വിശുദ്ധര്‍ അമാനുഷീകരോ?

വിശുദ്ധര്‍ അമാനുഷീകരോ?

സിജോ കണ്ണമ്പുഴ OM

വലുതാകുമ്പോള്‍ ആരാകാനാണ് നിനക്കിഷ്ടം?-കഴിഞ്ഞയാഴ്ചയില്‍ ഈ ചോദ്യം ഞാന്‍ ഒരു കൂട്ടം ഹൈസ്കൂള്‍ കുട്ടികളോട് ചോദിച്ചു. ഉത്തരങ്ങളില്‍ പുതുമയുണ്ടായിരുന്നില്ല. ഞാന്‍ വീണ്ടും അവരോട് ചോദിച്ചു, "നി ങ്ങളില്‍ എത്രപേര്‍ക്ക് വിശുദ്ധരാകണം എന്ന് ആഗ്രഹമുണ്ട്?" "വിശുദ്ധരോ? ഞങ്ങളോ? അത് ഞങ്ങള്‍ക്ക് പറ്റിയതല്ല" ഇതായിരുന്നു അവരുടെ പ്രതികരണം.

ഒരിക്കലും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത, അപ്രാപ്യമായ ഒരു അവസ്ഥയാണ് വിശുദ്ധരാവുക എന്നാണ് ആ കുട്ടികള്‍ ധരിച്ചു വച്ചിരിക്കുന്നത്. മാമ്മോദീസാ സ്വീകരിച്ച നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധിയിലേക്കാണെന്ന് നമ്മില്‍ എത്രപേര്‍ ഓര്‍ത്തിരിക്കുന്നുണ്ട്? എത്ര മാതാപിതാക്കള്‍ മക്കളോട് നിങ്ങള്‍ വിശുദ്ധരാകണം എന്ന് ആവശ്യപ്പെടാറുണ്ട്? വിശുദ്ധരാകുക എന്നത് ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഒരു ഓപ്ഷന്‍ അല്ല. മറിച്ച് നിര്‍ബന്ധമായും എത്തിച്ചേരേണ്ട അവസ്ഥയാണ്. ജാള്യത കൂടാതെ അത് പറയാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കുപോലും സാധിക്കുന്നില്ലെങ്കില്‍ നാം മനസ്സിലാക്കിയിരിക്കുന്ന 'വിശുദ്ധര്‍' എന്ന പദത്തിന് എന്തോ പ്രശ്നമുണ്ട് എന്ന് വേണം അനുമാനിക്കാന്‍.

വിശുദ്ധര്‍ വിചിത്രസ്വഭാവികളോ അസാധാരണ മനുഷ്യരോ അല്ല. അവര്‍ മറ്റു മനുഷ്യര്‍ക്ക് അനുവര്‍ത്തിക്കാവുന്ന മാതൃകകളാണ്. തിരുവചനദര്‍ശനത്തില്‍ എല്ലാ വിശ്വാസികളും, പുരുഷനും സ്ത്രീയും, ജനിച്ചവരും ജനിക്കാനിരിക്കുന്നവരും, സൗന്ദര്യം ഉള്ളവരും ഇല്ലാത്തവരും എല്ലാം വിശുദ്ധരാണ്. കാരണം അവര്‍ ദൈവത്തിന്‍റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടവരാണ്. വിശുദ്ധരെല്ലാം സാധാരണക്കാരായി ഈ ഭൂമിയില്‍ ജീവിച്ചുമരിച്ചവരാണ്. പക്ഷേ അവരുടെ പാദങ്ങള്‍ ഭൂമിയിലായിരുന്നെങ്കിലും കണ്ണുകള്‍ സ്വര്‍ഗ്ഗത്തെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ആര്‍തര്‍ സ്റ്റാന്‍ലിയുടെ മനോഹരമായ ഒരു ഉദ്ധരണിയുണ്ട് – "ഒരു ക്രിസ്ത്യാനിയുടെ യഥാര്‍ത്ഥ വിളി അസാധാരണമായ കാര്യങ്ങള്‍ ചെയ്യുക എന്നതല്ല, മറിച്ച് സാധാരണ കാര്യങ്ങള്‍ മനോഹരമായി ചെയ്യുക എന്നതാണ്". വിശുദ്ധരെന്ന പദം പാപികള്‍ എന്ന പദത്തിന്‍റെ എതിര്‍വാക്കല്ല. പാപികള്‍ എന്ന വാക്കിന് വിപരീതപദം ഇല്ല. രക്ഷിക്കപ്പെട്ട പാപികളും ഇനിയും രക്ഷ സ്വീകരിക്കാത്ത പാപികളുമാണ് ഉള്ളത്. വിശുദ്ധര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പാപമില്ലാത്തവര്‍ എന്നല്ല, മാറ്റി നിറുത്തപ്പെട്ടവര്‍ എന്നാണ്. ദൈവവുമായി നിത്യത പുല്‍കാന്‍ മാറ്റി നിറുത്തപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരുമാണ് നാമോരോരുത്തരും.

