
നിര്‍ബന്ധിത മതപരിവര്‍ത്തനം ശരിയല്ലെന്നും എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം ഏതൊരാള്‍ക്കും ഏതു മതവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ അഭിപ്രായപ്പെട്ടു. അടിസ്ഥാനപരമായി ഒരാള്‍ക്ക് തന്‍റെ മതം തിരഞ്ഞെടുക്കാനു ള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. "ഞാന്‍ ഒരു ബുദ്ധമതക്കാരനാണ്. പക്ഷേ പാശ്ചാത്യ രാജ്യങ്ങളില്‍ അതു ഞാനൊരിക്കലും പ്രചരിപ്പിക്കാറില്ല. മതംമാറ്റങ്ങള്‍ ചിലപ്പോഴൊക്കെ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കും. ഞാനൊരിക്കലും നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ അനുകൂലിക്കില്ല. എന്നാല്‍ ഒരാള്‍ക്ക് സ്വയം മതം മാറണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യമുണ്ട്" – ഗ്വാഹട്ടിയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ആശയസംവാദം നടത്തുകയായിരുന്നു ദലൈലാമ.
ലോകമെങ്ങുമുള്ള ജലമലിനീകരണത്തെക്കുറിച്ചും ദലൈലാമ സൂ ചിപ്പിച്ചു. ടിബറ്റില്‍ നദികളെ പവിത്രമായിട്ടാണ് സംരക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടിബറ്റിനു പുറത്ത് മലിനമാക്കപ്പെട്ട ജലമാണു താന്‍ കാണുന്നത്. ടിബറ്റില്‍ ഏതു വെള്ളവും കുടിക്കാം. പക്ഷേ അതിനു പുറത്ത് യാത്ര ചെയ്യുമ്പോള്‍ മലിനീകരണം മൂലം വെള്ളം കുടിക്കരുതെന്നാണു നിര്‍ദ്ദേശിക്കുന്നത്. നദികളെ ആശ്രയിച്ചു കോടിക്കണക്കിനു ജനങ്ങള്‍ ജീവിക്കുന്നു. നദികളെ സംരക്ഷിക്കാനും അവയെ മാലിന്യമുക്തമാക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും നമുക്കു കഴിയണമെന്നും ദലൈലാമ ആഹ്വാനം ചെയ്തു.