ദീനസേവനസഭ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍

ദീനസേവനസഭ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍

കണ്ണൂര്‍: ദീനസേവനസഭയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് ജൂണ്‍ ഒന്നിന് തുടക്കമായി. സഭയുടെ ആസ്ഥാനമായ പട്ടുവം സ്നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ വച്ച് കണ്ണൂര്‍ ബിഷപ്പ് അലക്സ് വടക്കുംതല, ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍, ദീനസേവനസഭയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ദാനിയേല എന്നിവര്‍ ചേര്‍ന്ന് ജൂബിലി ദീപം തെളിച്ചു. ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍ ജൂബിലി ലോഗോ പ്രകാശനം ചെയ്തു.

ബിഷപ്പ് അലക്സ് വടക്കുംതലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലിയും 14 സിസ്റ്റേഴ്സിന്‍റെ നിത്യവ്രതവാഗ്ദാനവും നടന്നു. ദിവ്യബലിമദ്ധ്യേ ബിഷപ്പ് വചനപ്രഘോഷണം നടത്തി. ജൂബിലി ആഘോഷിക്കുന്ന ദീനസേവനസഭയ്ക്കും സഭാതനയര്‍ക്കും ആശംസകള്‍ നേരുന്നതിനോടൊപ്പം ദൈവത്തിനും ദൈവജനത്തിനും വേണ്ടി സഭയുടെ കാരിസം മുറുകെ പിടിച്ചുകൊണ്ട് എളിയ ശുശ്രൂഷകള്‍ തുടര്‍ന്നുകൊണ്ടുപോകുവാന്‍ സര്‍വ്വശക്തന്‍ ഇനിയും അനുഗ്രഹിക്കട്ടെയെന്നും ബിഷപ് ആശംസിച്ചു

ജര്‍മ്മനിയില്‍ നിന്നും വന്ന മദര്‍ പേത്രയുടെ ഇടവക വികാരി Rev. Fr. Karl Kemper, മ്യൂണ്‍സ്റ്റര്‍ രൂപതയിലെ ബിഷപ്പ് ഫെലിക്സ് മെത്രാന്‍റെ ജൂബിലി സന്ദേശം വായിച്ചു. ഫെഡറല്‍ ബാങ്ക് മാനേജരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് മദര്‍ ജനറല്‍ സിസ്റ്റര്‍ ദാനിയേലാക്ക് ജൂബിലി സമ്മാനമായി ജനറലേറ്റില്‍ സോളാര്‍ പാനല്‍ സിസ്റ്റം സ്ഥാപിക്കുന്നതിനായി 11 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കലിന്‍റെ നേതൃത്വത്തില്‍ ദൈവദാസി മദര്‍ പേത്രയുടെ കബറിടത്തിങ്കല്‍ നാമകരണപ്രാര്‍ത്ഥന നടത്തി. ബിഷപ്പ് അലക്സ് വടക്കുംതല നിത്യാരാധന ചാപ്പലിന്‍റെ വെഞ്ചെരിപ്പു കര്‍മ്മം നിര്‍വഹിച്ചു.

ജൂബിലിവര്‍ഷത്തില്‍ 1500 നിര്‍ദ്ധനവിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം, അംഗപരിമിതരായ 200 പേര്‍ക്ക് സ്വയം തൊഴില്‍, 25 പെണ്‍കുട്ടികള്‍ക്ക് വിവാഹസഹായം എന്നിവ നല്കും. ക്ഷയ രോഗബാധിതര്‍ക്കുള്ള പരിചരണം, എയ്ഡ്സ്, ലെപ്രസി രോഗികള്‍ക്കായുള്ള ഭവനങ്ങള്‍, ഭവനനിര്‍മ്മാണ പദ്ധതി, പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, കുടുംബനവീകരണ പ്രവര്‍ത്തനങ്ങള്‍, കുട്ടികള്‍ക്കായുള്ള വ്യക്തിത്വവികസന ക്ലാസ്സുകള്‍ എന്നിവയും നടത്തും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org