ജനാധിപത്യത്തിന്റെ ശക്തിയെ കവര്‍ന്നെടുക്കുമ്പോള്‍

ജനാധിപത്യത്തിന്റെ ശക്തിയെ കവര്‍ന്നെടുക്കുമ്പോള്‍

കെ. ഗോപാലകൃഷ്ണന്‍
മുന്‍ എഡിറ്റര്‍, മാതൃഭൂമി ദിനപത്രം

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ ചോദ്യാത്തരവേള ഉപേക്ഷിക്കുന്നതിലൂടെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സര്‍ക്കാരിനെ ചോദ്യം ചെയ്യാനും തിരുത്തല്‍ നടപടികള്‍ നിര്‍ദ്ദേശിക്കാനും ഉള്ള അവകാശം നിഷേധിച്ചിരിക്കുന്നു. പാര്‍ലമെന്റിന്റെ ഓരോ സഭയിലും സുപ്രധാനമായ ഓരോ മണിക്കൂറുകള്‍ വീതം എംപിമാര്‍ സംശയാസ്പദമായ തീരുമാനങ്ങള്‍ക്ക് ഉത്തരം തേടുകയും ദേശീയ തലത്തിലുള്ള സംഭവവികാസങ്ങളുടെ വിശദാംശങ്ങള്‍ തേടുകയും മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തം ഉറപ്പിക്കുകയും ചെയ്യുന്നു. ചോദ്യങ്ങള്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരികയും മന്ത്രാലയങ്ങള്‍ ഉചിതമായ പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരമൊരു അവസരത്തെ എളുപ്പത്തില്‍ ഒഴിവാക്കാവുന്ന ഒന്നായി കണക്കാക്കുന്നത്, ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അന്യായമാണ് അല്ലെങ്കില്‍ അഹങ്കാരമാണ്.
ചില സന്ദര്‍ഭങ്ങളില്‍, നക്ഷത്രമില്ലാത്ത ഒരു ചോദ്യത്തില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ പോലും കേന്ദ്രത്തിലെ അന്നത്തെ ഗവണ്‍മെന്റിന്റെ തെറ്റായ പ്രവര്‍ത്തനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇന്ത്യയിലെ ആദ്യത്തെ കുപ്രസിദ്ധ സാമ്പത്തിക അഴിമതിയായ മുന്ദ്ര അഴിമതി നിരുപദ്രവകരമായ നക്ഷത്രമിടാത്ത ചോദ്യത്തിലൂടെയാണ് പുറത്തുവന്നത്. 1957 സെപ്തംബര്‍ 4 ന് കോണ്‍ഗ്രസ് എംപി രാം സുഭാഗ് സിങ്ങും മറ്റ് രണ്ട് പേരും ധനമന്ത്രിയോട് ആഗസ്റ്റ് 3 ന് സ്റ്റേറ്റ്‌സ്മാന്‍ പത്രത്തിന്റെ ദില്ലി പതിപ്പിലെ ഒരു വാര്‍ത്തയെക്കുറിച്ച് ചോദിച്ചു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) ഒരു കോടി രൂപ കാണ്‍പൂരിലെ ഏതെങ്കിലും ഒരു സ്വകാര്യ സംരംഭത്തില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ചായിരുന്നു ചോദ്യം. ഇതില്‍ ഉള്‍പ്പെട്ട തുക, സ്ഥാപനത്തിന്റെ പേര് മുതലായവയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും എംപിമാര്‍ ആവശ്യപ്പെട്ടു. അന്നത്തെ ഉപധനമന്ത്രിയായിരുന്ന ബാലിറാം ഭഗത് സാങ്കേതികതയില്‍ ഊന്നി പ്രധാന പ്രശ്‌നത്തിന് ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറി. കാരണം എല്‍ഐസി ഒരു കോടിയിലധികം രൂപ ഹരിദാസ് മുന്ദ്രയുടെ ഉടമസ്ഥതയിലുള്ള നിരവധി കമ്പനികളിലായി നിക്ഷേപിച്ചു. ഇവയില്‍ ഒരെണ്ണത്തിനു മാത്രമാണ് കാണ്‍പൂരില്‍ ആസ്ഥാനമുണ്ടായിരുന്നത്.