Latest News
|^| Home -> Cover story -> വൈറസും ആത്മീയതയും

വൈറസും ആത്മീയതയും

Sathyadeepam

എസ്. പൈനാടത്ത് എസ്.ജെ.

ലോകത്തെ മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് കൊറോണ വൈറസ്. ഇത്തരം ഒരു മാരകരോഗത്തിന്‍റെ മുമ്പില്‍ നിസ്സഹായരായി നില്‍ക്കുമ്പോള്‍ അതിന്‍റെ നിഷേധാത്മക വശം മാത്രമാണ് നാം കാണുക. അതില്‍ ദിവ്യതയുടെ നിമന്ത്രണം ശ്രദ്ധിക്കാനുള്ള തുറവികൂടി നമുക്ക് വേണമല്ലോ. മൂന്ന് മിഥ്യാധാരണകളുടെ പുറംതോടു പൊട്ടിക്കുന്ന പ്രതിഭാസമാണിത്: 1. ശാസ്ത്രം എല്ലാത്തിനും ഉത്തരം തരും; 2. ധനം ജീവിതത്തെ ഭദ്രമാക്കും; 3. മതം ശ്രേയസ്സിലേക്ക് നയിക്കും. ഇവ മൂന്നിലും അള്ളിപ്പിടിക്കുന്നവര്‍ ഇന്ന് വൈറസിന്‍റെ മുമ്പില്‍ നിസ്സഹായരായി നില്‍ക്കുകയാണ്. ഇവയില്‍ ഒന്നും രണ്ടും ഏറെ ചര്‍ച്ചാ വിഷയമായിട്ടുള്ളതാണ്. മതാത്മകതയുടെ പരിമിതിയെപ്പറ്റി ഏതാനും വിചിന്തനങ്ങള്‍:

വൈറസ് പരക്കുമെന്ന ഭീതിയില്‍ പലയിടത്തും മതാചാരങ്ങള്‍ നിര്‍ത്തിവയ്ക്കുന്നു, പരിമിതപ്പെടുത്തുന്നു. അനുഷ്ഠാനപ്രധാനമായ മതാത്മകതയ്ക്കപ്പുറം അനുഭൂതിസമ്പന്നമായ ആത്മീയതയിലേക്ക് ഉണരാനുള്ള ഉള്‍വിളി ഇത്തരുണത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മതാത്മകതയും ആത്മീയതയും രണ്ടും രണ്ടാണ്. മതാത്മകത ആചാരാനുഷ്ഠാനങ്ങളില്‍ പിടിച്ചുനില്‍ക്കുന്നു; ആത്മീയത ആന്തരികാനുഭൂതിയില്‍ വിടരുന്നു. മതാത്മകത ആള്‍ബലം തേടുന്നു; ആത്മീയത ദിവ്യാത്മാവിന്‍റെ ആന്തരികചലനങ്ങള്‍ക്കൊത്തു വികസിക്കുന്നു. മതാത്മകത സംവിധാനങ്ങളില്‍ ഊറ്റംകൊള്ളുന്നു. ആത്മീയത വ്യക്തികളെ ദിവ്യതയിലേക്ക് ഉണര്‍ത്തുന്നു. മതാത്മകത സമുദായനിബദ്ധം; ആത്മീയത ഒരു സാര്‍വ്വത്രികാനുഭൂതി. മതാത്മകത ആത്മീയതയ്ക്ക് വഴി തെളിക്കാനുള്ളതാണ്. പക്ഷേ പലപ്പോഴും വഴിതടസ്സങ്ങളുമുണ്ടാകുന്നു. ഇന്ത്യയില്‍ ഇന്ന് മതാത്മകതയ്ക്കാണ് പ്രചാരവും പ്രാബല്യവും; എന്നാല്‍ ഈ നാടിന്‍റെ സംസ്കാരം ആത്മീയതയുടേതാണ്. മതങ്ങള്‍ അവയുടെ പ്രഭവസ്ഥാനങ്ങളില്‍ ആത്മീയതയുടെ ഉറവകള്‍ വിടര്‍ത്തിയവയാണല്ലോ. കാലക്രമേണ രാഷ്ട്രീയാധികാരവും സാമ്പത്തികനേട്ടവും ലക്ഷ്യമാക്കി മതാത്മകത ശക്തിയാര്‍ജ്ജിച്ചു. മതാത്മകതയിലെ പരിമിതികളും സംഘര്‍ഷസാധ്യതകളും തിരിച്ചറിഞ്ഞ് ആത്മീയതയിലേക്കുണരാന്‍ ഈ വൈറസ് ഭീഷണി പ്രചോദനമാകണം.

