കോവിഡ്: ലാറ്റിനമേരിക്കയ്ക്കു വത്തിക്കാന്റെ വന്‍ സഹായപദ്ധതി

കോവിഡ്: ലാറ്റിനമേരിക്കയ്ക്കു വത്തിക്കാന്റെ വന്‍ സഹായപദ്ധതി
Published on

കോവിഡ് പകര്‍ച്ചവ്യാധി മൂലമുണ്ടായ കെടുതികളെ മറികടക്കുന്നതിനു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ സഹായിക്കുന്ന പദ്ധതി വത്തിക്കാന്റെ പോപുലോരും പ്രോഗ്രസിയോ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചു. 23 രാജ്യങ്ങളിലെ 168 പദ്ധതികള്‍ക്കാണു വത്തിക്കാന്‍ പണം മുടക്കുക. ഇതു കൂടാതെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക നിര്‍ദേശ പ്രകാരം 30 ഭക്ഷ്യസഹായ പദ്ധതികള്‍ വേറെയും നടപ്പാക്കുന്നുണ്ട്. വത്തിക്കാന്‍ കോവിഡ് കമ്മീഷന്റെ സഹകരണത്തോടെയാകും ഇതു നടപ്പാക്കുക.

ഈ പദ്ധതികള്‍ മാര്‍പാപ്പയുടെ ഉപവിയുടെ പ്രത്യക്ഷമായ അടയാളമാണെന്നതിനു പുറമെ ക്രൈസ്തവരോടും സന്മനസ്സുള്ള സകലരോടും നടത്തുന്ന അഭ്യര്‍ത്ഥന കൂടിയാണെന്നു വത്തിക്കാന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ഈ പകര്‍ച്ചവ്യാധിക്കാലത്ത് ആരും പിന്നിലുപേക്ഷിക്കപ്പെടുന്നില്ലെന്നു ഉറപ്പാക്കണമെന്നു മാര്‍പാപ്പ ആവശ്യപ്പെടുന്നതായി വത്തിക്കാന്‍ അറിയിച്ചു.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ സഹായിക്കുന്നതിനു 1992-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സ്ഥാപിച്ചതാണ് പോപുലോരും പ്രോഗ്രസിയോ ഫൗണ്ടേഷന്‍. അമേരിക്കന്‍ വന്‍കരയുടെ സുവിശേഷവത്കരണത്തിന്റെ അഞ്ചാം ശതാബ്ദിയാഘോഷത്തോടനുബന്ധിച്ചായിരുന്നു അത്. ഏറ്റവും ഉപേക്ഷിക്കപ്പെട്ടവരും സംരക്ഷണം ഏറ്റവും അര്‍ഹിക്കുന്നവരുമായ ജനങ്ങളോടുള്ള സഭയുടെ ഐക്യദാര്‍ഢ്യത്തിന്റെ അടയാളമാണ് ഈ ഉപവി സംഘടനയെന്നു അന്നു ജോണ്‍ പോള്‍ രണ്ടാമന്‍ വ്യക്തമാക്കിയിരുന്നു. വത്തിക്കാന്റെ സേവന-വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സമഗ്ര മനുഷ്യവികസന കാര്യാലയത്തിനു കീഴിലാണ് ഈ ഫൗണ്ടേഷന്‍. ഇറ്റാലിയന്‍ മെത്രാന്‍ സംഘമാണ് ഫൗണ്ടേഷനു കാര്യമായ പിന്‍ബലമേകുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org