ദളിത് ക്രൈസ്തവര്‍ക്ക് സംവരണം: നിയമസഭ ബില്‍ പാസ്സാക്കണം

ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം ഉറപ്പാക്കുന്ന ബില്‍ ആന്ധ്രപ്രദേശ് നിയമസഭ പാസ്സാക്കിയതുപോലെ കേരള നിയമസഭയിലും ദളിത് ക്രൈസ്തവര്‍ക്ക് പട്ടിക ജാതി സംവരണം ഉറപ്പാക്കുന്ന ബില്‍ പാസ്സാക്കി കേന്ദ്ര സര്‍ക്കാരിലേക്ക് ശിപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ടു ദളിത് കത്തോലിക്കാ മഹാജന സഭ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിവേദനം നല്‍കി. ഉദ്യോഗതലത്തില്‍ ദളിത് ക്രൈസ്തവര്‍ക്കുള്ള സംവരണം ക്ലാസ് നാലില്‍ രണ്ടു ശതമാനവും മറ്റു തസ്തികകളില്‍ ഒരു ശതമാനവും മാത്രമാണ്. ഇതു പ്രയോജനപ്പെടണമെങ്കില്‍ നിയമന റൊട്ടേഷന്‍ ലിസ്റ്റില്‍ ഇരുപതാം നമ്പറിനുള്ളില്‍ ഈ സ്ഥാനം നല്‍കാന്‍ നടപടി സ്വീകരിക്കണം. ത്രിതല പഞ്ചായത്തു തലങ്ങളില്‍ പഞ്ചായത്തു രാജ് ആക്ട് പ്രകാരം ദളിത് ക്രൈസ്തവര്‍ക്കു സീറ്റു സംവരണം നല്‍കി അധികാര പങ്കാളിത്തം ഉറപ്പു വരുത്തണം, ദളിത് വിദ്യാര്‍ത്ഥികളുടെ ഗ്രാന്‍റ് വര്‍ദ്ധിപ്പിക്കണം, സ്വാശ്രയ കോഴ്സുകളില്‍ മാനേജുമെന്‍റ് ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്ന ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രാന്‍റും സ്റ്റൈഫന്‍റും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നതിനു വേണ്ട നടപടികള്‍ കൈക്കൊള്ളണം തുടങ്ങിയ കാര്യങ്ങള്‍ നിവേദനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകളില്‍ നിന്നും പരിവര്‍ത്തിത കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്തു കുടിശ്ശിഖ വരുത്തിയിട്ടുള്ളവര്‍ക്ക് ഒരു ലക്ഷം വരെയുള്ള തുക എഴുതിത്തള്ളണമെന്നും ആവശ്യപ്പെടുന്ന നിവേദനം ഡിസിഎംഎസ് സംസ്ഥാന ഡയറക്ടര്‍ ഫാ. ഷാജ് കുമാര്‍, മുന്‍ ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കുറ്റ്, സംസ്ഥാന ഭാരവാഹികളായ ജെയിംസ് ഇലവുങ്കല്‍, സെലിന്‍ ജോസഫ്, എന്‍ ദേവദാസ്, ജോര്‍ജ് പള്ളിത്തറ, ഷാജി ചാഞ്ചിക്കല്‍, പി.ഒ. പീറ്റര്‍, സി.സി. കുഞ്ഞുകൊച്ച് എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും സമര്‍പ്പിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org