നിന്‍റെ സങ്കടങ്ങള്‍… എന്‍റെയും

നിന്‍റെ സങ്കടങ്ങള്‍… എന്‍റെയും

സി. മരീന മാത്യു
എഫ്സിസി, തലശ്ശേരി

സ്വന്തം വേദനകളെപ്പറ്റി പതം പറഞ്ഞും ആകുലപ്പെട്ടും നടക്കുന്ന ജീവിതത്തില്‍ മറ്റൊരാളുടെ വേദനയെപ്പറ്റി ഗൗരവമായി ചിന്തിക്കുവാനും അപരനെപ്രതി വേദനിക്കുവാനും എന്നെ പഠിപ്പിച്ചതു നോമ്പുകാലങ്ങളാണ്. കുഞ്ഞുനാള്‍ മുതല്‍ ഓരോ നോമ്പുകാലത്തും ക്രിസ്തുവിന്‍റെ പീഡകള്‍ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. പങ്കെടുത്തിരുന്ന പ്രാര്‍ത്ഥനകളില്‍ ഏറ്റവും ലളിതവും ഹൃദയത്തെ പിടിച്ചുലയ്ക്കുന്നവയുമായിരുന്നു കുരിശിന്‍റെ വഴികള്‍. ദുഃഖവെള്ളിയാഴ്ചകളിലെ പീഡാനുഭവചരിത്രവായന എത്രയോ തവണ കണ്ണകളെ ഈറനണിയിച്ചു. ഓരോ നോമ്പുകാലത്തിനുശേഷവും വ്രണിതനായ ക്രിസ്തു എന്‍റെ സങ്കല്പങ്ങളില്‍ നിറഞ്ഞുനിന്നു. അവന്‍ വഹിച്ച ഭാരങ്ങളും സഹിച്ച വേദനകളുമെല്ലാം മറ്റുള്ളവരുടേതായിരുന്നെന്ന തിരിച്ചറിവ് എന്നെ അത്ഭുതപ്പെടുത്തി. അങ്ങനെ ക്രിസ്തുവിന്‍റെ പീഡകളെപ്പറ്റിയു ള്ള എന്‍റെ ധ്യാനങ്ങള്‍ എന്നും അപരന്‍റെ സങ്കടങ്ങളെക്കുറിച്ചുള്ള ആകുലതയില്‍ ചെന്ന് അവസാനിച്ചു. നാളുകള്‍ കഴിയുന്തോറും അപരന്‍റെ വേദനകള്‍ എന്‍റേതായി മാറേണ്ടതാണെന്ന ഓര്‍മപ്പെടുത്തലിന്‍റെ പുണ്യകാലമായി നോമ്പുകാലം മാറി.
മുപ്പതു വര്‍ഷക്കാലം നസ്രത്തിലെ കൊച്ചു കുടുംബത്തില്‍ അന്നന്നത്തെ അപ്പത്തിനുവേണ്ടി വിയര്‍പ്പൊഴുക്കുന്ന ഒരു സാധാരണ മനുഷ്യനായി ഈശോ ജീവിച്ചു. എന്നാല്‍ 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയ്ക്കുശേഷം നാം മറ്റൊരു യേശുവിനെ കാണുന്നു. സ്വന്തം വീടിന്‍റെ സന്താപസന്തോഷങ്ങളെ വിട്ട് അപരന്‍റെ സന്താപസന്തോഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു യേശു. പിന്നീടങ്ങോട്ട് അപരന്‍റെ സന്തോഷങ്ങള്‍ അവനെ ചിരിപ്പിച്ചു. അപരന്‍റെ സങ്കടങ്ങള്‍ അവന്‍റെ മിഴികളെ നനച്ചു. വേദനിക്കുന്നവരെ ചേര്‍ത്തു പിടിക്കാന്‍, കരയുന്നവരുടെ കണ്ണീരൊപ്പാന്‍, രോഗികളെ സുഖപ്പെടുത്താന്‍, പാപികളെ ശുദ്ധീകരിക്കാന്‍ അങ്ങനെ… അങ്ങനെ… അപരനുവേണ്ടിയുള്ള നിലയ്ക്കാത്ത ഓട്ടമായി ജീവിതം മാറി. പിന്നീടവനു സ്വസ്ഥമായി വിശ്രമിക്കാന്‍ കഴിഞ്ഞതു കബറിടത്തില്‍ മാത്രമായിരുന്നു. പിന്നീടൊരിക്കലും നസ്രത്തിലെ വീടവനു സ്വന്തം വീടായില്ല. ലോകം അവനു വീടായി. വേദനിക്കുന്നവര്‍ അവനെല്ലാമായി. ഇത്തിരി സന്തോഷത്തിന്‍റെ കൊ ച്ചു വീട്ടില്‍നിന്നു നിത്യസന്തോഷത്തിന്‍റെ വെട്ടവുമായി സഹോദരങ്ങളെ തേടിയിറങ്ങാനുള്ള ഒരുക്കത്തിന്‍റെ കാലഘട്ടമാണു നോമ്പുകാലമെന്നു ക്രിസ്തുവിന്‍റെ ജീവിതം നമ്മെ ഓര്‍മിപ്പിക്കുന്നു.
