മെത്രാന്‍ ഇടവക വികാരിയാകുമ്പോള്‍…

മെത്രാന്‍ ഇടവക വികാരിയാകുമ്പോള്‍…

"ദൈവമായ കര്‍ത്താവ് മനുഷ്യനായിത്തീര്‍ന്നെങ്കില്‍ ഈ നൈമിഷികമായ മെത്രാന്‍പട്ടം മാറ്റിവച്ചിട്ട് മനുഷ്യരുടെ ഇടയിലേക്ക് കടന്നുവന്ന് സഭയ്ക്കുസേവനം ചെയ്യാന്‍ സാധിക്കുമല്ലോ എന്നൊരു ചിന്ത എന്നെ നയിച്ചിരുന്നു" – ഇതാണ് ബിഷപ് ജോണ്‍ വടക്കേല്‍.
ബിജ്‌നോര്‍ രൂപതയുടെ ചുമതല സ്ഥാനമൊഴിഞ്ഞപ്പോള്‍ സ്വന്തം രൂപതയ്ക്കു പുറത്ത് ഒരു ചെറിയ ഇടവകയില്‍ വികാരിയായി, ലാളിത്യം ജീവിതംകൊണ്ട് പ്രഘോഷിക്കുന്ന ക്രിസ്തുവിന്റെ പ്രേഷിതന്‍… പ്രേഷിത വാരത്തില്‍ തീര്‍ച്ചയായും മനസ്സുടക്കുന്ന ഒരു നല്ല ഇടയന്‍… സത്യദീപം അസോ. എഡിറ്റര്‍ ഫാ. ജിമ്മിച്ചന്‍ കര്‍ത്താനം നടത്തിയ അഭിമുഖ സംഭാഷണത്തെ ആസ്പദമാക്കി തയ്യാറാക്കിയത്.

എന്റെ മിഷന്‍ ജീവിതം
1976 മുതല്‍ ഞാന്‍ മിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നു. പട്ടം കഴിഞ്ഞിട്ട് ഞാന്‍ നേരേ മിഷനിലേക്കാണ് പോന്നത്. ബിജ്‌നോര്‍ മിഷന്‍ ഇല്ലായ്മയില്‍നിന്ന് തുടങ്ങിയ ഒരു മിഷനാണ്. ഒന്നും ഇല്ലാത്ത ഒരു അവസ്ഥയിലാണ് മിഷനില്‍ എത്തുന്നത്. താമസിക്കാന്‍ ഇടമില്ല. എന്തെങ്കിലും ചെയ്യുവാനുള്ള പണസാധ്യതകളില്ല. യാത്രാ സൗകര്യങ്ങളില്ല. അങ്ങനെ ഉള്ള സാഹചര്യങ്ങളായിരുന്നെങ്കിലും ആ ദിവസങ്ങളില്‍ കര്‍ത്താവിനു വേണ്ടി ജോലി ചെയ്യുന്നതില്‍ സന്തോഷം കണ്ടിട്ടുണ്ട്. ഒരുപക്ഷേ, എല്ലാം ഉണ്ടാകുന്നതിനു മുമ്പുള്ള ഇല്ലായ്മയിലായിരുന്നിരിക്കാം എന്റെ ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്കിയ ദിവസങ്ങളെന്ന് ചിന്തിച്ചു പോകുന്നു. അന്നു മുതല്‍ മിഷനില്‍ പൂര്‍ണമായി എന്നെ സമര്‍പ്പിച്ച് പുതിയ പുതിയ മിഷന്‍ സ്ഥലങ്ങളിലേക്ക് കടന്നുചെന്ന് ദൈവപിതാവ് ആഗ്രഹിച്ച വിധത്തില്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ പരിശ്രമിച്ചിരുന്നു. ചില ഇടവകകളില്‍ ഒന്നുമില്ലാതിരുന്നിടത്ത് കത്തോലിക്കരെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചു എന്നുള്ളത് അഭിമാനകരവും സന്തോഷകരവുമായ കാര്യമാണ്.