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരുമകനും രാജീവ് ഗാന്ധിയുടെ പിതാവുമായ ഫിറോസ് ഗാന്ധി ഇതിലൊരു പ്രശ്‌നം സംശയിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. 1957 ഡിസംബര്‍ 16 ന് ഫിറോസ് ഗാന്ധി ലോക്സഭയില്‍ ഒരു ചോദ്യം ഉന്നയിച്ചു. പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഹരിദാസ് മുന്ദ്രയുടെ നിരവധി സ്ഥാപനങ്ങളില്‍ 1.26 കോടി രൂപ നിക്ഷേപിച്ചതിനെ കുറിച്ചായിരുന്നു ചോദ്യം. തൃപ്തികരമായ മറുപടികളൊന്നും ലഭിച്ചില്ല. ഫിറോസും റാം സുഭാഗ് സിങ്ങും 1957 ഡിസംബര്‍ 15-ന് ഈ വിഷയത്തില്‍ ഒരു ചര്‍ച്ച ആവശ്യപ്പെട്ടു. ചോദ്യങ്ങളുടെ കുത്തൊഴുക്കുക്കൊണ്ട് ടിടി കൃഷ്ണമാചാരിയെ ഫിറോസ് തറ പറ്റിച്ചു. ജസ്റ്റിസ് എംസി ഛഗ്ലയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ നെഹ്റു നിര്‍ബന്ധിതനായി. എല്ലാ വസ്തുതകളും പരിഗണിക്കാത്തതില്‍ കൃഷ്ണമാചാരിയും കുറച്ച് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കമ്മീഷന്‍ കണ്ടെത്തുകയും അതു കൃഷ്ണമാചാരിയുടെ രാജിയില്‍ കലാശിക്കുകയും ചെയ്തു. കല്‍ക്കരി കുംഭകോണം, കിട്ടാക്കടത്തിന്റെ അളവു തുടങ്ങിയവയെല്ലാം ചോദ്യോത്തര വേളയില്‍ വെളിച്ചത്തു വന്നവയാണ്. ചോദ്യത്തിന്റെ ശക്തിയുടെ കുറച്ച് ഉദാഹരണങ്ങള്‍ മാത്രം!
സര്‍ക്കാരിന്റെ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും മനസ്സിലാക്കുന്നതിന് എംപിമാര്‍ക്ക് മാത്രമല്ല ചോദ്യാവലി പ്രധാനമായിരി ക്കുന്നത്. ചോദ്യാവലി സംപ്രേ ഷണം ചെയ്യുന്നതിലൂടെ, ഇന്ത്യയിലുടനീളമുള്ള ജനങ്ങളെ പാര്‍ലമെന്റിലെ തങ്ങളുടെ പ്രതിനിധികളുടെ പ്രകടനവും സമൂഹം അഭിമുഖീകരിക്കുന്ന ആളുന്ന പ്ര ശ്‌നങ്ങളെ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും വിലയിരുത്താന്‍ ഇത് സഹായിക്കുന്നു. ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയങ്ങള്‍, അവിശ്വാസ പ്രമേയങ്ങള്‍ എന്നിവയില്‍ പോലും, അംഗങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്കു ഉത്തരമേകുന്നതില്‍ മുതിര്‍ന്ന മന്ത്രിമാരും പ്രധാനമന്ത്രി മാരും, ബോധപൂര്‍വമോ അല്ലാതെയോ പലപ്പോഴും പരാജയപ്പെടുന്നു!