യാമപ്രാര്‍ത്ഥനാ പുസ്തകത്തിലെ നോമ്പുകാല ഗീതങ്ങളില്‍ ഒരു ഗീതം ഇങ്ങനെ പറയുന്നു:
"ദുഃഖിതരില്‍ നാം സ്നേഹത്തിന്‍ ശീതളശീകരമനവരതം വര്‍ഷിച്ചെന്നാലുപവാസം നമ്മില്‍ നിത്യം ഫലമരുളും."
കേവലം ചില ഭോജ്യങ്ങളും ഇച്ഛകളും വെടിയുന്നതിലുപരി നോമ്പിനു വിശാലമായ ചില അര്‍ത്ഥതലങ്ങളുണ്ടെന്നു തിരുസഭ നമ്മെ ഓര്‍മിപ്പിക്കുകയാണ്. ബാഹ്യമായ അനുഷ്ഠാനങ്ങളില്‍ മാത്രം കുടുങ്ങിപ്പോകാതെ അതിന്‍റെ ആന്തരിക സത്തയെ കണ്ടെത്താനായാല്‍ നോമ്പാചരണം അര്‍ത്ഥപൂര്‍ണമാകും. ഉപവാസത്തിന്‍റെയും നോമ്പിന്‍റെയും ആന്തരികസത്തെയ ചോര്‍ത്തിക്കളഞ്ഞ് അവയെ പ്രദര്‍ശനമാക്കി മാറ്റിവയവരോടു ക്രിസ്തു എന്നും കലഹിച്ചിട്ടേയുള്ളൂ. കപടനാട്യമെന്ന അപകടം നമ്മെയും പിടികൂടാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ആത്മീയകാര്യങ്ങള്‍ സ്വയം പുകഴ്ചയ്ക്കായി ഉപയോഗിക്കുവാനുള്ള പ്രലോഭനം മനുഷ്യന് എക്കാലത്തും ഉണ്ടായിട്ടുണ്ട്. അമ്പതു ദിവസം ചിലതെല്ലാം ത്യജിച്ചും അമ്പത്തൊന്നാം ദിവസം അവയെ ആവേശത്തോടെ ആശ്ലേഷിച്ചും നോമ്പിനെ എത്രയോ പ്രാവശ്യം നാം പരിഹാസ്യമാക്കി മാറ്റി. ഈ ത്യജിക്കലില്‍ നിന്നു അപരന് എന്തു നന്മയുണ്ടായി എന്നതും എന്നിലെന്തു പരിവര്‍ത്തനം ഉണ്ടായി എന്നതും വളരെ പ്രധാനപ്പെട്ടതുതന്നെ.
എന്നെ വളരെയേറെ സ്പര്‍ശി ച്ച ഒരു നോമ്പുകാല അനുഭവമുണ്ട്. 25 നോമ്പിനുശേഷമുള്ള ഒരു ക്രിസ്മസ് ദിനം. നല്ല രീതിയില്‍ നോമ്പൂ പുര്‍ത്തിയാക്കിയ സന്തോഷത്തോടെ ഒന്നിലധികം മൃഗങ്ങളുടെ മാംസ ഭക്ഷിച്ച്, ഇഷ്ടവിഭവങ്ങളും രുചിച്ച് ഒരു ഉച്ചയൂണിനു ശേഷം അടുത്തുള്ള കോളനിയിലേക്കു പോയി. ക്രിസ്തീയ സ്നേഹം കാണിക്കാന്‍ ഒരു കേക്കുവിതരണം. അത്രയേ ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ. വീടുകള്‍ കയറിയിറങ്ങുമ്പോള്‍ ഇടയിലൊരു ക്രിസ്ത്യന്‍ ഭവനം. വിധവയായ ഒരു സ്ത്രീയും നാലു കുഞ്ഞുമക്കളും. "ഭക്ഷണം കഴിച്ചോ?" എന്ന കുശലാന്വേഷണത്തിന് "ഇല്ല" എന്നു മറുപടി. വെറുതെ ഒരു കൗതുകത്തിന് അവരുടെ അടുക്കളയില്‍ കയറി നോക്കി. ഇത്തിരി റേഷനരിച്ചോറും അടുപ്പില്‍ വെള്ളത്തില്‍ തിളച്ചുകൊണ്ടിരിക്കുന്ന കുറച്ചു പച്ചക്കറികഷണങ്ങളും. മറ്റൊന്നും ആ അടുക്കളയില്‍ ഇല്ല. ഞാന്‍ കഴിച്ചവയെല്ലാം തൊണ്ടയില്‍ കുടുങ്ങുംപോലെ തോന്നി. മാംസം ഭക്ഷിച്ചതു പാപമാണെന്ന് എനിക്കു തോന്നി. പിന്നീടു പലപ്പോഴും എന്‍റെ ഭക്ഷണമേശയില്‍ ഈ കുഞ്ഞുങ്ങളുടെ ഓര്‍മ പലതും ഭക്ഷിക്കുന്നതില്‍ നിന്ന് എന്നെ തടഞ്ഞു. ഞാന്‍ ആഘോഷിച്ച വിരുന്നുകള്‍ എന്‍റെ സഹോദരന്‍റെ ഊട്ടുമേശയില്‍ ദാരിദ്യമായി തീര്‍ന്നെന്ന തിരിച്ചറിവ് പലപ്പോഴും എന്നെ കരയിച്ചു. എന്‍റെ നോമ്പുകാല ത്യാഗങ്ങള്‍, ഉപേക്ഷകള്‍ പാവപ്പെട്ടവനു സമൃദ്ധിയായി മാറിയില്ലെങ്കില്‍ ഈ ആചരണത്തിനെന്തര്‍ത്ഥം?
