വിവാഹേതര ലൈംഗികബന്ധം

വിവാഹേതര ലൈംഗികബന്ധം

ഫാ. പോള്‍ മാടശേരി
സെക്രട്ടറി, കെസിബിസി ഫാമിലികമ്മീഷന്‍

"വിവാഹേതര ലൈംഗികബന്ധം ഇനിമേല്‍ ക്രിമിനല്‍ കുറ്റമല്ല."

157 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 497 റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി പ്രസ്താവത്തിന് കഴിഞ്ഞദിവസങ്ങളില്‍ ഇന്ത്യ സാക്ഷിയായി.

'വിവാഹേതര ബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീയെയും കുറ്റക്കാരിയാക്കണം' എന്ന മലയാളിയായ ഷൈന്‍ ജോസഫ് നല്കിയ പൊതുതാല്പര്യ ഹര്‍ജിയില്‍ രാജ്യത്തെ പരമോന്നത കോടതി വിധി പറയുകയായിരുന്നു.

സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യം നല്കിക്കൊണ്ടുള്ളതാണ് ചരിത്രപ്രധാനമായ ഈ വിധി.

1985-ല്‍ സൗമിത്ര്യ വിഷ്ണു കേസിലും 1954-ല്‍ യൂസഫ് അബ്ദുള്‍ ആസിസ് മര്‍ഡര്‍ കേസി ലും സുപ്രീം കോടതി ഈ സെക്ഷന്‍റെ ഭരണഘടനാ വിരുദ്ധത ചര്‍ച്ചാവിഷയമാക്കിയിരുന്നു. അന്നു സുപ്രീം കോടതി വിധിച്ചത് ഇത്തരം സന്ദര്‍ഭങ്ങളില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നതു 'ഭരണഘടനാ ലംഘനം' എന്നു പറയാനാകില്ല എന്നതായിരുന്നു. മാത്രവുമല്ല, പുരുഷനാണ് പ്രലോഭിപ്പിക്കുന്നത് എന്നത് പരക്കെ അംഗീകരിക്കപ്പെട്ട ഒന്നായിരുന്നു എന്നുമായിരുന്നു.

സ്ത്രീ-പുരുഷ സമത്വമാണ് ഈ വിധിയിലൂടെ സുപ്രീം കോടതി ഉറപ്പുവരുത്തിയിരിക്കുന്നതെന്നും ഒരു തുറന്ന സമൂഹത്തിലേക്കുള്ള നമ്മുടെ യാത്രയുടെ ആരംഭമായി ഇതിനെ വിശേഷിപ്പിക്കാം എന്നുമൊക്കെ പറയുമ്പോഴും ഈ കോടതിവിധി നമ്മുടെ കുടുംബ- സാമൂഹിക ജീവിതങ്ങളെ കൂടുതല്‍ സങ്കീര്‍ണവും ക്ലേശകരവുമാക്കും എന്ന ആശങ്കയ്ക്കു തന്നെയാണ് മുന്‍തൂക്കം.

ഒരു സമൂഹത്തിന്‍റെ കെട്ടുറപ്പ് അതിന്‍റെ ധാര്‍മികതയിലാണ് നിലകൊള്ളുന്നത്. ധാര്‍മികതയുടെ നടപ്പാക്കലാണ് നിയമങ്ങളിലൂടെ നിറവേറുന്നത്. അധാര്‍മികത നിയമപരമായ സാധ്യതയാകുമ്പോള്‍ സമൂഹത്തിന്‍റെ ധാര്‍മികതയില്‍ സാരമായ വ്യതിയാനങ്ങള്‍ സംഭവിക്കും. വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലാതാകുമ്പോള്‍ പ്രായപൂര്‍ത്തിയായ ഏതൊരു സ്ത്രീയും പുരുഷനും ഉഭയസമ്മതപ്രകാരം പുലര്‍ത്തുന്ന ലൈംഗികബന്ധം സാമൂഹികമായും ധാര്‍മികമായും തെറ്റല്ല എന്ന ധാരണയുണ്ടാകും. ഈ ഒരവസ്ഥ ഗൗരവകരമായ ലൈംഗിക അരാജകത്വത്തിന് വഴിതെളിക്കുന്നതാണ്. മനുഷ്യന്‍റെ നിലനില്പിനുതന്നെ കാരണമായ ലൈംഗികത, വിവാഹം, കുടുംബം തുടങ്ങിയവയെ ബാധിക്കുന്ന നിയമങ്ങള്‍ സമൂഹത്തിന് ധാര്‍മികമായ മാര്‍ഗദര്‍ശനം നല്കുന്നവയല്ലെങ്കില്‍ അതുണ്ടാക്കുന്ന സാമൂഹികവും ധാര്‍മികവുമായ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും. നിയമത്തിന്‍റെ പരിരക്ഷയില്ലാത്ത ധാര്‍മികതയും ധാര്‍മികതയുടെ അടിത്തറയില്ലാത്ത നിയമങ്ങളും സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്കുന്നത്.

