സ്വയം ദാനത്തിന്‍റെ ധന്യത രോഗീശുശ്രൂഷയുടെ മഹത്വം

സ്വയം ദാനത്തിന്‍റെ ധന്യത രോഗീശുശ്രൂഷയുടെ മഹത്വം

ഫെബ്രുവരി 11-വിശ്വരോഗി ദിനം

ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്

രോഗീശുശ്രൂഷയെപ്പോലെ മനുഷ്യ മനസ്സിനെ സ്പര്‍ശിക്കുന്ന സേവന മേഖലകള്‍ ലോകത്തില്‍ അധികമില്ല തന്നെ. ആരോഗ്യ നഷ്ടത്തോടൊപ്പം, സ്വന്തം ഭാവിയും നിലനില്പും സമയത്തിന്‍റെ തുലാസ്സില്‍ ജീവനും മരണത്തിനുമിടയില്‍ ചാഞ്ചാടുന്ന അനിശ്ചിതത്ത്വത്തിന്‍റെ മുഹൂര്‍ത്തമാണത്. എത്ര മനക്കരുത്തുള്ളവനും ഒന്ന് പതറും. ദൈവവും ദൈവം പകര്‍ന്ന് നല്‍കിയ വൈദ്യവിജ്ഞാനവും ശുശ്രൂഷകനില്‍ ഈ നിമിഷത്തില്‍ സന്ധിക്കുന്നു. രോഗമൂര്‍ച്ഛയുടെ ഇരുണ്ട തുരങ്കത്തിലൂടെ കടന്നുപോയി ജീവന്‍റെ വെളിച്ചം വീണ്ടും കണ്ട് സൗഖ്യമായവരുടെ അനുഭവങ്ങള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. ഈ വേളയില്‍ സാന്ത്വനമായി കൂട്ടിന് 'ഞാനുണ്ട്' എന്ന സ്നേഹവാഗ്ദാനവുമായി നില്‍ക്കുന്നവരെ ജീവിതകാലം മുഴുവന്‍ രോഗികള്‍ ഓര്‍മ്മിക്കും. ഈ പ്രത്യേക നിയോഗം ലഭിച്ചവരാണ് ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ആസ്പത്രി ജീവനക്കാരും. ബിരുദം കൊണ്ടും ദൈവത്തിന്‍റെ സൃഷ്ടി കര്‍മ്മത്തില്‍ പങ്കാളികളാകാനുള്ള വിളി ലഭിച്ചവരുമാണ് രോഗീശുശ്രൂഷകര്‍, പക്ഷെ അത് അഭിഷേകത്തിന്‍റെ നിറവിലെത്തിക്കുവാന്‍ എത്ര പേര്‍ക്ക് സാധിക്കുന്നുണ്ട് എന്നത് സേവനത്തിന്‍റെ ഫലംകൊണ്ട് മാത്രമേ തിരിച്ചറിയാനാകു. ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥത്താല്‍ നിരവധി അത്ഭുതരോഗശാന്തികള്‍ സംഭവിക്കുന്നതിന്‍റെ പശ്ചാത്തലത്തിലും സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തിലും പരിശുദ്ധ പിതാവായിരുന്ന വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഇരുപത്തിയാറ് വര്‍ഷം മുമ്പ് തുടക്കമിട്ടതാണ് ഫെബ്രുവരി 11-ന് ആചരിക്കുന്ന വിശ്വരോഗി ദിനം.

