മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ പ്രക്ഷോഭം

Published on

ജാര്‍ഘണ്ടില്‍ പശുവിനെ കൊന്നു എന്നാരോപിച്ച് ഒരു കത്തോലിക്കാ വിശ്വാസിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് ക്രിസ്ത്യന്‍ – മുസ്ലിം സന്നദ്ധ പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചു നടത്തിയ പ്രക്ഷോഭത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. പ്രകാശ് ലക്റ എന്നയാളെയാണ് പശുവിനെ കൊന്നു എന്ന ആരോപണത്തിന്‍റെ പേരില്‍ ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയത്. ഗോ സംരക്ഷകരെയും ജാഗ്രതാ സമിതികളെയും നിലയ്ക്കു നിറുത്തണമെന്നും മതന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ക്രിസ്ത്യന്‍ – മുസ്ലീം സംഘടനകളുടെ സംയുക്ത പ്രക്ഷോഭം ഡല്‍ഹിയില്‍ സംഘടിപ്പിച്ചത്. ഡല്‍ഹിയിലെ ജാര്‍ഘണ്ട് ഭവനു മുന്നിലായിരുന്നു പ്രതിഷേധം.

മതത്തിന്‍റെ പേരില്‍ വോട്ടുകള്‍ ഭിന്നിപ്പിക്കാനും മതന്യൂനപക്ഷങ്ങളെ ഭീകരരായി ചിത്രീകരിക്കാനുമുള്ള ശ്രമമാണ് ഇത്തരം സംഭവങ്ങള്‍ക്കു പിന്നിലുള്ളതെന്ന് ക്രൈസ്തവ നേതാവ് എ സി മൈക്കിള്‍ ആരോപിച്ചു. ബിജെപി കേന്ദ്രത്തില്‍ അധികാരമേറ്റ ശേഷമാണ് പശുവിനെ വിശുദ്ധ മൃഗമായി അവരോധിച്ചുകൊണ്ട് ന്യൂനപക്ഷങ്ങളെ വേട്ടയാടുവാന്‍ തുടങ്ങിയതെന്ന് നേതാക്കള്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയാണ് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ തുടരാന്‍ ഹിന്ദു തീവ്രവാദികളെ പ്രേരിപ്പിക്കുന്നതെന്നും അവര്‍ വിശദീകരിച്ചു.

തങ്ങളുടെ പ്രദേശത്ത് മതത്തിന്‍റെ പേരില്‍ ആളുകളെ കൊല്ലുന്നത് ഇതാദ്യമാണെന്ന് ജാര്‍ഘണ്ടിലെ ഗുല്‍മ രൂപത വികാരി ജനറാള്‍ ഫാ. സിപ്രിയന്‍ കല്ലു സൂചിപ്പിച്ചു. വിശ്വാസത്തിന് അതീതമായി ആദിവാസികള്‍ പരസ്പരം സ്നേഹത്തിലും ആദരവിലുമാണ് അവിടെ കഴിയുന്നത്. ഈ സംഭവം വളരെ നിര്‍ഭാഗ്യകരവും ഞെട്ടലുളവാക്കുന്നതുമാണ് – അദ്ദേഹം വ്യക്തമാക്കി. ലക്റയും സുഹൃത്തുക്കളും പശുവിനെ കൊന്നില്ലെന്നും ഫാ. സിപ്രിയന്‍ പറഞ്ഞു. കുഴിയില്‍ വീണു ചത്ത ഒരു വയസ്സന്‍ കാളയുടെ തൊലി എടുക്കാനാണവര്‍ ശ്രമിച്ചത്. അക്രമികള്‍ മാരകായുധവുമായി അതിക്രൂരമായിട്ടാണ് അതിക്രമങ്ങള്‍ നടത്തിയതെന്ന് സീനിയര്‍ പൊലീസ് ഓഫീസര്‍ എം എല്‍ മീണ പറഞ്ഞു. 139 പേര്‍ക്കു പരിക്കുപറ്റിയതായും അക്രമങ്ങളില്‍ ഭൂരിപക്ഷവും കിംവദന്തികളുടെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org