സ്ത്രീ-പുരുഷ ലൈംഗികബന്ധത്തിന്‍റെ പരമപ്രധാന ലക്ഷ്യത്തെ തന്നെ അവഗണിക്കുന്നതാണ് ഈ കോടതിവിധി. ഇതു കുടുംബങ്ങളുടെ തകര്‍ച്ചയ്ക്കും വിവാഹമോചന തോത് വര്‍ദ്ധിക്കുന്നതിനും വിവാഹജീവിതത്തില്‍ കുഞ്ഞുങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതിനും ഇടവരുത്തും എന്നതിന് തര്‍ക്കമില്ല.

വിവാഹം എല്ലാ മതങ്ങളിലും സംസ്കാരങ്ങളിലും സമൂഹങ്ങളിലും വിശുദ്ധവും പവിത്രവുമായി കരുതപ്പെടുന്ന സാമൂഹിക സ്ഥാപനവും വ്യക്തിബന്ധവുമാണ്. വിവാഹമെന്ന സ്ഥാപനത്തെ തന്നെ (Institution of Marriage) ദുര്‍ബലപ്പെടുത്തുന്നതാണ് ഈ വിധി. നൂറ്റാണ്ടുകളുടെ സാമൂഹികവും സാംസ്കാരികവും ആദ്ധ്യാത്മികവുമായ പരിണാമങ്ങളിലൂടെ വിവാഹമെന്ന യാഥാര്‍ത്ഥ്യം കടന്നു പോയിട്ടുണ്ടെങ്കിലും കത്തോലിക്കാ വിവാഹം വെറുമൊരു മാനുഷിക സ്ഥാപനമല്ല. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വിവാഹം എന്നതു ദൈവിക സ്ഥാപനം കൂടിയാണ്. "വിവാഹം സ്രഷ്ടാവിനാല്‍ സൃഷ്ടിക്കപ്പെട്ടതും അവിടുത്തെ നിയമങ്ങളാല്‍ പരിപാലിക്കപ്പെടുന്നതുമായ വൈവാഹിക ബന്ധമാണ്" (സഭ ആധുനിക ലോകത്തില്‍ ന. 48).

ലൈഗികതയെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ ദര്‍ശനം മനുഷ്യപ്രകൃതിയില്‍ സ്രഷ്ടാവിനാല്‍ നല്കപ്പെട്ടിരിക്കുന്ന സ്വാഭാവിക നിയമത്തോട് ബന്ധപ്പെട്ടു നില്ക്കുന്നു. ഈ സ്വാഭാവിക നിയമം മനുഷ്യനിലെ ലൈംഗികതയെ അവന്‍റെ വിവാഹജീവിതവുമായി ബന്ധപ്പെട്ടാണ് കാണുന്നത്. മനുഷ്യമഹത്വത്തിന് അനുയോജ്യമായി ലൈംഗികത പങ്കുവയ്ക്കുക വിവാഹത്തിനുള്ളില്‍ മാത്രമാണ്. കാരണം, വിവാഹപൂര്‍വ്വ-വിവാഹേതരബന്ധങ്ങളില്‍, ലൈംഗികതയുടെ ലക്ഷ്യങ്ങളില്‍ സ്നേഹത്തിന്‍റെ ജീവദായകമായ പങ്കുവയ്ക്കല്‍, പൂര്‍ണമായ നല്കല്‍- സ്വീകരിക്കല്‍ എന്നിവ പ്രാവര്‍ത്തികമാകുന്നില്ല. ലൈംഗികതയുടെ മേല്‍പറഞ്ഞ ലക്ഷ്യങ്ങളെ മാറ്റിനിര്‍ത്തുന്ന എല്ലാ ലൈംഗിക പ്രവൃത്തികളും ദൈവികപദ്ധതിക്ക് വിരുദ്ധമാണെന്നു കത്തോലിക്കാ സഭ പഠിപ്പിക്കുന്നു.

