|^| Home -> Cover story -> എന്തുകൊണ്ട് മാധ്യമങ്ങളെ നിയന്ത്രിക്കണം?

എന്തുകൊണ്ട് മാധ്യമങ്ങളെ നിയന്ത്രിക്കണം?

Sathyadeepam


ഡോ. കെ.വി. ജോസഫ്

ആശയവിനിമയം നടത്തുന്നതിനാവശ്യമായ ഒരു മാധ്യമത്തിന്‍റെ അഭാവം പണ്ട് കാലം മുതല്‍ മനുഷ്യന്‍റെ പുരോഗതിക്ക് തടസ്സം സൃഷ്ടിച്ചിരുന്നതാണ്. അടുത്തകാലത്ത് നടത്തിയ കണ്ടുപിടുത്തങ്ങളുടെ ഫലമായി ആ പോരായ്മയെ പൂര്‍ണ്ണമായും പരിഹരിക്കുന്നതിന് ഉതകുന്ന പല മാധ്യമങ്ങളും നിലവില്‍ വന്നിട്ടുണ്ട്. അവയില്‍ ടെലിവിഷന്‍, ഇന്‍റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍ തുടങ്ങിയ നൂതന മാധ്യമങ്ങള്‍ പഴയ തലമുറയ്ക്ക് ഊഹിക്കുവാന്‍ പോലും അസാദ്ധ്യമായ രീതിയില്‍ മാധ്യമലോകത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇടം നല്കിയിരിക്കുന്നതും, അവയിലൂടെ അതിവേഗത്തില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതിനും, വാര്‍ത്തകള്‍ അവയുടെ മൂര്‍ത്തരൂപത്തില്‍ എത്തിക്കുന്നതിനും സാദ്ധ്യമാണ്. മാത്രമല്ല കലാപ്രകടനങ്ങള്‍, ഒരേസമയത്ത് ലോകമെമ്പാടും പ്രദര്‍ശിക്കുവാനും സാദ്ധ്യമാണുതാനും. ഈ മാധ്യമങ്ങള്‍ ലോകമെമ്പാടും വ്യാപകമായിട്ടുമുണ്ട്. ഇന്ത്യയില്‍ത്തന്നെ, 23.4 കോടി ഭവനങ്ങളില്‍ റ്റിവി സെറ്റും, 46 കോടി ഇന്‍റര്‍നെറ്റ് കണക്ഷനുകളും, 30 കോടിയോളം സ്മാര്‍ട്ട് ഫോണുകളും മാധ്യമരംഗത്ത് ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. അവയുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരികയുമാണ്. എന്നാല്‍ സദാചാരത്തിനും, സാന്മാര്‍ഗ്ഗികമൂല്യങ്ങള്‍ക്കും ആശങ്ക സൃഷ്ടിച്ചുകൊണ്ട് പല ആവിഷ്കരണങ്ങളും അവയിലൂടെ പ്രദര്‍ശിപ്പിച്ചുവരുന്നുമുണ്ട്. അവ എങ്ങനെ ആവിര്‍ഭവിച്ചെന്നും, ഏതെല്ലാം തരത്തിലാണ് അവ ആശങ്കകള്‍ ഉയര്‍ത്തുന്നതെന്നും, അവ യ്ക്കുള്ള പരിഹാരം ഏവയെന്നും പരിശോധിക്കുന്നതിനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

