ദരിദ്രസേവനമാണു ക്രൈസ്തവര്‍ക്കു സമാധാനവും സന്തോഷവും നല്‍കുന്നത് – ഫ്രാന്‍സിസ് മാര്‍പാപ്പ

ദരിദ്രസേവനമാണു ക്രൈസ്തവര്‍ക്കു  സമാധാനവും സന്തോഷവും നല്‍കുന്നത് – ഫ്രാന്‍സിസ് മാര്‍പാപ്പ

ദരിദ്രരെ സേവിക്കുന്നതാണ് ക്രൈസ്തവര്‍ക്ക് സന്തോഷവും ആത്മാവില്‍ സമാധാനവും നല്‍കുന്നതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. കാരണം, നമ്മുടെ സ്വന്തം കരങ്ങള്‍ കൊണ്ട് ക്രിസ്തുവിന്‍റെ ശരീരത്തെ സ്പര്‍ശിക്കുകയാണ് അതിലൂടെ നാം ചെയ്യുന്നത്. നമ്മുടെ വല്ലപ്പോഴുമുള്ള ഉപവിപ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളോ നമ്മുടെ മനസാക്ഷിയെ തൃപ്തിപ്പെടുത്തുന്നതിനുള്ള ഉപകരണങ്ങളോ ആയിട്ടല്ല പാവപ്പെട്ടവരെ കാണേണ്ടത്. ക്രിസ്തുവിനെ നാം യഥാര്‍ത്ഥത്തില്‍ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പാവപ്പെട്ട മനുഷ്യരുടെ സഹിക്കുന്ന ശരീരങ്ങളില്‍ അവിടുത്തെ ശരീരത്തെ നാം സ്പര്‍ശിക്കണം – മാര്‍പാപ്പ ലോക ദരിദ്രദിനാചരണത്തിനു മുന്നോടിയായി പുറപ്പെടുവിച്ച സന്ദേശത്തില്‍ വിശദീകരിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് ഒരു അപ്പസ്തോലിക പ്രഖ്യാപനത്തിലൂടെ ദരിദ്രര്‍ക്കുവേണ്ടി ഒരു ലോകദിനം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചത്. ഈ വര്‍ഷം നവംബര്‍ 19 ഞായറാണ് ലോക ദരിദ്രദിനമായി ആചരിക്കുന്നത്. ഏറ്റവും എളിയവര്‍ക്കും സഹായമര്‍ഹിക്കുന്നവര്‍ക്കും ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ വലിയ അടയാളമായി മാറാന്‍ ലോകമെങ്ങും ക്രൈസ്തവസമൂഹങ്ങള്‍ക്കു കഴിയണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ ദിനാചരണം പ്രഖ്യാപിച്ചതെന്നു മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

തെരുവിലെ ക്രിസ്തു ശൈത്യവും നഗ്നതയും സഹിക്കുമ്പോള്‍ ദേവാലയത്തിലെ ക്രിസ്തുശരീരത്തെ അലങ്കരിക്കുന്നതില്‍ കാര്യമില്ലെന്ന് വി. ജോണ്‍ ക്രിസോസ്തമിനെ ഉദ്ധരിച്ചു മാര്‍പാപ്പ വ്യക്തമാക്കി. ദരിദ്രരെ സമീപിക്കുക, അവരുടെ നോട്ടങ്ങളെ അഭിമുഖീകരിക്കുക, അവരെ ആശ്ലേഷിക്കുകയും അവരുടെ ഏകാന്തത തകര്‍ക്കുന്ന സ്നേഹത്തിന്‍റെ ഊഷ്മളത അവരെ അനുഭവിപ്പിക്കുകയും ചെയ്യുക. ദൈവം സ്വര്‍ഗവും ഭൂമിയും സൃഷ്ടിച്ചത് എല്ലാവര്‍ക്കും വേണ്ടിയാണ്. പക്ഷേ ചിലര്‍ അതിനു ഭിത്തികളും വേലികളും മതിലുകളും നിര്‍മ്മിച്ചു. തന്‍റെ ദാനത്തില്‍ നിന്ന് ആരേയും ഒഴിവാക്കരുതെന്ന ദൈവകല്‍പനയെ ലംഘിച്ചു. ദരിദ്രരോടുള്ള കടമ നിറവേറ്റുന്നതില്‍ ക്രൈസ്തവരെന്ന നിലയില്‍ നാം ചരിത്രത്തില്‍ പലപ്പോഴും പരാജയപ്പെട്ടിട്ടുണ്ട്. എങ്കിലും ഈ കടമയോടു പൂര്‍ണമായി നീതി പുലര്‍ത്തി ജീവിച്ച വിശുദ്ധരായ സ്ത്രീ പുരുഷന്മാരെ പരിശുദ്ധാത്മാവ് എപ്പോഴും ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുമുണ്ട്. അതു നമുക്കെല്ലാം മാതൃകയാണ്. വി. ഫ്രാന്‍സിസ് ഇതിനുദാഹരണമാണ്. ദരിദ്രരെ എങ്ങനെ ശരിയായി സേവിക്കാമെന്നതിന്‍റെ മികച്ച സാക്ഷ്യമാണ് ഫ്രാന്‍സിസ്. അതദ്ദേഹത്തിനു സാധിച്ചത് ക്രിസ്തുവില്‍ തന്‍റെ ദൃഷ്ടിയുറപ്പിച്ചിരുന്നതുകൊണ്ടും പാവങ്ങളില്‍ ക്രിസ്തുവിനെ കാണാന്‍ കഴിഞ്ഞതുകൊണ്ടുമാണ് – മാര്‍പാപ്പ വിശദീകരിച്ചു.

ചരിത്രത്തെ പരിവര്‍ത്തിപ്പിക്കാനും യഥാര്‍ത്ഥ വികസനം സാദ്ധ്യമാക്കാനും നാം ആഗ്രഹിക്കുന്നെങ്കില്‍ ദരിദ്രരുടെ വിലാപം കേള്‍ക്കുകയും അവരുടെ പാര്‍ശ്വവത്കരണം അവസാനിപ്പിക്കുകയും വേണമെന്നു മാര്‍പാപ്പ പറഞ്ഞു. നിരവധി ലോകദിനങ്ങള്‍ക്കിടയില്‍ ഈയൊരു ദിനം കൂടി സ്ഥാപിച്ചത് സുവിശേഷാത്മകമായ പൂര്‍ണതയ്ക്കു വേണ്ടിയാണ്. പാവപ്പെട്ടവരോടുള്ള ക്രിസ്തുവി ന്‍റെ അധികസ്നേഹത്തെയാണ് അതു വ്യക്തമാക്കുന്നത്. തിരസ്കാരത്തിന്‍റെയും വലിച്ചെറിയലിന്‍റെയും സംസ്കാരത്തെ ആശ്ലേഷത്തിന്‍റെയും സമാഗമത്തിന്‍റെയും സംസ്കാരം കൊണ്ടു നേരിടുവാന്‍ മതഭേദമെന്യേ എല്ലാ വിശ്വാസികളെയും പ്രോത്സാഹിപ്പിക്കുകയാണ് ഇതുവഴി ചെയ്യുന്നത് – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org