കോവിഡ് സപ്പോര്‍ട്ട് ടാസ്‌ക്ക് ഫോഴ്സുമായി കോട്ടയം അതിരൂപത

കോവിഡ് സപ്പോര്‍ട്ട് ടാസ്‌ക്ക് ഫോഴ്സുമായി കോട്ടയം അതിരൂപത

കോട്ടയം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ കോവിഡ് സപ്പോര്‍ട്ട് ടാസ്‌ക്ക് ഫോഴ്സ് രൂപീകരിക്കുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതോടൊപ്പം കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ക്കും സന്നദ്ധ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനാണ് അതിരൂപതയുടെ നേതൃത്വത്തില്‍ ടാസ്‌ക്ക് ഫോഴ്സ് രൂപീകരിക്കുന്നത്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെയും സംയുക്ത നേതൃത്വത്തിലാണ് ടാസ്‌ക്ക് ഫോഴ്സ് രൂപീകരിക്കുന്നത്. യുവജന സംഘടനയിലെ വോളണ്ടിയേഴ്സിന് കേന്ദ്രതലത്തില്‍ പരിശീലനം നല്‍കി അതിരൂപതയിലെ ഫോറോനാകളുടെയും ഇടവകകളുടെയും പങ്കാളിത്തത്തോടെയാണ് ടാസ്‌ക്ക് ഫോഴ്സ് രൂപീകരിക്കുന്നത്. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ടാസ്‌ക്ക് ഫോഴ്സിന്റെ കേന്ദ്രതല ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള യുവജനങ്ങളുടെ സഹകരണത്തോടെ അതിരൂപത നടപ്പിലാക്കുന്ന കോവിഡ് സപ്പോര്‍ട്ട് ടാസ്‌ക്ക് ഫോഴ്സ് കോവിഡ് രോഗ ബാധിതര്‍ക്കും അവരുടെ കുടുംബത്തിനും സഹായ ഹസ്തമായിമാറുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍, കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, അതിരൂപത കെ.സി.വൈ.എല്‍ ചാപ്ലൈയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ് ലിബിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്രതല ടാസ്‌ക്ക് ഫോഴ്സ് രൂപീകരണത്തോടനുബന്ധിച്ച് വോളണ്ടിയേഴ്സിനായി സംഘടിപ്പിച്ച ട്രെയിനിംഗ് പ്രോഗ്രാമിന് കോട്ടയം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അനുപാ ലൂക്കാസ്, ജൂനിയര്‍ റെസിഡന്റ് ഡോ. റെജീനാ കെ.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിശീലനത്തോടനുബന്ധിച്ച് പേഴ്സണല്‍ പ്രോക്ടറ്റീവ് എക്യുമെന്റ് കിറ്റുകളുടെ ഫലപ്രദമായ ഉപയോഗത്തെക്കുറിച്ചും കോവിഡ് പ്രോട്ടോകോളുകളെക്കുറിച്ചും അവബോധ ക്ലാസ്സും പ്രാക്ടിക്കല്‍ പരിശീലനവും നടത്തപ്പെട്ടു. സാമൂഹിക അകലം പാലിച്ചുകൊണ്ട് പതിനഞ്ച് വോളണ്ടിയേഴ്സാണ് ടാസ്‌ക്ക് ഫോഴ്സ് കേന്ദ്രതല പരിശീലനത്തില്‍ പങ്കെടുത്തത്.

കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെയും സംയുക്താഭിമുഖ്യത്തില്‍ രൂപം നല്‍കുന്ന കോവിഡ് സപ്പോര്‍ട്ട് ടാസ്‌ക്ക് ഫോഴ്സിന്റെ കേന്ദ്രതല പരിശീലനത്തോടനുബന്ധിച്ച് പരിശീലനാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്ന പിപിഇ കിറ്റുകളുടെ വിതരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, ഡോ. അനൂപാ ലൂക്കോസ്, ലിബിന്‍ ജോസ്, ഫാ. ജേക്കബ് മാവുങ്കല്‍, സജി തടത്തില്‍, ഫാ. സുനില്‍ പെരുമാനൂര്‍, ബോഹിത്ത് ജോണ്‍സണ്‍, ജോസുകുട്ടി ജോസഫ് എന്നിവര്‍ സമീപം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org