ചോദ്യോത്തര വേളയില്‍ മന്ത്രിമാര്‍ക്ക് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ രക്ഷപ്പെടാന്‍ കഴിയില്ല. ചോദ്യോത്തരവേള ഉപേക്ഷിക്കുന്നതിലൂടെ എംപിമാര്‍ക്ക് ചോദ്യം ചെയ്യാനുള്ള അവകാശവും ജനങ്ങള്‍ക്ക് ആ നടപടിക്രമങ്ങള്‍ക്കു സാക്ഷ്യം വഹിക്കാനും അധികാരത്തിലുള്ള സര്‍ക്കാരിന്റെയും തങ്ങളെ പ്രതിനിധീകരിക്കുന്ന എംപിമാരുടെയും പ്രകടനം സ്വയം വിലയിരുത്താനുമുള്ള അവസരവും നിഷേധിക്കപ്പെടുന്നു.
ലോക്‌സഭയുടെ മുന്‍ സെക്ര ട്ടറി ജനറലായ പിഡിടി ആചാരി ഉന്നയിച്ച വിഷയം പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു, "നേരിട്ടുള്ള ജനാധിപത്യം പ്രവര്‍ത്തന ക്ഷമമാകുന്ന സമയമാണ് ചോദ്യോത്തരവേള. പുരാതന ഗ്രീസില്‍ ആളുകള്‍ ഭരണത്തില്‍ നേരിട്ട് പങ്കാളികളാകുകയും അവര്‍ ഭരണാധികാരികളോട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു. ഇവിടെയും പൊതുജനങ്ങളുടെ പ്രതിനിധികള്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നു." അദ്ദേഹം കൂട്ടിച്ചേര്‍ത്തു, "ചോദ്യോത്തരവേളയില്‍, എല്ലാ ചോദ്യങ്ങള്‍ക്കും ഒരു മന്ത്രി നേരിട്ട് മറുപടി നല്‍കേണ്ടതുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ അതിനെ ബാക്കി നടപടിക്രമങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നു. മറ്റെല്ലാ പ്രമേയങ്ങള്‍, ചര്‍ച്ചകള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം വ്യത്യസ്തമാണത്. അവിടെ അംഗങ്ങള്‍ സംസാരിക്കുകയും മന്ത്രി കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു, പക്ഷേ അദ്ദേഹത്തിന് ഉത്തരം നല്‍കാതിരിക്കാം. അയാള്‍ക്ക് സ്വന്തം പാടു നോക്കി പോകാം, അതു സാദ്ധ്യമാണ്, സഭ അടുത്ത ഇനത്തിലേക്കു പോകുന്നു. പക്ഷേ, ചോദ്യോത്തരവേളയില്‍, സഭയ്ക്ക് അത്തരമൊരു സ്വാതന്ത്ര്യമില്ല, ചോദിച്ചിരിക്കുന്ന ചോദ്യത്തിന് അദ്ദേഹം നേരിട്ട് മറുപടി നല്‍കണം."
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലേക്കു വെളിച്ചം വീശാന്‍ എംപിമാര്‍ കഴിഞ്ഞ 70 വര്‍ഷമായി ചോദ്യോത്തരവേള വിജയകരമായി ഉപയോഗിച്ചു വന്നിട്ടുണ്ട്. സാന്ദര്‍ഭികമായി പറയാം, ആദ്യ ചോദ്യം ഉന്നയിക്കപ്പെട്ടത് 1893 ലാണ്. പര്യടനത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സാധനങ്ങള്‍ നല്‍കേണ്ടിവന്നത് ഗ്രാമീണ കടയുടമകളുടെ മേല്‍ അടിച്ചേല്‍പിച്ച ഭാരത്തെ കുറിച്ചായിരുന്നു ആ ചോദ്യം (പിആര്‍എസ് ലെജിസ്ലേറ്റീവ് ബ്രാഞ്ച്).
