ബധിര-മൂക യുവതീയുവാക്കന്‍മാര്‍ക്കു വേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്സ്

കൊച്ചി: ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടിയുള്ള കെസിബിസി തലത്തിലുള്ള വിവാഹ ഒരുക്ക കോഴ്സ് ആഗസ്റ്റ് 9, 10, 11 തീയതികളില്‍ കൊട്ടിയം ക്രിസ്തു ജ്യോതിസ് ആനിമേഷന്‍ സെന്‍ററില്‍ വച്ച് നടക്കുന്നു. കൊല്ലം രൂപതാമെത്രാന്‍ റവ. ഡോ. പോള്‍ ആന്‍റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും. ബധിരരും മൂകരുമായിട്ടുള്ള കത്തോലിക്കരും അകത്തോലിക്കരുമായ യുവതീയുവാക്കള്‍ക്കും ഈ കോഴ്സില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് പാഠ്യപദ്ധതികള്‍ ക്രമീകരിച്ചിട്ടുള്ളത്. കെസിബിസി ഫാമിലി കമ്മീഷനാണ് ഇതിന് നേതൃത്വം നല്കുന്നത്.

ഫാ പോള്‍ മാടശേരി (സെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷന്‍), ഫാ. ബിജു (ഹോളിക്രാസ് കോട്ടയം), ഫാ. പ്രയേഷ് (കണ്ണൂര്‍), ഫാ. ജോണ്‍ ബ്രിട്ടോ (കൊല്ലം), സിസ്റ്റര്‍ അഭയ എഫ്സിസി (എറണാകുളം), ഡോ. സുമ ജില്‍സണ്‍, കുഞ്ഞുമോള്‍, ജിഷ ദേവസ്യ, സ്റ്റാലിന്‍ തോമസ്, കെ.സി. ഐസക് എന്നിവര്‍ അടങ്ങുന്ന ടീമായിരിക്കും ക്ലാസുകള്‍ നയിക്കുന്നത്. സൈന്‍ ലാംഗ്വേജിലായിരിക്കും ക്ലാസുകള്‍ നടക്കുന്നത്.

വിവാഹം സ്നേഹിക്കാനുള്ള വിളി, ലൈംഗികത സ്നേഹത്തിന്‍റെ പ്രകാശനം, വിവാഹജീവിതത്തില്‍ ലൈംഗികതയുടെ പ്രസക്തി, ലൈംഗിക ധാര്‍മികത, ഫലദായക ദാമ്പത്യം, കുടുംബസംവിധാന മാര്‍ഗങ്ങള്‍, കുടുംബവും സാമ്പത്തിക ഭദ്രതയും, പ്രജനന ആരോഗ്യം, വിവാഹവും വിശുദ്ധിയും, വിവാഹവും മറ്റു കുടുംബബന്ധങ്ങളും, സ്ത്രീ-പുരുഷ വ്യത്യാസം വിവാഹപൂര്‍ണതയ്ക്ക്, കുടുംബത്തിന്‍റെ ആദ്ധ്യമികതയും പ്രാര്‍ത്ഥനാജീവിതവും തുടങ്ങിയ വിഷയങ്ങളിലായിരിക്കും പ്രഗത്ഭരുടെ ക്ലാസുകള്‍.

ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കു വേണ്ടിയുള്ള മാട്രിമോണിയല്‍ സര്‍വീസ് (കെസിബിസി മാട്രിമണി ഫോര്‍ ദ ഡഫ്) ഫാമിലി കമ്മീഷന്‍റെ നേതൃത്വത്തില്‍ പിഒസിയില്‍ ആരംഭിച്ചിരിക്കുന്നു (വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പടുക: 9995028229, 9497605833, 9495812190, E: kcbcfamily
commission @gmail.com, W: kcbcfamilycommission.org).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org