– മതാത്മകത ദൈവത്തെ മൂര്‍ത്തീരൂപത്തില്‍ മുമ്പില്‍, മുകളില്‍ പ്രതിഷ്ഠിച്ചു വയ്ക്കും; ആത്മീയതയില്‍ മനുഷ്യന്‍ ദിവ്യതയെ ചലനാത്മകസാന്നിധ്യമായി അനുഭവിച്ചറിയും. മതം ദൈവത്തെ സൈതികമായി കണ്ട് (static) അനുഷ്ഠാനകര്‍മ്മങ്ങളും ആരാധനാ രീതികളും വിരചിക്കും. ആത്മീയത ദിവ്യതയെ സര്‍വ്വാന്തര്യാമിയും സര്‍വ്വാതിശായിയുമായ ആത്മാവായി, ചലനമായി (dynamic); ഉള്‍ക്കൊള്ളും. ദൈവികസാന്നിധ്യത്തിന്‍റെ സ്പന്ദനങ്ങള്‍ പരമാണുവിലും ജീവകോശത്തിലും, മണല്‍ത്തരിയിലും മഴത്തുള്ളിയിലുമെന്നല്ല, സൃഷ്ടിജാലത്തില്‍ എല്ലാത്തിലും, തുടിക്കുന്നുണ്ട്. ഈ വിശ്വസാന്നിധ്യത്തിലേക്കുള്ള ഉണര്‍വ്വാണ് ആത്മീയത.

ഇതിനു സഹായകമാകുന്ന ലളിതമെങ്കിലും ശക്തമായ ധ്യാനരീതിയാണ് നാമജപം. ഓരോ വ്യക്തിയുടെയും വിശ്വാസാനുഭൂതിയില്‍ വിടരുന്ന ഈശ്വരനാമം നിരന്തരം ഭക്തീഭാവത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുക എന്നതാണ് ഈ സാധനാമാര്‍ഗ്ഗം. എല്ലാ മതങ്ങളിലും തന്നെ നാമജപത്തിന്‍റെ ആത്മീയപൈതൃകമുണ്ടല്ലോ. നാമാവര്‍ത്തനം യാന്ത്രികമല്ല, ആത്മാര്‍പ്പണപ്രേരിതമാണ്; വാചിക പ്രാര്‍ത്ഥനയല്ല, ആന്തരികധ്യാനമാണിത്. ഓം പോലെയുള്ള മന്ത്രം ഈശ്വരനാമത്തോട് ചേര്‍ത്ത് ആലപിക്കുമ്പോള്‍ ജപസാധനയുടെ ശക്തി വര്‍ദ്ധിക്കും. അന്തരീക്ഷത്തില്‍ ആത്മീയ തരംഗങ്ങള്‍ വിരചിക്കാന്‍ നാമമന്ത്രത്തിന് കഴിയും. വൈറസുപോലുള്ള ജീവനാശ ഘടകങ്ങളെ നിര്‍വ്വീര്യമാക്കാന്‍ ഇത്തരം ആത്മീയതരംഗങ്ങള്‍ സഹായകമാകും. വ്യക്തിയില്‍ ഭീതിയകറ്റി രോഗപ്രതിരോധന ശേഷി വര്‍ദ്ധിപ്പിക്കും. സൃഷ്ടിയില്‍ ദൈവികോര്‍ജ്ജം വ്യാപിപ്പിക്കും. നാമജപത്തിലൂടെ ഉള്ളിലും പുറത്തുമുള്ള ദൈവികസാന്നിദ്ധ്യത്തിലേക്കുണരുന്നയാള്‍ കരുണാര്‍ദ്രനായിത്തീരും.

Leave a Comment

*
*