പൊതുവെ പറഞ്ഞാല്‍ ഞങ്ങള്‍ ജോലി ചെയ്യുന്നത് ഹിമാലയ സാനുക്കളിലുള്ള അഞ്ച് ജില്ലകളിലാണ്. ക്രിസ്ത്യാനിയാകുന്നതിന് താത്പര്യമില്ലാത്ത ജനങ്ങള്‍ക്കിടയിലാണ് എന്നതും ഓര്‍ക്കേണ്ടതാണ്. ഇന്ന് അത് അതിലേറെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യമായി മാറിയിരിക്കുന്നു. അതിനാല്‍ നമ്മള്‍ കരുതുന്നതുപോലെ മാമ്മോദീസാ മുക്കി സഭയെ വളര്‍ത്തിയെടുക്കുന്ന സാഹചര്യം ഒന്നും ഇല്ല. എന്റെ മിഷന്‍ പ്രവര്‍ത്തനം ആദ്യമായി തുടങ്ങിയത് ജോഷിമഠിലാണ്. പണ്ട് ശങ്കരാചാര്യര്‍ വന്ന് അമ്പലങ്ങളും തീര്‍ത്ഥകേന്ദ്രങ്ങളും തുടങ്ങിയ സ്ഥലം. ബദരിനാഥിലെ പൂജാരിയായിരുന്ന വസുദേവന്‍ നമ്പൂതിരിയുടെ പഴയ ഒരു വീട് വാങ്ങി അവിടെ ഒരു വര്‍ഷത്തോളം ജോലി ചെയ്തു. ആ അടിസ്ഥാനത്തില്‍നിന്ന് പിന്നീടുവന്ന അച്ചന്മാര്‍ അവിടെ സ്‌കൂള്‍ മുതലായവ തുടങ്ങാനും ഒക്കെ ഇടയായി. പിന്നെ ഞാന്‍ വന്നത് പൗഡി എന്ന സ്ഥലത്താണ്. വാടകകെട്ടിടത്തില്‍ അവിടെ സ്‌കൂള്‍ ആരംഭിച്ചു. പല കെട്ടിടങ്ങള്‍ മാറേണ്ടിവന്നു സ്‌കൂള്‍ നടത്താന്‍. പിന്നീട് അവിടെ ഒരു സ്‌കൂളും മഠവും പണിയുവാന്‍ എനിക്ക് സാധിച്ചു. ഇന്നത് ബിജ്‌നോര്‍ ഡിസ്ട്രിക്ടിലെ ഏറ്റവും നല്ല സ്‌കൂള്‍ ആണ് എന്നു പറയുന്നതില്‍ സന്തോഷം ഉണ്ട്. അവിടുന്ന് പിന്നെ ബിജ്‌നോര്‍ ടൗണിലേക്ക് മാറി. അവിടെ ഒരു ചെറിയ ഇടവക വളര്‍ത്തി കൊണ്ടുവന്നു. അവിടെയും സ്‌കൂളും കുഷ്ഠരോഗാശുപത്രിയും നിര്‍മ്മിച്ചു. അവര്‍ക്ക് തൊഴില്‍ ചെയ്യുന്നതിന് തുണിനെയ്ത്തിനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു. അവിടെ ഉണ്ടായിരുന്ന ആറരവര്‍ഷം സന്തോഷം നിറഞ്ഞ അനുഭവമായിരുന്നു. അവിടെ നിന്ന് പിന്നെ അല്പം പഠനത്തിനായി പോയി. ഗാസിയാബാദില്‍ ഒരു വര്‍ഷം നിന്നു. അവിടെ നിന്നാണ് വാര്‍ദ്ധയിലേക്ക് പോകുന്നത്. അവിടെ പള്ളി പണിയാന്‍ ദൈവം അവസരം തന്നു. പിന്നെ ബാഗ്‌ളൂര്‍ ധര്‍മ്മാരാമില്‍ നിന്ന് എംടിഎച്ച് പാസായി. ഒപ്പം ഫിലോസഫേഴ്‌സിന്റെ മാസ്റ്ററായി സേവനം ചെയ്തു. തുടര്‍ന്ന് മിഷനിലേക്ക് വന്നു. നജീബാബാദില്‍ പ്രവര്‍ത്തനമാരംഭിച്ചു. അവിടെവച്ച് ആശുപത്രിക്കുവേണ്ടി വാങ്ങിച്ചിട്ടിരുന്ന സ്ഥലത്ത് ഒരു ചെറിയ കെട്ടിടം പണിതു. പിന്നീട് അത് സാമാന്യം വലിയ ആശുപത്രിയാക്കി മാറ്റാനുള്ള അനുഗ്രഹം എനിക്കുണ്ടായി. ഇന്ന് നജീബാബാദിലെ ഏറ്റ വും വലിയ ആശുപത്രിയാണത്.
