദേഹത്തിനു പ്രചോദനമാവുകയും സുവിശേഷദൗത്യത്തിലെ തന്‍റെ പാത അദ്ദേഹം തി രിച്ചറിയുകയും ചെയ്തു. അതേവര്‍ഷം ചാറ്റിലോണ്‍ നഗരത്തില്‍ വച്ചും സമാനമായ അനുഭവം അദ്ദേഹത്തിനുണ്ടായി. അവിടെ പ്രബോധനം ശ്രവിച്ചിരുന്ന ഇടവകക്കാര്‍ തങ്ങളുടെ ഇടവകയില്‍പ്പെട്ടതും ഗുരുതര രോഗബാധകൊണ്ടു വലഞ്ഞതുമായ ഒരു കുടുംബത്തെ രക്ഷിക്കാന്‍ ഒന്നടങ്കം മുന്നിട്ടിറങ്ങി. കഴിയുന്നത്ര വിഭവസമാഹരണം നടത്തിക്കൊണ്ട് ഇതിനു മുന്‍കയ്യെടുക്കുന്നതു വനിതകളുടെ സംഘമായിരുന്നുവെന്നതു ശ്രദ്ധേയമായി.

ഇത്തരം സംഭവങ്ങളാണ് വിന്‍സെന്‍ഷ്യന്‍ കാരുണ്യസന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചതെന്നു പറയാം. പ്രേഷിതദൗത്യത്തിന്‍റെയും സേവനശുശ്രൂഷയുടെയും രണ്ടു തലങ്ങളാണു വിന്‍സെന്‍ഷ്യന്‍ കാരുണ്യസംരംഭത്തിനു പിന്നിലുള്ളത്. വിന്‍സെന്‍ഷ്യന്‍ കാരുണ്യപ്രസ്ഥാനത്തിന്‍റെ സുസ്ഥിരമായ പ്രവര്‍ത്തനം ലക്ഷ്യമിട്ടു വിന്‍സെന്‍റ് ഡി പോള്‍ ഒട്ടേറെ സന്നദ്ധസംഘടനാപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുകയുണ്ടായി. 1617-ല്‍ അദ്ദേഹം തുടക്കം കുറിച്ച അന്താരാഷ്ട്ര ചാരിറ്റി സമിതി (International Association of Charities – AIC) ഇക്കൂട്ടത്തില്‍ പ്രധാനമാണ്. വനിതാ പ്രവര്‍ത്തകര്‍ക്കു ഭൂരിപക്ഷമുള്ള ഈ സമിതി 53 രാജ്യങ്ങളിലായി സാമൂഹിക സന്നദ്ധപ്രവര്‍ത്തനം നടത്തിവരുന്നു. ഗ്രാമീണമേഖലയില്‍ അജപാലനദൗത്യം ശക്തിപ്പെടുത്താനുദ്ദേശിച്ച് 1625-ല്‍ വിന്‍സെന്‍റ് ഡി പോള്‍ തുടക്കം കുറിച്ച അപ്പസ്തോലിക അജപാലനസംഘത്തിലിന്നു മൂവായിരത്തി അഞ്ഞൂറിലേറെ പേര്‍ പ്രവര്‍ത്തിച്ചുവരുന്നു.

വനിതകള്‍ക്കു പ്രാമുഖ്യം നല്കി വി. ലൂയിസ് ഡി. മരിലാക്കിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച പ്രസ്ഥാനമാണു ‘ഡോട്ടേഴ്സ് ഓഫ് ചാരിറ്റി’. 1633 നവംബര്‍ 29-നാണ് ഇതിനു തുടക്കം കുറിച്ചത്. വനിതകളുടെ അപ്പസ്തോലിക ദൗത്യനിര്‍വഹണസംഘമെന്ന നിലയില്‍ സഭ അംഗീകരിച്ച പ്രസ്ഥാനം അനുസ്യൂതമായ വളര്‍ച്ച നേടിയിരിക്കുന്നു.

93 രാജ്യങ്ങളിലായി പതിനാറായിരത്തിലേറെ വനിതകളാണിന്നു സജീവമായി ഈ സംഘത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്. സ്വഭാവവൈശിഷ്ട്യമുള്ള സാധാരണ സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ടു തുടക്കം കുറിച്ച മറ്റൊരു സന്നദ്ധമുന്നേറ്റമാണു ‘ലേഡീസ് ഓഫ് ചാരിറ്റി’ എന്ന പേരിലറിയപ്പെടുന്നത്.

വിന്‍സെന്‍ഷ്യന്‍ കാരുണ്യസന്നദ്ധ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ച: ഏതൊരു കാരുണ്യസംരംഭവും പ്രസക്തമാകുന്നത് അതു ജനങ്ങള്‍ ഏറ്റെടുക്കുമ്പോഴാണ്. വിന്‍സെന്‍ഷ്യന്‍ കാരുണ്യസംരംഭത്തിലും ഇതുതന്നെയാണു സംഭവിച്ചത്. കഴിഞ്ഞ 400 വര്‍ഷമായി ഈ പ്രസ്ഥാനം ജനഹദയങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒട്ടേറെ സംഘങ്ങളും സമിതികളും സ്ഥാപനങ്ങളുമൊക്കെയായി ഇന്നിതൊരു വലിയ സന്നദ്ധപ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു. 260-ലേറെ സജീവസമിതികളുണ്ട്. 153 രാജ്യങ്ങളിലായി രണ്ടു മില്യനിലേറെ സജീവ സന്നദ്ധപ്രവര്‍ത്തകരിന്നു വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്നു.

