നമ്മള്‍ (അവരും) ദൈവമക്കള്‍

നമ്മള്‍ (അവരും) ദൈവമക്കള്‍

ജോബി താരാമംഗലം ഒ.പി.

സുവിശേഷം ആര്‍ക്കും ശത്രുവല്ല, അതില്‍ അതിരുകളും ഇല്ല. വാക്കുകളിലായാലും പ്രവൃത്തികളിലായാലും പരസ്പരം സ്‌നേഹിക്കുക എന്നതാണ് യഥാര്‍ത്ഥ സുവിശേഷം. സുവിശേഷാധിഷ്ഠിതമായ ഒരു സമൂഹത്തെക്കുറിച്ചുള്ള ദര്‍ശനമാണ് സുവിശേഷപുണ്യങ്ങളില്‍ (മലയിലെ പ്രസംഗം) കാണപ്പെടുന്നത്. കരയുന്നവര്‍ ആശ്വസിപ്പിക്കപ്പെടുന്നതും ദരിദ്രര്‍ ദൈവരാജ്യത്തിന് അവകാശികളാവുന്നതും യാന്ത്രികമായോ മാന്ത്രികമായോ അല്ല, സുവിശേഷം ജീവിക്കുന്ന സമൂഹം പരസ്പരം അത് ഉറപ്പാക്കുന്നതാണ്. അങ്ങനെയാണ് ആന്തരികമായി പ്രവര്‍ത്തിക്കുന്ന കൃപ ബാഹ്യമായി അനുഭവവേദ്യമാകുന്നത്.
ഈ സുവിശേഷത്തിന്റെയും പരസ്പരസ്‌നേഹത്തിന്റെയും അടിസ്ഥാനതത്വം നമ്മളെല്ലാം ദൈവ മക്കളാണ് എന്നതാണ്. ക്രിസ്തു പറയാന്‍ ശ്രമിച്ചതും, പ്രവര്‍ത്തിച്ചതും അതായിരുന്നു. സുവിശേഷത്തെ അറിഞ്ഞവര്‍ ആരുതന്നെയും കാണാന്‍ ശ്രമിക്കുന്നതും അതുതന്നെയാണ്. സുവിശേഷം കടന്നു ചെന്നിടത്തൊക്കെ സാംസ്‌കാരിക നന്മകളെ സ്വീകരിക്കാന്‍ ശ്രമിച്ചപ്പോഴും
മനുഷ്യാന്തസ്സിനെതിരായ കാഴ്ചപ്പാടുകളെ എതിര്‍ത്തതിനു കാരണവും അതുതന്നെ. ദൈവമ ക്കളെന്ന സ്ഥാനം ചൂഷണങ്ങള്‍ക്കിരയാകുന്നവര്‍ക്കും ഉറപ്പാക്കാന്‍ വേണ്ടിത്തന്നെയാണ് അത്തരം നിലപാടുകളില്‍ പലതും, നിലനിന്നിരുന്ന ചൂഷണ വ്യവ സ്ഥിതികളെ വെല്ലുവിളിച്ചതും.