നിങ്ങള്‍ക്കെല്ലാം ദാനമായി ലഭിച്ചു, നിങ്ങള്‍ ദാനമായി നല്‍കുക (മത്താ. 10:8) എന്നതാണ് 2019- ലെ രോഗീ ദിന പ്രമേയമാണ് ഫ്രാന്‍സീസ് പാപ്പ നല്‍കുന്നത്. പിതാവിന്‍റെ വാക്കുകള്‍ അര്‍ത്ഥ ഗര്‍ഭമാണ്: "You received without payment; you give without payment." ഫീസിന്‍റെ പേരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും മെഡിക്കല്‍ സ്ഥാപനമാനേജ്മെന്‍റുകളും പിടിവലി കൂടുന്ന പശ്ചാത്തലത്തില്‍ Payment എന്ന വാക്ക് സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നു. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് സ്വദേശത്തും വിദേശത്തും ചെലവേറും എന്നത് ഒരു വസ്തുതയാണ്. അതിന്‍റെ ചെറിയൊരു ഭാഗം മാത്രമേ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്നവര്‍ ചെലവിടേണ്ടതുള്ളൂ. അവിടെ ബിരുദപഠനത്തിന് വാര്‍ഷിക ഫീസ് നാല്പതിനായിരം രൂപയാണ്. എന്നാല്‍ സര്‍ക്കാറിന് ചെലവാകുന്നത് ഒരു വിദ്യാര്‍ത്ഥിക്ക് ഒരു വര്‍ഷം ഒമ്പത് ലക്ഷം. അങ്ങനെ അഞ്ച് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ പൊതുഖജനാവില്‍നിന്ന് ഒരു വിദ്യാര്‍ത്ഥിക്ക് നാല്പത്തിയഞ്ച് ലക്ഷം രൂപ ചെലവാകും ഹൗസ് സര്‍ജന്‍സി കാലഘട്ടത്തില്‍ സര്‍ക്കാര്‍ മെഡി. കോളേജുകളില്‍ സ്റ്റൈപന്‍റ് പ്രതിമാസം ഇരുപത്തി അയ്യായിരം രൂപയാണ് (വര്‍ഷം മൂന്ന് ലക്ഷം രൂപ). മൊത്തം ചിലവില്‍നിന്ന് ഇത്രയും സംഖ്യ ഒരു റീഫണ്ട് പോലെയാണ്. (ഈ കാലഘട്ടത്തില്‍ പ്രായോഗിക പരിശീലനഘട്ടമാണെങ്കിലും അവര്‍ ചെയ്യുന്ന സേവനത്തെ ഇവിടെ ലഘുവായി കാണുന്നില്ല തന്നെ.) പ്രൈവറ്റ് മെഡിക്കല്‍ കോളേജുകള്‍ സ്വാശ്രയമാകയാല്‍ അണ്‍ ഏയ്ഡഡ് വിഭാഗത്തില്‍ ഗണിക്കപ്പെടുന്നതു കൊണ്ട് പ്രതിവര്‍ഷം ഫീസ് 5,60,000 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. സത്യസന്ധവും യാഥാര്‍ത്ഥ്യാടിസ്ഥാനത്തിലുള്ള കണക്കനുസരിച്ച് ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് 9 ലക്ഷം രൂപയെങ്കിലും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശിക്കുന്ന നിലവാരമെത്തണമെങ്കില്‍ ഇത് അനിവാര്യമാണ്. ആ നിലവാരം പുലര്‍ത്താത്ത ഏതാനും കോളേജുകള്‍ക്ക് അനുമതി നിഷേധിച്ച കാര്യം അറിവുള്ളതാണല്ലോ. മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദാനന്തരബിരുദത്തിന് സ്വകാര്യമേഖലയില്‍ പ്രതിവര്‍ഷ ശരാശരി ഫീസ് പതിനാലര ലക്ഷം രൂപയാണ്. ഈ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്റ്റൈപന്‍റ് നാല്പത്തി അയ്യായിരം രൂപയുണ്ട്. ഏകദേശം ആറുലക്ഷം രൂപ ഈ ഇനത്തില്‍ വിദ്യാഭ്യാസ ഫണ്ടായി ലഭിക്കുന്നു. സര്‍ക്കാര്‍ വിഭാഗത്തില്‍ വാര്‍ഷിക പി.ജി. ഫീസ് ഏകദേശം അറുപതിനായിരം രൂപയേയുള്ളൂ. മാത്രമല്ല പ്രതിമാസ സ്റ്റൈപെന്‍റ് നല്‍കുന്നുണ്ട്. സര്‍ക്കാര്‍ കോളേജുകളില്‍ സൗജന്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് നിര്‍ബന്ധ ഗ്രാമീണ സേവനം പറയുന്നുണ്ടെങ്കിലും സൂചിപ്പഴുതിലൂടെ പലരും ഇത് മറിക്കടക്കുന്നുമുണ്ട്.

മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍റെ ചെലവുകളെക്കുറിച്ച് ഇവിടെ വിസ്തരം പ്രതിപാദിച്ചത് ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ശ്രദ്ധേയമായ രോഗിദിന പ്രമേയത്തിന്‍റെ പശ്ചാത്തലത്തിലാണ്. "Received without so give without payment" ഡോക്ടര്‍ക്ക് റിട്ടയര്‍മെന്‍റ് ഇല്ലാത്തതുകൊണ്ടും, മാന്യമായ വേതനത്തിന് മരണം വരെ അവകാശമുള്ളതുകൊണ്ടും മാര്‍പാപ്പയുടെ പരാമര്‍ശം വിശാലാര്‍ത്ഥത്തില്‍ പരമാര്‍ത്ഥമല്ലേ! എന്നാല്‍ ചില ഡോക്ടര്‍മാരെങ്കിലും ഇക്കാര്യം വിസ്മരിക്കുന്നുണ്ടോ എന്നത് ആത്മപരിശോധനയ്ക്ക് സമര്‍പ്പിക്കുന്നു. ഏതായാലും വൈദ്യസേവനം പ്രതിഫലത്തിനായുള്ള ഒരു പ്രഫഷന്‍ എന്ന നിലയില്‍ സാമാന്യ ജനത്തിന് നോക്കിക്കാണാന്‍ കഴിയുന്നില്ല. സ്നേഹത്തില്‍ കരുണ കലര്‍ത്തിയ സുവിശേഷ വേലയാണ് രോഗീശുശ്രൂഷ. ഈ മേഖലയില്‍ പണം ആവശ്യമുണ്ടെങ്കിലും അത് മാത്രമാകരുത് ക്രൈസ്തവ സ്ഥാപനങ്ങളുടെ ലക്ഷ്യം. ഔദാര്യമനോഭാവത്താല്‍ നയിക്കപ്പെടുന്ന സ്ഥാപനങ്ങളായിരിക്കണം നമ്മുടെ ആസ്പത്രികളെന്ന് മാര്‍പാപ്പ നമുക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നു. ഏത് അവസ്ഥയിലും മനുഷ്യന്‍ പരസ്പരം താങ്ങും തണലുമാകണം. കൊല്‍ക്കത്തയില്‍ വച്ച് ഈ വര്‍ഷത്തെ രോഗീദിനം ആചരിക്കുമ്പോള്‍ മദര്‍ തെരേസയെപ്പോലെ ഈ രംഗത്തുള്ളവര്‍ സ്വയം ദാനത്തിന്‍റെ ഉദാഹരണങ്ങളാകണമെന്ന് മാര്‍പാപ്പ പ്രതീക്ഷിക്കുന്നു. ദൈവകരുണയുടെ വിതരണക്കാരിയായിരുന്നല്ലോ കൊല്‍ക്കത്തയിലെ അമ്മ. ദരിദ്രരായ രോഗികള്‍ ഒരിക്കലും അവഗണിക്കപ്പെടരുത്.

ദാനമായിത്തന്നെ നല്‍കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്യുമ്പോള്‍, ബാംഗ്ലൂരിലെ സത്യസായി ട്രസ്റ്റ് വൈറ്റ് ഫീല്‍ഡ് പുട്ടപര്‍ത്തി എന്നിവിടങ്ങളില്‍ നടത്തുന്ന സൗജന്യ ചികിത്സാപദ്ധതി പരാമര്‍ശിക്കാനാവില്ല. ശിപാര്‍ശ ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് ബുക്കിംഗ്. ഹൃദയം, വൃക്ക, മസ്തിഷ്ക്കം തുടങ്ങിയ സങ്കീര്‍ണ്ണ അവയവങ്ങളുടെ പതിനായിരങ്ങളോ ലക്ഷങ്ങളോ ചെലവു വരുന്ന ശസ്ത്രക്രിയ അടക്കമുള്ള ചെലവുകളാണ് ക്യാഷ് കൗണ്ടറില്ലാത്ത ട്രസ്റ്റിന്‍റെ ഈ ആശുപത്രിയില്‍ നടത്തുന്നത്. വിദേശത്തു നിന്ന് പോലും വിദഗ്ദരായ ഡോക്ടര്‍മാര്‍ വര്‍ഷത്തില്‍ ഏതാനും ദിവസങ്ങള്‍ യാത്രകൂലി പോലും കൈപറ്റാതെ ഇവിടെ സേവനത്തിനായി വരുന്നത് നമ്മുടെ ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പെടാതിരിക്കരുത്! ഡോക്ടര്‍മാരുടെ അറിവിന്‍റേയും സമയത്തിന്‍റേയും ദശാംശം ദൈവത്തിന്‍റെ അവകാശമല്ലേ. വിട്ടുകൊടുക്കാതിരിക്കുന്നത് ചിലപ്പോള്‍ കൈയ്യില്‍ നിന്ന് വഴുതിപ്പോയി തകര്‍ന്നുടയുന്നതിനും നാം സാക്ഷികളായിട്ടുണ്ടല്ലോ. നമ്മുടെ സര്‍വ്വീസ് കള്‍ച്ചര്‍ അല്പം മാറിയേപറ്റൂ.