ചോദ്യോത്തരവേളയെ നിയന്ത്രിക്കുന്നത് ഇരുസഭകളുടെയും അദ്ധ്യക്ഷരാണ്. എംപിമാര്‍ക്ക് ചോദിക്കാന്‍ കഴിയുന്ന ചോദ്യങ്ങ ളെ സംബന്ധിച്ചു വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്. ഒരു ചോദ്യം 150 വാക്കുകളായി പരിമിതപ്പെടുത്തണം. അത് കൃത്യമായിരിക്കണം. ഇത് സര്‍ക്കാരിന് ഉത്തരവാദിത്തമുള്ള ഏതെങ്കിലുമൊരു മേഖലയുമായി ബന്ധപ്പെട്ടതായിരിക്കണം. രഹസ്യമായ കാര്യങ്ങളെ കുറിച്ചു വിവരങ്ങള്‍ തേടാനായിരിക്കരുത്. ചോദ്യം അനുവദിക്കുന്നതു സംബന്ധിച്ച അന്തിമ അധികാരം അദ്ധ്യക്ഷന്റേതാണ്. സമ്മേളനത്തിന്റെ എല്ലാ ദിവസങ്ങളിലും ഒരു മണിക്കൂര്‍ ചോദ്യോത്തരവേള നടത്തണം. രാഷ്ട്രപതിയുടെ അഭിസംബോധനയുടെ ദിവസവും ബജറ്റ് ദിവസവും ചോദ്യോത്തരവേള ഇല്ല. ലോക്‌സഭയില്‍ ബുധനാഴ്ചയും രാജ്യസഭയില്‍ വ്യാഴാഴ്ചയും ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഉത്തരം നല്‍കുന്നു.
നാല് തരത്തിലുള്ള ചോദ്യങ്ങളാണുള്ളത്: നക്ഷത്രമിട്ടത്, നക്ഷത്രമില്ലാത്തത്, ഷോര്‍ട് നോട്ടീസ്, സ്വകാര്യ അംഗങ്ങളോടുള്ളത്. വിവിധ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ചോദ്യോത്തര വേളയില്‍ സാധാരണയായി ഉന്നയിക്കുന്നത് നക്ഷത്ര മിട്ട ചോദ്യങ്ങളാണ്. സാധാരണയായി ഒരു ദിവസം 20 ചോദ്യങ്ങള്‍ അനുവദനീയമാണ്, അവ നറുക്കിട്ടു തിരഞ്ഞെടുക്കുന്നു. ഒരു ചോദ്യകര്‍ത്താവിന് രണ്ട് ഉപ ചോദ്യ(supplimentary questions)ങ്ങളാവാം. മറ്റ് എംപിമാര്‍ക്കും അദ്ധ്യക്ഷന്റെ വിവേചനാധികാരം അനുസരിച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയും. ഉപചോദ്യങ്ങള്‍ക്കായി തയ്യാറെടുക്കുന്നതിന് ചോദ്യങ്ങള്‍ മൂന്ന് ദിവസം മുമ്പേ നല്‍കും. നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് രേഖാമൂലമുള്ള ഉത്തരങ്ങള്‍ നല്‍കുന്നു. ഷോര്‍ട് നോട്ടീസ് ചോദ്യങ്ങളും സ്വകാര്യ അംഗങ്ങളോടുള്ള ചോദ്യങ്ങളും അപൂര്‍വമാണ്.
ചോദ്യോത്തരവേളയില്‍ സാധാരണയായി 5 മുതല്‍ 20 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കും. വിഷയത്തെയും ബന്ധപ്പെട്ട മന്ത്രിയെയും ആശ്രയിച്ച് ചില മറുപടികള്‍ ദൈര്‍ഘ്യമേറിയതാണ്. അതുപോലെ മറ്റ് അംഗങ്ങളില്‍നിന്ന് കൂടുതല്‍ അനുബന്ധ ചോദ്യങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ കൂടുതല്‍ സമയമെടുക്കും.