പതിനാറാം നൂറ്റാണ്ടില്‍ കോളനി ശക്തികളില്‍നിന്ന് ലാറ്റിന്‍ അമേരിക്കയിലെ തദ്ദേശീയ വാസികള്‍ക്കുണ്ടായ ചൂഷണത്തിനെതിരെനിന്ന് അവരെ സംരക്ഷിക്കുവാന്‍ അവര്‍ക്ക് ശബ്ദമായ സന്യാസിയായിരുന്നു ബര്‍ത്തലോ മിയോ ഡിലാസ്‌കാസസ് (1474- 1566). അടിമകള്‍ മൃഗതുല്യമാണെന്നു കരുതപ്പെട്ടിരുന്ന ആകാലത്ത് എല്ലാ മനുഷ്യരും തുല്യരാണെന്നും എല്ലാവരും തുല്യനീതിക്ക് അര്‍ഹരാണെന്നും അദ്ദേഹം വാദിച്ചു. ഫ്യൂഡല്‍ വ്യവസ്ഥിതിക്കുള്ളില്‍ സഭയുടെ ചട്ടക്കൂടുകള്‍ നിലനിര്‍ത്താനാഗ്രഹിച്ച ഏതാനും ചിലര്‍ക്ക് അത് തീര്‍ത്തും അസ്വീകാര്യമായിരുന്നു. ഈ സംഘര്‍ഷങ്ങള്‍ കാള്‍മാര്‍ക്‌സിന്റെ കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ വരുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പായിരുന്നു എന്നതും ഓര്‍ക്കണം (മാനവിക മൂല്യങ്ങള്‍ക്കായുള്ള നിലപാടുകളെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങ ളുമായി കൂട്ടികെട്ടാനുള്ള പ്രലോഭനങ്ങളെ വിവേചിച്ചറിയണം എന്നര്‍ത്ഥം). എന്നു വെച്ചാല്‍ ചൂഷിതരായവര്‍ക്കുവേണ്ടി അവരുടെ ദൈവമക്കളെന്ന സ്ഥാനത്തിനു വേണ്ടി നിലകൊള്ളുകയെന്നത് സുവിശേഷദര്‍ശനം ആവശ്യപ്പെടുന്ന സംഘര്‍ഷമാണ്. അത് ആര്‍ക്കും എതിരായല്ല, മാനുഷികത അനര്‍ഹമാക്കപ്പെട്ടവര്‍ക്ക് അത് നേടിക്കൊടുക്കാന്‍ വേണ്ടിയുള്ളതാണ്. അതേ മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊണ്ട് സുവിശേഷം ജീവിച്ച മറ്റനേകരും ചരിത്രത്തിലുണ്ട്, ഇന്നുമുണ്ട്.
ലാഭക്കൊതിയുള്ള വന്‍ശക്തികളുടെ അധികാരവും സ്വാധീനവും അനീതിയും അസമത്വവും വളര്‍ത്തുകയും പുതിയ തരം അടിമത്തങ്ങള്‍ രൂപപ്പെടുത്തി അവയുടെ സ്ഥാപനവത്കരണം നടത്തുകയും ചെയ്യുന്നു (Fratelli Tutti 24). അത്തരം അടിമത്തങ്ങള്‍ നിലനിര്‍ ത്തപ്പെടുന്നത് ചിലപ്പോള്‍ വിശ്വാസങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങളിലും, ചിലപ്പോള്‍ സാമ്പത്തിക വളര്‍ച്ച പരിസ്ഥിതി സംരക്ഷണം പുരോഗതി തുടങ്ങിയ പദ്ധതികളുടെ പേരിലുമാണ്. എന്നാല്‍ അതേ പദ്ധതികള്‍ പ്രകൃതിയെ നശി പ്പിക്കുകയും, സമ്പത്ത് ഏതാനും ചിലരിലേക്ക് സ്വരൂപിക്കപ്പെടുകയും, പുരോഗതി, പ്രതീക്ഷിക്കുന്ന നന്മയെക്കാള്‍ നാശം വരുത്തിവയ്ക്കുകയും ചെയ്യുമ്പോള്‍ അവയിലെ ദുരുദ്ദേശ്യം തിരിച്ചറിയപ്പെടേണ്ടതാണ്. സര്‍വ്വജന സാഹോദര്യത്തിനും ഭൂമിയുടെ സംരക്ഷണ ത്തിനുമായി ഒട്ടധികം ചെറു പ്രയത്‌നങ്ങള്‍ ലോകത്തില്‍ അങ്ങോളമിങ്ങോളം വളരുമ്പോഴും അവ യെപാടേ തകര്‍ക്കും വിധം ഭരണ കൂടങ്ങളെയും സാമ്പത്തികനയങ്ങളെയും നിയന്ത്രിക്കുന്നത് ഏതാനും ചില വന്‍ശക്തികള്‍ ആഗ്രഹിക്കുന്ന സാമ്പത്തികനേട്ടങ്ങള്‍ മാത്രമാണ് എന്നത് ഈ കാലഘട്ടത്തിന്റെ ദൗര്‍ഭാഗ്യമാണ്.
