യുഗസ്രഷ്ടാവായ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ

യുഗസ്രഷ്ടാവായ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ

ജേക്കബ് പുന്നൂസ് IPS

മതിലുകള്‍ കെട്ടാനല്ല, പാലങ്ങള്‍ പണിയാനാണു നമ്മള്‍ പരിശ്രമിക്കേണ്ടതെന്ന് പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മെ ആഹ്വാനം ചെയ്തിട്ടുണ്ട്. മാര്‍പാപ്പ പറയുന്ന ഈ കാര്യം രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രാവര്‍ത്തികമാക്കിയ വിശുദ്ധനാണ് ചാവറയച്ചന്‍. ചാവറയച്ചന്‍റെ പ്രസക്തി നമുക്കു മനസ്സിലാകണമെങ്കില്‍ 200 വര്‍ഷം മുമ്പുള്ള കേരളത്തെക്കുറിച്ചു നാം മനസ്സിലാക്കണം. നമ്മുടെ വിദ്യാഭ്യാസത്തില്‍ കേരള ചരിത്രത്തെക്കുറിച്ച് ഒരക്ഷരം പോലും പഠിപ്പിക്കുന്നില്ല. ഞാന്‍ പഠിച്ചിട്ടില്ല, എനിക്ക് 65 വയസ്സായി. കോട്ടയത്ത് എംജി യൂണിവേഴ്സിറ്റിയുടെ ഏറ്റവും മികച്ച 50 വിദ്യാര്‍ത്ഥികളുടെ ഒരു സദസ്സില്‍വച്ച് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് എന്നാണ് ജീവിച്ചിരുന്നത് എന്നു ചോദിച്ചപ്പോള്‍ അവരില്‍ ഒരാള്‍ക്കു പോലും ഉത്തരം പറയാന്‍ സാധിച്ചില്ല. ഇത് കേരളത്തിലെ 99 ശതമാനം പേര്‍ക്കും അറിഞ്ഞുകൂടാ എന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ കാലികപ്രസക്തി തിരിച്ചറിയാന്‍ സഹായിക്കുന്നതാണ്.
പതിനെട്ടാം നൂറ്റാണ്ടില്‍, ലോകത്തിന്‍റെ പലഭാഗങ്ങളിലും ആശയങ്ങളിലും തത്ത്വശാസ്ത്രത്തിലും ഒക്കെയായി വളരെ മുന്നേറ്റമുണ്ടായി. പക്ഷെ കേരളത്തില്‍ ഇതൊന്നും അറിയാതെ ആളുകള്‍ ജീവിച്ചു. അതിന്‍റെ പ്രധാന കാരണം അന്നു കേരളത്തില്‍ നിലനിന്നിരുന്ന പ്രത്യേക തരത്തിലുള്ള വ്യവസ്ഥിതിയാണ്. ഈ വ്യവസ്ഥിതിക്കെതിരെയാണ് വിശുദ്ധ ചാവറയച്ചന്‍ പോരാടിയതും പരിഹാരത്തിനായി പരിശ്രമിച്ചതും. ആ വ്യവസ്ഥിതി എന്തായിരുന്നുവെന്ന് നാം മനസ്സിലാക്കണം. മറ്റു രാജ്യങ്ങള്‍ക്ക് ബിസി ഒന്നാം നൂറ്റാണ്ടു മുതല്‍ തന്നെ പാശ്ചാത്യ രാജ്യങ്ങളുമായും, റോമാ സാമ്രാജ്യവുമായും ഈജിപ്ഷ്യന്‍ സംസ്ക്കാരവുമായി ഒക്കെ ബന്ധമുണ്ടായിരുന്നു. വിദേശികള്‍ ധാരാളമായി ഇവിടെ വരുകയും പോവുകയും ചെയ്തിരുന്നു. പക്ഷെ നമ്മുടെ സാമൂഹ്യവ്യവസ്ഥ ലോകത്തു നടക്കുന്ന മഹത്തായ ആശയവിപ്ലവങ്ങളെ എല്ലാം അവഗണിച്ചു. അവയെ വിസ്മരിച്ചുകൊണ്ട് വളരെ യാഥാസ്ഥിതികവും പഴഞ്ചനുമായ സാമൂഹ്യവ്യവസ്ഥിതി, ജാതിയില്‍ അധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥിതി ഇവിടെ നിലനിന്നിരുന്നു. ജാതികള്‍ പലയിടത്തും ഉണ്ട്, ഇന്ത്യയില്‍ത്തന്നെ പലയിടത്തും ഉണ്ട്. പക്ഷെ കേരളത്തില്‍ നിലനിന്നിരുന്നത് അതിഭയങ്കരമായ ഒരു ജാതി വ്യവസ്ഥിതിയായിരുന്നു. കേരളത്തില്‍ 19-ാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയെക്കുറിച്ച് ഗവേഷണം നടത്തിയ റോബിന്‍ ജെഫ്രി എഴുതി യിരിക്കുന്നത് ഇങ്ങനെയാണ് : A Nair can approach but not touch a Namboothiri and Ezhava must remain 36 steps off fom a
