ദളിത് വിമോചന ഞായര്‍ ആചരണം

ദളിത് വിമോചന ഞായര്‍ ആചരണം

സിബിസിഐയുടെ ദളിതര്‍ക്കും പിന്നോക്കക്കാര്‍ക്കും വേണ്ടിയുള്ള കാര്യാലയവും ക്രൈസ്തവ സഭകളുടെ ദേശീയ കൗണ്‍സിലും (എന്‍സിസിഐ) സംയുക്തമായി നവംബര്‍ 11 ദളിത് വിമോചന ഞായര്‍ ആയി ആചരിച്ചു. കന്ദമാല്‍ കലാപത്തിന്‍റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചുള്ള വിമോചന ഞായര്‍ ആചരണത്തിന്‍റെ പ്രമേയമായി സ്വീകരിച്ചത് "ഞാനും എന്‍റെ കുടുംബവും കര്‍ത്താവിനെ സേവിക്കും" (ജോഷ്വാ 24 – 15) എന്ന വചനമാണ്.

ദളിത് വിമോചന ഞായര്‍ ആചരണത്തില്‍ ഭാരത്തിലെ എല്ലാ ക്രൈസ്തവ സമൂഹങ്ങളും തങ്ങളുടെ വിശ്വാസം നവീകരിക്കുകയും ശബ്ദമില്ലാത്ത ദളിത് സമൂഹത്തിന്‍റെ ശബ്ദമായി മാറാന്‍ പരിശ്രമിക്കുകയും വേണമെന്ന് ദളിതര്‍ക്കും പിന്നോക്കക്കാര്‍ക്കും വേണ്ടിയുള്ള സിബിസിഐ കാര്യാലയത്തിന്‍റെ സെക്രട്ടറി ഫാ. ദേവസഹായരാജ് അനുസ്മരിപ്പിച്ചു. ദൈവിക ചൈതന്യത്തില്‍ ഐക്യപ്പെട്ടിരിക്കുന്ന നാം, മറ്റുള്ളവരെ സ്നേഹിക്കുകയും സഹോദരതുല്യം പരിഗണിക്കുകയും വേണം. ഏതു മതത്തില്‍ ജീവിക്കാനും ഏതു മതവും പ്രഘോഷിക്കാനുമുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. എന്നാല്‍ നമ്മുടെ ദളിത് സഹോദരങ്ങള്‍ ക്രിസ്തുമത്തിലേക്കു പരിവര്‍ത്തനം ചെയ്തതിന്‍റെ പേരില്‍ മതപരമായ സ്വാതന്ത്ര്യവും അവകാശവും അവര്‍ക്ക് നിഷേധിക്കപ്പെടുന്നു എന്നതാണു യാഥാര്‍ത്ഥ്യം — ഫാ. ദേവസഹായരാജ് വിശദീകരിച്ചു.

ദളിത് സഹോദരങ്ങള്‍ സാമ്പത്തികമായി മാത്രമല്ല ദരിദ്രര്‍. രാഷ്ട്രീയമായി ശക്തിയില്ലാത്തവരും സാമൂഹികമായി പിന്തള്ളപ്പെട്ടവരുമാണ്. മനുഷ്യനിര്‍മ്മിതമായ ജാതിവ്യവസ്ഥ നൂറ്റാണ്ടുകളായി തുടരുകയാണ്. ഇതു ദളിതരെ വിഭജിതരാക്കുകയും ജീവിതത്തില്‍ യഥാര്‍ത്ഥ ദൈവസാന്നിധ്യാനുഭവം അന്യമാക്കുകയും ചെയ്യുന്നു – ഫാ. ദേവസഹായരാജ് പറഞ്ഞു. ഒറീസയിലെ കന്ദമാലില്‍ ക്രിസ്ത്യാനികള്‍ നേരിട്ട അതിക്രമങ്ങളുടെ പത്താം വാര്‍ഷികത്തില്‍ വിശ്വാസത്തിനു വേണ്ടി ജീവന്‍ ത്യജിച്ചവരെയും വീടും സ്വത്തുക്കളും നഷ്ടമായവരെയും സഭ അനുസ്മരിക്കുകയും ആദരിക്കുകയുമാണ്. അവരുടെ സഹനങ്ങളുടെ രക്തം വിശ്വാസത്തിന്‍റെ വിത്തുകളാണ്. കന്ദമാല്‍ കലാപത്തില്‍ വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റിലായി നീതിക്കു വേണ്ടി കഴിഞ്ഞ പത്തു വര്‍ഷമായി ജയിലില്‍ കഴിയുന്ന നിരപരാധികളായ ഏഴു പേര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും ഫാ. ദേവസഹായരാജ് വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org