ആരാണ് ഒരു വിശുദ്ധന്‍? എല്ലാത്തിലും ഉപരി, താന്‍ പാപിയാണെന്ന് തിരിച്ചറിയുന്നവനാണ് വിശുദ്ധന്‍. രക്ഷയുടെ സദ്വാര്‍ത്തയും പാപത്തിന്‍റെ ദുര്‍വാര്‍ത്തയും നന്നായി അറിയുന്നവനാണ് വിശുദ്ധന്‍. വിശുദ്ധര്‍ പച്ചയായ മനുഷ്യര്‍ ആയിരുന്നു. നമ്മുടേത് പോലുള്ള വിചാരവികാരങ്ങളും വിശപ്പും അവര്‍ അനുഭവിച്ചിരുന്നു. അവര്‍ക്ക് വേദനയും വിഷമവും പോലെ സന്തോഷവും ആഹ്ളാദവും ഉണ്ടായിരുന്നു. അവര്‍ക്ക് വീഴ്ചകളും തകര്‍ച്ചകളും ഉണ്ടായിരുന്നു. പക്ഷെ വീണിടത്തുകിടക്കാതെ അവര്‍ പിന്നെയും യാത്ര തുടര്‍ന്നു. Every Saint was once a Sinner (എല്ലാ വിശുദ്ധരും ഒരിക്കല്‍ പാപികളായിരുന്നു) എന്ന സത്യം നാം മറക്കരുത്.

വിശുദ്ധരാകുക എന്നതും വിശുദ്ധിയില്‍ ജീവിക്കുക എന്നതും അസാധ്യമാണെന്നോ, ആ അവസ്ഥയില്‍ എത്തിച്ചേരുന്നവര്‍ വളരെ അമാനുഷികരായി ജീവിച്ചവരാണെന്നോ ഒക്കെ ഒരു തെറ്റായ ചിന്ത പലപ്പോഴും കുട്ടികളുടെയും ഒരു പരിധി വരെ മുതിര്‍ന്നവരുടെയും ഇടയിലുണ്ട് എന്നത് ഉത്കണ്ഠയുണര്‍ത്തുന്ന ഒന്നാണ്. വിശുദ്ധരുടെ ജീവചരിത്ര പുസ്തകങ്ങളില്‍ അവര്‍ ചെയ്തതായി പറയപ്പെടുന്ന അത്ഭുതങ്ങളുടെ ഊതിവീര്‍പ്പിച്ച വിവരണങ്ങളും, അടയാളങ്ങളുടെ അതിശയോക്തി കലര്‍ന്ന വ്യാഖ്യാനങ്ങളും പലപ്പോഴും ഇതിനു കാരണമാണ്. ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ വിശുദ്ധരെക്കുറിച്ച് നാം കാണുന്ന സിനിമകളും ഡോക്കുമെന്‍ററികളും ചിലപ്പോഴെങ്കിലും വിശുദ്ധര്‍ നമ്മെപ്പോലെ പച്ചയായ മനുഷ്യരായിരുന്നു എന്ന യാഥാര്‍ഥ്യത്തെ വേണ്ടവിധത്തില്‍ പ്രതിഫലിപ്പിക്കുന്നില്ല.

മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കാത്ത ധാരാളം വിശുദ്ധര്‍ കത്തോലിക്കാ സഭയിലുണ്ട്. നാമകരണം ചെയ്യപ്പെടുന്ന വിശുദ്ധര്‍ പലപ്പോഴും അവരുടെ ശുശ്രൂഷകളുടെയോ ജീവിതസാക്ഷ്യത്തിന്‍റെയോ അനന്യതകൊണ്ട് പൊതുസമൂഹത്തിന്‍റെ മുന്‍പില്‍ ശ്രദ്ധിക്കപ്പെട്ടവരാണ് (ഉദാ. മദര്‍ തെരേസ, വി. ഡാമിയന്‍). ശ്രദ്ധിക്കപ്പെടാതെ പോകുന്ന എത്രയോ പുണ്യാത്മാക്കളുണ്ടാകും. സകല വിശുദ്ധരുടെയും ദിനത്തില്‍ നാം അവരെ ഓര്‍ക്കുകയും അവരോട് മാധ്യസ്ഥം യാചിക്കുകയും ചെയ്യുന്നു.

ഓരോ നാമകരണ നടപടികള്‍ നടക്കുമ്പോഴും ആ വിശുദ്ധരെക്കുറിച്ച് വളരെ ആധികാരികവും സമഗ്രവുമായ വാര്‍ത്തകളും ഫീച്ചറുകളും ഉണ്ടാകാറുണ്ട്. ചിലപ്പോഴെങ്കിലും ചില വാര്‍ത്തകളെങ്കിലും വിശുദ്ധരെക്കുറിച്ചുള്ള അഭിപ്രായങ്ങളും, അവരേതോ അമാനുഷരായിരുന്നു എന്നും, ജനിച്ചപ്പോള്‍ മുതല്‍ എന്തൊക്കെയോ പ്രത്യേകതകളും ദുരൂഹതകളും ഉള്ളവരായിരുന്നു എന്നും ഒരു ധ്വനി സൃഷ്ടിക്കപ്പെടാറുണ്ട്. അവര്‍ക്കുണ്ടായ ആധ്യാത്മീകമായ വെളിപാടുകളും അനുഭവങ്ങളും പലപ്പോഴും നിഗൂഢതകളും രഹസ്യങ്ങളും നിറഞ്ഞതായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതുപോലെയും അനുഭവപ്പെടാറുണ്ട്. വിശുദ്ധരാകുക എന്നത് സാധാരണക്കാര്‍ക്ക് സാധിക്കാത്ത എന്തോ വലിയൊരു അവസ്ഥയാണെന്ന് തെറ്റിദ്ധാരണ പരക്കാന്‍ ഇതെല്ലാം ഇടവരുത്താറുണ്ട്.

'ഇപ്പോഴും അഴുകാത്ത ശരീരം' എന്നെല്ലാം പറഞ്ഞു പ്രദര്‍ശിപ്പിക്കുന്നത് ചിലപ്പോഴെങ്കിലും (അപവാദങ്ങളില്ലെന്നല്ല) എംബാം (അഴുകാതിരിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ) ചെയ്ത മൃതശരീരം ആണെന്നും ഈ വിദ്യ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പേ ഈജിപ്തുകാര്‍ കണ്ടുപിടിച്ചതാണെന്നുമെല്ലാം നാം മറക്കുന്നു. വിശുദ്ധരുടെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ പലപ്പോഴും ആത്മീയതയെക്കാള്‍ പൊള്ളയായ ആചാരങ്ങളുടെയും അര്‍ത്ഥമറിയാതുള്ള പ്രാര്‍ത്ഥനയുടെയും ഇടമായി മാറുന്നു. ആദ്ധ്യാത്മികമായ ഉണര്‍വ്വിനേക്കാള്‍, അത്ഭുതങ്ങള്‍ കാണാനെത്തുന്നവരുടെയും സാമ്പത്തികലാക്കോടെ വരുന്നവരുടെയും വേദിയായി പല തീര്‍ത്ഥാടനകേന്ദ്രങ്ങളും മാറ്റപ്പെടുന്നു. തീര്‍ത്ഥാടനം വിനോദസഞ്ചാരത്തിന് വഴിമാറുന്നു. വിശുദ്ധര്‍ ദൈവത്തിനൊപ്പമോ, ദൈവത്തിനേക്കാള്‍ മുകളിലോ പ്രതിഷ്ഠിക്കപ്പെടുന്ന അവസ്ഥകളും നിര്‍ഭാഗ്യവശാല്‍ ഉണ്ടാകുന്നുണ്ട്. അതേസമയം, വിശുദ്ധരുടെ മാധ്യസ്ഥശക്തിയും അവരിലൂടെ ലഭ്യമായ അനുഗ്രഹങ്ങളും പ്രഘോഷിക്കപ്പെടേണ്ടവയാണ്. അവരുടെ ജീവിതത്തിലൂടെ ദൈവം ഇന്നും മഹത്വപ്പെടുന്നു എന്നത് തന്നെയാണ് അതിന്‍റെ അടിസ്ഥാനം.