Namboothiri. A Pulayan must remain 96 steps distance. Ezhava
must remain 12 steps away from a Nair. Christian may touch a
Nair but may not eat with each other. ഇത്തരത്തില്‍ ആര് ആരുടെ കൂടെ എത്ര ദൂരത്തു നില്‍ക്കാം, ആരുടെ ഒപ്പം ഭക്ഷണം കഴിക്കണം എന്നൊക്കെ വ്യക്തമാക്കുന്ന ഒരു ജാതിവ്യവസ്ഥയായിരുന്നു. ഇതു മാത്രമല്ല, ഓരോ ജാതിയും എന്തു ഭക്ഷണം കഴിക്കണം എന്നും നിഷ്കര്‍ഷിക്കുന്നു. ഭൂമിക്കടിയില്‍ വിളഞ്ഞത് – കിഴങ്ങ് ചില ജാതികള്‍ക്കു കഴിക്കാന്‍ പാടില്ല. ചില ജാതിക്കാര്‍ ഭൂമിക്കു മുകളിലുള്ളതു മാത്രമേ കഴിക്കാവൂ. ഇതില്‍നിന്നാണ് "കിഴങ്ങന്‍" എന്ന പദം മലയാളത്തില്‍ ഉണ്ടാകുന്നത്. കിഴങ്ങു കഴിക്കുന്നവന്‍ എന്നാണതിന്‍റെ അര്‍ത്ഥം. ആര്‍ക്കൊക്കെ വീട് എങ്ങനെയൊക്കെ നിര്‍മ്മിക്കാം എന്നതും ജാതിയുടെ അടിസ്ഥാനത്തിലാണു തീരുമാനിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ടു ചില പദങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. കോവിലകം – കോവിലകം ആര്‍ക്കാണു പണിയാനാകുന്നത്? മന, ഇല്ലം, വാല്യം, വീട്, പുര, കുടി, മാടം…. ഇത്തരത്തിലായിരുന്നു ഇവിടത്തെ സംവിധാനം. വീടിന് ഓടിടണമെങ്കില്‍ മഹാരാജാവിന്‍റെ അനുമതി വേണമായിരുന്നു. 1851-ലെ കണക്കനുസരിച്ച്, തിരുവിതാംകൂറില്‍ 5,36,798 വീടുകള്‍ ഉണ്ടായിരുന്നു. അതില്‍ 4025 വീടുകള്‍ക്കു മാത്രമാണ് രാജാവ് ഓട് ഇടാനുള്ള അനുമതി കൊടുത്തിരുന്നത്. ഇതിനൊരു മാറ്റം വന്നത് 1860-ല്‍ ആലപ്പുഴ മാര്‍ക്കറ്റ് മുഴുവന്‍ കത്തിപ്പോയപ്പോഴാണ്. ഇതിനേക്കാള്‍ രസകരമായിരുന്നു വസ്ത്രത്തിന്‍റെ കാര്യം. മുണ്ട് മലയാളികളുടെ വസ്ത്രമാണെന്നു പറയുന്നില്ലേ. പക്ഷെ മുണ്ട് എങ്ങനെ ഉടുക്കണം. അന്ന് ചിലയാളുകള്‍ മുണ്ടുടുത്താല്‍ അതിന്‍റെ താഴത്തെ അഗ്രം നിലത്ത് ഇഴയാന്‍ അനുവാദമില്ല, കണങ്കാലിനു മുകളില്‍ നില്‍ക്കണം. വേറെ ചിലര്‍ക്ക് മുട്ടുവരെ മാത്രം. മറ്റു ചിലര്‍ക്കു മുട്ടിനു മുകളിലേ ഉടുക്കാവൂ. ഇങ്ങനെ ജാതിക്ക് അനുസൃതമായിട്ടായിരുന്നു വസ്ത്രധാരണവും. ജനങ്ങള്‍ വഴിയില്‍കൂടി പോകുമ്പോള്‍ നിശ്ചിത അകലം പാലിക്കാന്‍ ഇത് ഉപകാരപ്പെടുത്തി. ഇത്തരത്തില്‍ ഭക്ഷണത്തിലും വസ്ത്രധാരണത്തിലും ആരാധനയിലും എന്നു വേണ്ട ജീവിതത്തിന്‍റെ സമസ്തമേഖലകളിലും ജാതി നിര്‍വചിച്ചിരുന്ന ഒരു സാമൂഹ്യഘടനയായിരുന്നു ഇവിടെ നിലനിന്നിരുന്നത്. അതുകൊണ്ടുതന്നെ എല്ലാ ജാതികളുടെയും ശ്രദ്ധ തന്‍റെ കീഴിലുള്ള ജാതിയെ എങ്ങനെ ചൊല്‍പ്പടിക്കു നിറുത്താം എന്നതായിരുന്നു. കൂട്ടായ ചിന്ത അന്യമായിരുന്നു.