ചൂഷണം ചെയ്യപ്പെടുന്ന ഒരു ദേശത്തിന്റേയും, സംസ്‌കാരത്തിന്റേയും, ജനതയുടെയും, അവരുടെ ജീവപരിസ്ഥിതിയുടേയും നിലനില്പിനായി ഒരു വര്‍ഷം മുമ്പ് ഒരു സിനഡ് തന്നെ നടന്നിരുന്നു (ആമസോണ്‍ സിനഡ്, ഒക്‌ടോബര്‍ 6-27, 2019). സിനഡിന്റെ നിര്‍ ദ്ദേശങ്ങള്‍ തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കു വിലങ്ങുതടിയാകുമെന്ന് കണ്ട കോര്‍പ്പറേറ്റ് ശക്തികള്‍ പലവഴികളിലൂടെ അതിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു.

വചനം സുവിശേഷമായി നല്കപ്പെടുമ്പോള്‍ മനുഷ്യരും
സര്‍വ്വസൃഷ്ട ജാലങ്ങളും ദൈവമക്കളാണെന്ന
ആ സാഹോദര്യബന്ധത്തിന്റെ ശബ്ദമാണ്
ആത്മാവിന്റെ മൃദുസ്വരമായി കേള്‍ക്കപ്പെടുന്നത്.


ഭൂമിയും മനുഷ്യരും ഒരേപോലെ ആഴത്തില്‍ മുറിവേല്‍ക്കപ്പെട്ട് മരണാസന്നരാണ്. ഉപേക്ഷിക്കപ്പെട്ടവരെക്കുറിച്ച് ആരും അന്വേഷിക്കാറില്ല, എന്നാല്‍ അവര്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നവരാണ്. ആധുനികസാമ്പത്തിക ശക്തികളുടെ കവര്‍ച്ചയ്ക്കിരയായി പ്രകൃതിയും മനുഷ്യരും, പ്രത്യേകിച്ച് ആദിവാസി ഗോത്രവര്‍ഗക്കാര്‍, തീര്‍ത്തും നശിക്കുന്നത് ലോകത്തെമ്പാടും കാണപ്പെടുന്ന ദയനീയ യാഥാര്‍ത്ഥ്യമാണ്. അനീതിയുടെ മാര്‍ഗങ്ങളില്‍ അവര്‍ കൊല്ലപ്പെടുന്നതും സാധാരണമാണ്. പ്രകൃതിയെന്നത് അവര്‍ക്ക് താമസിക്കാനൊരു ഇടം മാത്രമല്ല, ജീവനും ജീവിതത്തിന്റെ അര്‍ത്ഥവും കൂടിയാണ്. തങ്ങള്‍ അഭേദ്യമായി ബന്ധപ്പെട്ടു കഴിയുന്ന പ്രകൃതിയില്‍നിന്ന് ബലമായി മാറ്റപ്പെടുമ്പോള്‍ അവര്‍ക്കു നഷ്ടപ്പെടുന്നത് അവരെത്തന്നെയാണ്.
"നിരാലംബരായവരെ അവഗണിച്ചു കളയുക എന്നത് നിരന്തരമായി നമുക്കുണ്ടാകാറുള്ള പ്രലോഭനമായി നമ്മള്‍ അംഗീകരിച്ചേ മതിയാകൂ. പുരോഗതിയില്‍ നിഗളിക്കുമ്പോഴും, ബലഹീനരുടെയും നിസ്സഹായരുടെയും എളുപ്പം കീഴ്‌വഴങ്ങേണ്ടി വരുന്നവരുടെയും ഒപ്പം നടക്കാന്‍, അവര്‍ക്കുവേണ്ടി കരുതലുണ്ടാകാന്‍, അവരെ പിന്തു ണക്കാന്‍ നമ്മള്‍ ഇന്നും പഠിച്ചിട്ടില്ല എന്നത് നമ്മുടെ കുറവായി നമ്മള്‍ തിരിച്ചറിയണം. നമ്മളെ നേരിട്ട് ബാധിക്കുവോളം, അത്തരം അവസ്ഥകളെ കണ്ടില്ലെന്നു നടിച്ച് മറുവശം നോക്കി കടന്നു പോവുകയെന്നതാണ് നമുക്ക് പരിചിതമായ സമീപനരീതി" (Fratelli Tutti 64). ചതച്ചരയ്ക്കപ്പെടുന്ന ഭൂമിയില്‍ നിന്നും പാവങ്ങളില്‍ നിന്നും വിലാപസ്വരമെങ്കിലും കേള്‍ക്കപ്പെടണം. അവര്‍ നമുക്ക് ആരാണ്? നമ്മുടെ നിശ്ശബ്ദതയ്ക്ക് 'ഞാന്‍ സഹോദരന്റെ കാവല്‍ക്കാരനാണോ' എന്ന കായേ ന്റെ മറുചോദ്യത്തിന്റെ ക്രൂരതയുണ്ട്. ഭൂമിയും ഭൂമിയുടെ മക്കളും തങ്ങള്‍ക്കുവേണ്ടി ആഗ്രഹിക്കുന്ന അന്തസ്സാര്‍ന്ന ജീവനത്തിന്റെ പ്ര തീകമായി മാറാന്‍ നമ്മുടെ ശബ്ദ ത്തിനു കഴിയണം. ഉന്നതങ്ങളില്‍ നിന്നും ശബ്ദം നല്കപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍ അധികാരങ്ങള്‍ക്ക് കീഴ്‌പ്പെട്ട് നിസ്സംഗത പാലിച്ചു മുഖം തിരിച്ചു കടന്നുപോകുവാന്‍ നമുക്കും തീര്‍ത്തും എളുപ്പമാകു മായിരുന്നു. വചനം സുവിശേഷമായി നല്കപ്പെടുമ്പോള്‍ മനുഷ്യരും സര്‍വ്വസൃഷ്ട ജാലങ്ങളും ദൈവമക്കളാണെന്ന ആ സാഹോദര്യബന്ധത്തിന്റെ ശബ്ദമാണ് ആത്മാവിന്റെ മൃദുസ്വരമായി കേള്‍ക്കപ്പെടുന്നത്. അതുകൊണ്ട് അനീതിയും ചൂഷണവും കാണുന്നിടത്തെല്ലാം (മതത്തിനുള്ളി ലോ നിയമ വ്യവസ്ഥയിലോ ആവട്ടെ) സുവിശേഷം നമ്മെ അസ്വസ്ഥമാക്കും. ഗണത്തില്‍പ്പെടാതെ പോയവരും, വിധിക്കപ്പെട്ടവരും, നീതിനിഷേധിക്കപ്പെട്ടവരും, പീ ഡിപ്പിക്കപ്പെട്ടവരും ശബ്ദമില്ലാ താക്കപ്പെട്ടവരും 'സമാധാനത്തില്‍ പോകുവാന്‍' പ്രാപ്തരാ ക്കപ്പെടാന്‍ പ്രാര്‍ത്ഥനയോടും കരുണയോടും സഹതാപത്തോ ടും ധീരതയോടും കൂടെ നമ്മിലെ മനുഷ്യന്‍ പാകപ്പെടും. സുവിശേഷം പാകപ്പെടുത്തുന്ന ഈ മനു ഷ്യസ്വരം അധികാരങ്ങളോടുള്ള പ്രീണനമോ എതിര്‍പ്പോ അല്ല, അന്തസോടെ ജീവിക്കുവാനുള്ള ഒരു കൂട്ടരുടെ ദാഹത്തിന്റെ പ്രതിഫലനമാണ്. രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കി ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദങ്ങളിലെ പ്രീണനസ്വരങ്ങ ളില്‍നിന്നും വ്യത്യസ്തമാണ് വില കൊടുക്കേണ്ടി വരുന്ന സ്വരങ്ങള്‍.

ഒറ്റക്കായുള്ള ഒരു മാനുഷിക യാഥാര്‍ത്ഥ്യം ഇല്ല,
ഒറ്റയ്ക്ക് അനുഭവിക്കാവുന്ന
രക്ഷയോ
ദൈവരാജ്യമോ ഇല്ല.


