ഡി. ബാബു പോള്‍: സഭകളുടെ ഐക്യത്തിനു വേണ്ടി പ്രയത്നിച്ച സഭാസ്നേഹി – മാര്‍ ജോര്‍ജ് ആലഞ്ചേരി

ഡി. ബാബു പോള്‍: സഭകളുടെ ഐക്യത്തിനു വേണ്ടി പ്രയത്നിച്ച സഭാസ്നേഹി – മാര്‍ ജോര്‍ജ് ആലഞ്ചേരി

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കിഫ്ബി ഭരണസമിതി അംഗവും സാംസ്കാരിക നായകനുമായിരുന്ന ഡി. ബാബു പോളിന്‍റെ നിര്യാണത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി നിന്നു കൊണ്ട് രാഷ്ട്രീയ വിഷയങ്ങളില്‍ ആധികാരികമായ ഒരു ശബ്ദമായിരുന്നു ബാബു പോളിന്‍റേത്. ഇടുക്കി കളക്ടറായിരുന്ന കാലത്ത് അവിടത്തെ സാധാരണ കര്‍ഷകര്‍ക്കുവേണ്ടി ചെയ്ത സേവനം നിസ്തുലമാണ്. സമൂഹത്തില്‍ അതാത് കാലങ്ങളില്‍ ഉയര്‍ ന്നു വന്നിരുന്ന പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സാമൂഹിക നേതാക്കന്മാര്‍ക്കും സഭാശുശ്രൂഷകര്‍ക്കും അദ്ദേഹത്തിന്‍റെ സഹായസഹകരണങ്ങള്‍ എപ്പോഴും ഉണ്ടായിട്ടുണ്ട്.

ഉറച്ച ദൈവവിശ്വാസിയും സഭാ സ്നേഹിയുമായിരുന്ന ബാബു പോള്‍ ക്രൈസ്തവ സഭകളുടെ സമ്പൂര്‍ണ ഐക്യത്തിനുവേണ്ടി നിരന്തരം പരിശ്രമിച്ചിരുന്നു. ബൈബിള്‍ വിഷയങ്ങളിലും സഭാശാസ്ത്രത്തിലും അദ്ദേഹത്തിന് വലിയ ജ്ഞാനം ഉണ്ടായിരുന്നു. പത്തൊമ്പതാം വയസ്സില്‍ രചിച്ച ഒരു യാത്രയുടെ ഓര്‍മ്മകള്‍ എന്ന യാത്രാവിവരണം, വേദശബ്ദരത്നാകരം എന്ന മലയാളത്തിലെ ആദ്യ ബൈബിള്‍ നിഘണ്ടു, കഥ ഇതുവരെ എന്ന ആത്മകഥ എന്നിങ്ങനെയുള്ള നിരവധി രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഔദ്യോഗിക ജീവിതത്തിന്‍റെ നന്മനിറഞ്ഞ ശേഷിപ്പുകളിലൂടെയും സഭയും സമൂഹവും എക്കാലവും അദ്ദേഹത്തെ ഓര്‍മ്മിക്കുമെന്ന് അനുശോചന സന്ദേശത്തില്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org