400-ാം വാര്‍ഷികാഘോഷങ്ങള്‍: ആഗോള പ്രസ്ഥാനമായി വളര്‍ച്ച പ്രാപിച്ച വിന്‍സെന്‍ഷ്യന്‍ കാരുണ്യസമൂഹത്തിന്‍റെ 400-ാം വാര്‍ഷികാഘോഷം 2017 -ല്‍ നടന്നുവരികയാണ്. “ഞാന്‍ പരദേശിയായിരുന്നു; നിങ്ങളെന്നെ സ്വീകരിച്ചു” (മത്താ. 25:35) എന്ന വേദവാക്യമാണു ജൂബിലി വര്‍ഷത്തിന്‍റെ ആപ്തവാക്യം. അശരണരും അര്‍ഹരുമായ അഗതികള്‍ക്ക് ആശ്വാസമേകുന്നതിലൂടെ വിന്‍സെന്‍റ് ഡി പോളിന്‍റെയും വി. ലൂയിസിന്‍റെയും മഹനീയ മാതൃകയാണ് ഈ കാരുണ്യസന്നദ്ധസമൂഹം പിന്തുടരുന്നത്. പ്രാദേശികവും ദേശീയവും അന്തര്‍ദ്ദേശീയവുമായ ഒട്ടേറെ ആഘോഷപരിപാടികളാണ് ഈ വര്‍ഷം വിഭാവനം ചെയ്യപ്പെട്ടത്. 2017 ഒക്ടോബര്‍ 12 മുതല്‍ 15 വരെ ആഘോഷപരിപാടികളുടെ പരിസമാപ്തി സമ്മേളനം റോമില്‍ നടക്കുകയുണ്ടായി. സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന സമാപനയോഗത്തിലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുഗ്രഹപ്രഭാഷണം കേള്‍ക്കാന്‍ ലോകത്തിലെമ്പാടുനിന്നുമായി പതിനായിരത്തിലേറെ വിന്‍സെന്‍ഷ്യന്‍ കുടുംബാംഗങ്ങളാണ് അവിടെ ഒത്തുചേര്‍ന്നത്.

സമാപനപ്രഭാഷണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ, വിന്‍സെന്‍ഷ്യന്‍ കാരുണ്യപ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും ശതാബ്ദങ്ങളായി തുടരുന്ന കാരുണ്യപ്രവാഹം അണമുറിയാതെ നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.”to worship, to welcome, to go’- എന്നീ ലളിതമായ മൂന്നു പ്രവൃത്തികള്‍ക്ക് ഊന്നല്‍ നല്കി പ്രവര്‍ത്തിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. ആരാധനയിലൂടെ ദൈവത്തോടടുക്കുന്ന മനുഷ്യന്‍ ദുര്‍ബലസഹോദരനെ സ്വീകരിക്കാന്‍ സന്നദ്ധനാകും. ദുര്‍ബല ജനതതിയെ കണ്ടെത്താന്‍ പുറപ്പെടുകയെന്നതാണു മൂന്നാമത്തെ പ്രവൃത്തിയുടെ അന്തസ്സാരം.

നല്ല ശമരിയാക്കാരായ വിന്‍സെന്‍റ് ഡി. പോളിനെയും വിശുദ്ധ ലൂയിസിനെയുംപോലെ അഗതികളുടെ കണ്ണീരൊപ്പാന്‍ വിന്‍സെന്‍ഷ്യന്‍ സമൂഹത്തിനു കഴിയേണ്ടതുണ്ട്. കേവലം സഹാനുഭൂതികള്‍ക്കപ്പുറം അതു ക്രിസ്തീയ ദൗത്യമാണെന്നു തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണം. കാരുണ്യ ധാര്‍മ്മിക പ്രവര്‍ത്തനങ്ങളുടെ അഞ്ചാം ശതാബ്ദത്തിലേക്കു കടക്കുന്ന വിന്‍സെന്‍ഷ്യന്‍ കുടുംബത്തിനു വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെയും വിശുദ്ധ ലൂയിസിന്‍റെയും മാതൃകാപരമായ ജീവിതം പ്രചോദനമാകട്ടെ! സന്ന്യാസത്തിന്‍റെയോ സമൂഹജീവിതത്തിന്‍റെയോ ചട്ടക്കൂട്ടില്‍ നിന്നല്ലാതെ സ്വതന്ത്രമായ പ്രവര്‍ത്തനം വിന്‍സെന്‍ഷ്യന്‍ പ്രവര്‍ത്തശൈലിയാണ്. വിന്‍സെന്‍റ് ഡി പോള്‍ സ്ഥാപിച്ച സി.എം. ലൂയിയുടെ ഡിസി എന്നീ സഭകള്‍ സന്ന്യാസത്തിന്‍റെ പരിധിയിലാണെങ്കിലും അതിനുമപ്പുറം അല്മായ കൂട്ടായ്മയുടെ വലിയ ബഹിര്‍സ്ഫുരണമാണു വിന്‍സെന്‍ഷ്യന്‍ പ്രവര്‍ത്തകര്‍ക്കുള്ളത്.

Leave a Comment

*
*