വിരലുകളില്‍ വിരിയുന്ന കിളികള്‍ ഹൃദയത്തിലുണരുന്ന പ്രാര്‍ത്ഥനകള്‍ വീല്‍ചെയറിലുരുളുന്ന പ്രത്യാശ

വിരലുകളില്‍ വിരിയുന്ന കിളികള്‍ ഹൃദയത്തിലുണരുന്ന പ്രാര്‍ത്ഥനകള്‍ വീല്‍ചെയറിലുരുളുന്ന പ്രത്യാശ

എപ്പോള്‍ വേണമെങ്കിലും ഒടിയാവുന്ന മുട്ടത്തോടു പോലുള്ള അസ്ഥികളുമായി വീല്‍ ചെയറില്‍ കഴിയുന്ന ഒരു യുവാവിന്‍റെ ജീവിതത്തിന് എന്തര്‍ത്ഥമാണുള്ളത്? അപരാധഫലമല്ലാത്ത സഹനത്തെ അപരനു വേണ്ടിയുള്ള പ്രാര്‍ത്ഥനകളായി ഉയര്‍ത്തുമ്പോള്‍ ആ ജീവിതം ആരുടേതിനേക്കാളും അര്‍ത്ഥപൂര്‍ണമായി മാറുമെന്ന പാഠമാണ് ബിന്‍റോയുടെ ജീവിതം പകരുന്നത്.

ഒല്ലൂരില്‍ ബ്രദര്‍ മാത്യൂസ് ചുങ്കത്ത് കുടുംബനാഥനായുള്ള പുനര്‍ജീവന്‍ കുടുംബത്തിലെ ഒരംഗമാണ് ഇപ്പോള്‍ ബിന്‍റോ. പുറമ്പോക്കിലെ കുടിലില്‍ ദരിദ്രരായ മാതാപിതാക്കള്‍ക്കു ജനിച്ച മൂന്നു മക്കളിലൊരാളായിരുന്നു ബിന്‍റോ. രോഗം പാരമ്പര്യജന്യമാണ്. സഹോദരന്‍ ആദ്യം രോഗിയായി. അവന്‍ കുട്ടിക്കാലം മുതല്‍ തന്നെ ഇത്തരം കുട്ടികള്‍ക്കായി സിസ്റ്റര്‍മാര്‍ നടത്തുന്ന ഒരു അനാഥാലയത്തില്‍ കഴിഞ്ഞു പോന്നു. ഒരു പരിധി വരെ നിയന്ത്രണവിധേയമായിരുന്നു അവന്‍റെ രോഗാവസ്ഥ. അനാഥാലയാധികാരികള്‍ ചികിത്സ നല്‍കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെയിരിക്കെയാണ് ഇളയ മകനായ ബിന്‍റോയ്ക്കും രോഗമുണ്ടെന്ന യാഥാര്‍ത്ഥ്യം പ്രാണസങ്കടത്തോടെ ആ കുടുംബം തിരിച്ചറിയുന്നത്. അതോടെ പിതാവ് ആ കുടുംബത്തെ ഉപേക്ഷിച്ചു പോയി. അമ്മയും ഏക സഹോദരിയും ചേര്‍ന്ന് ബിന്‍റോയെ പരിചരിച്ചു.

സഹോദരന്‍റേതിനേക്കാള്‍ ഗുരുതരമായിരുന്നു ബിന്‍റോയുടെ രോഗാവസ്ഥ. അഞ്ചാം ക്ലാസ് എത്തിയപ്പോഴേയ്ക്കും നട്ടെല്ലിനടക്കം പൊട്ടല്‍ വീണു. സഹപാഠികള്‍ക്കൊപ്പം ഓടിക്കളിക്കാന്‍ കഴിയില്ല എന്നു മാത്രമല്ല, ചിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ആദ്യകുര്‍ബാനസ്വീകരണത്തിന്‍റെ സമയമെത്തി. പള്ളിയില്‍ കുട്ടികള്‍ക്കുള്ള ധ്യാനം. അതു കഴിഞ്ഞു വരുമ്പോള്‍ ചെറിയൊരു തള്ളില്‍ പെട്ടു വീണു. പ്ലാസ്റ്ററിട്ടു. പിന്നെ അസ്ഥികള്‍ ഒടിയുന്നതിന്‍റെ എണ്ണം കൂടി. പലപ്പോഴും എല്ലൊടിയുന്നത് അറിയാന്‍ പോലും കഴിയില്ല. വേദനയും നീരും വരുമ്പോഴാണ് മനസ്സിലാകുക. കാല്‍മുട്ടിനു മുകളില്‍ ഒരിക്കല്‍ എല്ലൊടിഞ്ഞതു ഗുരുതരമായി. മജ്ജ പുറത്തു വന്നു. അതു വൈകല്യമില്ലാതെ സുഖപ്പെടുത്താന്‍ സാധിച്ചില്ല. രോഗാവസ്ഥ പതിയെ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അതോടെ വീട്ടിലെ കട്ടിലിലേയ്ക്കു ഒതുങ്ങി.