അപ്പോള്‍ അതാണു കാര്യം. നോമ്പ് വ്യക്തിപരമായ ഒരു പുണ്യപരിശീലനത്തിന്‍റെ കാലം മാത്രമല്ല, സഹോദരങ്ങളോടു ഗാഢമായി ബന്ധപ്പെട്ട എന്തോ ഒന്നുകൂടിയാണത്. അപരന്‍റെ വേദനകള്‍ സഹിച്ച ക്രിസ്തുവിന്‍റെ പീഡാനുഭവസ്മരണ അപരനിലേക്ക് ഒരു പടികൂടി നമ്മെ അടുപ്പിക്കണം. ക്രിസ്തുവിന്‍റെ പീഡാനുഭവം കുറേ കണ്ണീര്‍ക്കഥകളല്ല നമ്മെ ഓര്‍മിപ്പിക്കുന്നത്. മറിച്ചു മറ്റുള്ളവര്‍ക്കുവേണ്ടി ത്യാഗങ്ങള്‍ ഏറ്റെടുത്ത, നന്മ നിറഞ്ഞ കുറേ മനുഷ്യരെപ്പറ്റിയാണ്. അപരനുവേണ്ടി ജീവിതം സമര്‍പ്പിച്ച ക്രിസ്തു… അനേകരുടെ രക്ഷയ്ക്കു സ്വപുത്രനെ നല്കിയ ഒരമ്മ… സ്വപ്നങ്ങളില്‍പ്പോലും വേറൊരുവന്‍റെ സങ്കടത്താല്‍ വേട്ടയാടപ്പെട്ട പീലാത്തോസിന്‍റെ ഭാര്യ… പരിത്യക്തന്‍റെ മുഖം തുടച്ച വേറോനിക്ക… അപരിചിതന്‍റെ കുരിശു വഹിച്ച കെവുറീന്‍കാരന്‍… കുറ്റവാളി എന്നു മുദ്രകുത്തപ്പെട്ടവന്‍റെ വേദനയില്‍ മാറത്തടിച്ചു നിലവിളിച്ച കുറേ സ്ത്രീകള്‍…. സ്വന്തം മരണത്തിന്‍റെ മണിക്കൂറിലും അപരന്‍റെ നന്മ വിളിച്ചുപറഞ്ഞ ഒരു കള്ളന്‍… നിഷ്കാസിതനായ ഒരുവനുവേണ്ടി സ്വന്തം കല്ലറ വിട്ടുകൊടുത്ത, അവനെ സുഗന്ധദ്രവ്യത്തില്‍ പൊതിഞ്ഞ് അടക്കം ചെയ്ത ഒരു അരിമത്തിയക്കാരന്‍…. ഇങ്ങനെ നോക്കിയാല്‍ വെളിച്ചം പരത്തുന്നവരുടെ എണ്ണം പീഡാനുഭവരംഗത്തു തീരെ കുറവല്ല കേട്ടോ.
ഈ നോമ്പുകാലം നമ്മുടെ ഉള്ളുകളെ കുറേക്കൂടി പ്രകാശിപ്പിക്കട്ടെ. അമ്പതു ദിവസത്തെ നോമ്പിനുശേഷം നമുക്കും ഇറങ്ങാം അപരന്‍റെ സങ്കടത്തിലേക്ക്. സമൂഹത്തിന്‍റെ പുറമ്പോക്കുകളില്‍ ക ഴിയുന്നവരുടെ ഹൃദയങ്ങളിലേക്ക്. ക്രിസ്തുവിനെപ്പോലെ നോമ്പാചരിച്ചാല്‍ ഇനി നമുക്കു കല്ലറയിലേ വിശ്രമമുള്ളൂ. മറ്റുള്ളവരുടെ കണ്ണുനീര്‍ തുടച്ചുതീര്‍ന്നിട്ട്, വിശക്കുന്ന വയറുകളെയെല്ലാം ഊട്ടിയിട്ടു നമുക്കു വിശ്രമിക്കാന്‍ സമയം എവിടെ? പുറത്തു നിലവിളികള്‍ ഉച്ചത്തിലാകുന്നതു കേള്‍ക്കുന്നില്ലേ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org