ദാ വിഞ്ചിയുടെ ചിത്രപ്രദര്‍ശനത്തിനു വത്തിക്കാനിലെ ചിത്രം വായ്പ നല്‍കുന്നു

ദാ വിഞ്ചിയുടെ ചിത്രപ്രദര്‍ശനത്തിനു വത്തിക്കാനിലെ ചിത്രം വായ്പ നല്‍കുന്നു
Published on

ലിയോനാര്‍ദോ ദാവിഞ്ചിയുടെ ചരമത്തിന്‍റെ അഞ്ചാം ശതാബ്ദിയോടനുബന്ധിച്ചു ന്യൂയോര്‍ക്കിലെ മെത്രാപ്പോലീത്തന്‍ മ്യൂസിയം നടത്തുന്ന ചിത്രപ്രദര്‍ശനത്തിലേയ്ക്ക് വത്തിക്കാന്‍ മ്യൂസിയത്തില്‍ നിന്നുള്ള ഒരു ചിത്രം താത്കാലികമായി നല്‍കുന്നു. "വിജനതയില്‍ പ്രാര്‍ത്ഥിക്കുന്ന വി.ജെറോം" എന്ന ചിത്രമാണ് വത്തിക്കാന്‍ മ്യൂസിയത്തില്‍ നിന്നു ന്യൂയോര്‍ക്കിലെത്തിക്കുന്നത്. ദാവിഞ്ചി പൂര്‍ത്തിയാക്കാതിരുന്ന ഒരു ചിത്രമാണിത്.

വി. ജെറോമിന്‍റേതായി നിരവധി ചിത്രകാരന്മാര്‍ വരച്ചിട്ടുള്ള ചിത്രങ്ങളില്‍ ഏറ്റവും വ്യത്യസ്തമായ ഒന്നാണ് ഈ പെയിന്‍റിംഗില്‍ ദാവിഞ്ചി വിഭാവനം ചെയ്തിട്ടുള്ളത്. വിശുദ്ധന്‍ മരുഭൂമിയില്‍ താപസനായി ചിലവഴിച്ച അവസാനകാലമാണ് ദാവി ഞ്ചി ചിത്രീകരിക്കുന്നത്. എ ഡി 347 മുതല്‍ 420 വരെ ജീവിച്ചിരുന്ന വി. ജെറോം ആണ് ബൈബിള്‍ മിക്കവാറും ആദ്യമായി ലത്തീനിലേയ്ക്കു പരിഭാഷപ്പെടുത്തിയത്.

1483 ലാണു ദാവിഞ്ചി മിലാനില്‍ വച്ച് ഈ ചിത്രം വരയ്ക്കാനാരംഭിച്ചതെന്നു കരുതപ്പെടുന്നു. 1519-ല്‍ ഫ്രാന്‍സില്‍ മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന്‍റെ കൈവശം ഇതുണ്ടായിരുന്നു. ദാവിഞ്ചിയുടേതാണ് എന്ന കാര്യത്തില്‍ ആരും തര്‍ക്കമുന്നയിക്കാത്ത ആറോളം പെയിന്‍റിംഗുകളിലൊന്ന് എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org