അങ്ങനെയിരിക്കുമ്പോഴാണ് മാത്യൂസ് ബ്രദര്‍ തേടിയെത്തുന്നത്. വീട്ടിലിരുന്ന് പാഴ്ത്തുണികള്‍ കൊണ്ടു കിളികളുണ്ടാക്കുന്ന വിദ്യ അതിനകം പഠിച്ചിരുന്നു. അതിനെ ബ്രദര്‍ അഭിനന്ദിച്ചു. നേരംപോക്കിനു വേണ്ടി കിളികളെയുണ്ടാക്കി, അതിനെ നശിപ്പിച്ചു കളയുമായിരുന്ന ബിന്‍റോയ്ക്കു കിട്ടുന്ന ആദ്യത്തെ നല്ല വാക്കുകളാണവ. ആ കലാവിദ്യ കൂടുതല്‍ പേരുടെ മുമ്പില്‍ അവതരിപ്പിക്കാമെന്നും കൂടുതല്‍ പേര്‍ക്ക് അവ നല്‍കാമെന്നും മാത്യൂസ് ബ്രദര്‍ പറഞ്ഞു.

കിടപ്പുരോഗികളെ പരിചരിക്കുകയും അഭയമേകുകയും ചെയ്യുന്ന പുനര്‍ജീവന്‍ എന്ന സേവനസംരംഭം ബ്രദര്‍ മാത്യൂസ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ബിന്‍റോയ്ക്കു ഇടയ്ക്കിടെ ചികിത്സയും ആശുപത്രി സന്ദര്‍ശനവും ആവശ്യമായി വരും. പുറമ്പോക്കിലെ കുടിലില്‍ കഴിയുന്ന നിര്‍ധനയായ അമ്മയ്ക്ക് ചെയ്യാവുന്നതിന് ഒരു പരിധിയുണ്ട്. അതു മനസ്സിലാക്കി മാത്യൂസ് ബ്രദര്‍ ബിന്‍റോയെ പുനര്‍ജീവനില്‍ അന്തേവാസിയാകാന്‍ ക്ഷണിച്ചു. ബിന്‍റോ അതു സ്വീകരിച്ചു. അങ്ങനെ ബിന്‍റോ 19-ാം വയസ്സില്‍ പുനര്‍ജീവന്‍റെ ഭാഗമായി. ഇപ്പോള്‍ ഒല്ലൂര്‍ റെയില്‍വേ ഗേറ്റിനടുത്ത് തൈക്കാട്ടുശേരി റോഡിലുള്ള പുനര്‍ജീവന്‍ മന്ദിരത്തിലും പുനര്‍ജീവന്‍റെ നേതൃത്വത്തില്‍ കല്ലൂര്‍ ചെമ്പംകണ്ടം ഭരതമലയില്‍ തുടങ്ങിയിരിക്കുന്ന ആശ്രമത്തിലുമായി കഴിയുകയാണ് ബിന്‍റോ.