സുവിശേഷത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ക്ക് ചൂഷണങ്ങളെ അംഗീകരിക്കാനാവില്ല. ജീവനുവേണ്ടി നിലകൊള്ളുന്നവര്‍ക്ക് അപമാനിക്കപ്പെടുന്ന മനുഷ്യര്‍ ക്കു വണ്ടിക്കൂടി നിലകൊള്ളാനാവണം. ത്രസിപ്പിക്കുന്ന വീര കഥകളില്‍ രക്തസാക്ഷികളുടെ ജീവിതം ഉദാഹരിക്കുന്ന നമുക്ക് അതിനെ നമ്മുടെ സമയത്തിലേ ക്കും സന്ദര്‍ഭങ്ങളിലേക്കും കൊണ്ടുവരുവാനുള്ള ആര്‍ജ്ജവമില്ലാതെ പോകുന്നു. 'ജീവന്‍' ചിലപ്പോ ഴെങ്കിലും ഒരു വശത്ത് രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കുന്ന ആദര്‍ശങ്ങളായി മാറുമ്പോള്‍, മറുവശത്ത്, അനീതിയില്‍ കൊളുത്തി വലിക്കപ്പെടുന്ന പാവങ്ങളുടെ ജീവനു വേണ്ടി നിലകൊള്ളുമ്പോള്‍ വലിയ വില കൊടുക്കേണ്ടി വരികയാണ് പതിവ്. സുവിശേഷത്തിന്റെ വില കുരിശുമരണമെന്ന പോലെ തന്നെ ഇന്നും വില കൊടുക്കേണ്ടതായി വരുന്നു. രക്തസാക്ഷികള്‍ ജീവന്‍ വിലയായി നല്‍കിയ വിശ്വാസത്തെ സംരക്ഷിക്കേണ്ടതു ണ്ട് എന്ന് ആവര്‍ത്തിച്ചു പറഞ്ഞി രുന്നവരാണ് നമ്മള്‍. ആ വിശ്വാസത്തിന്, സുവിശേഷം നല്‍കുന്ന ധീരതയില്‍ അര്‍പ്പിക്കപ്പെടേണ്ട വിലയുണ്ടെന്ന് കൂടി ഓര്‍ക്കേണ്ട തുണ്ട്. കാരണം, സുവിശേഷം ഒരു മതാചാരമല്ല. അത് എല്ലാവ രെയും ഉള്‍ക്കൊള്ളുന്ന ദൈവരാജ്യ രഹസ്യമാണ്. വിശ്വാസസംരക്ഷണം എന്നൊക്കെ നമ്മള്‍ പറഞ്ഞപ്പോള്‍ അത് ഒരു മത ഘടനയുടെ നിലനില്പിനെയാണ് ഉദ്ദേശിച്ചതെങ്കില്‍ അന്ന് തെറ്റു പറ്റിയിരുന്നു എന്ന് മനസ്സിലാക്കാനുള്ള സമയമായി. ക്രിസ്തുമുഖം ധ്യാനിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്തുകൊണ്ട് സുവിശേഷ സാക്ഷ്യം നല്‍കുന്ന സഭയുടെ പ്രഘോഷണത്തിന്റെയും ജീവിത ത്തിന്റെയും മാര്‍ഗ്ഗരേഖയാണ് സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍. ഹൃദിസ്ഥമാക്കപ്പെട്ട ബൈ ബിള്‍ വചനങ്ങളോടുള്ള നമ്മുടെ ആത്മാര്‍ത്ഥത മാറ്റുരച്ചറിയുന്നത് അവയിലൂടെയാണ്.
സുവിശേഷം സാര്‍വത്രികമാണ്, അത് പൊതുനന്മ ആഗ്രഹി ക്കുന്നു, എല്ലാവരെയും ഉള്‍ക്കൊള്ളുന്നു. ആ പൊതുനന്മയ്ക്കു വേണ്ടി ഒരുമിച്ചു ചേരുന്നവര്‍ എല്ലാ വരും ആ സുവിശേഷത്തിന്റെ ഭാഗമാകുന്നവരാണ്. പാര്‍ട്ടിയുടേയോ, മതത്തിന്റെയോ, ദേശത്തി ന്റെയോ അതിരുകള്‍ അതിലില്ല. ചൂഷണ താല്പര്യമുള്ള ശക്തി കള്‍ക്കും സംവിധാനങ്ങള്‍ക്കും ഇതില്‍ പങ്കുചേരാനാകില്ല. സുവിശേഷം അവര്‍ക്കും എതിരല്ല, എന്നാല്‍ അവരുടെ ചൂഷണത്തിനെ തിരാണ്, അത്തരം ചൂഷണ വ്യവസ്ഥിതിക്കും അതിനെ വളര്‍ത്തുന്ന സംവിധാനങ്ങള്‍ക്കും എതിരാണ്.
