റുവാണ്ടന്‍ ദമ്പതികളുടെ നാമകരണനടപടികള്‍ ആരംഭിച്ചു

റുവാണ്ടന്‍ ദമ്പതികളുടെ നാമകരണനടപടികള്‍ ആരംഭിച്ചു

1994-ല്‍ റുവാണ്ടന്‍ വംശഹത്യയ്ക്കിടെ കൊല്ലപ്പെട്ട ഭാര്യാഭര്‍ത്താക്കന്മാരായ ദാഫ്രോസ് റുഗുംബയെയും സിപ്രിയന്‍ റുഗുംബയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സിപ്രിയന്‍ ചെറുപ്പത്തില്‍ സെമിനാരിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ കത്തോലിക്കാസഭയുടെ വിമര്‍ശകരായ തത്വചിന്തകരുടെ പുസ്തകങ്ങളില്‍ ആകൃഷ്ടനായി അദ്ദേഹം സെമിനാരി വിടുകയും നിരീശ്വരവാദിയായി മാറുകയും ചെയ്തു. പിന്നീട് അദ്ദേഹം കലാകാരനും കവിയും സംഗീതജ്ഞനുമായി റുവാണ്ടയില്‍ ഖ്യാതി നേടുകയും ഉയര്‍ന്ന ഭരണാധികാരിയാകുകയും ചെയ്തു. വിവാഹം ചെയ്ത ദാഫ്രോസ് അടിയുറച്ച കത്തോലിക്കാവിശ്വാസി ആയിരുന്നു. ഈ ബന്ധം സംഘര്‍ഷഭരിതമായിരുന്നു. പലപ്പോഴും അവര്‍ വേറിട്ടു താമസിച്ചു. സിപ്രിയനു മറ്റൊരു സ്ത്രീയില്‍ കുഞ്ഞുണ്ടായി. ഭാര്യയുടെ മതവിശ്വാസത്തെ അദ്ദേഹം അധിക്ഷേപിക്കുകയും പതിവായിരുന്നു. എന്നാല്‍ ദാഫ്രോസ് തന്‍റെ വിശ്വാസത്തില്‍ അചഞ്ചലയായി നില്‍ക്കുകയും വിവാഹബന്ധത്തിന്‍റെ അഭേദ്യതയില്‍ അടിയുറച്ചു വിശ്വസിച്ചിരുന്നതിനാല്‍ ഭര്‍ത്താവിനു വേണ്ടി പ്രാര്‍ത്ഥന നടത്തുകയും ചെയ്തുപോന്നു. ഇവര്‍ക്കു പത്തു മക്കള്‍ ജനിച്ചു.

1982-ല്‍ സിപ്രിയനെ ഗുരുതരമായ രോഗം ബാധിച്ചു. ഈ ഘട്ടത്തില്‍ അദ്ദേഹം ദൈവവിശ്വാസത്തിലേയ്ക്കു മടങ്ങി വന്നു. 17 വര്‍ഷം നീണ്ടു നിന്ന ദാമ്പത്യപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും അവര്‍ പൂര്‍ണ ഐക്യത്തിലാകുകയും ചെയ്തു. ദാഫ്രോസിന്‍റെ നിരന്തരമായ പ്രാര്‍ത്ഥനകളാണ് ഇതു സാദ്ധ്യമാക്കിയതെന്നു സിപ്രിയന്‍ പിന്നീട് എല്ലായിടത്തും പറയുമായിരുന്നു. ഇരുവരും എമ്മാനുവല്‍ കമ്മ്യൂണിറ്റി എന്ന അല്മായസംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. റുഗുംബ ദമ്പതികളുടെ ദാമ്പത്യം സ്വസ്ഥമായെങ്കിലും റുവാണ്ടയില്‍ വലിയ അസ്വസ്ഥത പൊട്ടിപുറപ്പെട്ടു. വംശീയകലാപം പതിവായി. ഹുടു എന്ന ഭൂരിപക്ഷഗോത്രം ടുട്സി എന്ന ന്യൂനപക്ഷഗോത്രത്തിനെതിരെ നടത്തിയ വംശഹത്യയില്‍ ഏതാണ്ട് പത്തുലക്ഷത്തോളം പേരാണ് കൊല്ലപ്പെട്ടത്. കലാകാരനെന്ന നിലയിലുള്ള പ്രസിദ്ധി ഉപയോഗിച്ചു വംശീയകലാപത്തിനെതിരെ നിരന്തരം പ്രതികരിച്ചുകൊണ്ടിരുന്ന സിപ്രിയന്‍ തിരിച്ചറിയല്‍ കാര്‍ഡു നോക്കി നടത്തുന്ന അക്രമങ്ങളെ ശക്തമായി അപലപിച്ചിരുന്നു. ഇതേ തുടര്‍ന്നു തങ്ങളുടെ കണ്ണിലെ കരടായി മാറിയ അദ്ദേഹത്തിന്‍റെ വീട്ടില്‍ കലാപകാരികള്‍ നടത്തിയ അക്രമത്തില്‍ റുഗുംബ ദമ്പതികളും അവരുടെ ആറു മക്കളും കൊല്ലപ്പെട്ടു. ഒരു രാത്രി മുഴുവന്‍ ദിവ്യകാരുണ്യത്തിനു മുമ്പില്‍ നടത്തിയ ആരാധനയ്ക്കൊടുവിലായിരുന്നു ഈ രക്തസാക്ഷിത്വങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org