പുനര്‍ജീവനില്‍ വന്നതോടെ ബിന്‍റോ പുതിയൊരു ലോകം കാണാന്‍ തുടങ്ങി, ലോകത്തെ പുതിയ കണ്ണിലൂടെ കാണാന്‍ തുടങ്ങി. അവശതകളിലൂടെ കടന്നു പോകുന്ന അനേകര്‍. തന്നെക്കാള്‍ വേദനയും ദുരിതവും സഹിക്കുന്നവര്‍. എന്നിട്ടും പരാതികളോ ശാപവാക്കുകളോ ഇല്ലാതെ സന്തോഷത്തോടെ കഴിയുന്നവര്‍. ബിന്‍റോയും തന്‍റെ രോഗാവസ്ഥയെ കുറിച്ചുള്ള നിരാശകള്‍ എല്ലാം ഉപേക്ഷിച്ചു. ബ്രദര്‍ മാത്യൂസിന്‍റെ സഹോദരനായ മിഷണറി വൈദികന്‍ ജോലി ചെയ്യുന്ന മധ്യപ്രദേശിലെ സാഗറിലേയ്ക്ക് പല പ്രാവശ്യം തീവണ്ടിയാത്രകള്‍ നടത്തി. കിടപ്പുരോഗികള്‍ക്കൊപ്പം നടത്തിയ ഈ യാത്രകള്‍ സന്തോഷവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിച്ചു.

പുനര്‍ജീവനില്‍ മിക്കവാറും സമയങ്ങളിലെല്ലാം പ്രാര്‍ത്ഥനാഗീതികള്‍ ഉയര്‍ന്നുകൊണ്ടിരിക്കും. തുടര്‍ച്ചയായി മദ്ധ്യസ്ഥ പ്രാര്‍ത്ഥന നടക്കും. ബിന്‍റോയും മാദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കായി സമയം ചിലവഴിക്കാന്‍ തുടങ്ങി. അനേകരുടെ പ്രാര്‍ത്ഥനാനിയോഗങ്ങള്‍ ബിന്‍റോയ്ക്കും പുനര്‍ജീവനും അനുദിനം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ബിന്‍റോ അവയ്ക്കെല്ലാം വേണ്ടിയുള്ള പ്രാര്‍ത്ഥനകളില്‍ മുഴുകി സമയം ചിലവഴിക്കുന്നു. തനിക്കു വേണ്ടിയോ തന്‍റെ രോഗസൗഖ്യത്തിനു വേണ്ടിയോ ബിന്‍റോ ഒരിക്കലും പ്രാര്‍ത്ഥിക്കുന്നില്ല. തന്‍റെ പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെടുന്നവര്‍ക്കു വേണ്ടിയാണു ബിന്‍റോയുടെ പ്രാര്‍ത്ഥനകളത്രയും. അതോടെ തന്‍റെ രോഗത്തിനും വേദനകള്‍ക്കും അനുഗ്രഹപ്രദമായ പുതിയൊരര്‍ത്ഥം ലഭിച്ചതായി ബിന്‍റോ കരുതുന്നു.

ഈ സഹനത്തിലിരുന്നുകൊണ്ട് മറ്റുള്ളവരെ നോക്കി ചിരിക്കുന്നതാണു ബിന്‍റോയുടെ സുവിശേഷപ്രസംഗം. ദൈവസാന്നിദ്ധ്യം പ്രാര്‍ത്ഥനയിലൂടെ അനുഭവിച്ചറിയുന്നതുകൊണ്ടാണു തനിക്കിപ്പോള്‍ സന്തോഷത്തോടെയിരിക്കാനും മറ്റുള്ളവരെ നോക്കി ചിരിക്കാനും കഴിയുന്നതെന്നു ബിന്‍റോ പറഞ്ഞു. തന്‍റെ സഹനങ്ങള്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കും വേദനകള്‍ക്കും വേണ്ടിയുളള പ്രാര്‍ത്ഥനകളുടെ ഊര്‍ജമാക്കി മാറ്റുകയാണു ബിന്‍റോ. രോഗത്തിന്‍റെയും വേദനയുടെയും ഓര്‍മ്മ വരുമ്പോഴായിരിക്കും മക്കളുടെ വഴി തെറ്റിയ പോക്കില്‍ ദുഃഖിക്കുന്ന ഒരമ്മയുടെ ഫോണ്‍ വരിക. മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. പിന്നെ തന്‍റെ സഹനമത്രയും ആ മക്കളുടെ മാനസാന്തരത്തിനായി സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയാണു ചെയ്യുക. പ്രാര്‍ത്ഥനകള്‍ ഫലിച്ചതിന്‍റെ ഒട്ടേറെ അനുഭവകഥകള്‍ ബിന്‍റോയുടെ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ ജീവിതത്തിലുണ്ട്.