മാധ്യമ രംഗത്തെ സാമ്പത്തിക മേധാവിത്വം
സാങ്കേതിക ഉപകരണങ്ങളുടെ പിന്‍ബലത്തില്‍ വാര്‍ത്തകളും ആശയവിനിമയങ്ങളും കലാ പ്രകടനങ്ങളും വിദൂരസ്ഥലങ്ങളില്‍ എത്തിക്കുന്ന മാധ്യമപ്രവര്‍ത്തനങ്ങള്‍ വളരെ ചെലവ് കൂടിയ ഒരു ഉദ്യമമാണുതാനും. മാത്രമല്ല പല ഘടകങ്ങളെയും കൂട്ടിയിണക്കി സംഘടിത സംരംഭമായിട്ടാണവ വര്‍ത്തിക്കുന്നത്. അതേയവസരത്തില്‍ അവയിലൂടെ വളരെയേറെ ലാഭം കൊയ്യുന്നതിനും സാദ്ധ്യമാണ്. തത്ഫലമായി സാമ്പത്തിക ശേഷിയുള്ള വ്യവസായികളും, കച്ചവടക്കാരും, അവയെ കയ്യടക്കിയിരിക്കുകയാണെന്ന് പറയാം. അവരാണെങ്കില്‍ അവയെ തനി സാമ്പത്തിക സംരംഭങ്ങളായിട്ടാണ് കണക്കാക്കുന്നത്. മാത്രമല്ല ലാഭം കൊയ്യുന്നതിന് കിടമത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയുമാണ്. ഇന്ത്യയില്‍ത്തന്നെ ഇപ്പോള്‍ 950-ല്‍പ്പരം ടെലിവിഷന്‍ ചാനലുകളും 250 യുറ്റൂബ് ചാനലുകളും മത്സരം നടത്തിവരികയുമാണ്.

സാധാരണ സാമ്പത്തിക സംരംഭങ്ങളില്‍ നിന്നും സ്വല്പം വ്യത്യസ്തമായ പ്രവര്‍ത്തനരീതിയാണ് മാധ്യമങ്ങളുടേത്. കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള ഉത്പന്നങ്ങളെ ഉത്പാദിപ്പിച്ച് അവയെ കമ്പോളത്തില്‍ വിറ്റഴിക്കുകയെന്നുള്ളതാണ് തനി സാമ്പത്തിക സംരംഭങ്ങളുടെ വില്പന തന്ത്രം. അമൂര്‍ത്തങ്ങളായ സാംസ്കാരിക സേവനങ്ങളെ പ്രദാനം ചെയ്യുന്ന മാധ്യമങ്ങളുടെ ഉത്പന്നങ്ങളെ അവതരണത്തോടൊപ്പം ഉപയോഗിച്ചിരിക്കണം. എങ്കില്‍ മാത്രമേ, സാമ്പത്തിക ദൃഷ്ട്യാ എന്തെങ്കിലും വിലയുണ്ടായിരിക്കുകയുള്ളൂ. അത് പരമാവധി പ്രേക്ഷകര്‍ സന്നിഹിതരായിരിക്കേണ്ടതും, അതോടെ അവരുടെ നിലനില്പിനാവശ്യമായിത്തീരുന്നു. അതേയവസരത്തില്‍ മാധ്യമങ്ങള്‍ ഏറ്റവും ഫലപ്രദമായ പ്രചരണോപാധികളാണുതാനും. അതു വ്യവസായികള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങളെ വിറ്റഴിക്കുന്നതിനും പ്രചരണോപാധികളായി ഉപയോഗപ്പെടുത്തുന്നതിനും ഇട നല്കുന്നു. ഉയര്‍ന്ന പ്രേക്ഷക സാന്നിദ്ധ്യം ഉറപ്പുള്ള പരിപാടികളുടെ മദ്ധ്യേ അവരുടെ പരസ്യം ഉള്‍പ്പെടുത്തുകയെന്നുള്ളതാണ് ഇക്കാര്യത്തിലെ പ്രവര്‍ത്തന ശൈലി. അത് തങ്ങളുടെ ഉത്പന്നത്തെപ്പറ്റി കൂടുതല്‍ ആള്‍ക്കാര്‍ അറിയുന്നതിന് അവസരമൊരുക്കുന്നു. തന്മൂലം കൂടുതല്‍ പ്രേക്ഷകരെ സ്വാധീനിക്കുന്ന പരിപാടികള്‍ അവതരിപ്പിക്കുവാന്‍ മാധ്യമങ്ങള്‍ പൂര്‍വ്വാധികം തത്പരരാകുന്നു. മാത്രമല്ല പരസ്യങ്ങള്‍ അവതരിപ്പിക്കുന്ന പരസ്യക്കാര്‍, ഉയര്‍ന്ന നിരക്കില്‍ പ്രതിഫലം നല്കിക്കൊണ്ട്, പ്രേക്ഷകര്‍ക്ക് മാധ്യമ പരിപാടികള്‍ സൗജന്യമായി കാണുവാനുള്ള സൗകര്യം ഒരുക്കുന്നു. എന്നു പറഞ്ഞാല്‍ മാധ്യമ പരിപാടികള്‍ എല്ലാം തന്നെ സൗജന്യമായോ അല്ലെങ്കില്‍ നിസ്സാര ഫീസിനോ കാണുവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. അതിനുള്ള സാമ്പത്തിക സ്രോതസ്സ് പരസ്യക്കാര്‍ ചാനലുകള്‍ക്ക് നല്കുന്ന പരസ്യക്കൂലിയെന്നര്‍ത്ഥം. ചാനലുകളുടെ മുഖ്യവരുമാന മാര്‍ഗ്ഗം തന്നെ പരസ്യങ്ങളില്‍ നിന്നും ലഭിക്കുന്ന പരസ്യക്കൂലിയാണുതാനും.

