ദൈവജനം ഒരുമിച്ചു കൂടാത്ത സഭ യഥാര്‍ത്ഥ സഭയല്ല -ഫ്രാന്‍സിസ് മാര്‍പാപ്പ

ദൈവജനം ഒരുമിച്ചു കൂടാത്ത സഭ യഥാര്‍ത്ഥ സഭയല്ല -ഫ്രാന്‍സിസ് മാര്‍പാപ്പ
Published on

ഓണ്‍ലൈന്‍ കുര്‍ബാനകളും ദൈവജനത്തിന്‍റെ ഓണ്‍ലൈന്‍ കൂട്ടായ്മകളും യഥാര്‍ത്ഥ സഭയെ അല്ല പ്രതിനിധീകരിക്കുന്നതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇത്തരമൊരു രീതിയാണ് ഇപ്പോള്‍ ദൈവം അനുവദിച്ചിരിക്കുന്നത്. പക്ഷേ ഇതു യഥാര്‍ത്ഥ സഭയാണെന്നു കരുതരുത്. യേശുവുമായുള്ള ബന്ധം വ്യക്തിപരമാണ്. പക്ഷേ അതൊരു സമൂഹത്തിലായിരിക്കണം. ദിവ്യകാരുണ്യമില്ലാതേയും ദൈവജനം ഒന്നിച്ചു കൂടാതേയും കൂദാശകളില്ലാതേയും ആയിരിക്കുന്നത് അപകടകരമാണ്. ദൈവജനത്തില്‍നിന്നു വേറിട്ടു നിന്ന്, തനിക്കു മാത്രമായി ഒരു ദൈവബന്ധം സ്ഥാപിച്ചു ജീവിക്കാനാകുമെന്നു ആളുകള്‍ കരുതുന്നത് നല്ലതല്ല. യേശുവിന്‍റെ ശിഷ്യര്‍ എപ്പോഴും ഒരു കൂട്ടായ്മയായിട്ടാണ് കര്‍ത്താവുമായി ബന്ധം പുലര്‍ത്തിയതെന്നു സുവിശേഷങ്ങള്‍ കാണിച്ചു തരുന്നുണ്ട്. അവര്‍ ഒരു മേശയ്ക്കു ചുറ്റും ഒരുമിച്ചു കൂടുകയും അപ്പം മുറിച്ച് കൂദാശ കൈക്കൊണ്ടിരുന്നവരാണ് – മാര്‍പാപ്പ വിശദീകരിച്ചു.

സഭയും കൂദാശകളും ദൈവജനവും മൂര്‍ത്തമാണ് – മാര്‍പാപ്പ തുടര്‍ന്നു: വിശ്വാസികള്‍ക്കു ദൈവവുമായുള്ള ബന്ധവും മൂര്‍ത്തമായിരിക്കണം. അപ്പസ്തോലന്മാരുടെ ജീവിതമാണ് അതിനു മാതൃക. അവര്‍ വ്യക്തികളെന്ന നിലയില്‍ സ്വാര്‍ത്ഥരായി അല്ല ജീവിച്ചത്, മറിച്ച് ജനങ്ങള്‍ക്കൊപ്പമാണ് – മാര്‍പാപ്പ വിശദീകരിച്ചു.

തന്‍റെ താമസസ്ഥലമായ സാന്താ മാര്‍ത്തായിലെ ചാപ്പലില്‍ പ്രഭാത ദിവ്യബലിയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ഈ കുര്‍ബാന പരിമിതമായ ആളുകള്‍ക്കൊപ്പമാണ് മാര്‍പാപ്പ ഇപ്പോള്‍ അര്‍പ്പിച്ചു വരുന്നത്. ഇതിന്‍റെ തത്സമയസംപ്രേഷണം നടക്കുന്നുണ്ട്. ഓണ്‍ലൈന്‍ കുര്‍ബാനകള്‍ ആഗോളസഭയിലെങ്ങും വ്യാപകമായ പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ച വ്യക്തമായ വിശദീകരണം മാര്‍പാപ്പ നല്‍കുന്നത്. ചില മെത്രാന്മാരും മറ്റും തന്നോട് ഇതാവശ്യപ്പെട്ടിരുന്നതായും മാര്‍പാപ്പ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org