മന്ത്രിമാര്‍ സമയമെടുക്കുന്ന രീതിയില്‍ വിശദമായ മറുപടി നല്‍കുന്ന സാഹചര്യത്തില്‍ വാക്കാലുള്ള കുറവു ചോദ്യങ്ങള്‍ക്കു മാത്രമേ അന്ന് ഉത്തരം ലഭിക്കുകയുള്ളൂ. ഉദാഹരണത്തിന് മൊറാര്‍ജി ദേശായി മന്ത്രാലയത്തിലെ ആരോഗ്യ കുടുംബക്ഷേമമന്ത്രിയും സോഷ്യലിസ്റ്റ് വിപ്ലവകാരിയുമായിരുന്ന അന്തരിച്ച രാജ് നാരായണ്‍ വിശദമായി മറുപടി നല്‍കാറുണ്ടായിരുന്നു. ചിലപ്പോള്‍, മന്ത്രി തന്റെ മന്ത്രാലയം നല്‍കിയ ദീര്‍ഘമായ വിശദീകരണങ്ങള്‍ വായിക്കാറുണ്ടായിരുന്നു. ഒരിക്കല്‍, മൊറാര്‍ജി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി ചോദ്യോത്തര വേളയില്‍ സഭയിലെത്താന്‍ വൈകി. രാജ് നാരായണ്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് വാജ്‌പേയിയെ അറിയിച്ചപ്പോള്‍, വാജ്‌പേയി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു, എന്റെ മന്ത്രാലയം സംബന്ധിച്ച ചോദ്യങ്ങള്‍ അവസാനമായി വച്ചിരിക്കുന്നതിനാല്‍ ഇനി തനിക്കു മറുപടി പറയേണ്ടി വരില്ല.
ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ചോദ്യോത്തരവേള അതിന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മന്ത്രിമാരെ നിയന്ത്രിക്കുകയും ജനങ്ങളോടുള്ള സ്വന്തം പ്രതിബദ്ധതകളെക്കുറിച്ച് സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തുകൊണ്ട് അത് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ തിരുത്തല്‍ ശക്തിയായി നിലകൊണ്ടു. ചോദ്യോത്തരവേള നിഷേധിക്കുക എന്നത് ജനാധിപത്യ തത്വങ്ങളുടെയും ആശയങ്ങളുടെയും ലംഘനമാണ്. വേണ്ടത് ഒരു ഇച്ഛാശക്തിയാണ്. പാര്‍ലമെന്റ് വിളിച്ചു കൂട്ടുക എന്നത് അതില്‍ തന്നെ വലിയ ചിലവുകളുള്ളതാണ്. അതു ചെയ്യാന്‍ കഴിയുമെങ്കില്‍, ജനാധിപത്യത്തിന്റെ വ്യവസ്ഥാപിത രീതികള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ആ ഒരു മണിക്കൂര്‍ നിഷേധിക്ക രുത്.
എന്നിരുന്നാലും, പല തവണ ചോദ്യോത്തരവേള രാഷ്ട്രീയ പാര്‍ട്ടികള്‍ തടസ്സപ്പെടുത്തി എന്നത് ഒരു വസ്തുതയാണ്. 2009 മുതല്‍ ലോക്‌സഭയിലെയും രാജ്യസഭയിലെയും രണ്ടെണ്ണമൊഴികെയുള്ള എല്ലാ സെഷനുകളിലും വാക്കാലുള്ള ചോദ്യങ്ങള്‍ക്ക് അനുവദിക്കപ്പെട്ടതിന്റെ 90 ശതമാനം സമയവും ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന് പാര്‍ലമെന്ററി ഡാറ്റ വിശകലനം ചെയ്യുന്ന പി ആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ ച്ച്, ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാഷ്ട്രീയ സ്വഭാവമുള്ള നിരവധി പ്രശ്‌നങ്ങള്‍ കാരണം ചോദ്യസഭ ഇരുസഭകളിലും തടസ്സപ്പെട്ടു. 2013 ലെ ശീതകാല സമ്മേളനത്തില്‍ കല്‍ക്കരി ബ്ലോക്ക് അനുവദിക്കല്‍ കേസില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) നിയമിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം തടസ്സമുണ്ടാക്കി. 2016-ലെ ശീതകാല സമ്മേളനത്തില്‍ നോട്ട് റദ്ദാക്കലിനെതിരെ പ്രതിഷേധിക്കുന്നതിനു കോണ്‍ഗ്രസ് സഭ തടസ്സപ്പെടുത്തി. 2018 ലെ ബജറ്റ് സെഷനില്‍ റാഫേല്‍ ഇടപാടിനെതിരെ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് സഭ വീണ്ടും തടസ്സപ്പെടുത്തി. എന്നിരുന്നാലും, 1962-ലെ ശീതകാല സെഷനില്‍ ഇന്ത്യ-ചൈന യുദ്ധസമയത്തും 1971-ലെ ശീതകാല സെഷനില്‍ പാകിസ്ഥാനുമായുള്ള യുദ്ധം മൂലവും മാത്രമേ ചോദ്യോത്തര വേള സര്‍ക്കാര്‍ റദ്ദാക്കിയിരുന്നുള്ളൂ. 1975-ല്‍ അടിയന്തരാവസ്ഥക്കാലത്തെ മണ്‍സൂണ്‍ സെഷനിലും 1976-ലെ വിന്റര്‍ സെഷനിലുമാണ് പിന്നെ ചോദ്യോത്തര വേളകള്‍ റദ്ദാക്കപ്പെട്ടത്.