അവിടെ ആയിരിക്കുമ്പോള്‍ അഭി. ഗ്രേഷ്യന്‍ പിതാവിന്റെ ആവശ്യമനുസരിച്ച് ബിജ്‌നോറിന്റെ പാസ്റ്ററല്‍ സെന്ററിന്റെ നിര്‍മ്മാണം നടത്താനായി സാധിച്ചു. അതിന്റെ ഡയറക്ടറായി തുടര്‍ന്ന് പിതാവ് എന്നെ നിയമിച്ചു. അവിടെ ആയിരുന്നുകൊണ്ടാണ് ബിജ്‌നോര്‍ കത്തീഡ്രലിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. അത് ഒരു ലോക്കല്‍ കോണ്‍ട്രാക്ടറുടെ കീഴിലായതിനാല്‍ എനിക്ക് ഒത്തിരി കാര്യങ്ങളില്‍ ഇടപെട്ട് ചെയ്യേണ്ടതായി വന്നു. അതിന്റെ നിര്‍മ്മാണം പൂര്‍ ത്തിയാക്കുന്നതിന് പത്തു വര്‍ഷത്തോളം എടുത്തു. നിര്‍മ്മാണ സാമഗ്രികളെ ഏകോപിപ്പിക്കുന്നതിന് അത്തരമൊരു സ്ഥലത്ത് ഇ ത്തിരി ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എങ്കിലും രൂപതയ്ക്ക് നല്ലൊരു കത്തീഡ്രല്‍ ഉണ്ടാക്കിയെടുക്കുവാന്‍ സാധിച്ചതിന് സന്തോ ഷമുണ്ട്. ഞാന്‍ പിതാവായതിനു ശേഷമാണ് അതിന്റെ കൂദാശാകര്‍മ്മങ്ങള്‍ നടത്തപ്പെടുന്നത്. ക ത്തോലിക്കര്‍ തുലോം തുച്ഛമായ ഈ സ്ഥലത്ത് ഇപ്പോഴും ക്രിസ്തുമസ് സമയത്ത് അമ്പതിനായിരത്തോളം ആളുകള്‍ നേര്‍ച്ച യിട്ട് ആശീര്‍വാദം വാങ്ങി പോകാറുണ്ട്. യേശുവിന്റെ പിറവിത്തിരുന്നാളിന് ആളുകള്‍ നമ്മള്‍ ഒന്നും പറയാതെതന്നെ ഒത്തിരി ദൂരം താണ്ടിവന്ന് ക്രിസ്തുമസ് മനോഹരമാക്കിത്തീര്‍ക്കുന്നു.