ഈ പരിതസ്ഥിതിയിലാണ് ചാവറയച്ചന്‍ കേരളത്തില്‍ ജനിക്കുന്നതും ജീവിക്കുന്നതും. കേരളത്തില്‍ 60 വര്‍ഷം മുമ്പോ 100 വര്‍ഷം മുമ്പോ ഈ പരിതസ്ഥിതിയായിരുന്നു എന്നു നമുക്കു വിശ്വസിക്കാന്‍ പറ്റില്ല. കാരണം ഇന്ന് കേരളം അത്രമാത്രം പുരോഗമിച്ചിരിക്കുന്നു. തമിഴ്നാടിനെയോ ഉത്തര്‍പ്രദേശിനെയോ പഞ്ചാബിനെയോ അപേക്ഷിച്ച് സാമൂഹ്യമായിട്ട് വലിയ മാറ്റങ്ങളാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. പണ്ട് ഇവിടെ ഉണ്ടായിരുന്ന നികൃഷ്ടമായ ജാതിവ്യവസ്ഥയുടെ ഒരംശം പോലും ഇന്നു നമ്മുടെ പെരുമാറ്റത്തിലോ മറ്റോ കാണാനാവില്ല. അത്ര സമൂലമായ മാറ്റം വന്നിരിക്കുന്നു. 2016 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ ഒരു കോടി പത്തുലക്ഷം വീടുകളുണ്ട്. സാമ്പത്തികമായി നോക്കിയാല്‍ കേരളജനതയുടെ പ്രതിശീര്‍ഷ വരുമാനം ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ്. സാമ്പത്തികവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായി നാം പുരോഗതി കൈവരിച്ചിരിക്കുന്നു. എന്‍റെ ചെറുപ്പകാലത്ത് ഞാന്‍ ഫോണ്‍ കണ്ടിട്ടു പോലുമില്ല. ഇന്നാണെങ്കില്‍ ഫോണില്ലാത്ത ആരെങ്കിലുമുണ്ടോ? മൂന്നു കോടി ഫോണുകളാണ് ഇന്നു കേരളത്തിലുള്ളത്. വാഹനങ്ങളാണെങ്കിലോ 80 ലക്ഷം കുടുംബങ്ങളുള്ള കേരളത്തില്‍ ഒരുകോടി പതിനഞ്ചുലക്ഷം വാഹനങ്ങളാണുള്ളത്. ഇതൊക്കെ സര്‍വസാധാരണമായിരിക്കുന്നു.
