വൃദ്ധകാല ജീവിതം എങ്ങനെ ആഘോഷമാക്കാം?

വൃദ്ധകാല ജീവിതം എങ്ങനെ ആഘോഷമാക്കാം?

എസ്.ജെ. അനന്ത്

(82 ലേക്കു പ്രവേശിക്കുന്ന ഒരു സാധാരണക്കാരന്‍ വൃദ്ധന്‍റെ വാക്കുകള്‍)

ജീവിതം മുഴുവന്‍ ആഘോഷമാക്കാനുള്ളതാണ്. കാരണം പരമചേതനയുടെ കൈകളിലേന്തിയ ചരടിന്‍റെ തുമ്പിലെ പട്ടമാണ് (kite) ഓരോ ജീവിയും, ജീവിതവും. പറന്നുയരലും പാടിപ്പറന്നു കളിക്കലുമാണ് പട്ടത്തിന്‍റെ ജോലി. പരമ ചേതന, ചരടിനെ വേര്‍പെടുത്തുന്ന നിമിഷം പട്ടം തളര്‍ന്നു താഴും, സാവകാശം നിലത്തു വീഴും. പരമചേതനയുമായി ഞാനാകുന്ന പട്ടത്തെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന ചരടാണ് പ്രാണന്‍. ഒരിക്കല്‍ ചരട് എന്നേക്കുമായി വിഛേദിക്കപ്പെടും; അപ്പോള്‍ ചരട് ഉടമയുടെ കൈകളിലേക്ക് എടുക്കപ്പെടും; പട്ടം അതിന്‍റെ ഉറവിടത്തിലേക്കും.

എങ്കില്‍ ഈ ജീവിതം ആഘോഷിക്കാനുള്ളതല്ലെ? ഞെട്ടലും വിറയലും, തളരലും താഴലും വരട്ടെ; വന്നു പോകട്ടെ. പതറരുത്! പ്രത്യേകിച്ച് ജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ തീര്‍ന്ന് സ്വതന്ത്രമാകുന്ന ഘട്ടം ഏറ്റം ആഘോഷമാക്കേണ്ട സമയമാണ്. അതുവരെ ഓടിയ വഴിക്ക് ചില ഇടങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചിരിക്കും. പഴയ സ്പീഡില്‍ വണ്ടി ഓടിയെന്നു വരില്ല. പുറമെ പൂശിയ നിറക്കൂട്ടിന് മങ്ങല്‍ സംഭവിച്ചു തുടങ്ങിയിരിക്കും. പക്ഷെ വണ്ടിയുടെ ഡ്രൈവര്‍ക്ക് യാതൊരു തളര്‍ച്ചയുമില്ല; പ്രായം കൂടലും കുറയലുമില്ല. എന്നും എപ്പോഴും ജ്വലിച്ചു നില്‍ക്കുന്ന ആത്മചൈതന്യമാണു 'ഞാന്‍' എന്ന ബോദ്ധ്യം ഉള്ളില്‍ ഉണര്‍ന്നാല്‍ എനിക്കു ചിരിക്കാനല്ലാതെ കരയാന്‍ കാരണമൊന്നുമില്ല. പക്ഷെ ഒരു കാര്യം: മനസ്സ് ഒരിടത്തും ബന്ധിതമാകരുത്. ഒറ്റ ചിന്ത മാത്രം: ഈ പഴയ വണ്ടി വിട്ട് പുതിയതിലേക്ക് ഞാന്‍ മാറ്റപ്പെടും. അതല്ലെങ്കില്‍ 'ഞാന്‍' ആകുന്ന ഡ്രൈവര്‍ സ്വന്ത ഭവനത്തിലേക്ക് വിളിക്കപ്പെടും.

ഭാരതീയാചാര്യന്മാര്‍ പറഞ്ഞു വച്ച നാലു ജീവിതഘട്ടങ്ങള്‍ ഉണ്ട്.

ഒന്ന്: ലോകത്തേയും, ജീവിതത്തെയും, തന്നെത്തന്നെയും അറിഞ്ഞ് ജീവിതത്തിന് തയ്യാറെടുക്കുന്ന ഘട്ടം.