മെത്രാന്‍ ജീവിതം
സഭയില്‍ കൂടുതല്‍ കാര്യക്ഷമമായി സേവനം ചെയ്യുന്നതിനു ള്ള വലിയൊരു വിളിയായിട്ടാണ് എന്റെ മെത്രാന്‍ ശുശ്രൂഷയെ ഞാന്‍ കാണുക. ഹിമാലയത്തിലൂടെയായതിനാല്‍ ദീര്‍ഘദൂരയാത്രകള്‍ പതിവാണ്. പക്ഷെ, നീണ്ട യാത്രകള്‍ നടത്തി സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ച് വിശ്വാസികളെ കണ്ട് ആണ് ഞാനെന്റെ മെത്രാന്‍ജീവി തം നയിച്ചിട്ടുള്ളത്. മെത്രാനായപ്പോള്‍ എനിക്കറിയാമായിരുന്നുഎന്റെ കാലയളവ് പത്ത് വര്‍ഷമേ ഉള്ളൂ എന്ന്. അതിനാല്‍ അച്ചന്മാരോട് ആലോചിച്ച് പത്ത് വര്‍ഷത്തെ ഒരു സ്‌കീം ഉണ്ടാക്കി അതിനനുസരിച്ചുള്ള എല്ലാ കാര്യങ്ങളും പൂര്‍ണമായി ചെയ്യുന്നതിന് ദൈവം എന്നെ അനുവദിച്ചു.


തുറന്നിട്ട വാതിലുകള്‍
മെത്രാന്‍ ജീവിതമെന്ന് പറയു ന്നത് ഒരു അലങ്കാര ജീവിതമല്ല എന്നെനിക്കറിയാം. അത് പൂര്‍ണമായി ഞാന്‍ മനസ്സിലാക്കിയിരു ന്നു. അതിനാല്‍ മെത്രാനായിരുന്ന കാലങ്ങളില്‍ ഞാനായിരിക്കുന്ന ഓഫീസ് മുറി ഒരിക്കലും അടച്ചിട്ടിട്ടില്ല. ആര്‍ക്കും എപ്പോഴും വന്ന് സംസാരിക്കാനും കാണാനുമുള്ള വ്യക്തിയാണ് ഞാനെന്നറിഞ്ഞിരുന്നതുകൊണ്ട് എല്ലായ്‌പ്പോഴും ആരു വന്നാലും അവരെ ഞാന്‍ സ്വാഗതം ചെയ്തിരുന്നു. എനിക്ക് വലിയ ആര്‍ഭാടങ്ങളൊന്നും ആവശ്യമില്ല. ലാളിത്യം എന്റെ ഒരു ആര്‍ഭാടമായിട്ട് തന്നെയാണ് ഞാന്‍ സ്വീകരിച്ചിരുന്നത്. അതുകൊണ്ട് സ്വന്തം കാര്യങ്ങളെല്ലാം തനിച്ചു തന്നെ നടത്തി ജീവിച്ചിരുന്ന ഒരു കാലയളവായിരുന്നു അത്. അതുകൊണ്ട് ആ കാലയളവിനു ശേഷം സാധാരണ ജീവിതത്തിലേക്ക് കടന്നു വരിക എനി ക്ക് ബുദ്ധിമുട്ടുള്ള കാര്യം ആയിരുന്നില്ല. ഞാനത് ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് റിട്ടയര്‍മെന്റിനു ശേഷം പുതിയൊരു തലത്തിലേക്കിറങ്ങി വരാന്‍ പ്രേരണയുണ്ടായത്. ദൈവമായ കര്‍ത്താവ് മനുഷ്യനായി തീര്‍ന്നെങ്കില്‍ ഈ നൈമിഷികമായ മെത്രാന്‍ പട്ടം മാറ്റിവച്ചിട്ട് മനുഷ്യരുടെ ഇടയിലേക്ക് കടന്നുവന്ന് സഭയ്ക്കു സേവനം ചെയ്യാന്‍ സാധിക്കുമല്ലോ എന്നൊരു ചിന്ത എന്നെ നയിച്ചിരുന്നു. അതുകൊണ്ടാണ് ഇപ്പോഴത്തെ പിതാവ് പല കാര്യങ്ങളും