ദേവാലയങ്ങള്‍ക്കു സംരക്ഷണം നല്‍കണമെന്ന പൊലീസിന്‍റെ സര്‍ക്കുലറില്‍ ബിജെപി നേതാക്കള്‍ക്ക് അമര്‍ഷം

ക്രൈസ്തവര്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും സംരക്ഷണം നല്‍കണമെന്ന വിശാഖപട്ടണം പൊലീസ് കമ്മീഷണറുടെ സര്‍ക്കുലറില്‍ ബിജെപി നേതാക്കള്‍ അസഹിഷ്ണുതയും അമര്‍ഷവും പ്രകടിപ്പിച്ചു. ഏതെങ്കിലും മതത്തെയോ സമുദായത്തെയോ ആരാധനാലയത്തെയോ എടുത്തുപറഞ്ഞ് സര്‍ക്കുലര്‍ പുറത്തിറക്കാന്‍ പാടില്ലായിരുന്നു എന്ന നിലപാടാണ് ബിജെപി നേതാക്കള്‍ പ്രകടിപ്പിച്ചത്.

ആന്ധ്രയിലെ ഒരു പ്രാദേശിക ക്രിസ്ത്യന്‍ നേതാവിന്‍റെ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് വിശാഖപട്ടണം പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ മീണ പൊലീസ് സ്റ്റേഷനുകളിലേക്ക് സര്‍ക്കുലര്‍ അയച്ചത്. വലതുപക്ഷ മതതീവ്രവാദികള്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങളെയും ക്രൈസ്തവ വിശ്വാസികളെയും ആക്രമിക്കാന്‍ ലക്ഷ്യമിടുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. അതിനാല്‍ ക്രൈസ്തവര്‍ക്കും ആരാധനാലയങ്ങള്‍ക്കും സംരക്ഷണം നല്‍കണം.

എന്നാല്‍ ഏതെങ്കിലും മതത്തെ പരാമര്‍ശിക്കാതെ തന്നെ പരാതിയില്‍ ഉടന്‍ നടപടി സ്വീകരിക്കുകയായിരുന്നു കമ്മീഷണര്‍. എല്ലാ പള്ളികള്‍ക്കും പട്രോളിംഗ് ഏര്‍പ്പെടുത്തണമന്നും സംരക്ഷണം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. അസിസ്റ്റന്‍റ് കമ്മീഷണര്‍ തന്‍റെ അധികാര പരിധിയിലുള്ള പള്ളികള്‍ മാസത്തില്‍ ഒരു തവണയെങ്കിലും സന്ദര്‍ശിക്കണമെന്നും പള്ളി അധികൃതരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു മതിയായ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം ഇതര മതസ്ഥരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കമ്മീഷണര്‍ ശ്രമിച്ചില്ലെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ഇതു സംബന്ധിച്ച പരാതി മുഖ്യമന്ത്രിയെ അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org