വിശുദ്ധിയെന്നത് ലൈംഗീകതയുമായി മാത്രം ബന്ധപ്പെടുത്തി ചിന്തിക്കുന്ന ഒരു അബദ്ധവും നമുക്ക് സംഭവിക്കുന്നുണ്ട്. ലൈംഗീകത, വിശുദ്ധി പാലിക്കേണ്ട ഒരു തലം മാത്രമാണ്. വ്യക്തികളോടും, സഹോദരങ്ങളോടും, കുടുംബാംഗങ്ങളോടും, ജീവിത പങ്കാളിയോടും സമൂഹാംഗങ്ങളോടുമുള്ള ബന്ധത്തില്‍ കരുണയും ക്ഷമയും സ്നേഹവും പരിധികളില്ലാതെ പങ്കുവയ്ക്കപ്പെടുമ്പോള്‍ അതും വിശുദ്ധിയാണ്. നല്‍കപ്പെട്ട ഉത്തരവാദിത്വം അതിന്‍റെ പൂര്‍ണ്ണതയില്‍ അര്‍പ്പണബോധത്തോടെ ചെയ്യുമ്പോള്‍ അതും വിശുദ്ധിയാണ്. മദ്യപാനിയായ ഭര്‍ത്താവിനെ ക്ഷമയോടെ സഹിക്കുകയും മക്കളെ ക്രിസ്തുവിലേക്ക് വളര്‍ത്തുകയും ചെയ്യുമ്പോള്‍ ഒരമ്മ വിശുദ്ധയാകുന്നു. രോഗപീഢകളാല്‍ കഷ്ടപ്പെടുന്ന ജീവിത പങ്കാളിയെ ത്യാഗം സഹിച്ച് ശുശ്രൂഷിക്കുന്നതും വിശുദ്ധിയാണ്. മക്കള്‍ക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന മാതാപിതാക്കളും, മാതാപിതാക്കള്‍ക്ക് മരുന്ന് വാങ്ങാനായി അത്യദ്ധ്വാനം ചെയ്യുന്ന മക്കളും വിശുദ്ധിയിലേക്ക് നടന്നടുക്കുന്നവരാണ്.

സന്ന്യസ്തര്‍ക്കും വൈദികര്‍ക്കും മാത്രം എത്തിച്ചേരാന്‍ സാധിക്കുന്ന ഒന്നാണ് വിശുദ്ധപദവി എന്നൊരു ധാരണയും പ്രബലമാണ്. അതു ശരിയല്ല. ആദിമനൂറ്റാണ്ടുകളില്‍ സഭാധികാരികളുടെയും ആശ്രമശ്രേഷ്ഠരുടെയും വൈദികരുടെയും സന്യസ്തരുടെയുമെല്ലാം ജീവിതങ്ങള്‍ കൂടുതല്‍ പരസ്യമായിരുന്നു. അവരുടെ പുണ്യകൃത്യങ്ങളും വേഗത്തില്‍ പ്രചരിക്കപ്പെട്ടു. എന്നാല്‍ വീടുകളില്‍ കഴിഞ്ഞിരുന്ന സാധാരണക്കാരായ അല്മായരുടെ ജീവിതവിശുദ്ധിയും ആത്മീയവളര്‍ച്ചയും പലപ്പോഴും ശ്രദ്ധിക്കപ്പെട്ടില്ല എന്നതും അവരൊക്കെ ഇന്നും അറിയപ്പെടാതെ പോയ വിശുദ്ധരായതിന്‍റെ കാരണമാണ്. സഭാധികാരികളുടെയും സന്ന്യാസശ്രേഷ്ഠരുടെയും നാമകരണ നടപടികള്‍ ഏറ്റെടുത്ത് നടത്താന്‍ രൂപതകളും സന്ന്യാസസഭകളും മുമ്പോട്ട് വന്നപ്പോള്‍ പുണ്യചരിതരായ അല്മായരുടെ ജീവിതങ്ങളെ അള്‍ത്താരവണക്കത്തിനുയര്‍ത്താന്‍ ആവശ്യപ്പെടുന്ന ശബ്ദങ്ങള്‍ മൃദുവും ബലഹീനവുമായിരുന്നു എന്നതും വസ്തുതയാണ്.

