ദളിത് ക്രൈസ്തവ സംവരണത്തിനായി നിവേദനം

ദളിത് ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും പട്ടികജാതി സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സിബിസിഐയുടെ ദളിതര്‍ക്കും പിന്നോക്കക്കാര്‍ക്കും വേണ്ടിയുള്ള കമ്മീഷന്‍, ദേശീയ ദളിത് ക്രൈസ്തവ കൗണ്‍സില്‍ എന്നിവയുടെ പ്രതിനിധികള്‍ കേന്ദ്ര മന്ത്രിമാര്‍ക്കു നിവേദനം നല്‍കി. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി മുക്തര്‍ അബ്ബാസ് നഖ്വി, സാമൂഹിക നീതി – ശാക്തികരണ വകുപ്പു മന്ത്രി തവര്‍ചന്ദ് എന്നിവരാണ് ഇതു സംബന്ധിച്ച് ന്യൂനപക്ഷ മത നേതാക്കളുമായി ഡല്‍ഹി അംബേദ്കര്‍ ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ കൂടിക്കാഴ്ച നടത്തിയത്. ദളിത് ക്രൈസ്തവര്‍ക്കും ദളിത് മുസ്ലീങ്ങള്‍ക്കും പട്ടിക ജാതി സംവരണം നല്‍കണമെന്ന ആവശ്യം സഭാ നേതാക്കള്‍ ഉന്നയിച്ചു. ആദിവാസികളുടെ ഭൂമി അവകാശം സംരക്ഷിക്കുക, ജാതി വിവേചനങ്ങള്‍ ഇല്ലാതാക്കുക, ദളിതരും ആദിവാസികളും അടക്കമുള്ള സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും സഭാ നേതാക്കള്‍ മന്ത്രിമാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയുണ്ടായി. ക്രൈസ്തവ സഭാ പ്രതിനിധികള്‍ക്കു പുറമെ, മുസ്ലീം, സിക്ക്, ജെയ്ന്‍, പാര്‍സി, ബുദ്ധമത പ്രതിനിധികളും ചര്‍ച്ചകളില്‍ പങ്കെടുത്ത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org