ചോദ്യോത്തവേള റദ്ദാക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നതിന് ഒരു തര്‍ക്കവുമില്ല. എന്നാല്‍ യുദ്ധകാലത്തും അടിയന്തരാവസ്ഥയിലും മാത്രമാണ് ഈ സുപ്രധാന മണിക്കൂര്‍ റദ്ദാക്കപ്പെട്ടിട്ടുള്ളത്. മുന്‍കാലങ്ങളില്‍ നിസ്സാര രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ചോദ്യോത്തരവേള തടസ്സപ്പെടുത്തിയ സംഭവങ്ങള്‍, ഇതു റദ്ദാക്കുന്നതിനുള്ള ഒരു ന്യായീകരണമായിരിക്കരുത്. ഒരു പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഒരു സുപ്രധാന ഭാഗം സജീവവും സക്രിയവുമായ ഈ ഒരു മണിക്കൂര്‍. ദേശീയ താല്‍പ്പര്യവും ജനാധിപത്യ നടപടികളും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറാകാത്ത ഭരണകക്ഷിയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി ഇത് എങ്ങനെ ഒഴിവാക്കാനാകും?
രാഷ്ട്രം ഒരു മഹാമാരിയുടെ പിടിയിലായിരിക്കുകയും രോഗം പടരുന്നത് നമുക്കിനിയും നിയന്ത്രിക്കാനാകാതിരിക്കുകയും ചെയ്യുമ്പോള്‍, ഈ സാഹചര്യത്തെ നേരിടാന്‍ എന്താണ് പദ്ധതിയിടുന്നതെന്ന് സര്‍ക്കാരിനോടു ചോദിക്കണം. വരുംമാസങ്ങളില്‍ പകര്‍ച്ചവ്യാധിയെ എങ്ങനെ നേരിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് അറിയാന്‍ ഓരോ ഇന്ത്യ ക്കാരനും അവകാശമുണ്ട്. സമ്പദ്വ്യവസ്ഥയുടെ അവസ്ഥ, പ്രത്യേ കിച്ചും ജിഡിപിയുടെ ഭയാനകമാ യ ഇടിവ് ഇതിനു പുറമെയുണ്ട്. തൊഴിലില്ലായ്മ അസ്വസ്ഥജനകമായ വേഗതയില്‍ വളരുകയാണ്, വിപണികള്‍ മന്ദഗതിയിലാണ്. സമ്പദ്വ്യവസ്ഥയുടെ ഭയാനക മായ അവസ്ഥയുമായി ബന്ധപ്പെ ട്ട വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെ സൂക്ഷ്മമായി ചോദ്യം ചെയ്യേണ്ടതുണ്ട്. കേന്ദ്രത്തില്‍ ശേഖരിച്ച ജിഎസ്ടിയില്‍ നിന്ന് സംസ്ഥാനങ്ങളുടെ വിഹിതം പോലും നല്‍കാന്‍ കേന്ദ്രത്തിന് ഇപ്പോള്‍ കഴിയുന്നില്ല. ജിഎസ്ടി വിജയകരമാക്കാന്‍ എന്താണു സര്‍ക്കാരിന്റെ പദ്ധതി? എവിടെയാണ് അത് പരാജയപ്പെട്ടത്? ഈ ചോദ്യങ്ങളെല്ലാം ഉത്തരങ്ങള്‍ക്കായി കേഴുന്നു.