ഈ മാറ്റം എങ്ങനെ ഉണ്ടായി? ഈ അരക്ഷിതാവസ്ഥയില്‍നിന്ന്, ഈ ദാരിദ്ര്യാവസ്ഥയില്‍നിന്ന് ഈ മാറ്റം എങ്ങനെ കേരളം കൈവരിച്ചു ? മറ്റു പുരോഗതിയുണ്ടായ സ്ഥലങ്ങള്‍ നോക്കിക്കൊള്ളൂ. ഒന്നുകില്‍ അവിടെ വളരെ രക്തരൂക്ഷിതമായ വിപ്ളവങ്ങള്‍ നടന്നു. അല്ലെങ്കില്‍ ഭൂമിക്കടിയില്‍ വളരെ വിശിഷ്ടമായ സംഭവങ്ങള്‍ കണ്ടുപിടിച്ചു-ഗള്‍ഫില്‍ എണ്ണ കണ്ടെത്തിയപോലെ. അല്ലെങ്കില്‍ സിങ്കപ്പൂര്‍ പോലെയോ, ദുബായ് പോലെയോ മലേഷ്യപോലെയോ ഉള്ള രാജ്യങ്ങള്‍ വലിയ വ്യാപാരങ്ങള്‍ നടത്തിയതിലൂടെ. ഇതൊന്നും ഇല്ലാതെ എങ്ങനെയാണ് കേരളത്തില്‍ മാറ്റങ്ങള്‍ വന്നത്? കേരളത്തില്‍ മാറ്റം സംഭവിച്ചത് ഒരു കാര്യം കൊണ്ടുമാത്രമാണ് – വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിലൂടെ മനുഷ്യന്‍റെ വിമോചനം സാധ്യമായി. സ്വദേശീയമായ വിദ്യാഭ്യാസത്തിലൂടെ വിമോചനം സാധ്യമാകുമെന്ന് ലോകത്തിനു കാണിച്ചുകൊടുത്ത ഭൂപ്രദേശമാണ് കേരളം. ഈ വി ദ്യാഭ്യാസമാണ് കേരള നവോത്ഥാനത്തിന്‍റെ അടിത്തറ. ഈ വിദ്യാഭ്യാസ പ്രവര്‍ത്തനമാണ് വിശുദ്ധ ചാവറയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നത്. അതുകൊണ്ടുതന്നെയാണ് ചാവറയച്ചന് കേരളചരിത്രത്തില്‍ ഏറ്റവും അഗ്രഗണ്യമായ സ്ഥാനം നാം നല്‍കുന്നത്. ചാവറയച്ചനു മുമ്പുനടന്ന കേരളത്തിലെ മുഴുവന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും വിദേശീയര്‍ നടത്തിയതായിരുന്നു. സ്വാതി തിരുനാള്‍ നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനം പോലും ബ്രിട്ടീഷുകാരെ ആശ്രയിച്ചായിരുന്നു.
ചാവറയച്ചനിലൂടെയാണ് കേരളത്തില്‍ ജനിച്ചുവളര്‍ന്ന ഒരാള്‍ ആദ്യമായി കേരളത്തിന്‍റെ വളര്‍ച്ചയ്ക്കായി പുതിയ രീതിയിലുള്ള അറിവുസമ്പാദന രീതികള്‍ സൃഷ്ടിക്കുന്നത്. 1830-കളിലും 40-ക ളിലും 50-കളിലും 60-കളിലും തുടര്‍ച്ചയായി ആ പ്രവര്‍ത്തനത്തില്‍ ചാവറയച്ചന്‍ ഏര്‍പ്പെട്ടു. അന്നത്തെ രീതിയനുസരിച്ച് പുരോഹിതന്മാര്‍ ഇടവകകളില്‍ താമസിക്കും. അവര്‍ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങളില്ല. ദൈവികകാര്യങ്ങള്‍ പോലും ചര്‍ച്ച ചെയ്യുന്ന സമ്പ്രദായം പുരാതന ക്രൈസ്തവ സമൂഹങ്ങളില്‍ ഇല്ലായിരുന്നു. അതിനുവേണ്ടി ആശ്രമം സ്ഥാപിക്കുന്നു. അതിനുശേഷം ക്രമാനുഗതമായ പഠനത്തിലൂടെ പൗരോഹിത്യത്തിലേക്കു പോകുന്നതിനായി 1933-ല്‍ സെമിനാരി സ്ഥാപിക്കുന്നു. പിന്നീട് 1944 മുതല്‍ 46 വരെയുള്ള പ്രവര്‍ത്തനത്തിന്‍റെ ഫലമായിട്ട് ആദ്യമായി ഒരു അച്ചുകൂടം തുടങ്ങുന്നു. കൊച്ചിയില്‍ 1576-ല്‍ പോര്‍ച്ചുഗീസുകാര്‍ അച്ചുകൂടം കൊണ്ടുവന്നു. ജെസ്യൂട്ട് അച്ചന്മാരാണ് അതു