ഡല്‍ഹി കലാപഭൂമിയില്‍ ഫരീദാബാദ് രൂപതയുടെ സമാശ്വാസം

ഡല്‍ഹി കലാപഭൂമിയില്‍ ഫരീദാബാദ് രൂപതയുടെ സമാശ്വാസം

സാമുദായിക കലാപം നിരവധി ആളുകളെ കൊന്നൊടുക്കുകയും ദശലക്ഷക്കണക്കിന് സ്വത്ത് നശിപ്പിക്കുകയും ചെയ്ത ഡല്‍ഹിയില്‍ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിനായി സീറോ മലബാര്‍ ഫരീദാബാദ് രൂപത ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ദുരിതബാധിതരെ ആശ്വസിപ്പിക്കുകയും രൂപതയുടെ ഐക്യ ദാര്‍ഢ്യവും പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. പരിക്കേറ്റവരെ സന്ദര്‍ശിച്ചു ആശ്വസിപ്പിച്ച അദ്ദേഹം സഹായങ്ങള്‍ നല്‍കാനുള്ള ഏര്‍പ്പാടുകളും ചെയ്തു. ആര്‍ച്ച്ബിഷപ്പിന്‍റെ അഭ്യര്‍ത്ഥന പ്രകാരം രൂപതയിലെ എല്ലാ ഇടവകകളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, യൂത്ത് മൂവ്മെന്‍റ്, മദേഴ്സ് ഫോറം എന്നീ സംഘടനകളുടെ നേതൃത്വത്തിലാണു ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്തത്.

വിവിധ ആശുപത്രികളില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച മാര്‍ ഭരണികുളങ്ങരയോടൊപ്പം സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലും ഉണ്ടായിരുന്നു. ഡല്‍ഹിയില്‍ അരങ്ങേറിയ സംഭവങ്ങളില്‍ കടുത്ത ആശങ്കയും വേദനയുമുണ്ടെന്ന് മാര്‍ ഭരണികുളങ്ങര പറഞ്ഞു. അധികൃതര്‍ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ ഇത്രയധികം മരണങ്ങളും നാശവും ഉണ്ടാകുമായിരുന്നില്ല. ഭയത്തിലും അരക്ഷിതയിലും കഴിയുന്ന അനേകര്‍ കലാപബാധിത പ്രദേശങ്ങളില്‍ കഴിയുന്നുണ്ടെന്ന് മാര്‍ ഭരണികുളങ്ങര വ്യക്തമാക്കി. അതിക്രമങ്ങളെ എല്ലാ മനുഷ്യസ്നേഹികളും ഒറ്റക്കെട്ടായി ചെറുക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ സമാധാനവും സൗഹാര്‍ദ്ദതയും സംജാതമാക്കാന്‍ യത്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തിനും മതസൗഹാര്‍ദ്ദതയ്ക്കും എതിരായുള്ള പ്രവര്‍ത്തനങ്ങളെ അപലപിച്ചുകൊണ്ട് ഫരീദാബാദ് രൂപത പത്രക്കുറിപ്പും പുറത്തിറക്കുകയുണ്ടായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org