ഓഫര്‍ ചെയ്തിരുന്നെങ്കിലും എനിക്ക് രൂപതയുടേതായിട്ട് ഒന്നും ആവശ്യമില്ല എന്നു പറഞ്ഞ് യാതൊന്നും സ്വീകരിക്കാ തെ രൂപതയില്‍നിന്നും മാറി ഈ മിഷന്‍ ഇടവകയിലേക്ക് കടന്നുവന്നത്. ഇതൊരു ചെറിയ ഇടവകയാണ്. മീററ്റ് രൂപതയിലെ ഇടവകയാണ്. എഴുപത് അംഗങ്ങളുള്ള ഒരു ചെറിയ ഇടവക. കോവിഡ് കാലമായതിനാല്‍ വീടു സന്ദര്‍ശനമൊന്നും തുടങ്ങാനായില്ല. എല്ലാവരുമൊന്നിച്ച് കുര്‍ബാന അര്‍പ്പിക്കാന്‍ പോലും ഒരവസരം കിട്ടിയിട്ടില്ല. എങ്കിലും കാലക്രമത്തില്‍ അതിനെല്ലാം സാധിക്കുമെന്ന് വിശ്വസിക്കുന്നു.
ദൈവവിളിയെപ്പറ്റി
ഇന്ന് ദൈവവിളി വലിയൊരു പ്രതിസന്ധിയിലാണ്. വിളി സ്വീകരിച്ച് വന്ന കുട്ടികള്‍ തിരിച്ചുപോകുന്നു. ആര്‍ക്കും താത്പര്യമില്ല. എന്നുള്ള പരാതികള്‍ സ്ഥിരം കേള്‍ക്കാറുണ്ട്. അതിന് ധാരാളം കാരണങ്ങള്‍ ഉണ്ട്. ഒന്നാമത് വിശ്വാസക്കുറവാണ്. പള്ളിയുമായു ള്ള ബന്ധങ്ങളൊക്കെ മാറ്റിവച്ച് ലൗകീകമായ കാര്യങ്ങളിലേക്ക് കടന്നുചെന്ന് ദൈവത്തെ വേണ്ട വിധത്തില്‍ മനസ്സിലാക്കാതെ പോകുന്ന ജനതതിയില്‍നിന്ന് എങ്ങനെയാണ് ദൈവവിളികള്‍ ഉണ്ടാവുക. ലൗകായതികത്വം വലിയൊരു ബാധയാണ്. വൈദികനാണെങ്കിലും സന്യാസിയാണെങ്കിലും ലോകത്തിന്റേതല്ലാതെ ലോകത്തില്‍ മറ്റുള്ളവര്‍ക്ക് സേവനം ചെയ്ത് പോകേണ്ടതുണ്ട്. അതിന് ആരും തയ്യാറല്ല. ലൗകീകമായ കാഴ്ചപ്പാടിലൂടെ ജീവിക്കുന്ന ജനതയ്ക്ക് ദൈവവിളി കിട്ടുക എന്നത് സാധ്യമല്ല; ഉണ്ടെങ്കില്‍ തന്നെ അത് മറികടക്കുവാനുള്ള സാധ്യതയുമില്ല. ഇന്നത്തെ മാധ്യങ്ങള്‍ വഴി ലഭിക്കുന്ന സുഖലോലുപത, ലോകത്തില്‍ ജീവിക്കാനുള്ള മനോഭാവം എന്നിവ, ഒക്കെ ഇട്ടെറിഞ്ഞ് കര്‍ത്താവിന്റെ പിന്നാലെ ഇറങ്ങിത്തിരിക്കുന്നതിന് തടസ്സം നില്‍ക്കുന്നു. അതുപോലെ തന്നെയാണ് ധാര്‍മ്മികാപചയവും. ഇന്ന ത്തെ യുവതലമുറയെ ബാധിച്ചിരിക്കുന്ന ഒന്നാണത്. അതുകൊണ്ട് മനസ്സിന്റെ ശുദ്ധി ഇല്ലാത്ത ഒരു തലമുറയില്‍ നിന്ന് എങ്ങനെയാണ് ദൈവവിളികള്‍ ലഭിക്കുക. ആരെങ്കിലും വിളികിട്ടി വരാനിടയായാല്‍ തന്നെ എങ്ങനെയെങ്കിലും തിരിച്ചുപോകണം എന്ന ചിന്ത അവരുടെ മനസ്സില്‍ ഇല്ലേ എന്ന് ഞാന്‍ സംശയിക്കുന്നു.