സ്ഥാപിച്ചത്. കുറേക്കഴിഞ്ഞപ്പോള്‍ അതു നിന്നുപോയി. അതിനുശേഷം സ്വാതി തിരുനാള്‍ മഹാരാജാവിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഗവണ്‍മെന്‍റിന്‍റെ ഒരു പ്രസ് ആരംഭിച്ചു. കോട്ടയത്ത് ബെയ്ലിയുടെ ആഭിമുഖ്യത്തില്‍ പ്രസ് ആരംഭിച്ചു. പക്ഷെ ഇവിടെനിന്നുള്ള ആളായി കേരളത്തിനുവേണ്ടി പ്രസ് ആരംഭിക്കണമെന്ന് ആഗ്രഹിച്ചത് ചാവറയച്ചനാണ്. ചാവറയച്ചന്‍ അതാഗ്രഹിച്ചതിന്‍റെ കാരണം തന്നെ അറിവിന്‍റെ അംശങ്ങളും പാഠങ്ങളും പ്രചരിപ്പിക്കാനായിരുന്നു. അറിയാനുള്ള അവകാശം പ്രാവര്‍ത്തികമാകണമെങ്കില്‍ പ്രിന്‍റിംഗ് പ്രസ് ഉണ്ടാകണം. ഗുട്ടന്‍ബര്‍ഗ് പ്രിന്‍റിംഗ് പ്രസ് കണ്ടു പിടിച്ചതിനു ശേഷമാണ് യൂറോപ്പില്‍ നവോത്ഥാനം ഉണ്ടായത്. അതുപോലെ മാന്നാനത്ത് ചാവറയച്ചന്‍റെ പ്രയത്നം കൊണ്ട് സാധിച്ചെടുത്ത പ്രിന്‍റിംഗ് പ്രസില്‍ അച്ചടിച്ച പുസ്തകങ്ങളിലൂടെയാണ് മതത്തെക്കുറിച്ചും മറ്റുശാസ്ത്രങ്ങളെക്കുറിച്ചും ഭാഷകളെക്കുറിച്ചുമുള്ള അറിവ് മലയാളി കൈവരിക്കാന്‍ ഇടയായത്. പ്രസ് തുടങ്ങാന്‍ തിരുവനന്തപുരത്തുപോയി പ്രസിനെക്കുറിച്ച് മനസ്സിലാക്കി അതിന്‍റെ മാതൃക വാഴപ്പിണ്ടിയിലുണ്ടാക്കി കൊല്ലനെ കണ്ടെത്തി, മലയാളത്തില്‍ അക്ഷരങ്ങള്‍ ആദ്യമാക്കി ഉണ്ടാക്കി അച്ചടി ആരംഭിച്ചു.
അതിനുശേഷം സ്കൂള്‍ ആരംഭിച്ചു. അദ്ദേഹം ആരംഭിച്ചത് സംസ്കൃത വിദ്യാലയമാണ്. മതമൈത്രി എന്നത് അദ്ദേഹത്തിന്‍റെ സ്ഥായീഭാവമായിരുന്നു. ഇവിടെ വളരുന്ന കുട്ടി ഇവിടത്തെ വിലപ്പെട്ട പാഠങ്ങളും പഠിക്കണം എന്ന ചിന്തയിലാണ് സംസ്കൃത സ്കൂള്‍ തുടങ്ങിയത്. അതിനുവേണ്ടി അധ്യാപകരെ കൊണ്ടുവന്നു. അതില്‍ എല്ലാവരും ഭാഗഭാക്കായി. എല്ലാവരും എന്നു പറയുമ്പോള്‍ ഞാന്‍ അര്‍ത്ഥമാക്കുന്നത് എല്ലാവരും എന്നുതന്നെയാണ്. അന്നത്തെ കാലത്ത് എല്ലാവരും എന്ന വാക്കിന് പ്രസക്തിയില്ലായിരുന്നു. ഒരു പ്രത്യേക ജാതിയില്‍പെട്ടവര്‍ക്കു മാത്രമേ വിദ്യ അഭ്യസിക്കാന്‍ അവകാശം ഉണ്ടായിരുന്നുള്ളൂ. ആ ജാതിയില്‍പ്പെടാത്ത കുട്ടികള്‍ക്കും വിദ്യ അഭ്യസിക്കണം എന്ന ലക്ഷ്യം വച്ച് ഒരു സ്കൂള്‍ തുടങ്ങുക, അതു വിജയിപ്പിക്കുക എന്നത് വലിയ പരിശ്രമം വേണ്ട കാര്യമാണ്. ജനങ്ങള്‍ക്ക് വിദ്യാഭ്യാസബോധമോ അതു ലഭിക്കണമെന്ന ആഗ്രഹമോ ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം ഈ വിദ്യാഭ്യാസ പ്രവര്‍ത്തനം ആരംഭിച്ചത്. 