സകല മനുഷ്യരോടും സഹകരിച്ചു പ്രവര്‍ത്തിക്കണം – ദൈവശാസ്ത്ര സമ്മേളനം

സകല മനുഷ്യരോടും സഹകരിച്ചു പ്രവര്‍ത്തിക്കണം – ദൈവശാസ്ത്ര സമ്മേളനം

മാറുന്ന കാലഘട്ടത്തില്‍ കൂട്ടായ്മയുടെ ശുശ്രൂഷയ്ക്കായി പുനരര്‍പ്പണം ചെയ്യാന്‍ സഭ സകല മനുഷ്യരോടും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് ബാംഗ്ലൂരില്‍ സമപിച്ച അഖിലേന്ത്യ ദൈവശാസ്ത്ര സമ്മേളനം അഭിപ്രായപ്പെട്ടു. സൃഷ്ടിയിലൂടെ മനുഷ്യകുലം മുഴുവനുമായും ഗാഡബന്ധത്തിലായ ദൈവാത്മാവു തന്നെയാണ് സഭയില്‍ വിവിധ ശുശ്രൂഷകള്‍ക്കായി വിശ്വാസികളെ ഒരുക്കുന്നത്. അതിനാല്‍ സഭയ്ക്കു വെളിയിലും പ്രവര്‍ത്തനനിരതമായ പരിശുദ്ധാത്മാവിന്‍റെ സ്വരം തിരിച്ചറിയണമെന്ന് സമാപനസന്ദേശത്തില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സൂചിപ്പിച്ചു.

ഓരോ വ്യക്തിയുടെയും കാഴ്ചപ്പാടുകളിലെ നവീകരണമാണ് സഭയുടെയും ലോകത്തിന്‍റെയും നവീകരണത്തിന് നിമിത്തമാകുന്നതെന്ന് അഖിലേന്ത്യാ മെത്രാന്‍ സമിതിയുടെ ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

വിശ്വമാനവികതയുടെ വക്താവായ മഹാത്മഗാന്ധിയിലൂടെയും മറ്റും മാനവവിമോചനത്തിനുള്ള പ്രചോദനമായി പ്രവര്‍ത്തിച്ച പരിശുദ്ധാത്മാവിനെ തിരിച്ചറിഞ്ഞ് അംഗീകരിക്കുമ്പോഴാണ് സഭയ്ക്കു വെളിയിലെ ദൈവാരൂപിയുടെ പ്രവര്‍ത്തനം ഗ്രഹിക്കാനാകുന്നതെന്ന് ദൈവശാസ്ത്ര സമ്മേളനം വിലയിരുത്തി.

ബാംഗ്ലൂര്‍ എന്‍ബിസിഎല്‍സിയില്‍ നടന്ന സമ്മേളനത്തില്‍ വിശാഖപട്ടണം ആര്‍ച്ച്ബിഷപ് പ്രകാശ് മല്ലവരപ്പ, പൂന ബിഷപ് തോമസ് ദാബ്രെ, മൂവാറ്റുപുഴ ബിഷപ് എബ്രാഹം മാര്‍ യൂലിയോസ്, റവ. ഡോ. മാത്യു വെള്ളാനിക്കല്‍, റവ. ഡോ. സ്റ്റീഫന്‍ ഫെര്‍ണാണ്ടസ്, റവ. ഡോ. ജോസഫ് വല്ലിയാട്ട്, റവ. ഡോ. ഫ്രാന്‍സിസ് ഗോണ്‍സാല്‍വസ്, റവ. ഡോ. ജോസഫ് ലോബോ, റവ. ഡോ. പോളി മണിയാട്ട്, എന്നിവര്‍ വിവിധ വിഷയങ്ങളെ ആധാരമാക്കി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് നാഗ് പൂര്‍ ആര്‍ച്ചുബിഷപ് എബ്രാഹം വിരുത്തികുളങ്ങര, ഹൈദ്രാബാദ് ആര്‍ച്ചുബിഷപ് തുമ്മ ബാല, ധര്‍മ്മപുരി ബിഷപ് ലോറന്‍സ് പയസ്, ബിഷപ്പുമാരായ ശരച്ചന്ദ്രനായിക്, അന്തോണി സാമി, സുന്ദര്‍ രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മെത്രാന്‍സ്ഥാനത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ ആര്‍ച്ചുബിഷപ് എബ്രാഹം വിരുതികുളങ്ങരയെ സമ്മേളനത്തില്‍ ആദരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org