വിശുദ്ധിയിലേക്കുള്ള വിളികള്‍

വിശുദ്ധിയിലേക്കുള്ള വിളികള്‍

സി. നോബിള്‍ മേരി (പ്രൊവിന്‍ഷ്യാള്‍)
സെന്‍റ് ജോസഫ് പ്രോവിന്‍സ്, തലശ്ശേരി

സി. റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയര്‍ത്തപ്പെടുമ്പോള്‍ വലിയ സന്തോഷവും അഭിമാനവും തോന്നുന്നു. ഈ ഘട്ടത്തില്‍ എന്‍റെ മനസ്സിനെ സ്പര്‍ശിച്ച ചെറിയൊരു സംഭവം മാത്രം സൂചിപ്പിക്കട്ടെ. ഇന്‍ഡോറില്‍ സി. റാണി മരിയയെ സംസ്ക്കരിച്ച പള്ളി സെമിത്തേരിയില്‍ നിന്ന് സിസ്റ്ററിന്‍റെ പൂജ്യാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ദേവാലയത്തിനകത്ത് കബറടക്കുന്ന സന്ദര്‍ഭം. സാധാരണഗതിയില്‍ മരണാനന്തരം ഭൗതികശരീരം പള്ളിയില്‍ നിന്ന് സെമിത്തേരിയിലേക്കാണു സംവഹിക്കപ്പെടുക. ഇവിടെ സെമിത്തേരിയില്‍ നിന്ന് റാണി മരിയയുടെ ഭൗതികാവശിഷ്ടങ്ങള്‍ ദൈവിക പദ്ധതിയുടെ ഭാഗമായി ദേവാലയത്തില്‍ കബറടക്കുകയാ ണ്. ഭക്തിനിര്‍ഭരമായ ആ മുഹൂര്‍ത്തത്തിനു സാക്ഷികളായി ആറു മെത്രാന്മാരും അഞ്ചു ഡോക്ടര്‍മാരും സഭയുടെ ജനറാളും മുപ്പതോളം വൈദികരും നിരവധി സന്യാസിനികളും സന്നിഹിതരാണ്. സി. റാണി മരിയയുടെ ബന്ധുക്കളും ഉണ്ടായിരുന്നു.

ഈ അസാധാരണവും വിശുദ്ധവുമായ നിമിഷങ്ങള്‍ എന്തു വികാരമായിരിക്കും സി. റാണി മരിയയുടെ അടുത്ത ബന്ധുക്കളില്‍ ഉണ്ടാക്കുന്നത്? ഇതേക്കുറിച്ച് ഞങ്ങളുടെ ഒരു സിസ്റ്റര്‍ സി. റാണിയുടെ ജ്യേഷ്ഠസഹോദരന്‍ സ്റ്റീഫനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞ മറുപടി ഇതാണ്: "എന്‍റെ സഹോദരി വിശുദ്ധിയില്‍ ജീവിക്കാന്‍ പരിശ്രമിച്ചു. അവള്‍ വിശുദ്ധയാകുന്നതില്‍ സന്തോഷവും അഭിമാനവും ഉണ്ട്. പക്ഷെ, എന്‍റെ സഹോദരിയോ മറ്റാരെങ്കിലുമോ വിശുദ്ധയോ വിശുദ്ധനോ ആകട്ടെ, ഞാന്‍ ഒരു വിശുദ്ധനായില്ലെങ്കില്‍ എനിക്കെന്തു പ്രയോജനം." ഈ വാക്കുകള്‍ എന്നെ വളരെ സ്പര്‍ശിച്ചു. നമ്മുടെ കുടുംബത്തില്‍ നിന്നോ നാട്ടില്‍ നിന്നോ വിശുദ്ധര്‍ ഉണ്ടാകുമ്പോള്‍ നാം സന്തോഷിക്കുന്നു, ദൈവിക പദ്ധതിയില്‍ നന്ദിയുള്ളവരായിത്തീരുന്നു. എന്നാല്‍ ആരെല്ലാം വിശുദ്ധരായാലും വിശുദ്ധിയില്‍ ജീവിക്കാനും ഒരു വിശുദ്ധനോ വിശുദ്ധയോ ആയി മാറാനും നമുക്കു കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തു പ്രയോജനം?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org