1910-ല്‍ തിരുവിതാംകൂറിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 2,17,000 ആയിരുന്നു. സ്കൂളില്‍ പോകാന്‍ അര്‍ഹതയുള്ള കുട്ടികളില്‍ 20 ശതമാനം പോലും അന്ന് സ്കൂളില്‍ പോയിരുന്നില്ല എന്നാണിതു കാണിക്കുന്നത്. ഇതിനും ഏതാണ്ട് 70 വര്‍ഷം മുമ്പാണ് ചാവറയച്ചന്‍ മാന്നാനത്ത് സ്കൂള്‍ തുടങ്ങുന്നത്. പിന്നീട് അദ്ദേഹം വികാരി ജനറലായിരുന്നപ്പോള്‍ പള്ളികളോടു ചേര്‍ന്ന് പള്ളിക്കൂടം സ്ഥാപിക്കണം എന്നു നിഷ്കര്‍ഷിച്ചു. അങ്ങനെ നമ്മുടെ നാട്ടില്‍ കഴിയുന്നിടത്തോളം പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് ജനങ്ങളെ വിദ്യാസമ്പന്നരാക്കുന്ന പ്രവര്‍ത്തനത്തിന് അദ്ദേഹം ആരംഭം കുറിച്ചു. തദ്ദേശീയരായ ആളുകളുടെ സഹകരണത്തോടു കൂടിയാണതു നടത്തിയത്. വിദേശ മിഷനറികളുടെ സംഭാവനകളോ ഗ്രാന്‍റുകളോ സര്‍ക്കാര്‍ സഹായം കൊണ്ടോ അല്ല. ഓരോ പള്ളികളില്‍നിന്നുമുള്ള പിടിയരി പിരിച്ച് സംഭാവനകള്‍ സ്വീകരിച്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അദ്ദേഹം നടത്തിയത്. അതിനാല്‍ തദ്ദേശീയരെ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കി, വിദ്യാഭ്യാസം തങ്ങളെ ഐശ്വര്യത്തിലേക്കും ശ്രേയസ്സിലേക്കും നയിക്കും എന്ന ബോധം നല്‍കിയാണ് ചാവറയച്ചന്‍ തന്‍റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയത്. വിദ്യ അഭ്യസിക്കാന്‍ വരുന്ന ദരിദ്ര കുടുംബങ്ങളിലെ കീഴ്ജാതികളിലെ വിദ്യാര്‍ത്ഥികള്‍, പെണ്‍കുട്ടികള്‍ തുടങ്ങിയവര്‍ക്ക് ഉച്ചക്കഞ്ഞി കൊടുക്കാനും ചാവറയച്ചന്‍ പരിശ്രമിച്ചു. 21-ാം നൂറ്റാണ്ടിന്‍റെ ആദ്യദശകത്തിലാണ് ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ഉച്ചക്കഞ്ഞി എന്ന ആശയം തന്നെ കൊണ്ടുവന്നത്. അതിനും 150 വര്‍ഷങ്ങള്‍ക്കു മുമ്പ് കുര്യാക്കോസ് ഏലിയാസ് അച്ചന്‍ അതു നടപ്പാക്കി.
എവിടെയെല്ലാം നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉണ്ടായിട്ടുണ്ടോ അവ ഉയര്‍ന്നു വരുന്നതിനു കലാരൂപങ്ങള്‍ ആവശ്യമായിരുന്നു, സാഹിത്യം ആവശ്യമായിരുന്നു. 19-ാം നൂറ്റാണ്ടിനു മുമ്പുവരെ കേരളത്തില്‍ ഗദ്യസാഹിത്യം ഇല്ലായിരുന്നു. സംസ്കൃത വൃത്തങ്ങളില്‍ എഴുതപ്പെട്ടിരുന്ന കവിതകളായിരുന്നു ഉണ്ടായിരുന്നത്. ലളിതമായ കവിതയും ഗദ്യവും ഇല്ലായിരുന്നു. ഇതു കേരളത്തില്‍ ആരംഭിക്കുകയും മാന്നാനത്തെ പ്രസ്സിന്‍റെ സഹായത്തോടുകൂടി പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് വി. ചാവറയച്ചന്‍. അദ്ദേഹമാണ് മലയാള സാഹിത്യത്തില്‍ ആദ്യമായി ഖണ്ഡകാവ്യം എഴുതിയത്. നാടകം എന്നത് വളരെ ശക്തമായ ഒരു മാധ്യമമാണ്. ആശയസംവേദനത്തിനും വിനിമയത്തിനും വേണ്ടി നാടകമെന്ന മാധ്യമം ഉപയോഗിച്ചത് ചാവറയച്ചാനാണ്. അദ്ദേഹം 12 ഓളം നാടകങ്ങള്‍ എഴുതിയിട്ടു ണ്ട്. നാടകങ്ങള്‍ എഴുതുക മാത്രമല്ല, സെമിനാരി