കഞ്ചാവ്, മദ്യം, ബൈക്കുകളുടെ അമിതവേഗം മൂലമുള്ള അപകടങ്ങള്‍ തുടങ്ങിയവ നമ്മുടെ അനേകം ചെറുപ്പക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയിട്ടുണ്ടെന്ന് പ്രാര്‍ത്ഥനാവശ്യങ്ങളില്‍ നിന്നു മനസ്സിലാക്കുന്നതായി ബിന്‍റോ പറഞ്ഞു. ആരോഗ്യമുള്ള ചെറുപ്പക്കാര്‍ ദുരിതജീവിതം സ്വയം തിരഞ്ഞെടുക്കുന്നതു പോലെയാണിത്. രോഗികളായി ജനിക്കുകയും രോഗികളായി മാറുന്നവരും ഏറെയുള്ളപ്പോള്‍ അവരെ സഹായിക്കാനും പരിചരിക്കാനും സാധിക്കേണ്ടവര്‍ മനഃപൂര്‍വം രോഗികളും അവശരുമായി മാറുന്നതിന്‍റെ ദയനീയത നമ്മുടെ ചെറുപ്പക്കാര്‍ മനസ്സിലാക്കണമെന്നു ബിന്‍റോ നിര്‍ദേശിക്കുന്നു.

ഒന്നു രണ്ടു വര്‍ഷം മുമ്പ് ബിന്‍റോയ്ക്ക് ഒരു ഇലക്ട്രിക് വീല്‍ചെയര്‍ സമ്മാനമായി കിട്ടി. യൗവനത്തില്‍ ബൈക്കപകടത്തില്‍ മരിച്ചുപോയ ഒരു യുവാവിന്‍റെ മാതാപിതാക്കള്‍ മകന്‍റെ ഓര്‍മ്മയ്ക്കായി നല്‍കിയതായിരുന്നു അത്. അതു ബിന്‍റോയ്ക്കു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി. എന്നും രാവിലെ പുനര്‍ജീവനില്‍ നിന്ന് തൈക്കാട്ടുശേരി പള്ളിയില്‍ വി. കുര്‍ബാനയ്ക്കു പോകാനാണ് വീല്‍ ചെയര്‍ പ്രധാനമായും ഉപയോഗിക്കുന്നത്. മറ്റു ചെറുയാത്രകള്‍ നടത്താനും ആശ്രമത്തിനുള്ളിലെ നീക്കങ്ങള്‍ക്കും വീല്‍ ചെയര്‍ ഉപകാരപ്പെട്ടു. കുറച്ചു നാള്‍ മുമ്പ് ഒരു യാത്രയ്ക്കിടെ വണ്ടിയിടിച്ച് ഈ വീല്‍ചെയറിനു കേടുപാടുകള്‍ പറ്റി. നന്നാക്കിയെങ്കിലും അതു പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായിട്ടില്ല. അതിനാല്‍ പുതിയൊരു ഇലക്ട്രിക് വീല്‍ ചെയര്‍ ലഭിക്കണമെന്ന ആഗ്രഹത്തോടെ കാത്തിരിക്കുകയാണിപ്പോള്‍ ബിന്‍റോ.

പുനര്‍ജീവനിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ആവശ്യമെങ്കില്‍ കിളികളെ മിനിറ്റുകള്‍ക്കുള്ളില്‍ നിര്‍മ്മിച്ചു നല്‍കുന്നതില്‍ ബിന്‍റോ സന്തോഷം കണ്ടെത്തുന്നു. പഴയ കോട്ടണ്‍ സാരികള്‍ മാത്രം അസംസ്കൃതവസ്തുവാക്കുന്ന ഈ കരകൗശലവിദ്യ പഠിക്കണമെന്നുള്ളവര്‍ക്ക് പഠിപ്പിച്ചു നല്‍കാനും ബിന്‍റോ തയ്യാറാണ്. ബിന്‍റോയുടെ നമ്പര്‍ : 8281243984.

ഷിജു ആച്ചാണ്ടി

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org