ചൈനയുമായും പാകിസ്ഥാനുമായും ഉള്ള നമ്മുടെ അതിര്‍ത്തികള്‍ സംഘര്‍ഷത്തിലാണ്. അവിടത്തെ സ്ഥിതി എന്താണെന്ന് അറിയാന്‍ ആളുകള്‍ ആഗ്ര ഹിക്കുന്നു. എണ്ണമറ്റ മീറ്റിംഗുകള്‍ക്ക് ശേഷവും ചൈനയുടെ സമീപനം വളരെയധികം അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടോ? കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘി ക്കുകയാണ്, ഇത് ഇരു രാജ്യങ്ങ ളുടെയും താല്‍പ്പര്യങ്ങളുടെ സംയോജനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് പലരും സംശയിക്കു ന്നു. എംപിമാരുടെയും പൗരസമൂഹത്തിന്റെയും മനസ്സിലുള്ള പല സംശയങ്ങളും നീക്കാന്‍ ചോദ്യോത്തരവേള അവസരം നല്‍കുന്നു. ഒരു രാജ്യത്തിന്റെ എല്ലാ മനോവീര്യവും അതിന്റെ പൗരന്മാരുടെ മനോവീര്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അത്തര മൊരു സമയത്ത്, ഏറ്റവും ചുരുങ്ങിയത് പറയാന്‍ ചോദ്യോത്തര വേള ഉപേക്ഷിക്കുന്നത് മിതമായി പറഞ്ഞാല്‍ ഒരു ജനാധിപത്യ വിരുദ്ധ നടപടിയാണ്. പരിചയസമ്പന്നരില്‍ നിന്ന് നിരവധി ചോദ്യങ്ങളും വിയോജിപ്പുള്ള വീക്ഷണങ്ങളും വിമര്‍ശനങ്ങളും ഉണ്ടാകാം, അതില്‍ രണ്ട് മുന്‍ പ്രധാനമന്ത്രിമാരും നിരവധി മുതിര്‍ന്ന മന്ത്രിമാരും പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉള്‍പ്പെടുന്നു. വിദഗ്ദ്ധരുടെ അറിവിനേക്കാള്‍ മികച്ച വഴികാട്ടിയാണ് അനുഭവം എന്ന് ഓര്‍മ്മിക്കുക. വിമര്‍ശനങ്ങളില്‍ നിന്ന് ഒളിച്ചോടുന്നത് ജനാധിപത്യ മനോഭാവത്തെയും സമീപനത്തെയും പ്രതിഫലിപ്പിക്കു ന്നില്ല.
സുതാര്യത കേന്ദ്രത്തിലെ ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഒരു ശക്തിയല്ലാത്തതിനാല്‍ ചോദ്യോത്തരവേളയുടെ പ്രാധാന്യം ഇന്ന് കൂടുതല്‍ പ്രസക്തവും പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. ആറുവര്‍ഷത്തിലേറെ അധികാരത്തിലിരുന്നിട്ടും ഒരു പത്രസമ്മേളനം നടത്തിയിട്ടില്ല എന്ന ചരിത്രമുള്ള ഒരു പ്രധാനമന്ത്രിയാണ് ഇന്ന് നമുക്കു ള്ളത്. മന്ത്രിമാര്‍ പോലും പത്രസ മ്മേളനങ്ങള്‍ ഒഴിവാക്കുകയും ഒഴിവാക്കാനാവാത്തവ പ്രസ് ബ്രീഫിംഗുകളായി ചുരുക്കുകയും ചെയ്യുന്നു. പ്രധാനപ്പെട്ട പല വിഷയങ്ങളിലും ഉത്തരം ലഭിക്കുക എളുപ്പമല്ല. ചോദ്യോത്തര വേളയെ ഇല്ലായ്മ ചെയ്യുന്നതു രാജ്യ ത്തെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും സ്വതന്ത്രസമൂഹത്തിനും കനത്ത തിരിച്ചടിയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org