ലളിതജീവിതം
Simplicity is my nobility. എന്റെ ജീവിതത്തിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാന്‍ ലളിതമായി ജീവിക്കുക എന്നത് ഞാന്‍ തത്ത്വമായി സ്വീകരിച്ചിരിക്കുന്നു. ആവശ്യത്തില്‍ കൂടുതല്‍ ഒന്നും ഉപയോഗിക്കാതിരിക്കുക. ഉള്ളതുകൊണ്ട് തൃപ്തിയാകുക. ഇല്ലെങ്കില്‍ പരാതി പറയാതിരിക്കുക. അങ്ങനെ പല കാര്യങ്ങളുണ്ട്. അതുകൊണ്ട് ഇന്നതാണ് ലാളിത്യം എന്നു ഞാന്‍ പറയുന്നില്ല. നാമാണ് ലാളിത്യം. നമ്മുടെ ഓരോ ചെറിയ കാര്യത്തിലും ലാളിത്യം ഉണ്ടായിരിക്കണം. ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും ഇത് കര്‍ത്താവായിരുന്നെങ്കില്‍ എങ്ങനെ ചെയ്യുമായിരുന്നു എന്ന ചിന്ത പുലര്‍ത്താനാവണം. സ്വന്തമാ യി നമുക്കൊന്നുമില്ലെങ്കിലും സഭ നമ്മെ കാത്തുപരിപാലിക്കും എന്നുള്ള ആഴമായ ബോധ്യം കൂടി ഉള്ളത് നല്ലതാണ്. അതുകൊണ്ട് കൂട്ടിവയ്ക്കാന്‍ ഇഷ്ടപ്പെടാതെ സ്വന്തമായി നേടാന്‍ ഇഷ്ടപ്പെടാതെ ഇങ്ങനെ ഒരു ജീവിതം ജീവിക്കുന്നതില്‍ ഒരു സുഖമുണ്ട്. Very light way of living, ഘനമില്ലാത്ത, ഒരു പറവയെപ്പോലെ പറന്നുയരുവാന്‍ സാധിക്കുന്ന ഒരു ജീവിതം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൊ ക്കെ കൂടുതലായും ഇടപെടേണ്ടി വന്നതുകൊണ്ട് നമ്മെ കാണുന്നവര്‍ വല്യ പണക്കാരാണെന്ന് ചി ന്തിച്ചേക്കാം. നമുക്കൊന്നുമില്ല, സഭ നല്കുന്നതു കൊണ്ട് മാത്രം ജീവിക്കുന്നവരാണ് നമ്മളെന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. എങ്കില്‍ തന്നെയും കര്‍ത്താവുമായിട്ടുള്ള ബന്ധത്തില്‍ അങ്ങനെയൊരു ലാളിത്യത്തിന്റെ ആദ്ധ്യാത്മികത വളര്‍ത്തിയെടുക്കു വാന്‍ സാധിക്കണം, അതിന് ഇടയാവട്ടെ എന്നു കൂടി പ്രാര്‍ത്ഥിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org