അപ്പോള്‍ കൂടുതല്‍ പ്രേക്ഷകരെ എങ്ങനെ ആകര്‍ഷിക്കാമെന്ന പ്രശ്നം പൂര്‍വ്വാധികം ശക്തിയാര്‍ജ്ജിക്കുന്നു. കാരണം കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചാനലുകള്‍ക്കോ അല്ലെങ്കില്‍ പരിപാടികള്‍ക്കോ ആണ് ഉയര്‍ന്ന റേറ്റിംഗ്സ് ലഭിക്കുന്നത്. അതിലൂടെയാണ് ഉയര്‍ന്ന നിരക്കില്‍ പരസ്യങ്ങള്‍ കിട്ടുന്നതും. തത്ഫലമായി മാധ്യമങ്ങളുടെ ധര്‍മ്മത്തില്‍ത്തന്നെ കാര്യമായ തകിടം മറിച്ചിലുകള്‍ക്കിട നല്കുന്നു. വാര്‍ത്തകള്‍ എത്തിക്കുക, അദ്ധ്യയനത്തിന് പ്രോത്സാഹനം നല്കുക, വിനോദിപ്പിക്കുക എന്നിവയാണ് മാധ്യമങ്ങളുടെ പ്രധാനധര്‍മ്മങ്ങള്‍. എന്നാല്‍ ആദ്യത്തെ രണ്ട് ധര്‍മ്മങ്ങളെ ഏറെ പിന്നിലാക്കിക്കൊണ്ട്, വിനോദം മുഖ്യധര്‍മ്മമായി മുന്നേറിയിരിക്കുകയാണ്. കാരണം മാധ്യമങ്ങളെ ഒരു വിനോദോപാധിയായിട്ടാണ് ഭൂരിപക്ഷം പ്രേക്ഷകരും കണക്കാക്കുന്നതു തന്നെ. വാര്‍ത്തകള്‍ തന്നെ ഭൂരിപക്ഷം പ്രേക്ഷകര്‍ക്കും ഒരു വിനോദോപാധി മാത്രമാണ്. നിരുപദ്രവകാരികളായ വിനോദപരിപാടികള്‍, മാത്രം അവതരിപ്പിച്ചാല്‍ കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുവാന്‍ സാധിച്ചുവെന്നു വരില്ല. നേരെമറിച്ച് മനുഷ്യന്‍റെ ഉള്ളിലെ അധമ വികാരങ്ങളെ ഇളക്കിയാല്‍ അവയ്ക്ക് പ്രേക്ഷകഹൃദയങ്ങളെ അമ്മാനമാടുവാന്‍ തന്നെ സാധിച്ചു എന്നു വരാം. അതിനുവേണ്ടി അപസര്‍പ്പക കഥകള്‍ക്കും, ക്രൂരവിനോദങ്ങള്‍ക്കും, കാമക്രോധാദികള്‍ക്കും പ്രമൂഖ്യം നല്കിയാല്‍ അവര്‍ക്ക് കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുവാന്‍ സാധിക്കും. ഇങ്ങനെയുള്ള പരിപാടികളെ അവതരിപ്പിച്ചുകൊണ്ട് കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുവാന്‍ പല ചാനലുകളും ഇന്ന് കടുത്ത മത്സരത്തില്‍ ഏര്‍പ്പെട്ട് വരികയാണ്. അവ പണ്ട് മുക്കുവന്‍ കുടത്തില്‍ നിന്നും ഭൂതത്തെ അഴിച്ചു വിട്ടതു പോലെയുള്ള അപകടകരമായ അവസ്ഥയിലേക്ക് സമൂഹത്തെ തള്ളിവിടുന്നത് പോലെയാണിന്ന് മാധ്യമങ്ങളിലെ പ്രവര്‍ത്തനം.

മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ദൂഷിത വലയം
ഇതേ രീതിയിലുള്ള മത്സരത്തില്‍ ഏര്‍പ്പെട്ടുകൊണ്ട് മാധ്യമങ്ങള്‍ ഒരു തരത്തിലുള്ള ദൂഷിതവലയത്തെയാണ് സൃഷ്ടിച്ചു വരുന്നത്. സദാചാരത്തിനും, സാന്മാര്‍ഗ്ഗിക വശങ്ങള്‍ക്കും ഹാനികരമായ പ്രസ്തുത അവതരണങ്ങള്‍ ദൂരവ്യാപകമായ പല പ്രത്യാഘാതങ്ങള്‍ക്കും വഴിതെളിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അനാശാസ്യ പ്രവര്‍ത്തനങ്ങളിലും ക്രൂരവിനോദങ്ങളിലും ഏര്‍പ്പെടുന്നതിന് അവ പ്രേക്ഷകര്‍ക്ക് പ്രചോദനം നല്കിക്കൊണ്ടാണിരിക്കുന്നത്.

ഒരാള്‍ ശരാശരി 320 മിനിട്ടാണ് റ്റിവിയുടെ മുമ്പില്‍ ചെലവഴിക്കുന്നത്. കൂടാതെ സ്മാര്‍ട്ട് ഫോണും, ഇന്‍റര്‍നെറ്റും സജീവവുമാണ്. അവയിലെല്ലാം തന്നെ അശ്ലീല പ്രോഗ്രാമുകള്‍ പ്രക്ഷേപിക്കുന്നുമുണ്ട്. അവ കാണുന്നതിന് യാതൊരു പണം മുടക്കുമില്ല. അവ കാണുന്ന പലരും പ്രത്യേകിച്ച് ചെറുപ്പക്കാര്‍ ഇങ്ങനെയുള്ള പരിപാടികള്‍ കാണുന്നതിന് തങ്ങളുടെ സമയം വിനിയോഗിക്കുന്നുണ്ടെന്നുള്ള കാര്യം സംശയാതീതമാണ്. അവയില്‍ മത്തുപിടിച്ചാണ് പലരും മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരവിനോദങ്ങളില്‍ ഏര്‍പ്പെടുന്നത്.

ദിവസവും പീഡനങ്ങളുടെയും, കൊലപാതകങ്ങളുടെയും വാര്‍ത്തകളാണ് പത്രങ്ങളില്‍ വന്നു കൊണ്ടിരിക്കുന്നത്. അതിലേറെ പരിതാപകരമാണ് പ്രായപൂര്‍ത്തിയാകാത്ത പിഞ്ചുകുഞ്ഞുങ്ങളെ പീഡനത്തിന് ഇരയാക്കിയശേഷം കൊലചെയ്യുന്ന സംഭവങ്ങള്‍. ഇത്രമാത്രം സ്ത്രീപീഢനക്കേസുകള്‍ നടന്നതായി മുമ്പൊരിക്കലും കേട്ടിട്ടുപോലുമില്ല. നമ്മുടെ കൊച്ചുകേരളത്തില്‍ത്തന്നെ 2019-ല്‍ ഒക്ടോബര്‍ വരെയുള്ള പത്ത് മാസത്തില്‍ നടന്ന പിഢനക്കേസ്സുകളുടെ എണ്ണം 1500-ല്‍ കൂടുതലാണ്. ഇങ്ങനെയുള്ള കേസ്സുകള്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയുമാണ്.

മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ ദോഷം ചെയ്യുന്നത് കുട്ടികളിലാണ്. ഒരു ഗ്രന്ഥകര്‍ത്താവിന്‍റെ അഭിപ്രായം ടെലിവിഷന്‍ ഒറ്റക്കണ്ണനായ ഒരു ഭീകരജന്തുവിനെപ്പോലെ, കുട്ടികളെ അതിന്‍റെ കരങ്ങളില്‍ എടുത്തുകൊണ്ടുപോയി ഭീകരജീവികളായി രൂപാന്തരപ്പെടുത്തുന്നുവെന്നാണ്. അത്രമാത്രം ഭീകരമല്ലെങ്കിലും, അശ്ലീലപ്രവര്‍ത്തനങ്ങളും, ക്രൂരവിനോദങ്ങളും, മാധ്യമങ്ങളില്‍ക്കൂടി കാണുന്ന കുട്ടികളുടെ മനസ്സില്‍ സ്ഥാനം പിടിക്കുന്ന അവയെ പരീക്ഷിക്കുന്നതിനും അതിലൂടെ ആനന്ദം നേടുന്നതിനും അവര്‍ തല്പരരായിയെന്നും വരാം. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടനില്‍ ഒരു രണ്ടു വയസ്സുകാരനെ പത്തുവയസ്സ് പ്രായമുള്ള രണ്ടു കുട്ടികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു കൊന്ന കാര്യം വളരെ ഒച്ചപ്പാടുണ്ടാക്കിയതാണ്. ആ ക്രൂരകൃത്യം അവര്‍ ടെലവിഷനില്‍ കണ്ട പരിപാടിയില്‍ നിന്നും പ്രചോദനം കിട്ടിയതിന്‍റെ വെളിച്ചത്തിലാണ് നടത്തിയതെന്ന ആരോപണം അന്ന് ഉയര്‍ന്നു വന്നിരുന്നു. ആക്രമണസീനുകളുടെ അനന്തരഫലം ഭയങ്കരമായിരിക്കുമെന്ന ആശങ്ക അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തന്നെ പ്രകടിപ്പിച്ചിരുന്ന കാര്യം ശ്രദ്ധേയമാണ്.

സൗജന്യ പ്രദര്‍ശനത്തിനു കളമൊരുക്കുന്ന പരസ്യങ്ങള്‍, സാധാരണ മാധ്യമ പരിപാടികളെപ്പോലെ തന്നെയോ, അതിലും കൂടുതലായോ ലൈംഗികാവേശനത്തിനും, ക്രൂരവിനോദത്തിനും, പ്രചോദനം നല്കികൊണ്ടാണിരിക്കുന്നത്. ഇന്ത്യയില്‍ത്തന്നെ 2007-ല്‍ പരസ്യകമ്പനികളുടെ രണ്ടു പരസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കാര്യം പത്രങ്ങളില്‍ വന്നിരുന്നതുമാണ്. പരസ്യ കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നതിനു കുട്ടികളെയാണ് നോട്ടമിടുന്നതുതന്നെ. ചെറുപ്പക്കാലത്തുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം എന്നാണല്ലോ കവിവാചകം. അതിനുവേണ്ടി കുട്ടികളെ സ്വാധീനിക്കുന്ന ഉദ്യമത്തിലാണ് പരസ്യങ്ങളധികവും. പലപ്പോഴും പഞ്ചസാരയില്‍ പൊതിഞ്ഞ വിഷംപോലെയുള്ള മധുരവാഗ്ദാനങ്ങളിലൂടെയാണ് കുട്ടികളെ വശീകരിക്കുന്നതും. അവ ഹാമലിനിലെ കുഴലൂത്തുകാരന്‍റെ മാസ്മരശക്തി പോലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പ്രലോഭിപ്പിച്ച് തങ്ങളുടെ ഉത്പന്നങ്ങളുടെ ഉപഭോക്താക്കളാക്കുന്നു. ആ കൂട്ടത്തില്‍ അവരുടെ സ്വഭാവത്തിലും അനാവശ്യമായ വൈകല്യങ്ങള്‍കൂടി വളര്‍ത്തിവരുന്നു. അവ അവരുടെ ജീവിതകാലം മുഴുവന്‍ നിലനില്ക്കുകയും ചെയ്യുന്നു.