ഫ്രാന്‍സിസ് അസ്സീസി ഒരിക്കല്‍ തന്‍റെ അനുചരന്മാരോട് പറഞ്ഞു. നിങ്ങള്‍ ഒരു ദിവസം ഒരു സ്വര്‍ഗ്ഗീയമായ ദര്‍ശനത്തില്‍ ആണെന്നിരിക്കട്ടെ. ആ സമയം ഒരു യാചകന്‍ ആശ്രമവാതില്‍ മുട്ടുകയും ഒരു ഗ്ലാസ് വെള്ളത്തിനായി അപേക്ഷിക്കുകയും ചെയ്താല്‍ ആ ദര്‍ശനത്തില്‍നിന്ന് വിട വാങ്ങി യാചകനെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അതായിരിക്കും യഥാര്‍ത്ഥത്തിലുള്ള സ്വര്‍ഗ്ഗാനുഭവം. ദര്‍ശനം തുടരാനായി യാചകനെതിരെ ചെവിയടച്ചാല്‍ അത് ദൈവ തിരുമുമ്പില്‍ നിന്നുള്ള ഒരു പിന്‍വാങ്ങലായിരിക്കും.

ഓരോ നാമകരണ നടപടിയും നമ്മില്‍ ഉണര്‍ത്തേണ്ടത് ഞാനും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവനാണെന്ന ബോധ്യവും എന്‍റെ സഹോദരന് അത് സാധ്യമായതിലുള്ള ആനന്ദവുമാണ്. ഓരോ വ്യക്തിയും അള്‍ത്താര വണക്കത്തിനായി ഉയര്‍ത്തപ്പെടുമ്പോള്‍ ഞാന്‍ അദ്ദേഹത്തില്‍ നിന്നും എന്തൊക്കെയോ മാതൃകയാക്കേണ്ടതുണ്ട് എന്ന സത്യം വിസ്മരിക്കാവുന്നതല്ല. ഓരോ വിശുദ്ധരിലും പ്രത്യേകമായി പരിലസിച്ചിരുന്ന നന്മ തിരിച്ചറിഞ്ഞ് അത് ജീവിതത്തില്‍ പകര്‍ത്തി, സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്ര കൂടുതല്‍ ഗൗരവമായി കാണുകയാണ് വേണ്ടത്. തത്വത്തില്‍ ഓരോ നാമകരണ നടപടിയും നമ്മെ കൂടുതല്‍ ദൈവത്തിലേക്ക് അടുപ്പിക്കുകയും നമ്മുടെ വിളിയുടെ ഔന്നത്യം മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുകയും ചെയ്യണം.

ഇനി മുതല്‍ വിശുദ്ധരാക്കപ്പെടുന്നവരുടെ എംബാം ചെയ്ത ശരീരങ്ങളെക്കാള്‍, ആ ശരീരത്തിലും മനസ്സിലും, ക്രിസ്തുവിനെ പ്രതി അവരേറ്റ പാടുപീഢകള്‍ നമുക്ക് അറിയാനായി ശ്രമിക്കാം. അവരിലൂടെ ചെയ്യപ്പെട്ട മഹാത്ഭുതങ്ങളെക്കാള്‍, അവരുടെ ജീവിത മാതൃകകള്‍ അറിയാനും സ്വായത്തമാക്കാനും പരിശ്രമിക്കേണ്ടിയിരിക്കുന്നു. അവര്‍ക്കുണ്ടായ വെളിപാടുകളേക്കാളും, അദ്ധ്യാത്മീകതയുടെ ഉത്തുംഗശ്രേണിയില്‍ ഉണ്ടായ അനുഭവങ്ങളെക്കാളും അവരുടെ വീഴ്ചകളും അതില്‍നിന്ന് അവരെങ്ങനെ കര കയറി എന്നും പഠനവിധേയമാക്കണം. അവരുടെ ഉപവാസത്തേക്കാളും ആഹാര വര്‍ജ്ജനത്തേക്കാളും അവരുടെ നിലപാടുകളും അവരുടെ വിശ്വാസതീഷ്ണതയും അറിയാന്‍ താത്പര്യമുണ്ടാകണം. അവരുടെ ഭാവി പ്രവചനങ്ങളും മനസ്സ് വായനയും അല്ല, അവര്‍ ഓരോ ദിവസവും ചുറ്റുമുള്ളവരോട് കാണിച്ച സഹാനുഭൂതിയും കരുണയും കൂടുതല്‍ പ്രചരിക്കപ്പെടട്ടെ. എങ്കില്‍ മാത്രമേ വിശുദ്ധരാവുകയെന്നത് എന്‍റെയും വിളിയായി എനിക്ക് മനസ്സിലാക്കാനും അതിനായി പരിശ്രമിക്കാനും ആകൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org