വിദ്യാര്‍ത്ഥികളെക്കൊണ്ട് അവ രംഗത്ത് അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ നവോത്ഥാനത്തിന്‍റെ എല്ലാ മേഖലകളിലും ചാവറയച്ചന്‍ വലിയ സംഭാവനകളാണ് കേരളത്തിനു നല്‍കിയിട്ടുള്ളത്. ചാവറയച്ചന്‍ ചെയ്ത കാര്യങ്ങളുടെ ദീര്‍ഘകാല പ്രസക്തി, അത് ഭാവിയില്‍ ഉണ്ടാക്കാന്‍ പോകുന്ന വലിയ മാറ്റങ്ങള്‍, വേലിയേറ്റങ്ങള്‍, കേരളത്തിന്‍റെ സാംസ്ക്കാരിക മണ്ഡലത്തില്‍ അതുണ്ടാക്കാന്‍ പോകുന്ന വലിയ ഭൂകമ്പങ്ങള്‍…. ഇതൊക്കെ പതിനെട്ടാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ജീവിച്ചിരുന്ന ഒരാള്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിയുന്നതിനപ്പുറത്തായിരുന്നു. അതുകൊണ്ടുതന്നെ അക്കാലത്ത് ആരും തന്നെ ഇതൊക്കെ വലിയ കാര്യങ്ങളാണെന്നോ നവോത്ഥാനമാണെന്നോ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് അതിനു വലിയ പ്രചാരം ലഭിക്കുന്നത്. അതിലൂടെ കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ രംഗം മുഖരിതമായി. വലിയ വലിയ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. ശ്രീ നാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍, ഇഎംഎസ് നമ്പൂതിരിപ്പാട്, വി.ടി. ഭട്ടതിരിപ്പാട്, പണ്ഡിറ്റ് കറുപ്പന്‍, വക്കം അബ്ദുള്‍ കാദര്‍ മൗലവി, എന്നുവേണ്ട പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന ദശകങ്ങളിലും 20-ാം നൂറ്റാണ്ടിന്‍റെ ആരംഭ ദശകങ്ങളിലും വിദ്യാഭ്യാസം ലഭിച്ചവരുടെ ചിന്തമൂലം, വായിച്ചറിഞ്ഞ ആശയങ്ങള്‍ മൂലം വലിയ മാറ്റങ്ങളാണ് കേരളത്തിലുടനീളം ഉണ്ടായത്.
ഈ വലിയ മാറ്റങ്ങള്‍ക്കെല്ലാം കാരണഭൂതമായത് വി. ചാവറയച്ചന്‍റെ ആധ്യാത്മീകാനുഭൂതിയിലൂടെ ദൃശ്യമായ മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്‍റെ ചുറ്റുമുള്ളവരുമായി പങ്കുവച്ചതുകൊണ്ടാണ്. ഇത് തനിക്കെന്തെങ്കിലും സ്ഥാനമോ നേട്ടമോ ലഭിക്കണമെന്നു ചിന്തിച്ച് അദ്ദേഹം ചെയ്തതല്ല. തനിക്കു ദൈവവുമായുള്ള ബന്ധത്തില്‍നിന്ന്, ആ ബന്ധം പുഷ്ക്കലമാകുന്നത് മനുഷ്യനുമായിട്ടുള്ള സ്നേഹത്തിലാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് അനുവര്‍ത്തിച്ചതാണ്. തന്‍റെ ചുറ്റിലുമുള്ള മനുഷ്യരുമായി സ്നേഹമായിരിക്കുക, അവരോടു സഹവസിക്കുക, അവരോടു ക്ഷമിക്കുക, പരിപാലിക്കുക, ഉയര്‍ത്തുക, അവരുടെ ദാരിദ്ര്യം മാറ്റുക, അവരുടെ അജ്ഞത മാറ്റുക എന്നതായിരുന്നു ലക്ഷ്യം. ദൈവികമായ അറിവുകൊണ്ട് അവരുടെ മനസ്സിനെ നിറയ്ക്കുന്നത് പുണ്യമാണ് എന്നു മനസ്സിലാക്കി അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തി.