നമ്മുടെ ജീവിതവും അതിന്റെ അര്‍ത്ഥവും മറ്റുള്ളവരുടെ ജീവിത ങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. വെറുതെ കടന്നു പോകുന്നതല്ല ജീവിതം, മറിച്ച് ജീവി തം പരസ്പരബന്ധങ്ങളുടെ കാലമാണ്. ഒറ്റയ്ക്ക് ആസ്വദിക്കാവുന്ന സ്വസ്ഥതകള്‍ മറ്റുള്ളവരുടെ വേദ നകള്‍ക്ക് മുമ്പില്‍ അസ്വസ്ഥപ്പെടുന്നുണ്ടെങ്കിലേ സുവിശേഷത്തിന്റെ വിത്ത് നമ്മുടെ ഹൃദയങ്ങ ളില്‍ വീണിട്ടുള്ളൂ. കാരണം ഒറ്റക്കായുള്ള ഒരു മാനുഷിക യാഥാര്‍ത്ഥ്യം ഇല്ല, ഒറ്റയ്ക്കനുഭവിക്കാവുന്ന രക്ഷയോ ദൈവരാജ്യമോ ഇല്ല. അതുകൊണ്ട് സ്‌നേഹവിരുന്നിലും കൂട്ടച്ചിരിയിലും യാഥാര്‍ത്ഥ്യമാകുന്നതല്ല ദൈവരാജ്യം, പുറംജാതിയെന്നും അധഃകൃതരെന്നും സമൂഹം മാറ്റിനിര്‍ത്തുന്നവരെ സഹോദര്യത്തിലേക്കു ചേര്‍ത്തുനിര്‍ത്തുവാനുള്ള പ്രതിബദ്ധതയിലാണ് ദൈവരാജ്യ പ്രവേശനം (Ref FT 66, 68). സുവിശേഷാ ഹ്വാനം തന്നെ മാനസാന്തരത്തി ലേക്കാണ്. മാനസാന്തരമെന്നത് തിന്മയില്‍നിന്ന് അകലുന്നത് മാത്രമല്ല, അത് നന്മയിലേക്ക് വളരുന്നതും നന്മ ഉറപ്പാക്കുന്നതുമാണ്. അപ്പോഴേ ദൈവരാജ്യത്തിന്റെ സാമീപ്യം നമുക്കും എല്ലാവര്‍ക്കുമായി അനുഭവിക്കാനാകൂ. അതുറപ്പാക്കാനാണ് ദൈവരാജ്യത്തിന്റെ താക്കോലുകള്‍ നല്കപ്പെട്ടിരിക്കുന്നത്. മനുഷ്യരായി ജീവിക്കുവാന്‍ അനുവദിക്കപ്പെടാത്തവര്‍ക്ക് ആ ത്മബലമാവണം ഈ താക്കോലുകള്‍; ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും, മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും ചെയ്യുവാന്‍ കഴിയുന്ന താക്കോലുകള്‍, വിശക്കുന്നവനു വേണ്ടി നീതിയുടെ ഭണ്ഡാരങ്ങള്‍ തുറക്കാനും ഭവനര ഹിതനുവേണ്ടി വീട് തുറന്നു നല്‍കുവാനും കഴിയുന്ന താക്കോലുകള്‍. അപ്പോഴേ ദരിദ്രര്‍ ദൈവരാജ്യത്തിന്റെ സൗഭാഗ്യം അറിയൂ, നീതിക്കു വേണ്ടി ദാഹിക്കുന്നവര്‍ സംതൃപ്തരാക്കപ്പെടൂ.

(ലേഖകന്‍ ഡൊമിനിക്കന്‍ സഭയുടെ ഇന്ത്യന്‍ പ്രോവിന്‍സിലെ അംഗമാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org