ആസ്പത്രി പൂര്‍ണ്ണമായി ക്യാഷ്ലെസ് ആക്കാന്‍ പറ്റിയില്ലെങ്കിലും ചില ഡിപ്പാര്‍ട്ടുമെന്‍റുകള്‍, അല്പം നഷ്ടം സഹിച്ചാണെങ്കിലും സൗജന്യമാക്കാതെ തരമില്ലെന്ന് ലേഖകന്‍ ഉറച്ചു വിശ്വസിക്കുന്നു- ഡയാലിസിസ്, രക്തബാങ്ക്, അര്‍ബുദചികിത്സ, തീ പൊള്ളല്‍ വിഭാഗങ്ങള്‍.

പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്ത 2019-ലെ പുതുവത്സരദിനത്തില്‍ ഇരിങ്ങാലക്കുട രൂപതയിലെ മേലഡൂര്‍ എന്ന സ്ഥലത്തുള്ള പള്ളിവക മിഷന്‍ ആസ്പത്രിയില്‍ നിന്ന് കേള്‍ക്കാനിടയായി. 'ഇവിടെ ചികിത്സ സൗജന്യം' എന്ന വാര്‍ത്ത. വളരെ സന്തോഷത്തോടെയാണ് മാധ്യമങ്ങളില്‍ വായിച്ചത്. വൈകാതെ ഡയറക്ടറച്ചനുമായി ഫോണില്‍ ബന്ധപ്പെട്ടു. ഇടവകപള്ളിയില്‍ നിന്നുള്ള വരുമാനമാണ് സൗജന്യചികിത്സക്കായി ഉപയോഗിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ ഇപ്പോള്‍ ഔട്ട് പേഷ്യന്‍റ് വിഭാഗമാണ് സൗജന്യമാക്കിയിട്ടുള്ളത്. ഫണ്ടിന്‍റെ ലഭ്യതയനുസരിച്ച് വൈകാതെ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ് ലക്ഷ്യം. എന്തായാലും പ്രോത്സാഹനമര്‍ഹിക്കുന്ന ഒരു കാല്‍വയ്പാണ് ഇത്.

സൗകര്യങ്ങള്‍ അനുവദിക്കുന്നതുകൊണ്ട് ഒരു വ്യക്തിയും സ്ഥാപനവും ക്ഷയിക്കുകയില്ലെന്നു മാത്രമല്ല, ജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ലേഖകന്‍ ജൂബിലി മിഷന്‍ ഡയറക്ടറായിരുന്നപ്പോള്‍ പാമ്പുവിഷ ചികിത്സ സൗജന്യമാക്കാന്‍ രൂപതാദ്ധ്യക്ഷനുമായി ആലോചന നടത്തി. പാമ്പുവിഷ ചികിത്സയുടെ സെന്‍റര്‍ ഓഫ് എക്സലന്‍സ് എന്ന നിലയില്‍ മദ്ധ്യകേരളത്തിലെ ഇത്തരത്തിലുള്ള കേസുകള്‍ അവിടെ ധാരാളമായി എത്തിയിരുന്നതിനാല്‍ ലക്ഷങ്ങളാണ് ഏന്‍റിവെനം എന്ന മറുമരുന്നിന് ചെലവായിരുന്നത്. ഈ ചികിത്സ സൗജന്യമാക്കുന്നുവെന്ന രൂപതാദ്ധ്യക്ഷന്‍റെ പ്രഖ്യാപനത്തോടെ, ഈ സേവനമേഖല കരുണയുള്ള ജനഹൃദയങ്ങള്‍ ഏറ്റെടുത്തു. അതുപോലെത്തന്നെയായിരുന്നു 'ഹൃദയപൂര്‍വ്വം ഡയാലിസിസ്' എന്ന പദ്ധതിയും കാരുണ്യത്തിന്‍റ ഭാഷ നാനാജാതി മതസ്ഥരായവര്‍ക്ക് ഒരുപോലെ മനസ്സിലാകും അവരും ഇത്തരം പദ്ധതികളുടെ ഭാഗമാകും. അകല്‍ച്ച കുറയുമ്പോള്‍ ഈ സ്ഥാപനങ്ങളെല്ലാം നമ്മുടെ ആസ്പത്രികളാകും. ഇന്നും ചിലയിടങ്ങളില്‍ കാണുന്ന സംഘര്‍ഷം ലഘൂകരിക്കാനുമാകും. എല്ലാം ദാനമായി ലഭിച്ചു, ദാനമായിത്തന്നെ നമുക്ക് കൊടുക്കാം. രോഗീശുശ്രൂഷാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തീര്‍ച്ചയായും സമൂഹത്തിന്‍റെ കൃതജ്ഞതയ്ക്ക് അര്‍ഹരാണ്.

(ലേഖകന്‍ തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളിജിന്‍റെ സ്ഥാപകഡയറക്ടറാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org