ഭാരതത്തില്‍ പ്രസവാനന്തര മരണങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്

Published on

പ്രസവാനന്തര മരണങ്ങള്‍ ഭാരതത്തില്‍ കുറഞ്ഞു വരുന്നതില്‍ കത്തോലിക്കാ സഭ സന്തുഷ്ടി പ്രകടിപ്പിച്ചു. സര്‍ക്കാരും സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകരും സംയോജിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇത്തരത്തില്‍ മരണനിരക്കു കുറയാനുള്ള കാരണമെന്ന് സഭാ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം മരണ നിരക്കില്‍ 22 ശതമാനത്തിന്‍റെ കുറവു വന്നിട്ടുണ്ട്. 2014 – 16 കാലഘട്ടത്തില്‍ ഒരു ലക്ഷം പ്രസവങ്ങളില്‍ 130 പേര്‍ മരണമടഞ്ഞെങ്കില്‍ 2011 – 13 കാലഘട്ടത്തില്‍ മരണങ്ങള്‍ 167 ആയിരുന്നു.

പ്രസവത്തോടനുബന്ധിച്ചുള്ള അസുഖങ്ങള്‍ മൂലവും പ്രസവത്തെ തുടര്‍ന്നും മരണമടയുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുള്ളത് ഏറെ ആശ്വാസകരമായ വസ്തുതയാണെന്ന് യൂണിസെഫിന്‍റെ ഇന്ത്യന്‍ പ്രതിനിധി യാസ്മിന്‍ അലി പറഞ്ഞു. ആരോഗ്യ പരിരക്ഷാ രംഗത്ത് സഭ മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വളരെ പ്രോത്സഹജനകമായ വിവരമാണിതെന്നാണ് സിബിസിഐയുടെ ആരോഗ്യവിഭാഗം കാര്യാലയത്തിന്‍റെ സെക്രട്ടറി ഫാ. മാത്യു പെരുമ്പിള്ളില്‍ അഭിപ്രായപ്പെട്ടത്. ജനങ്ങളില്‍ ആരോഗ്യാവബോധം വര്‍ദ്ധിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ തലത്തിലും സ്വകാര്യ മേഖലയിലും നല്‍കപ്പെടുന്ന ആരോഗ്യപരിചരണത്തിന്‍റെ മേന്മകളെക്കുറിച്ച് ജനങ്ങള്‍ കൂടുതല്‍ അവഗാഹമുള്ളവരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org