നോമ്പുകാലത്ത് കുടുംബങ്ങള്‍ ഡിജിറ്റല്‍ മുക്തമാക്കണം – കെസിബിസി പ്രൊലൈഫ് സമിതി

നോമ്പുകാലത്ത് കത്തോലിക്കാ കുടുംബങ്ങള്‍ ഡിജിറ്റല്‍ മുക്തമാകാന്‍ പരിശ്രമിക്കണമെന്ന് കെസിബിസി പ്രൊലൈഫ് സമിതി ആഹ്വാനം ചെയ്തു. ദിവസവും രാത്രി എട്ടു മണിമുതല്‍ ഒമ്പതു മണി വരെ ടിവി. കമ്പ്യൂട്ടര്‍, ലാപ്ടോപ്, ടാബ്ലെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഒഴിവാക്കി കുടുംബാംഗങ്ങള്‍ ഒരുമിച്ചു സമയം ചെലവിടണമെന്നാണ് പ്രൊലൈഫ് സമിതി ആഹ്വാനം ചെയ്യുന്നത്.

ഒരുമിച്ചിരുന്നു സംസാരിക്കുക, പ്രാര്‍ത്ഥിക്കുക, അത്താഴം കഴിക്കുക, പരസ്പരം പുഞ്ചിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രൊലൈഫ് സമിതി നിര്‍ദ്ദേശിക്കുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗം ഈ മണിക്കൂറില്‍ വേണ്ടെന്നു വയ്ക്കണമെന്ന് പ്രത്യേകം നിര്‍ദ്ദേശിക്കുന്നുണ്ട്. നോമ്പുകാലത്ത് വെള്ളം, വൈദ്യുതി എന്നിവ കുറഞ്ഞ തോതില്‍ ഉപയോഗിക്കുക, അയല്‍ക്കാരുമായി നല്ല ബന്ധത്തിനു ശ്രമിക്കുക, അഗതികള്‍ക്കു വസ്ത്രവും ആഹാരവും നല്‍കുക, രോഗികള്‍ക്ക് ആശ്വാസമാകുക, കുടുതല്‍ പുസ്തകങ്ങള്‍ വായിക്കുക, പുസ്തകങ്ങള്‍ സമ്മാനിക്കുക, വിവിധ മതവിശ്വാസികളുമായി കൂടുതല്‍ സഹകരിക്കുക, അവരുടെ നന്മകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക തുടങ്ങിയവയും ആഹ്വാനങ്ങളില്‍ പെടുന്നു. ഭ്രൂണഹത്യ, കൊലപാതകം, ആത്മഹത്യ, ദയാവധം എന്നിവയില്‍ നിന്നു സമൂഹം വിട്ടുനില്‍ക്കാനായി നോമ്പുകാലത്ത് ഉപവസിച്ചു പ്രാര്‍ത്ഥിക്കണമെന്നും പ്രൊ ലൈഫ് സമിതി വിശ്വാസികളെ ഉത്ബോധിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org