രണ്ട്: താന്‍ സ്വയപര്യാപ്തനാണെന്നു ബോദ്ധ്യപ്പെട്ടാല്‍ തനിക്കൊരു സഹയാത്രികനെ/സഹയാത്രികയെ കൂട്ടുപിടിച്ച് ഗാര്‍ഹസ്ഥ്യത്തിലേക്കു കടക്കുന്ന ഘട്ടം.

മൂന്ന്: കുടുംബജീവിത ഉത്തരവാദിത്വങ്ങള്‍ അവസാനിച്ചാല്‍ താന്‍ അറിഞ്ഞതിനേയും ആര്‍ജ്ജിച്ചതിനേയും ലോകനന്മയ്ക്കായി മാറ്റി വയ്ക്കുന്ന ഘട്ടം.

നാല്: സ്വമനസ്സാലെ സന്തോഷപൂര്‍വ്വം എല്ലാറ്റില്‍ നിന്നും വിരമിച്ച്, വന്ന ഇടത്തേക്ക് തിരികെ പോകുന്നതിനുള്ള തയ്യാറെടുപ്പിന്‍റെ ഘട്ടം. ഈ നാലാം ഘട്ടത്തിലൂടെ സന്തോഷപൂര്‍വ്വം കടന്നു പോകുന്നതിന് രോഗവിമുക്ത, ശോകവിമുക്ത, താപവിമുക്ത.. ജീവിതത്തിന് ഉടമകളാകണം. നമ്മുടെ ശരീരം ഒരു വാഹനമായി സങ്കല്പിച്ചാല്‍ അത് എന്നും കഴുകി വൃത്തിയാക്കി ആവശ്യത്തിന് ഇന്ധനം നിറച്ച് ബാറ്ററി സജീവ മാണോ എന്ന് ഉറപ്പുവരുത്തിയിട്ടു വേണം അനുദിന യാത്രയ്ക്കൊരുങ്ങാന്‍. ശരീരവാഹനത്തെ അകവും പുറവും തുടച്ചു വൃത്തിവരുത്തി ശക്തീകരിക്കലും ശുദ്ധീകരിക്കലുമാണ് വ്യായാമം, പ്രാണായാമം എന്നിവകളിലൂടെ സംഭവിക്കുക. ദിവസവും ശരീരത്തിലെ എല്ലാ സന്ധിബന്ധങ്ങള്‍ക്കും ചലനം നല്കണം. പ്രാണ പ്രവാഹത്തെ നിരീക്ഷിച്ച് ദിവസത്തില്‍ കുറെ സമയം ചെലവഴിക്കുന്നത് നല്ലത്. അതുപോലെ ഉദയാസ്തമന വേളകളില്‍ അല്പനേരം സൂര്യനെ നോക്കിയിരിക്കുന്നത് ഏറെ നല്ലതാണ്. ദിവസം രണ്ടു നേരം കുളിക്കുന്നത് ഉത്തമം. കുളി ശരീരത്തിലെ അഴുക്കു നീക്കാന്‍ മാത്രമല്ല, പേശി കോശങ്ങള്‍ക്കും നാഡി ഞരമ്പുകള്‍ക്കും ഒരു തിരുമ്മല്‍ നല്കുക കൂടിയാകണം അത്. പ്രധാനാഹാരം രണ്ടു നേരം മാത്രമാക്കുന്നത് ഏറെ നല്ലത്. മൂന്നു നേരത്തില്‍ കൂടരുത്. ഇടവേളകളില്‍ പാനീയമല്ലാതെ യാതൊന്നും കഴിക്കാതിരിക്കുക. ആഹാരവും വിശ്രമവും കൃത്യസമയങ്ങളില്‍ ആയിരിക്കുവാന്‍ ശ്രദ്ധിക്കുക. പ്രകൃതി തരുന്ന ആഹാരങ്ങള്‍ കഴിക്കുന്നത് ഏറെ നല്ലത്.

ഈ നിമിഷത്തെ സ്വര്‍ഗ്ഗമാക്കുക, ആഘോഷമാക്കുക; ജീവിതം ഉത്സവമാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org