നിയന്ത്രണങ്ങള്‍ കൂടിയേ തീരു
ഇത്തരുണത്തില്‍ ഹീന കൃത്യങ്ങള്‍ക്ക് കളമൊരുക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടതല്ലേയെന്ന ചോദ്യം വളരെ പ്രസക്തമാണ്. ദോഷകരമായ സ്വാധീനങ്ങളില്‍ നിന്നു കുട്ടികളെ സംരക്ഷിക്കണമെന്ന് കുട്ടികളുടെ അവകാശങ്ങളെപ്പറ്റി ഐക്യരാഷ്ട്ര സംഘടന 1953-ല്‍ നടത്തിയ കണ്‍വെന്‍ഷനില്‍ത്തന്നെ നിര്‍ദ്ദേശിച്ചിരുന്നതാണ്. അതനുസരിച്ച് വേണ്ട കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടത് ഏതൊരു സര്‍ക്കാരിന്‍റെയും കടമയുമാണ്. കുട്ടികളുടെ കാര്യത്തില്‍ മാത്രമല്ല പ്രായമായവരുടെ കാര്യത്തിലും വേണ്ട കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. അപ്പോള്‍ ഏത് രീതിയിലാണ് നടപടികള്‍ സ്വീകരിക്കേണ്ടത് എന്ന ചോദ്യം ഉദിക്കുന്നു. അതിനുവേണ്ടി മാധ്യമ നിയന്ത്രണം വേണമോയെന്നതാണ് പ്രശ്നം. പലരും ഇക്കാര്യത്തില്‍ മുമ്പോട്ട് വച്ചിരിക്കുന്ന നിര്‍ദ്ദേശം മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം നടത്തിയാല്‍ മതിയെന്നാണ്. സ്വയം നിയന്ത്രണം വളരെ നല്ലതു തന്നെ. എന്നാല്‍ അങ്ങനെയൊരു നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിക്കാണുന്നില്ല. സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇന്നു കാണുന്ന തരത്തിലുള്ള അഴിഞ്ഞാട്ടങ്ങളും അശ്ലീല പ്രവര്‍ത്തനങ്ങളും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമായിരുന്നില്ല.

അങ്ങനെ വരുമ്പോള്‍ സര്‍ക്കാര്‍ തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് ഫലപ്രദമായ പോംവഴി എന്ന് വന്നുചേരുന്നു. സിനിമയുടെ കാര്യത്തില്‍ ഇപ്പോള്‍ത്തന്നെ സെന്‍സറിംഗ് നിലവിലുണ്ട്. എന്നാല്‍ സെന്‍സറിംഗും, നിയന്ത്രണവും ആവിഷ്കരണ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന എതിര്‍വാദം പലരും നടത്താറുണ്ട്. വളരെക്കാലത്തെ പ്രക്ഷോഭണങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഫലമായിട്ടാണ് 1953-ല്‍ ലോകരാഷ്ട്രങ്ങള്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് പച്ചക്കൊടി കാട്ടിയത്. അതോടെ നിര്‍ഭയം ഉത്തമ കലാസൃഷ്ടികളെ ആവിഷ്കരിക്കുന്നതിനുള്ള സാഹചര്യം സംജാതമായി. അങ്ങനെ വരുമ്പോള്‍ നിയന്ത്രണം നിതീകരിക്കാവുന്ന ഒന്നാണെന്നു പറയുവാന്‍ വയ്യ.

പക്ഷേ, ആവിഷ്കാര സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നതു യഥാര്‍ത്ഥ കലാസൃഷ്ടികളുടെ ആവിഷ്കരണത്തിനാണ്. കലയുടെയും സ്വാതന്ത്ര്യത്തിന്‍റെയും പേരില്‍ ഏത് പേക്കൂത്തുകളും അവതരിപ്പിക്കുന്നത് ശരിയാണെന്നു പറയുവാന്‍ വയ്യ. മാത്രമല്ല മാധ്യമങ്ങളുടെ കാര്യത്തില്‍ അത് അപ്പാടെ ശരിയാണെന്ന് തോന്നുന്നില്ല. കാരണം ഭൂരിപക്ഷം മാധ്യമ അവതരണങ്ങളും ലാഭേച്ഛയോടെ നിര്‍മ്മിക്കുന്ന വാണിജ്യ ചരക്കുകള്‍ മാത്രമാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിലൂടെ ലാഭം നേടിയെടുക്കുകയാണവയുടെ ലക്ഷ്യം. വാസ്തവത്തില്‍ അവ കലയുടെ പേരില്‍ പുറത്തിറങ്ങുന്ന വ്യാജന്മാര്‍ മാത്രമാണ്. അതുപോലെയുള്ള അവതരണങ്ങളെ നിയന്ത്രിക്കുകയെന്നു പറഞ്ഞാല്‍ അത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരേയുള്ള നടപടിയേയല്ല.

