ക്രിസ്തുവിന്‍റെ കുരിശാണ് ലോകത്തിന്‍റെ ഏക പ്രത്യാശ -പേപ്പല്‍ ധ്യാനഗുരു

ക്രിസ്തുവിന്‍റെ കുരിശാണ് ലോകത്തിന്‍റെ ഏക പ്രത്യാശ -പേപ്പല്‍ ധ്യാനഗുരു
Published on

ക്രിസ്തുവിന്‍റെ കുരിശു മാത്രമാണ് ലോകത്തിനു മുഴുവനുമുള്ള ഏക പ്രത്യാശയെന്നു പേപ്പല്‍ വസതിയിലെ ധ്യാനപ്രസംഗകനായ ഫാ. റെനീരോ കന്തലമേസാ പ്രസ്താവിച്ചു. ദുഃഖവെള്ളിയാഴ്ച വത്തിക്കാനില്‍ പീഢാനുഭവപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കുരിശ് ലോകത്തിനെതിരെയല്ല നില്‍ക്കുന്നത്. മറിച്ചു ലോകത്തിനു വേണ്ടിയാണ്. എല്ലാ സഹനങ്ങള്‍ക്കും അര്‍ത്ഥം നല്‍കുകയാണ് കുരിശിന്‍റെ ദൗത്യം. മനുഷ്യചരിത്രത്തിലെന്നും അതങ്ങനെയായിരുന്നു. ഇനിയും അങ്ങനെ തന്നെ ആയിരിക്കും – ഫാ. കന്തലമേസാ വിശദീകരിച്ചു.

ക്രിസ്തു മരിച്ചപ്പോള്‍ ദേവാലയത്തിന്‍റെ തിരശീല കീറുകയും ഭൂമി കുലുങ്ങുകയും പാറകള്‍ പിളരുകയും കല്ലറകള്‍ തുറക്കപ്പെടുകയും നിദ്രപ്രാപിച്ചിരുന്ന വിശുദ്ധര്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തുവെന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ട് ഫാ. കന്തലമേസാ പറഞ്ഞു, "ഈ വചനങ്ങള്‍ക്ക് എപ്പോഴും വെളിപാടിന്‍റേതായ ഒരു വിശദീകരണമാണ് നല്‍കി പോരാറുള്ളത്. എങ്കിലും, ക്രിസ്തുവിന്‍റെ പീഢാനുഭവത്തെക്കുറിച്ചു വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിയുടെയും ഹൃദയത്തില്‍ സംഭവിക്കേണ്ടതും ഇതു തന്നെയാണെന്ന സൂചനയും ഈ വാക്യങ്ങളിലുണ്ട്."

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org