ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്

ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്

വിശ്വാസതീക്ഷ്ണതയില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ കന്യാകുമാരിയിലെ കാറ്റാടി മലയില്‍ രക്തസാക്ഷിത്വം വരിച്ച മലയാളിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്. ദേവസഹായത്തിന്‍റെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതപ്രവൃത്തി ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. ഏഴാം മാസത്തില്‍ അമ്മയുടെ ഉദരത്തില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന് ഉറപ്പായ ശിശു ദേവസഹായത്തിന്‍റെ മദ്ധ്യസ്ഥതയിലൂടെ ജീവിതതതിലേക്കു തിരിച്ചുവന്ന അത്ഭുതമാണ് വത്തിക്കാന്‍ സ്ഥിരീകരിച്ചത്.

കന്യാകുമാരിയിലെ നട്ടാലത്ത് 1712 ഏപ്രില്‍ 23 ന് ജനിച്ച നീലകണ്ഠപ്പിള്ളയാണ് മാമ്മോദീസ സ്വീകരിച്ച് ദേവസാഹായം പിള്ളയായത്. തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ ഉന്നതപദവി വഹിച്ചിരുന്ന അദ്ദേഹത്തിന്‍റെ മതംമാറ്റം വലിയ വിവാദമായി. രാജ്യദ്രോഹം, ചാരവൃത്തി തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ചുമത്തി അദ്ദേഹത്തെ തടവിലാക്കി. കഠിനമായ പീഡനങ്ങളും നേരിടേണ്ടിവന്നു. 1752 ല്‍ ജനുവരി 14 ന് കാറ്റാടിമലയില്‍ വച്ച് വെടിയേറ്റാണ് ദേവസഹായം പിള്ള മരണമടഞ്ഞത്. വിശ്വാസത്തിനു വേണ്ടി പീഡനങ്ങളേല്‍ക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത അദദേഹത്തെ 2012 ഡിസംബര്‍ രണ്ടിന് ബനഡിക്ട് മാര്‍പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്‍റെ ജീവിതവും രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ കന്യാകുമാരി ജില്ലയിലെ കോട്ടാര്‍ രൂപതയിലാണു സ്ഥിതിചെയ്യുന്നത്. നാഗര്‍കോവിലിലെ സെന്‍റ് ഫ്രാന്‍സിസ് കത്തീദ്രലിലുള്ള വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ കബറിടത്തില്‍ പ്രാര്‍ത്ഥനയ്ക്കായി നിത്യവും നൂറുകണക്കിനു വിശ്വാസികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ജനുവരി 14 നാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ തിരുനാള്‍ ആചരിക്കുന്നത്.

വിശുദ്ധ പദവി അല്മായ സമൂഹത്തിന് ആത്മീയ ഉണര്‍വേകും
രക്തസാക്ഷി ദേവസഹായംപിള്ളയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിയ പ്രഖ്യാപനം ഭാരതത്തിലെ അല്മായ സമൂഹത്തിന് കൂടുതല്‍ ആത്മീയ ഉണര്‍വേകുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ഭാരതസഭയില്‍ നിന്ന് വിശുദ്ധ പദവിയിലെത്തുന്ന ആദ്യ അല്മായനാണ് ദേവസഹായംപിള്ള. ഈസ്റ്ററിന് മുന്നൊരുക്കമായുള്ള നോമ്പാചരണത്തിന്‍റെ തുടക്കത്തില്‍ ഇന്ത്യയിലെ ആദ്യ അല്മായ രക്തസാക്ഷി വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുന്നത് വിശ്വാസി സമൂഹത്തിന് കൂടുതല്‍ ആത്മീയതയില്‍ ആഴപ്പെടുവാനുള്ള ചിന്തകളൊരുക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org