കത്തോലിക്കാ ദേവാലയം ഇടിച്ചു തകര്‍ത്ത ഡല്‍ഹി സര്‍ക്കാര്‍ നടപടി അപലപനീയം

കത്തോലിക്കാ ദേവാലയം ഇടിച്ചു തകര്‍ത്ത ഡല്‍ഹി സര്‍ക്കാര്‍ നടപടി അപലപനീയം

ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍

ഒരു പതിറ്റാണ്ടിലേറെയായി ദിവ്യബലിയും ആരാധനയും നടന്നുവന്നിരുന്ന അന്ധേരിയ മോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം ഇടിച്ചുതകര്‍ത്ത കെജരിവാള്‍ സര്‍ക്കാരിന്റെ കിരാതനടപടി അപലപനീയമാണെന്ന്  സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

എല്ലാവിധ സര്‍ക്കാര്‍ അംഗീകൃത രേഖകളോടുംകൂടി 1982 മുതല്‍ സ്വകാര്യ വ്യക്തിയുടെ കൈവശമിരുന്ന ഭൂമിയാണ് പിന്നീട് ദേവാലയ നിര്‍മ്മിതിക്ക് ഇഷ്ടദാനമായി നല്‍കിയത്. കൈവശാവകാശ രേഖകളുള്ള ഭൂമിയില്‍ അനധികൃതമായി കടന്നുവന്ന് നാശംവിതച്ച ഉദ്യോഗസ്ഥ നടപടിയിന്മേല്‍ അന്വേഷണം വേണം. 2021 ജൂലൈ 7-ാം തീയതി ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ നോട്ടീസിന്മേല്‍ പള്ളി അധികൃതര്‍ക്ക് മറുപടിയ്ക്കും രേഖകളുടെ സമര്‍പ്പണത്തിനും അവസരം നല്‍കാതെ ദേവാലയം നശിപ്പിച്ചതിന് പിന്നില്‍ വ്യക്തമായ അജണ്ടകളുണ്ട്.

ഡല്‍ഹി ഹൈക്കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും നിലവിലുള്ള ഉത്തരവുകളെ മറികടന്നും നീതിന്യായ വ്യവസ്ഥകളെ നോക്കുകുത്തിയാക്കിയുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥ നടപടി ജനാധിപത്യഭരണത്തിന് തീരാകളങ്കമാണ്. 1982 മുതല്‍ കൈവശമിരുന്ന സ്ഥലവും പിന്നീട് 2011 ല്‍ നിര്‍മ്മിച്ച ദേവാലയവും അനധികൃതമാണെന്ന് 2021 ലാണോ അധികാരികള്‍ക്ക് ബോധ്യപ്പെട്ടത് എന്ന ചോദ്യം ഏറെ പ്രസക്തമാകുന്നു. ഇന്ത്യയിലെ ക്രൈസ്തവസമൂഹം  സമാധാന കാംക്ഷികളാകുന്നത് ബലഹീനതയായി ആരും കാണരുതെന്നും ഭരണ നിയമ സംവിധാനങ്ങളെപ്പോലും നിഷ്‌ക്രിയമാക്കി അട്ടിമറിച്ച് ദേവാലയം നശിപ്പിച്ച ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥ നടപടിക്ക് മുഖ്യമന്ത്രി കെജരിവാള്‍ ഉത്തരം നല്‍കണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org