മതവും സമൂഹവും തമ്മില്‍ വലിയ ബന്ധമുണ്ട്. മതം സമൂഹത്തെയും സമൂഹം മതത്തെയും സ്പര്‍ശിക്കുന്നു. ഒന്നിനെ മാറ്റണമെന്നുണ്ടെങ്കില്‍ മറ്റേത് മാറിയേ തീരൂ. ആ വലിയ സത്യം കേരളത്തിലെ സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ എല്ലാവരും തന്നെ മനസ്സിലാക്കിയിരുന്നു. ഇവരൊക്കെയും സമുദായ പരിഷ്കര്‍ത്തക്കളുമായിരുന്നു. അങ്ങനെയുള്ള ആദ്യത്തെ സമുദായ പരിഷ്കര്‍ത്താവാണ് വിശുദ്ധ ചാവറയച്ചന്‍. ആ രീതിയില്‍ വി. ചാവറയച്ചന്‍റെ പ്രസക്തിയും സാംഗത്യവും നാം മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തിലെ സാംസ്ക്കാരിക നായകരുടെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രണ്ടാളുകള്‍ ചാവറയച്ചനെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ അനുസ്മരിച്ചുകൊണ്ട് അവസാനിപ്പിക്കാം. മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനായ പി. ഗോവിന്ദപ്പിള്ള ചാവറയച്ചനെക്കുറിച്ചെഴുതിയ ഒരു ഭാഗം ഉദ്ധരിക്കട്ടെ: "കേരളീയ കത്തോലിക്കാ സഭയില്‍, വിശേഷിച്ച് കത്തോലിക്കാ സുറിയാനി സഭയില്‍ ദൂരവ്യാപകമായ പരിഷ്കരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അനുഗ്രഹീത പുരോഹിത ശ്രേഷ്ഠന്‍ എന്ന നിലയില്‍ ചാവറയച്ചന്‍ സഭയ്ക്കകത്തും വെളിയിലും അറിയപ്പെടുന്നു എന്നതു നേരുതന്നെ. എന്നാല്‍ അദ്ദേഹത്തിന്‍റെ സമര്‍പ്പിത ജീവിതവും ദീര്‍ഘദൃഷ്ടിയോടുകൂടിയുള്ള പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളും കേരള നവോത്ഥാന ചരിത്രത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. കേരളീയ ജനസമൂഹത്തിന്‍റെ സമഗ്രമായ സാമൂഹ്യ വികാസത്തിനും സാംസ്ക്കാരിക അഭ്യുന്നതിക്കും ഈ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം സഹായകമായി എന്ന് മനസ്സിലാക്കാം." ഡോ. സുകുമാര്‍ അഴീക്കോട് ചാവറയച്ചനെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്നത് ഇങ്ങനെയാണ്: "19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരാള്‍ 21 -ാം നൂറ്റാണ്ടില്‍ ആദരപൂര്‍വം സ്മരിക്കപ്പെടുന്നുണ്ടെങ്കില്‍ ആ വ്യക്തി 19-ാം നൂറ്റാണ്ടില്‍ ജീ വിച്ചിരുന്നുകൊണ്ടുതന്നെ 20-ാം നൂറ്റാണ്ടും 21-ാം നൂറ്റാണ്ടും സൃഷ്ടിച്ചയാളാണ്. അങ്ങനെയുള്ളവരെയാണ് യുഗസ്രഷ്ടാക്കള്‍ എന്നു വിളിക്കുന്നത്."
ചാവറയച്ചന്‍ അത്തരത്തില്‍ ഒരു യുഗസ്രഷ്ടാവായിരുന്നു. 19-ാം നൂറ്റാണ്ടില്‍ ജീവിച്ച് കേരള സമൂഹത്തിന് ശക്തിയും വെളിച്ചവും പകര്‍ന്ന ചാവറയച്ചന്‍ 21-ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന നമുക്ക് സൂരതേജസ്സായി ചൂടും വെളിച്ചവും പകരുന്നു. ഇതു തുടര്‍ന്നു കൊണ്ടേയിരിക്കും.

(212-ാമത് ചാവറ ജയന്തിയോടനുബന്ധിച്ച് ഫെബ്രുവരി 10-ന് എറണാകുളം സെന്‍റ് ജോസഫ് ബി.എഡ്. കോളജില്‍ ചെയ്ത പ്രഭാഷണത്തില്‍ നിന്ന്.)

തയ്യാറാക്കിയത്: ഫ്രാങ്ക്ളിന്‍ എം

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org