മാത്രമല്ല, വേറെയും പല കാരണങ്ങളും സെന്‍സറിംഗിന് ആധാരമായി ചൂണ്ടിക്കാണിക്കുവാന്‍ സാധിക്കും. കമ്പോള ചരക്കുകളുടെ കാര്യത്തില്‍ അവയുടെ ഗുണനിലവാരവും സംരക്ഷിക്കണമെന്നാണ് പൊതുനിയമം. അവ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമാണെങ്കില്‍ അവയുടെ ഉത്പാദനവും വില്പനയും നിരോധിക്കുന്നതുമാണ്. മാത്രമല്ല, അവ മാലിന്യവിമുക്തമാണോയെന്ന് പരിശോധിക്കാന്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജീവവുമാണ്. അതു പോലെ തന്നെ മനുഷ്യന്‍റെ മാനസിക സമനിലയ്ക്ക് കോട്ടം വരുത്തുന്ന കഞ്ചാവുപോലെയുള്ള മയക്കുമരുന്നുകളെ പൂര്‍ണ്ണമായും നിരോധിച്ചിട്ടുമുണ്ട്. ചില രാജ്യങ്ങളില്‍ അവയെ കൈവശം വച്ചിരുന്നാല്‍ വധശിക്ഷയ്ക്കുവരെ വിധേയവുമാണ്. മാധ്യമ സൃഷ്ടികള്‍ മനുഷ്യന്‍റെ മാനസിക സമനിലയ്ക്ക് കോട്ടം തട്ടുന്ന രീതിയില്‍ അവതരിക്കുകയാണെങ്കില്‍, മേല്പറഞ്ഞ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ അവയെ നിരോധിക്കുകതന്നെ വേണം. രണ്ടാമതായി ആത്മഹത്യ പ്രേരണ ഇന്ന് ശിക്ഷാര്‍ഹമായ ഒരു കുറ്റമാണല്ലോ. അതുപോലെ ബലാല്‍സംഗത്തിനും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഹീനകുറ്റങ്ങള്‍ക്കും പ്രേരണ നല്കുന്ന മാധ്യമാവതരണങ്ങളെ കുറ്റകരമാക്കി നിരോധിക്കുന്നത് തീര്‍ച്ചയായും നീതികരിക്കാവുന്ന നടപടി മാത്രമാണ്.

എന്നാല്‍ എങ്ങനെയാണ് ഫലപ്രദമായി നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നതാണ് പ്രശ്നം. യൂറ്റ്യൂബിലും ഇന്‍റര്‍നെറ്റിലും കൂടി ഏത് സമയത്തും അശ്ലീല സന്ദേശങ്ങള്‍ പുറത്തുവരുന്നുണ്ട്. മാത്രമല്ല വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹി പ്പിക്കുന്നവയുമാണ്. ഇവയെ നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണുതാനും. ഇക്കാര്യത്തില്‍ 1951-ല്‍ കുട്ടികളുടെ അവകാശങ്ങളെപ്പറ്റി നടന്ന കണ്‍വെന്‍ഷന്‍ പോലെ ലോകരാഷ്ട്രങ്ങള്‍ തന്നെ പുതിയ ഒരു കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടി അശ്ലീല സന്ദേശങ്ങളെ നിരോധിക്കുവാനുള്ള തീരുമാനമെടുക്കേണ്ട സമയമാണിപ്പോള്‍. ഇക്കാര്യത്തില്‍ ഇപ്പോള്‍ പലയിടത്തും നടക്കുന്ന ആലോചനകളും ചര്‍ച്ചകളും ആശയ്ക്ക് വക നല്‍കുന്നുണ്ടെന്നു പറയാം.

(കേന്ദ്ര സാംസ്കാരിക വകുപ്പിന്‍റെ സീനിയര്‍ ഫെലോ ആയിരുന്ന ലേഖകന്‍ Economics of Indian Cinema, Economics of Television എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവുകൂടിയാണ്).

Leave a Comment

*
*