ദമ്പതികള്‍ തമ്മിലുള്ള പരസ്പര വിശ്വസ്തതയും ജീവിതാവസാനംവരെ നീണ്ടുനില്ക്കുന്ന പരസ്പര സമര്‍പ്പണവുമാണ് വിവാഹത്തിന്‍റെ അവിഭാജ്യതയ്ക്കും ഐക്യത്തിനും അടിസ്ഥാനം. 'സഭ ആധുനികലോകത്തില്‍' എന്ന രണ്ടാം വത്തിക്കാന്‍ രേഖ പറയുന്നു: "രണ്ടു വ്യക്തികളുടെ പരസ്പര ദാനമെന്ന നിലയിലുള്ള ഈ ഗാഢമായ ഐക്യവും സന്താനങ്ങളുടെ ക്ഷേമവും ദമ്പതിമാരില്‍നിന്നും പരിപൂര്‍ണ വിശ്വസ്തത ആവശ്യപ്പെടുന്നു. അവര്‍ തമ്മിലുള്ള വിഭജിക്കാനാവാത്ത ഒരുമയ്ക്ക് അവരെ നിര്‍ബന്ധിതരാക്കുന്നു" (ന. 48). വിവാഹത്തിന്‍റെ അവിഭാജ്യത വേരുറപ്പിച്ചിട്ടുള്ളത് ദമ്പതികളുടെ വ്യക്തിപരവും സമ്പൂര്‍ണവുമായ പരസ്പര സ്നേഹത്തിലും ആത്മദാനത്തിലുമാണ്. ഇതാകട്ടെ മക്കളുടെ ക്ഷേമത്തിന് അനുപേക്ഷണീയവുമാണ്. ദമ്പതികള്‍ തമ്മിലുള്ള സ്നേഹം അന്യപ്രവേശനം ഇല്ലാത്തതും കുഞ്ഞുങ്ങളുടെ ജനനത്തിലേക്കും ഉത്തരവാദിത്വപൂര്‍ണമായ കര്‍തൃത്വത്തിലേക്കും അവരെ നയിക്കുന്നതുമാണ്. കുഞ്ഞുങ്ങള്‍ ദമ്പതികളുടെ സ്നേഹത്തില്‍നിന്നും ജനിക്കണം. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മക്കളെ വിവാഹത്തിന്‍റെ ഉത്കൃഷ്ടദാനമെന്നാണ് വിശേഷിപ്പിക്കുന്നത്.

ജീവിതകാലം മുഴുവന്‍ ഒരു വ്യക്തിയോടു മാത്രം ബന്ധപ്പെട്ടിരിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമായി ഇന്നത്തെ തലമുറയ്ക്കു തോന്നുക സ്വാഭാവികമാണ്. ഉപയോഗിക്കുന്നതെന്തും സ്ഥിരമായി മാറ്റിക്കൊണ്ടിരിക്കുന്ന കമ്പോള സംസ്കാരത്തിന്‍റെ പ്രവണത മനുഷ്യബന്ധങ്ങളെയും സ്വാധീനിക്കുന്നു. വിവാഹത്തിന്‍റെ അവിഭാജ്യത തള്ളിക്കളയുകയും ദമ്പതിമാരുടെ വിശ്വസ്തതയ്ക്കു ള്ള സാധ്യതയെ പരസ്യമായി പരിഹസിക്കുകയും ചെയ്യുന്ന നവസംസ്കാര ജീര്‍ണതകള്‍ക്കെതിരെ പ്രതികരിക്കാനും ലോകത്തിനുമുമ്പില്‍ അത് അവതരിപ്പിക്കാനും ക്രിസ്തീയ ദമ്പതികള്‍ക്ക് പ്രത്യേകിച്ച്, കടമയുണ്ട്.

ഐപിസി 497 റദ്ദാക്കിക്കൊണ്ട് 'വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല' എന്ന വിധി സമൂഹത്തിന്‍റെയും കുടുംബത്തിന്‍റെയും വിവാഹത്തിന്‍റയും ദൃഢതയെയും സ്ഥിരതയെയും സാരമായി ബാധിക്കും. ലിംഗസമത്വത്തിനും സ്ത്രീയുടെ അന്തസിനും വിരുദ്ധമായ മേല്‍പറഞ്ഞ വകുപ്പ് ഉചിതമായ രീതിയില്‍ വ്യാഖ്യാനിച്ചോ ഭേദഗതി ചെയ്തോ ലിംഗ സമത്വവും സ്ത്രീയുടെ അന്തസും ഉയര്‍ത്തിപ്പിടിക്കുന്നതിനായിരുന്നു കോടതി ശ്രമിക്കേണ്ടിയിരുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org